ബൂലോഗത്തില്‍ എനിക്കു വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണു ശ്രീജിത്ത്. പക്ഷേ എന്തു ചെയ്യാന്‍, പറയുന്നതു മിക്കവാറും മണ്ടത്തരമാണു്.
ശ്രീജിത്ത് ഒരിക്കല്‍ “ഡെമോക്ലീസിന്റെ വാള്” എന്ന അര്‍ത്ഥത്തില്‍ “ഡെമോസ്തനീസിന്റെ വാള്” എന്നു പ്രയോഗിച്ചു. ഇളം തെന്നലും പിന്നീടു ഞാനും ചൂണ്ടിക്കാണിച്ചെങ്കിലും ഇതു വരെ അതു തിരുത്തിയിട്ടില്ല. ഡെമോസ്തനീസിന്റെ അച്ഛനു വാളുണ്ടാക്കലായിരുന്നു ജോലി എന്നു വിക്കിപീഡിയയിൽ കണ്ടത്രേ!
പിന്നീടൊരിക്കല്‍ ശ്രീജിത്ത് ഒരു പാറപ്പുറത്തു കയറിയ കഥ എഴുതി. പാറപ്പുറത്തു നിന്നു് താഴെ വീണ സ്പീഡ് ഒരു സെക്കന്റില്‍ 9.81 കിലോമീറ്റര്‍ എന്നായിരുന്നു അതില്‍ കാച്ചിയതു്. (ഇപ്പോള്‍ പോസ്റ്റില്‍ അതു കാണില്ല. തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ ശ്രീജിത്ത് തിരുത്തി.) ഫിസിക്സില്‍ ബിരുദമെടുത്ത ശ്രീജിത്ത് താഴോട്ടു വീഴുന്ന വീഴ്ചയും 9.81 എന്ന സംഖ്യയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നുള്ള ഒരു മങ്ങിയ ഓര്‍മ്മയില്‍ നിന്നാണു് ഈ മണ്ടത്തരം. ഇതിലെ പിശകും ഞാന്‍ ചൂണ്ടിക്കാണിച്ചു.
ഇതോടുകൂടി ശ്രീജിത്ത് വ്യസനാക്രാന്തനും നിരാശാരോഗിയുമായി മാറി. തന്റെ ബ്ലോഗ് വളരെയധികം ലലനാമണികള്‍ വായിക്കുന്നുണ്ടെന്നും യഥാര്‍ത്ഥജീവിതത്തില്‍ താന്‍ വളരെ മിടുക്കനാണെങ്കിലും വിനയം കൊണ്ടു് മണ്ടനായി ഭാവിച്ചു ബ്ലോഗെഴുതുകയാണെന്നും അവരുടെ മുമ്പില്‍ പരസ്യമായി കമന്റിട്ടു് തന്നെ നാറ്റിക്കരുതെന്നും അവന് എന്നോടു യാചിച്ചു. പണ്ടു മുയല് കിണറ്റില്‍ ചാടിച്ച സിംഹത്തിന്റെ കാര്യം പോലെ ഓരോ പോസ്റ്റെഴുതുമ്പോഴും അതു പോസ്റ്റു ചെയ്യുന്നതിനു മുമ്പു് എനിക്കയച്ചുതരാമെന്നും തെറ്റു തിരുത്തി തിരിച്ചയയ്ക്കണം എന്നും അവന് അപേക്ഷിച്ചു. അതനുസരിച്ചു കുറേക്കാലം ഞാന്‍ അവന്റെ പോസ്റ്റുകള്‍ തിരുത്തിക്കൊടുത്തു. പിന്നെ സമയപരിമിതി മൂലം പോസ്റ്റുകള്‍ വന്നിട്ടു് ഒരു ദിവസം കഴിയുമ്പോള്‍ “നല്ല പോസ്റ്റ്, പോസ്റ്റു ചെയ്തോളൂ, നിനക്കു നല്ല വിവരമായല്ലോ” എന്നു പറയാന്‍ തുടങ്ങി. അതല്ലാതെ ഇതൊക്കെ വായിക്കാന്‍ ആര്‍ക്കാണു നേരം!
അങ്ങനെ, കുറേക്കാലമായി ശ്രീജിത്തിന്റെ പോസ്റ്റുകളൊന്നും തിരുത്താതെ ഇരിക്കുകയായിരുന്നു. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന “ബുദ്ധിപരീക്ഷ” ബ്ലോഗില്‍ ഒരു പുതിയ പ്രശ്നം ഇടാന്‍ ആശയമൊന്നും തോന്നാതെ വിഷമിച്ചിരിക്കുമ്പോഴാണു് ശ്രീജിത്തിന്റെ പുതിയ പോസ്റ്റ് മെയിലില്‍ വന്നതു്-“ക്രിക്കറ്റ് മണ്ടത്തരങ്ങൾ”.
ശ്രീജിത്തിന്റെ പോസ്റ്റ് അതേപടി താഴെ നീല അക്ഷരത്തിൽ ചേർക്കുന്നു. ഇതിൽ ആരെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഐ. ടി. സെൿഷൻ 67 പ്രകാരം കേസു കൊടുക്കേണ്ടതു് ശ്രീജിത്തിനെതിരേ ആണു്, എനിക്കെതിരേ അല്ല.
യുഗങ്ങള്‍ക്കു മുമ്പു്, ബ്ലോഗിനും ദിനോസറുകള്‍ക്കും മുമ്പു്, ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റില്‍ രണ്ടു ജീവബിന്ദുക്കള്‍ പാര്‍ത്തിരുന്നു.
ഞാന്‍ അന്നേ സ്മാര്‍ട്ടായിരുന്നു. പോരാത്തതിനു് ഒടുക്കത്തെ ഗ്ലാമറും. കഥ, കവിത, ശ്ലോകം, മുദ്രാവാക്യം തുടങ്ങി എന്തും എഴുതും. ക്രിക്കറ്റ്, ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, കാനിബാള്‍ തുടങ്ങി എന്തും കളിക്കും. പാട്ടു്, ഡാന്‍സ്, പടം വരയ്ക്കല്‍, പടം പിടിക്കല്‍ (തെങ്ങിന് പൂക്കുലയായിരുന്നു സ്പെഷ്യലൈസേഷന്), ദഫ് മുട്ടു്, ഒപ്പന, മാര്‍ഗ്ഗം കളി, ചൂളം വിളി, കമന്റടി തുടങ്ങിയ എല്ലാ കലാപരിപാടികളിലും സമര്ത്ഥന്. ബാംഗ്ലൂരിലുള്ള എല്ലാ ലലനാമണികളുടെയും ആരാധനാപാത്രം. എല്ലാറ്റിനും ഉപരി, ശമ്പളം കിട്ടുന്ന കാശു മുഴുവന്‍ അല്പം പൊക്കിപ്പറയുന്നവര്‍ക്കു തീറ്റി വാങ്ങിക്കൊടുക്കാന്‍ ചെലവാക്കുന്ന പരോപകാരി.
എന്റെ സഹമുറിയന് നേരേ വിപരീതം. എല്ലാത്തിനെയും പറ്റി വാചകമടിക്കും. ഒരു കാര്യത്തിനും കൊള്ളിക്കില്ല. കയ്യില്‍ അഞ്ചു പൈസയില്ല. ബാക്കിയുള്ളവനെ ഓസിയാണു ജീവിതം.
ആദിത്യന് എന്നായിരുന്നു അവന്റെ പേരു്. രൂപം പേരിനു നേരേ വിപരീതം. ഞാനും അവനും കൂടി നടന്നാല്‍ ഐശ്വര്യാ റായിയും അടൂര്‍ ഭവാനിയും കൂടി നടക്കുന്നതു പോലെ ഇരിക്കും. ആ ഒരൊറ്റ കാരണം കൊണ്ടാണു ഞാന്‍ അവനെ കൂടെ കൊണ്ടു നടക്കുന്നതു്. അവന് കൂടെയുണ്ടെങ്കില്‍ പിന്നെ പെണ്പിള്ളേരൊക്കെ എന്നെ മാത്രമേ ശ്രദ്ധിക്കൂ.
ആദിത്യനില്ലാത്ത ഒരു സാധനം എനിക്കുണ്ടു്. ഒരു ബൈക്ക്. എവിടെയെങ്കിലും സമയത്തെത്താന്‍ അതു സഹായിക്കില്ലെങ്കിലും, സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്തി അതില്‍ ചാരി സ്റ്റൈലായിട്ടു നില്ക്കാന് നല്ല സാധനമാണു്. ബാംഗ്ലൂരിലെ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ അതു മിക്കവാറും കാണപ്പെടാറുണ്ടു്.
എനിക്കില്ലാത്ത ഒരു സാധനം ആദിത്യനുണ്ടു്. ഒരു മൊബൈല്‍ ഫോണ്‍. ഗള്‍ഫില്‍ നിന്നു മടങ്ങിവന്ന ഏതോ അമ്മാവനില്‍ നിന്നു് അടിച്ചു മാറ്റിയതാണു്. ഫോണ്‍ സര്‍വീസൊന്നുമില്ല. ഞാന്‍ ബൈക്ക് കൊണ്ടുനടക്കുന്നതുപോലെ ഒരു സ്റ്റൈലിനു കൊണ്ടു നടക്കുന്നതാണു്. എന്നും ചാര്‍ജു ചെയ്തു് എപ്പോഴും ഇടത്തുകയ്യിലോ അരക്കെട്ടില്‍ അല്പം വലത്തു മാറിയോ അവനെ ഫിറ്റു ചെയ്തുകൊണ്ടേ ആദിത്യനെ കാണാന്‍ പറ്റൂ. കക്കൂസില്‍ പോകുന്നതും അതും കൊണ്ടാണു്.
ഇതൊക്കെയാണെങ്കിലും എന്റെ ബൈക്കിനെക്കാള്‍ പ്രയോജനം അവന്റെ മൊബൈല്‍ ഫോണിനാണു്. കാരണം, അതില്‍ ഒരു കാല്‍ക്കുലേറ്ററുണ്ടു്. കണക്കു കൂട്ടേണ്ട ആവശ്യം വരുമ്പോള്‍ അവന് അതില്‍ കുത്തി ഉത്തരം കണ്ടുപിടിച്ചു തരും. അതുപയോഗിച്ചു് അവനൊരിക്കല് ബാംഗ്ലൂരില്‍ നിന്നു കൊച്ചിയ്ക്കു ബൈക്കില്‍ പോകാന്‍ എത്ര രൂപയുടെ പെട്രോള്‍ വേണമെന്നു കണ്ടുപിടിച്ചതു ചരിത്രസംഭവമാണു്.
അങ്ങനെയിരിക്കുമ്പോഴാണു വില്ലന്‍ രംഗത്തു വരുന്നതു്.
നളൻ എന്നായിരുന്നു അയാളുടെ പേരു്. യഥാർത്ഥ പേരു് ആർക്കും അറിയില്ല. പഴയ നളനു പാചകമായിരുന്നു പണിയെങ്കിൽ ഇയാൾക്കു വാചകമാണു പണി. ഈയിടെ ബാംഗ്ലൂരിൽ എത്തിയതേ ഉള്ളൂ. അതിനു മുമ്പു് ആറുകൊല്ലം അമേരിക്കയിൽ കൂലിപ്പണിയായിരുന്നു. ഇനി കൂലിപ്പണി ചെയ്യാൻ ആരോഗ്യമില്ല എന്നു തോന്നിയപ്പോൾ അമേരിക്കൻ കമ്പനി ഒരു സുപ്രഭാതത്തിൽ പറഞ്ഞുവിട്ടു. പുള്ളിയാരാ മോൻ? ഒരു കൊടിയും പിടിച്ചു് കമ്പനിയുടെ മുന്നിൽ കുത്തിയിരുന്നു് ഇങ്ക്വിലാബു വിളിച്ചു. അമേരിക്കക്കാർ ആദ്യമായാണു് അങ്ങനൊരു സംഭവം കേൾക്കുന്നതു്. അവർ അങ്ങേരെയും കൊടിയും കൂടി പൊതിഞ്ഞുകെട്ടി ഒരു വിമാനത്തിൽ കയറ്റി ഇന്ത്യയിലേക്കയച്ചു. അങ്ങനെയാണു് ഇവിടെ എത്തിയതു്.
എന്തായാലും അന്നു മുതൽ കമ്യൂണിസം, വിപ്ലവം എന്നൊക്കെ പറഞ്ഞു നടക്കുകയാണു്. അമേരിക്ക എന്നു കേട്ടാൽ കലിയിളകും. ബ്രാഹ്മണൻ, ഹിന്ദു, ജാതി, മതം, വേദം, സംസ്കൃതം എന്നൊക്കെ കേട്ടാലും അങ്ങനെ തന്നെ.
അമേരിക്കയിൽ നിന്നു കിട്ടിയ കാശൊക്കെ മുടക്കി ഒരു കാറു വാങ്ങിയിട്ടുണ്ടു്. ഒരു മാതിരി ഒരു മാരുതി കാറു്. എന്റെ ബൈക്കിന്റെ പുറകില്‍ കയറുമെന്നു ഞാന്‍ സ്വപ്നം കണ്ടു നടന്ന പെണ്പിള്ളേരൊക്കെ ഇപ്പോള്‍ അയാളുടെ ഒരു മാതിരി കാറിലാണു സഞ്ചാരം.
ആദിത്യനും അയാളെ കണ്ടുകൂടാ. കാരണം, അമേരിക്കയിൽ നിന്നു് ഒരു സെൽ ഫോണും കൊണ്ടുവന്നിട്ടുണ്ടു്. ആ സാധനം ഇവിടൊക്കെ വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിൽ ലോകനേതാക്കളെ ഒക്കെ വിളിക്കുന്നതു കേൾക്കാം. “ഹലോ, ഫിഡൽ കാസ്ട്രോയല്ലേ, എന്റെ ഫിഡൽജീ, ഡോണ്ട് വറി. ഇന്ത്യയിലെ വിപ്ലവത്തിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം…”. പുള്ളിയുടെ അഭിപ്രായത്തിൽ സവർണ്ണഹൈന്ദവബ്രാഹ്മണിസഫാസിസ്റ്റ് മൂരാച്ചികളായ ഞാനും ആദിത്യനുമൊക്കെ അടൽജി, അടൽജി എന്നു പറഞ്ഞു നടക്കുമ്പോൾ ഇയാളിങ്ങനെ ഫിഡൽജി, ഫിഡൽജി എന്നു്…
എനിക്കാണെങ്കില്‍ സെല്‍ ഫോണു പോയിട്ടു് ലാന്‍ഡ് ഫോണ്‍ പോലുമില്ല. ഒരുത്തിയും എന്നെ വിളിക്കാറുമില്ല. അങ്ങോട്ടു വിളിക്കാന്‍ ഒരുത്തിയും ഫോണ്‍ നമ്പര്‍ തന്നിട്ടുമില്ല. എനിക്കു ഫോൺനമ്പർ മറിച്ചുവിൽക്കുന്ന സ്വഭാവമുണ്ടെന്നു പേടിച്ചിട്ടായിരിക്കും. ഞാനാരാ മോൻ!
നളൻ ഒരു പ്രശ്നമായതു് പുള്ളി ഞങ്ങളുടെ ക്രിക്കറ്റ് ടീമില്‍ ചേര്ന്നപ്പോഴാണു്.
അതു പറയാന്‍ വിട്ടുപോയി. ഇടയ്ക്കിടെ ചില വീക്കെൻഡുകളിൽ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ പോകും. ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ ഇന്നിംഗ്സ് വീതം. “മഡിവാള ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്” (MACRI) എന്നാണു് ഞങ്ങളുടെ ടീമിന്റെ പേരു്. മഡിവാള എന്നതു് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരാണു്. വെള്ളമടിച്ചാല്‍ ബാക്കിയുള്ളവന്റെ മടിയില്‍ മാത്രം വാളു വെയ്ക്കുന്ന മഴനൂലുകള്‍ എന്ന ടീം മെമ്പറുടെ സ്മരണ നില നിര്ത്താനാണെന്നു് വെറുതേ അസൂയക്കാര് പറയുന്നതാണു്. അസ്സോസിയേഷന് എന്നൊന്നും പറയാനുള്ള ഗെറ്റപ്പില്ല. എല്ലാവരും കളി പഠിക്കുകയാണു്. അതു കൊണ്ടാണു് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു മതി എന്നു കരുതിയതു്.
ഇന്ദിരാ നഗര്‍, ബൊമ്മനഹള്ളി, വന്നാര്‍പ്പേട്ട്, ഹോസ്ക്കോട്ടെ തുടങ്ങി പല ടീമുകളുമായും ഞങ്ങള്‍ കളിക്കും. എന്നാലും ഞങ്ങളുടെ ആര്‍ച്ച് റൈവല്‍സ് ബൊമ്മനഹള്ളി ടീമാണു്.
ബൊമ്മനഹള്ളി എന്നതും സ്ഥലത്തിന്റെ പേരാണു്. അല്ലാതെ അവരുടെ വിക്കറ്റ് കീപ്പര്‍ ഒരു ബൊമ്മ പോലെ നില്ക്കുന്നതു കൊണ്ടല്ല. ഫീല്‍ഡില്‍ ഇറങ്ങിയാല്‍ ഒരു ബൊമ്മ പോലെ നില്ക്കുന്നതു കൊണ്ടാണു് അങ്ങേരെ വിക്കറ്റ് കീപ്പറാക്കിയതു്. ബാറ്റു ചെയ്യാനും ഏറ്റവും അവസാനമേ ഇറക്കൂ.
കക്ഷിയുടെ യഥാര്‍ത്ഥ പേരു് പരമനെന്നോ പപ്പനാവനെന്നോ മറ്റോ ആണു്. പക്ഷേ, ബാംഗ്ലൂരിലുള്ള ഒരു സംസ്കൃതം ടീച്ചര്‍ ഒരിക്കല്‍ ഇട്ട പേരിലാണു് അങ്ങേര് അറിയപ്പെടുന്നതു്. ശ്ലോകവും കവിതയും ഫിലോസഫിയുമൊക്കെ സംസ്കൃതത്തിൽ മാത്രം എഴുതുന്ന ജ്യോതിര്മയിട്ടീച്ചര് ഒരിക്കല്‍ കളി കാണാന്‍ വന്നു. അപ്പോള്‍ ഇങ്ങേര് ബാറ്റു ചെയ്യാന്‍ പോകുന്നതു കണ്ടു. പോയതു പോലെ കുറ്റിയും തെറിച്ചു തിരിച്ചു പോരുകയും ചെയ്തു. അതു കണ്ട ടീച്ചര്‍ “യഥാ ആഗതഃ, തഥാ ഗതഃ” എന്നു സംസ്കൃതത്തില്‍ പറഞ്ഞു. “വന്നതു പോലെ തിരിച്ചു പോയല്ലോ” എന്നു മലയാളം. എന്തായാലും അതിനു ശേഷം എല്ലാവരും അങ്ങേരെ “തഥാഗതന്” എന്നാണു വിളിക്കുന്നതു്. എന്തായാലും ഒടുക്കത്തെ ഹിസ്റ്ററിയാണു് അങ്ങേര്‍ക്കു്. പത്തുമുപ്പതു കൊല്ലമായി ക്രിക്കറ്റു കളിക്കുന്നു എന്നാണു പറയുന്നതു്. മൊത്തം റണ്‍സ്: പൂജ്യം, എടുത്ത വിക്കറ്റുകള്‍: പൂജ്യം, എടുത്ത കാച്ചുകള്‍: പൂജ്യം. അങ്ങനെ ബാംഗ്ലൂര്‍ ക്രിക്കറ്റ് കളിക്കാരുടെ സംപൂജ്യനാണു തഥാഗതന്.
പിന്നെ ഇങ്ങേരെ എന്തിനു ടീമിലെടുത്തു എന്ന ചോദ്യം ഉണ്ടായേക്കാം. സൈക്കോളജിക്കല്‍ ഇംപാക്റ്റിനു്.
മനസ്സിലായില്ല, അല്ലേ? പറഞ്ഞുതരാം.
ഈ വിക്കറ്റ് കീപ്പര്‍ നില്ക്കുന്നതു് ബാറ്റ്സ്മാന്റെ തൊട്ടു പുറകിലാണു്. ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കാന്‍ ഏറ്റവും പ്രാപ്തനും അയാളാണു്. ഇങ്ങേര് അവിടെ നിന്നു് പഴയ കഥകള്‍ പറയും. അദ്ദേഹം കമ്യൂണിസ്റ്റും യുക്തിവാദിയും ആയിരുന്നതിന്റെ കഥകള്‍. കുറേക്കാലം സന്യാസിയായി മന്ത്രവാദം ചെയ്ത കഥകള്‍. അടുത്ത വീട്ടിലെ പെണ്‍കുട്ടി പുസ്തകം തന്ന കഥകള്‍. രാഹുകാലത്തു ബാറ്റിംഗ് തുടങ്ങിയാലുള്ള ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള കഥകള്‍. ഭാരതീയരില്‍ ശാസ്ത്രചിന്ത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള കഥകള്‍. അങ്ങനെ പലതും. ഇതൊക്കെ കേട്ടു കേട്ടു സഹികെട്ടു് അവസാനം ബാറ്റ്സ്മാന് തിരിഞ്ഞു് ഒന്നു പൊട്ടിക്കാന്‍ പോകുന്ന സമയത്തു് ശ്രമിച്ചാല്‍ കുറ്റി തെറിപ്പിക്കാന്‍ പറ്റും. ഇതാണു് അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കുന്നതിന്റെ ഗുട്ടന്‍സ്.
ഞങ്ങള്ക്കുമുണ്ടു് ഒരു വിക്കറ്റ് കീപ്പര്‍. മൂപ്പരുടെ ലൈന്‍ വേറെയാണു്. തെറി പറഞ്ഞു് ബാറ്റ്സ്മാന്റെ പരിപ്പിളക്കുകയാണു സ്റ്റൈല്‍. ഒരു മാതിരി തെറിയൊന്നുമല്ല, നല്ല സ്റ്റൈല്‍ തെറി. ആഢ്യബ്രാഹ്മണന്‍ മുതല്‍ കിരിയാത്തു നായര്‍ വരെ കമ്യൂണിസ്റ്റല്ലാത്ത സകലമാന ആളുകളെയും തെറി വിളിക്കും. സംസ്കൃതവും ഏതോ ഒരു ലാറ്റിന്‍ അമേരിക്കന്‍ ഭാഷയും ചേര്‍ത്തു വിളിക്കുന്നതു കൊണ്ടു് കേള്‍ക്കുന്നവര്‍ക്കു് ഒരു കുന്തവും മനസ്സിലാകില്ലെങ്കിലും, ഇങ്ങേര് ഇടപെട്ടാല്‍ ലോകത്തുള്ള സകലമാന സാധനവും വഴി തെറ്റും; പിന്നെയാണോ, ഒരു ബാറ്റ്സ്മാന്റെ ബാറ്റ്!
ദോഷം പറയരുതല്ലോ, ആള്‍ക്കു നല്ല ഗ്ലാമറാണു്. അതുകൊണ്ടു കക്ഷി സ്വയം “ചന്തക്കാരന്” എന്നു വിളിച്ചു. നല്ല ചന്തമുള്ളവന്‍ എന്നര്‍ത്ഥം. ഈ പേരില്‍ കുറെക്കാലം അറിയപ്പെട്ടപ്പോഴാണു് അതിനു് ചന്തയില്‍ നില്ക്കുന്നവന് എന്ന അര്ത്ഥവുമുണ്ടെന്നു മനസ്സിലായതു്. അപ്പോള്‍ അതു് അല്പം പരിഷ്കരിച്ചു് ചന്ത്രക്കാറന്‍ എന്നാക്കി. എന്തായാലും തല്ലുണ്ടാക്കുമ്പോള്‍ മറ്റേ അർത്ഥമാണു ശരി എന്നു തന്നെ തോന്നിപ്പോകും.
ബാക്കിയുള്ളവർ – ഞാനും നളനും ഉൾപ്പെടെ – ബൌളേഴ്സാണു്. ക്രിക്കറ്റിൽ ഫാസ്റ്റും സ്പിന്നുമല്ലാത്ത ബൌളിംഗുമുണ്ടെന്നു് ലോകത്തെ പഠിപ്പിച്ചവരാണു ഞങ്ങൾ. ആദിത്യനു ഫീൽഡിംഗു മാത്രം. വിക്കറ്റ് കീപ്പറുടെ പുറകിൽ ബൌണ്ടറിയിലാണു് ആദിത്യൻ ഫീൽഡു ചെയ്യാറുള്ളതു്.
നളനെ ടീമിലെടുത്തതോടെ ഞാനും അവനും തമ്മിലുള്ള സ്പർദ്ധ ശതഗുണീഭവിച്ചു. (ഉമേഷേട്ടനയച്ചുകൊടുത്തു തിരുത്താനുള്ളതാണു്. അല്പം കട്ടി ഇരുന്നോട്ടേ.) ആരാണു് മികച്ച കളിക്കാരൻ എന്നു് കളിക്കളത്തിലും പുറത്തും വെച്ചു ഞങ്ങൾ തർക്കിച്ചു. ആദിത്യൻ ആ തക്കത്തിനു രണ്ടു പേരെയും പിരികയറ്റി സംഗതി തല്ലിലെത്തിക്കും. ഭക്ഷണവും കുത്തിത്തിരുപ്പുമാണു് അവന്റെ ഇഷ്ടവിനോദങ്ങൾ.
ക്രിക്കറ്റിലും നളന്റെ ജാട സഹിക്കാൻ പറ്റില്ല. അമേരിക്കയിൽ വെച്ചു പുള്ളി ബേസ്ബോൾ കളിച്ചിട്ടുണ്ടത്രേ! ഇന്നിംഗ്സിനെ ഇന്നിംഗ് എന്നേ പറയൂ. എല്ലാം സഹിക്കാം. ആദ്യം കുറച്ചുകാലത്തെയ്ക്കു് ബാറ്റു ചെയ്തിട്ടു് ബാറ്റു താഴെയിട്ടിട്ടായിരുന്നു ഓട്ടം. പിന്നെ ആരെങ്കിലും എടുത്തുകൊണ്ടു കൊടുക്കണം.
അന്നത്തെ തർക്കം ആരാണു മികച്ച ബൌളർ എന്നതായിരുന്നു. മുമ്പു കളിച്ച കളികളുടെ കണക്കെടുത്തു തർക്കിച്ചു് ഒരു പരുവമായപ്പോൾ ആദി ഒരു വഴി നിർദ്ദേശിച്ചു:
ബൊമ്മനഹള്ളിയുമായുള്ള അടുത്ത മാച്ചിൽ രണ്ടു പേരുടെയും ബൌളിംഗ് ആവറേജ് നോക്കുക. ബൌളിംഗ് ആവറേജ് കുറവുള്ളവനാണു മികച്ച കളിക്കാരൻ. ചുമ്മാ മത്സരിച്ചാൽ പോരാ. ബെറ്റു വെയ്ക്കണം. ഒരു ആയിരം രൂപയെങ്കിലും.
“സമ്മതം,” നളൻ പറഞ്ഞു. ആയിരം രൂപാ എന്നൊക്കെ കേട്ടപ്പോൾ എന്റെ ചങ്കു കാളിയെങ്കിലും അഭിമാനമോർത്തു് ഞാനും സമ്മതിച്ചു.
ഈ ബ്ലോഗു വായിക്കുന്ന പാമരന്മാരിൽ ഭൂരിഭാഗത്തിനും ക്രിക്കറ്റ് എന്താണെന്നു് അറിയാത്തതിനാൽ മുകളിൽ പറഞ്ഞതെന്താണെന്നു് വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ പറഞ്ഞുതരാം.
ഒരു ബൌളർ ബൌൾ ചെയ്യുമ്പോൾ മറ്റേ ടീം അടിച്ചോ ഓടിയോ നോബോൾ, വൈഡ് ആദിയായ കലാപരിപാടികൾ മൂലമോ നേടുന്ന മൊത്തം റൺസിനെ ആ ബൌളർ എറിഞ്ഞു കിട്ടിയ വിക്കറ്റുകളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണു് ബൌളിംഗ് ആവറേജ്. ഉദാഹരണമായി, ഒരു ബൌളർ മൊത്തം 4 വിക്കറ്റെടുക്കുകയും അയാൾ എറിഞ്ഞപ്പോൾ എതിർടീം 42 റൺസെടുക്കുകയും ചെയ്താൽ ബൌളിംഗ് ആവറേജ് = 42/4 = 10.5. ഇതു് എത്രയും കുറയുന്നോ, അത്രയും മിടുക്കനാണു ബൌളർ എന്നു താത്പര്യം.
ഞങ്ങൾ കളിക്കുന്ന ടെസ്റ്റ് മാച്ചിനു രണ്ടു് ഇന്നിംഗ്സ് ഉണ്ടെന്നു പറഞ്ഞല്ലോ. ഓരോ ഇന്നിംഗ്സിലും രണ്ടു ടീമും ഓരോ തവണ ബാറ്റ് ചെയ്യുകയും ബൌൾ ചെയ്യുകയും ചെയ്യും. മൊത്തം നാലു ഭാഗങ്ങൾ. പത്തു വിക്കറ്റുകൾ ഉണ്ടു്. അതു തീരും വരെ കളിക്കാം. അതിനു മുമ്പു് ആവശ്യത്തിനു മുമ്പു റൺസ് ആയെന്നു തോന്നിയാൽ നേരത്തേ നിർത്തുകയുമാവാം.
രാവിലെ ഒമ്പതു മണി മുതൽ കളി തുടങ്ങിയാൽ ഒരു ഇന്നിംഗ്സ് അഞ്ചഞ്ചരയാകുമ്പോഴേയ്ക്കു തീരും – ഇടയ്ക്കു് ഒരു മണിക്കൂർ ലഞ്ചിനു പോയാലും. എന്നാലും ശനിയാഴ്ചയും ഞായറാഴ്ചയും ഇങ്ങനെ ക്രിക്കറ്റിന്റെ പുറകിൽ പോയാൽ മറ്റു കാര്യങ്ങൾ എങ്ങനെ നടക്കും? എനിക്കാണെങ്കിൽ വീക്കെൻഡിൽ രണ്ടുമണിക്കൂറെങ്കിലും ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ പോയി ബൈക്കും ചാരി നിന്നില്ലെങ്കിൽ വിറയൽ ഉണ്ടാവും. അഡിൿഷനായിപ്പോയി. അതിനാൽ ഞായറാഴ്ച ഉച്ചയ്ക്കു മുമ്പു കളി തീരേണ്ടതു് ഞങ്ങളുടെ പൊതുവായ ആവശ്യമാണു്.
ഭാഗ്യവശാൽ അങ്ങനെ തന്നെയാണു സാധാരണ ഉണ്ടാവുക. മുകളിൽ പറഞ്ഞ നാലു ഭാഗങ്ങളിൽ മൂന്നേ ഉണ്ടാവാറുള്ളൂ എന്നതാണു കാരണം. ഞങ്ങളാണു് ആദ്യം ബാറ്റു ചെയ്യുന്നതെങ്കിൽ മിക്കവാറും മൂന്നു ഭാഗങ്ങളേ ഉണ്ടാവൂ. മറ്റേ ടീം ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ ഫോളോ ഓൺ എന്നറിയപ്പെടുന്ന അത്യാധുനികടെക്നിക് ഉപയോഗിച്ചാണു് ഞങ്ങൾ മൂന്നു ഭാഗത്തിൽ ഒതുക്കാറുള്ളതു്. എന്തായാലും ഞങ്ങൾ രണ്ടു തവണ ബാറ്റു ചെയ്യും. അതു തീർച്ച.
ഇതിന്റെ വെളിച്ചത്തിൽ ആദിത്യൻ മുന്നോട്ടു വെച്ച നിയമാവലി.
- ഞങ്ങൾ ഒരു ഇന്നിംഗ്സിൽ മാത്രമേ ബൌൾ ചെയ്യുന്നുള്ളൂ എങ്കിൽ അതിൽ കിട്ടിയ ബൌളിംഗ് ആവറേജുകൾ താരതമ്യം ചെയ്യും.
- രണ്ടു് ഇന്നിംഗ്സിലും ബൌൾ ചെയ്യുകയാണെങ്കിൽ, രണ്ടിലെയും വഴങ്ങിയ റൺസ് കൂട്ടിയിട്ടു് മൊത്തം കിട്ടിയ വിക്കറ്റുകൾ കൊണ്ടു ഹരിക്കും. ഓരോ ഇന്നിംഗ്സിലെയും ബൌളിംഗ് ആവറേജ് പരിഗണിക്കില്ല.
- ബെറ്റ് തുക വൈകുന്നേരം ടീമിലെ എല്ലാവരും അടങ്ങുന്ന സദസ്സിൽ വെച്ചു കൈമാറും.
- ആരു ജയിച്ചാലും ജയിച്ച ആൾ ചെലവു ചെയ്യും. (ഇതു് ആദിത്യന്റെ സ്പെഷ്യൽ നിർദ്ദേശമായിരുന്നു.)
നിയമാവലി എല്ലാവരും സമ്മതിച്ചു. ശനിയാഴ്ച എത്താൻ ഞങ്ങൾ കാത്തിരുന്നു.
ശനിയാഴ്ച ആദ്യം ബാറ്റു ചെയ്തതു് ബൊമ്മനഹള്ളിക്കാരായിരുന്നു.
ആദ്യത്തെ വിക്കറ്റ് നളൻ എടുത്തു. അതു് എനിക്കൊരു അടിയായി.
നളൻ മൊത്തം 84 റൺസേ കൊടുത്തുള്ളൂ. ഞാനാകട്ടേ 252 റൺസും. അയാളെക്കാൾ കൂടുതൽ വിക്കറ്റുകൾ ഞാൻ എടുത്തു എന്നതു മറ്റൊരു കാര്യം.
ഒന്നാം ഇന്നിംഗ്സിലെ ബൌളിംഗ് കഴിഞ്ഞപ്പോൾ ആദിത്യൻ സെൽ ഫോൺ വലിച്ചെടുത്തു കാൽക്കുലേറ്റു ചെയ്തു പറഞ്ഞു: “അളിയാ, നിനക്കാണു ബെറ്റർ ബൌളിംഗ് ആവറേജ്!”
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ പിന്നെയും കണക്കുകൂട്ടിക്കാണിച്ചു. ശരിയാണല്ലോ. എന്റെ ബൌളിംഗ് ആവറേജ് ആണു നളന്റേതിനേക്കാൾ കുറവു്.
“ഇങ്ങനങ്ങു കളിച്ചാൽ മതി. നീ തീർച്ചയായും ജയിക്കും,” ആദിത്യൻ പറഞ്ഞു.
“ഇങ്ങനെന്തിനാ കളിക്കുന്നതു്? എടാ, നമുക്കു ഫോളോ ഓൺ ആക്കിയാൽ ഇനി ബാറ്റു ചെയ്യേണ്ടി വരില്ലല്ലോ…” എന്നു ഞാൻ. ശ്ശോ, എന്റെയൊരു ബുദ്ധിയേ… എനിക്കു വയ്യ!
“ഹോ, നിന്റെ ഒരു ബുദ്ധി! പിന്നെ നിന്നെ എന്തിനാ ആളുകൾ മണ്ടൻ എന്നു വിളിക്കുന്നതു്?” ആദിത്യനു സംശയം.
അങ്ങനെ ഞങ്ങൾ ഗൂഢാലോചന നടത്തി. ഞങ്ങൾ രണ്ടു പേരും പൂജ്യം വീതമെടുത്തു് ഔട്ടാകും. പിന്നെക്കളിക്കുന്നവന്മാർ ശരിയാവില്ല. അഞ്ചാമതും ആറാമതും ക്രീസിലിറങ്ങുന്ന ചന്ത്രക്കാറനും നളനും മാത്രമാണു പിന്നെ വല്ലതും എടുക്കുക. ഞങ്ങൾ പൂജ്യമേ എടുത്തുള്ളെങ്കിൽ പിന്നെ അവർ വിചാരിച്ചാലും ഫോളോ ഓൺ ഒഴിവാകില്ല.
“ആ ചന്ത്രക്കാറനെങ്ങാനും സംശയം തോന്നിയാൽ, എന്റമ്മോ, അവൻ കുനിച്ചു നിർത്തി ഇടിക്കും!” ആദിത്യനു പേടിയായി.
“പേടിക്കണ്ടടാ, കിട്ടുന്ന ആയിരത്തിൽ ചെലവു കഴിച്ചു ബാക്കി വരുന്നതിൽ പകുതി നിനക്കു്…” ഞാൻ ഉറപ്പുകൊടുത്തു.
ബാറ്റിംഗ് തുടങ്ങി. ഞാൻ ആദ്യത്തെ പന്തടിച്ചിട്ടു് ഓടി. ഓട്ടത്തിനിടയ്ക്കു് മനഃപൂർവ്വം ഒന്നു കാലിടറി താഴെ വീണു. എഴുനേറ്റു ചെന്നപ്പോഴേയ്ക്കും റണ്ണൌട്ടായി.
ഞാൻ എഴുനേറ്റു ചുറ്റും നോക്കി. ആർക്കും സംശയം തോന്നിയിട്ടില്ല. ചന്ത്രക്കാറൻ ഓടി വന്നു. “എവിടെ നോക്കിയാടാ ഓടുന്നതു് #@!%$#-മോനേ” എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്നോടു് “സാരമില്ല ശ്രീജിത്തേ. ഞങ്ങൾ എല്ലാം നോക്കിക്കോളാം. ആദിത്യനുണ്ടല്ലോ ഇനി. ഡോണ്ട് വറി.” എന്നാണു് ചന്ത്രക്കാറൻ പറഞ്ഞതു്. ഇത്രയും തങ്കപ്പെട്ട മനുഷ്യനെയാണല്ലോ വഞ്ചിക്കുന്നതു് എന്നോർത്തു ഞാൻ കരഞ്ഞുപോയി. ഞാൻ ആദിയെ നോക്കി ഒന്നു കണ്ണിറുക്കിയതിനു ശേഷം പവിലിയനിലേയ്ക്കു (എന്നു പറഞ്ഞാൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂമ്പാരത്തിലേയ്ക്കു) പോയി.
ആദിത്യനെ ഒരു കാര്യം ഏൽപ്പിച്ചാൽ അവൻ അതു നീറ്റായി കുളമാക്കിയിട്ടേ വരൂ. പല തവണ അനുഭവമുള്ളതാണു്. ഇപ്പോഴും അതിനു വ്യത്യാസമുണ്ടായില്ല.
പൂജ്യത്തിനു പുറത്താകാനുള്ള തത്രപ്പാടിൽ ബോൾ അടിക്കുന്നതിനു പകരം അവൻ ബാറ്റ് വിക്കറ്റിലേയ്ക്കു വലിച്ചെറിഞ്ഞു. കുറ്റിയും പറിച്ചു ബാറ്റ് ദാ കിടക്കുന്നു.
പൂജ്യത്തിനു പുറത്തായി. പക്ഷേ ഞങ്ങളുടെ ഗൂഢാലോചന പൊളിഞ്ഞു. ചന്ത്രക്കാറൻ കുതിച്ചു വന്നു ആദിത്യന്റെ കഴുത്തിനു പിടിച്ചു് ആകാശത്തിലേയ്ക്കു പൊക്കി. നാക്കു വെളിയിൽ തള്ളി കാലിട്ടടിക്കുന്ന ആദി നിലം തൊടാതെ സിദ്ധികൂടി എന്നു ഞാൻ കരുതി.
“ഒരു ബെറ്റു ജയിക്കാൻ വേണ്ടി ടീമിനെ ഒറ്റിക്കൊടുത്ത യൂദാസുകളേ, ഞങ്ങൾ രണ്ടു പേർ മതിയെടാ ഫോളോ ഓൺ ഒഴിവാക്കാൻ!“ എന്നു ഗർജ്ജിച്ചുകൊണ്ടു് ചന്ത്രക്കാറൻ തിരിച്ചുപോയി.
പറഞ്ഞതുപോലെ ചന്ത്രക്കാറനും നളനും തകർത്തു ബാറ്റു ചെയ്തു. ഫോളോ ഓൺ ഒഴിവായെന്നറിഞ്ഞപ്പോഴേ അവരുടെ ദേഷ്യം തീർന്നുള്ളൂ.
“എന്നാലും നീ കൊളമാക്കിയല്ലോടാ”, ഡിന്നർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ആദിയോടു പറഞ്ഞു.
“നീയല്ലേ കുളമാക്കിയതു്, ” അവൻ ചോദിച്ചു. “ഇതു നിന്റെ ഐഡിയയല്ലേ. എടാ, നമുക്കു സത്യവും നീതിയും വിട്ട ഒരു കളിയും വേണ്ട. നീ അതു പോലെ കളിച്ചാൽ മതി. നിശ്ചയമായും ബെറ്റു നീ തന്നെ ജയിക്കും. പിന്നെ എന്റെ ബില്ലും നീ കൊടുത്തേക്കണേ. അവസാനം തരാനുള്ള പൈസ ഇതു കഴിച്ചു തന്നാൽ മതി.” എന്നു പറഞ്ഞു് അവൻ ഇറങ്ങി നടന്നു.
കാലമാടൻ 210 രൂപയ്ക്കാണു ഡിന്നർ കഴിച്ചതു്. ഏതായാലും ഞാൻ അതു കൊടുത്തു.
രണ്ടാം ഇന്നിംഗ്സിൽ നളനും ചന്ത്രക്കാറനും വലിയ ചൂടിലായിരുന്നു. നളനെറിഞ്ഞ ആദ്യത്തെ ബോൾ കുറ്റിയും പറിച്ചു തഥാഗതന്റെ രണ്ടു പല്ലും കൊണ്ടാണു പോയതു്. ഏഴാമത്തെ ഓവറിൽ നളനെറിഞ്ഞ ഒരു പന്തു് നൂറ്റമ്പതു മീറ്റർ ഓടി വഴിയിൽ നെഞ്ചടിച്ചു വീണിടത്തു നിന്നു് ഞൊണ്ടി ഞൊണ്ടി വന്നാണു് ചന്ത്രക്കാറൻ ക്യാച്ചെടുത്തതു്.
ഇത്തവണ ഞാൻ 84 റൺസ് വഴങ്ങി. നളൻ 252 റൺസും. ബാറ്റു ചെയ്യുന്നതിനിടയിൽ ആദിത്യൻ വന്നു ചെവിയിൽ മന്ത്രിച്ചു, “രണ്ടാം ഇന്നിംഗിലും നിനക്കു തന്നെ ബെറ്റർ ബൌളിംഗ് ആവറേജ്…”
അപ്പോൾ ആയിരം രൂപാ എനിക്കു്! ബെറ്റു ജയിച്ച സന്തോഷത്തിൽ കളി തോറ്റതൊന്നും ഞാൻ കാര്യമാക്കിയില്ല.
ഡിന്നർ സാധാരണ പോകുന്ന ഹോട്ടലിലേയ്ക്കു തിരിഞ്ഞപ്പോൾ ആദിത്യൻ പറഞ്ഞു, “ആയിരം രൂപാ കിട്ടിയിട്ടു് അവിടെയാണോ പോകുന്നതു് ദരിദ്രവാസീ… ഫോറത്തിൽ പോകാം.”
ബാംഗ്ലൂരിലെ ഏറ്റവും കത്തി സ്ഥലമാണു് The forum. തൊട്ടാൽ പൊള്ളുന്ന വിലയാണു് അവിടത്തെ ഭക്ഷണശാലകളിൽ. എങ്കിലും ആയിരം രൂപാ കിട്ടുന്നതല്ലേ എന്നോർത്തു് അങ്ങോട്ടു തന്നെ വെച്ചുപിടിപ്പിച്ചു.
പോകുന്ന വഴിയ്ക്കു് ദാ കൊച്ചുത്രേസ്യയും സഹമുറിയത്തി കുരുട്ടും എതിരേ വരുന്നു.
കീരിയും പാമ്പും പോലെയാണു രണ്ടും. ഫുൾടൈം അടിയാണു്. വല്ലവരെയും ഓസി ഫുഡ്ഡടിക്കുമ്പോൾ മാത്രമാണു് രണ്ടും യോജിക്കുന്നതു്.
“അറിഞ്ഞില്ലേ, അറിഞ്ഞില്ലേ, ഇവൻ നളനെ പൊട്ടിച്ചു! രണ്ടിന്നിംഗ്സിലും ഇവൻ തന്നെ ജയിച്ചു. ആയിരം രൂപാ ബെറ്റും കിട്ടി” ആദിത്യൻ എന്റെ പി. ആർ. ഓ. ആയി.
“ആരാ ഈ നളൻ? എന്താ ഈ ഇന്നിംഗ്സ് എന്നു പറഞ്ഞാൽ?” കുരുട്ടിനു് ഒന്നും മനസ്സിലാവുന്നില്ല.
“എന്തോ എന്തരോ… അതറിഞ്ഞാലേ നീ വരൂ? എന്നാൽ നീ വരണ്ടാ. ഓസിനു് അപ്പം തിന്നാൻ നീ എന്നു തൊട്ടാടീ കുഴിയെണ്ണാൻ തുടങ്ങിയതു്?”
“പിന്നെ നീ ഓസിനു തിന്നാത്തതാ, എന്നെക്കൊണ്ടൊന്നും പറയിക്കരുതു്, നീ കഴിഞ്ഞാഴ്ച…”
“പീസ്, ലേഡീസ്, പീസ്…” ആദിത്യൻ സമയത്തിനൊത്തുയർന്നു. “ഇവൻ ഫോറത്തിലാണു ചെലവു ചെയ്യുന്നതു്. ഐസ്ക്രീമും വാങ്ങിത്തരും…”
ഞാൻ നെഞ്ചത്തു കൈ വെച്ചു പോയി. ഫോറത്തിലെ ചില ഐസ്ക്രീം സ്ഥലങ്ങളിൽ നാനൂറു രൂപാ വരെ വിലയുള്ള ഐസ്ക്രീം ഉണ്ടെന്നാണു കേൾവി.
ഐസ്ക്രീം എന്നു കേട്ടപ്പോൾ ലലനാമണികളുടെ വഴക്കു് ഐസ്ക്രീം പോലെ ഉരുകിത്തീർന്നു. അവർ അനസൂയയും പ്രിയംവദയും പോലെ ആയി. കലയും കമലയും പോലെ ആയി. ഗ്നു ലിനക്സും പട്ടമരപ്പും പോലെ ആയി.
ആയിരം രൂപാ കിട്ടുന്നതല്ലേ എന്നു കരുതി ചെലവു ചെയ്തു. എല്ലാം കൂടി എഴുനൂറ്റിമുപ്പതു രൂപാ. എന്നാലും ബാക്കി കാശു കിട്ടുമല്ലോ എന്നാശ്വസിച്ചു് ഞാൻ അതെല്ലാം സഹിച്ചു.
വീട്ടിലെത്തിയപ്പോഴേയ്ക്കും ചന്ത്രക്കാറനും നളനും വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“എന്തു നല്ല മനുഷ്യർ! ബെറ്റിന്റെ പൈസ തരാൻ ഇങ്ങോട്ടു വന്നിരിക്കുന്നു!” ഞാൻ ആദിത്യനോടു പറഞ്ഞു.
“ബെറ്റും വെച്ചിട്ടു് ഏതു @#$%@#$%-ൽ പോയിക്കിടക്കുകയായിരുന്നെടാ #$@#$-ടെ മോനേ…” ചന്ത്രക്കാറന്റെ സ്വതസ്സിദ്ധമായ ശൈലി. പാവം, നളന്റെ കാശു പോയതിന്റെ സങ്കടമായിരിക്കും!
“ഡിന്നർ കഴിക്കാൻ പോയി.” ഞാൻ താക്കോലെടുത്തു വാതിൽ തുറന്നു. “കയറി ഇരിക്കു്.”
“ഞങ്ങൾ ഇരിക്കാനൊന്നും വന്നതല്ല. കാശെടുക്കു്…” എന്നായി നളൻ.
“എന്തു കാശ്? ബെറ്റു ഞാനല്ലേ ജയിച്ചതു്? ഇങ്ങോട്ടു വെയ്ക്കു് ആയിരം രൂപാ”
ചന്ത്രക്കാറൻ നളന്റെ നേർക്കു തിരിഞ്ഞു. “ഞാൻ അന്നേരമേ പറഞ്ഞില്ലേ, ഈ @%$#%$-ന്റെ മോന്മാർക്കു കണക്കു കൂട്ടാൻ അറിയില്ലെന്നു്”
“ഓ പിന്നെ പിന്നെ. ഞാൻ എഞ്ചിനീയറിംഗും ഇവൻ എംസീയേയും പാസ്സായതാ…” ആദിത്യൻ സെൽ ഫോൺ പുറത്തെടുത്തു, “ദാ, ഇപ്പോ കാണിച്ചുതരാം…”
“അവന്റെ %$%&^$#-ടെ ഒരു സെല്‍ഫോൺ…” ചന്ത്രക്കാറൻ സെല്‍ഫോൺ വാങ്ങി പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. “നിനക്കു കണക്കു കൂട്ടാൻ അറിയാമോ?”
“അറിയാം”
“ശ്രീജിത്തു മൊത്തം എത്ര റൺസ് വഴങ്ങി? എഴുതിക്കൂട്ടു്…,” മേശപ്പുറത്തു നിന്നു് ഒരു കടലാസും പേനയും എടുത്തു കൊടുത്തു ചന്ത്രക്കാറൻ അലറി.
ആദിത്യൻ “84 + 252 = 336” എന്നു കൂട്ടിപ്പറഞ്ഞു.
“ഇനി അവനു കിട്ടിയ മൊത്തം വിക്കറ്റ് എത്രാ?..”
ആദിത്യൻ അതും കൂട്ടി.
“ഇനി ഹരിക്കു്…”
അതു് ആദിത്യനു താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. പത്തിൽ കൂടിയ സംഖ്യകളുടെ ഹരണവും വർഗ്ഗമൂലവുമൊക്കെ ചെയ്യാൻ പറയുന്നതു് ബാലവേലയിൽ പെടുമെന്നാണു് അവന്റെ അഭിപ്രായം. അവസാനം ചന്ത്രക്കാറൻ തന്നെ ഹരിച്ചുകൊടുത്തു.
പിന്നീടു് അതേ ക്രിയ തന്നെ നളനും ചെയ്തു. രണ്ടു ഫലം തമ്മിൽ നോക്കിയപ്പോൾ നളന്റെ ബൌളിംഗ് ആവറേജ് കുറവു്.
“ഇതു ശരിയല്ല, ഞാൻ എന്റെ സെല്ലിൽ നോക്കട്ടേ..” എന്നു പറഞ്ഞു് ആദിത്യൻ തന്റെ സെല്‍ഫോൺ എടുത്തുകൊണ്ടു വന്നു. വീഴ്ചയുടെ ആഘാതത്തിൽ പല കഷണങ്ങളായി ചിന്നിച്ചിതറിയ അതെടുത്തു കൂട്ടിയോജിപ്പിക്കാൻ ആദിത്യൻ ഒരു ശ്രമം നടത്തി.
“ദാ, ഇതെടുത്തോളൂ, കണക്കുകൂട്ടാൻ…” നളൻ തന്റെ സെൽ ഫോൺ ദയാപൂർവ്വം നൽകി. “സൂക്ഷിച്ചുപയോഗിക്കണം, അമേരിക്കൻ മോഡലാ…”
ആദി ആദ്യം ഒന്നാമിന്നിംഗ്സിന്റേതു കണക്കുകൂട്ടി. എനിക്കു തന്നെ കുറഞ്ഞ ബൌളിംഗ് ആവറേജ്. അതു കഴിഞ്ഞു് രണ്ടാം ഇന്നിംഗിന്റേതു കണക്കുകൂട്ടി. അതിലും എനിക്കു തന്നെ കുറഞ്ഞ ബൌളിംഗ് ആവറേജ്.
പിന്നീടു് അവൻ മൊത്തത്തിലുള്ള ബൌളിംഗ് ആവറേജ് കണക്കുകൂട്ടി. ഇത്തവണ കുറവു് നളനു്.
(ആകെ വഴങ്ങിയ റൺസ് ഞങ്ങൾക്കു തുല്യമായതിനാൽ കൂടുതൽ വിക്കറ്റെടുത്തതാരാണു് എന്നു നോക്കിയാൽ പോരേ എന്ന ചോദ്യം എന്റെ തൊണ്ടയിൽ കുരുങ്ങി. നളനു തന്നെയാണു കൂടുതൽ വിക്കറ്റ്.)
ദയനീയഭാവത്തിൽ അവൻ എന്നെ നോക്കി. “രണ്ടു് ഇന്നിംഗിലും നിനക്കു ബൌളിംഗ് ആവറേജ് കുറവാണെങ്കിൽ രണ്ടും ചേർന്നാൽ എങ്ങനെയാ നളനു കുറയുന്നതു്?”
“ആ, എനിക്കറിയാന്മേലാ” ഞാനും കണക്കുകളെല്ലാം പരിശോധിച്ചു. എല്ലാം കിറുകൃത്യം.
“ഞങ്ങൾക്കു സമയമില്ല, കാശെടു്…”, നളൻ സെല്‍ഫോൺ തിരികെ വാങ്ങി പോക്കറ്റിലിട്ടു കൈ നീട്ടി.
“അതു്, എന്റെ കയ്യിൽ…” ഞാൻ തപ്പിത്തടഞ്ഞു.
“വേലയിറക്കുന്നോ $#@#$%” ചന്ത്രക്കാരൻ എന്റെ പോക്കറ്റിൽ നിന്നു പേഴ്സ് തട്ടിയെടുത്തു് അതിലുള്ള രൂപയെല്ലാം നിലത്തു കുടഞ്ഞിട്ടു് എണ്ണി: 417 രൂപാ.
“നിന്റെ കയ്യിൽ എത്രയുണ്ടെടാ” ആദിത്യനോടാണു്.
ആദിത്യന്റെ പേഴ്സ് അരിച്ചു പെറുക്കിയപ്പോൾ മൂന്നു രൂപാ നാല്പതു പൈസ കിട്ടി. അവർ മൂന്നു രൂപാ മാത്രം എടുത്തു. “ബാക്കി 580 രൂപാ നാളെ ഉച്ചയ്ക്കു മുമ്പു തരണം…” എന്നു പറഞ്ഞിട്ടു രണ്ടു പേരും പുറത്തേയ്ക്കു പോയി.
“ഒരു മിനിറ്റ്…” എന്നു പറഞ്ഞു് ആദിത്യൻ വെളിയിലേയ്ക്കു പോയി. നളന്റെ അടുത്തു ചെന്നു ചോദിക്കുന്നതു ഞാൻ കേട്ടു, “ജയിച്ച ആൾ ചെലവു ചെയ്യാമെന്നു പറഞ്ഞിരുന്നു. അപ്പോൾ…”
“ഇതാ പിടിച്ചോ ചെലവു്..” എന്നു പറഞ്ഞു് ചന്ത്രക്കാറൻ കാലു പൊക്കുന്നതേ ഞാൻ കണ്ടുള്ളൂ. മുറിക്കുള്ളിൽ ചാക്കുകെട്ടു പോലെ എന്തോ വന്നു വീണു. നോക്കിയപ്പോൾ ചുരുണ്ടു കൂടി ആദിത്യൻ!
ആറേഴു മാസത്തെ സമ്പാദ്യം മുഴുവൻ വെള്ളത്തിലായതിന്റെ ദുഃഖത്തിലാണെങ്കിലും എനിക്കു് ഒന്നു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
പിന്നെയും ആലോചിച്ചപ്പോഴാണു് ഇതു സാദ്ധ്യമാണന്നു മനസിലായതു്. ഒരു കടലാസ്സും പെൻസിലുമെടുത്തു് ഞാൻ ഒരു ഇരുപ്പിരുന്നു. മുക്കാൽ മണിക്കൂർ നേരം വിയർത്തൊലിച്ചു തല പെരുത്തപ്പോൾ അവർ പറഞ്ഞതു ശരിയാണെന്നു മനസ്സിലായി. അവർ ഓരോ ഇന്നിംഗ്സിലും എടുത്ത വിക്കറ്റുകളുടെ എണ്ണവും കിട്ടി.
നിങ്ങൾ എത്ര സമയം എടുക്കും? കമ്പ്യൂട്ടർ ഉപയോഗിക്കരുതു്. കണക്കുകൂട്ടി കണ്ടുപിടിക്കുക.
ഉത്തരം: കരിങ്കല്ല് എന്ന പേരിൽ ബ്ലോഗെഴുതുന്ന സന്ദീപ് നെല്ലായി.
ഈ കരിങ്കല്ല് ആളു പുലിയാണു്. ഗണിതത്തിലോ സയൻസിലോ അൽഗരിതത്തിലോ മറ്റോ റിസർച്ച് ചെയ്യുന്നവൻ. ഒമ്പതിന്റെ സ്ക്വയർ റൂട്ടു കാണാൻ ഇൻഫിനിറ്റ് സിരീസ് തലയിൽ കണക്കുകൂട്ടുന്നവൻ. മലയാളത്തിലും ഇംഗ്ലീഷിലും ജെർമനിലും ബ്ലോഗെഴുതുന്നവൻ.
ഇതൊക്കെയാണെങ്കിലും, ഈ ബ്ലോഗിലെ ചില പ്രശ്നങ്ങളൊക്കെ കരിങ്കല്ലിനു കരിങ്കല്ലു പോലെയാണു്. ഞാൻ എല്ലാം വളരെ വളച്ചുകെട്ടി എഴുതുന്നതു കൊണ്ടാണു് അങ്ങനെ സംഭവിക്കുന്നതു് എന്നു് അദ്ദേഹം ഒരിക്കൽ തന്റെ ഇംഗ്ലീഷ് ബ്ലോഗിൽ എഴുതി. “നീളന്‍ ചോദ്യം കഴിഞ്ഞിട്ടു, just the crux of it – the very minimum problem statement കൂടെ കൊടുത്താല്‍ നന്നായിരിക്കും.” എന്നു് എന്റെ ബ്ലോഗിൽ ഒരു കമന്റും ഇട്ടു.
കരിങ്കല്ലിനെപ്പോലുള്ള അരസികരായ ശുദ്ധഗണിതജ്ഞർക്കു വേണ്ടി ഇത്തവണ മുതൽ പ്രശ്നത്തിനു താഴെ ലളിതമായി പ്രശ്നം കുറച്ചു വാക്കുകളിൽ എഴുതിയിട്ടുണ്ടാവും. ഇത്തവണ അതു കൂടാതെ കുറച്ചു ഹിന്റുകളും ഫോർമുലകളും ചേർത്തിട്ടുണ്ടു്. ഇനി പ്രശ്നം സോൾവു ചെയ്യുകയേ വേണ്ടൂ!
- ശ്രീജിത്ത്, നളൻ എന്നു രണ്ടു ബൌളേഴ്സ്. ഒരേ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുന്നു.
- ശ്രീജിത്ത് ഒന്നാം ഇന്നിംഗ്സില്‍
റണ്‍സു വഴങ്ങി
വിക്കറ്റ് എടുത്തെന്നു കരുതുക. നളൻ
റണ്‍സു വഴങ്ങി
വിക്കറ്റും.
- രണ്ടു പേരും കൂടി പത്തു വിക്കറ്റില്‍ കൂടുത്തല്‍ എടുക്കാന്‍ പറ്റില്ല. അതിനാല്‍
- ശ്രീജിത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ റണ്‍റേറ്റ് നളന്റേതിനേക്കാള്‍ മെച്ചമായിരുന്നു. അതായതു്,
- ഇതു തന്നെ രണ്ടാം ഇന്നിംഗിലും സംഭവിച്ചു. അതില്‍ ശ്രീജിത്തും നളനും എടുത്ത വിക്കറ്റുകള്‍
,
എന്നിവയും റണ്‍സ്
,
എന്നിവയും ആണെന്നു വെയ്ക്കുക. അപ്പോള്‍
- ഇനി മൊത്തം ബൌളിംഗ് ആവറേജ് കണക്കുകൂട്ടിയാല്‍ നളനാണു മികച്ചു നില്ക്കുന്നതെന്നു കണ്ടു. അതായതു്,
ഇത്രയേ ഉള്ളൂ. ഇതെല്ലാം കൂടി ശരിയാകുമോ എന്നു കണ്ടുപിടിക്കണം. (ഇല്ലെങ്കില്‍ അതു തെളിയിച്ചാലും മതി.) പറ്റുമെങ്കില്‍ ഈ സാമാന്യപ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കുക.
ചോദ്യത്തില്‍ നിന്നു് ഈ വിവരങ്ങളും കിട്ടും.
- ഒന്നാം ഇന്നിംഗ്സ്:
(ആദ്യത്തെ വിക്കറ്റ് നളൻ എടുത്തു.)
(നളനെതിരേ 84 റണ്‍സ്)
(ശ്രീജിത്തിനെതിരേ 252 റണ്‍സ്)
- രണ്ട്ടാം ഇന്നിംഗ്സ്:
(നളൻ കുറഞ്ഞതു രണ്ടു വിക്കറ്റ് എടുത്തു.)
(നളനെതിരേ 252 റണ്‍സ്)
(ശ്രീജിത്തിനെതിരേ 84 റണ്‍സ്)
ഇനി ചോദ്യം മനസ്സിലായില്ല എന്നു പറയരുതു്!
ഇവിടെ ഇനി കമന്റുകൾ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.
abid | 26-Jan-09 at 5:22 pm | Permalink
Kadavule….kaakk
വികടശിരോമണി | 26-Jan-09 at 5:36 pm | Permalink
ഇത്രയും വിവരമുണ്ടായിരുന്നെങ്കിൽ ഞാൻ ബ്ലോഗാനിരിക്കുമോ?
അനില്‍ശ്രീ | 26-Jan-09 at 6:46 pm | Permalink
ശ്രീജിത് ഒന്നാം ഇന്നിങ്സ് 252/4 = 63
നളന് ഒന്നാം ഇന്നിങ്സ് 84/1 = 84
ശ്രീജിത് രണ്ടാം ഇന്നിങ്സ് 84/3 = 28
നളന് രണ്ടാം ഇന്നിങ്സ് 252/7= 36
മൊത്തം
ശ്രീജിത് 336/5 = 67.2
നളന് 336/8 = 42
Joshy | 26-Jan-09 at 8:07 pm | Permalink
ഉമേഷ്, ചോദ്യം നന്നായി, ക്രിക്കറ്റ് എന്ന് കണ്ടു വായിച്ചു തുടങ്ങിയതാണ്. ഉമേഷ് പറഞ്ഞതുപോലെ പേനയും പേപ്പറും എടുത്തു കണക്കു കൂട്ടി ഒരു 20-25 മിനിട്ട് കൊണ്ടു ഒരുത്തരം മനസ്സിലായി (ഒരെണ്ണത്തിനെ സാധ്യത ഉള്ളെന്നു തോന്നുന്നു). എങ്ങനെ മനസ്സിലായി എന്നത് എഴുതുന്നില്ല.
1. ശ്രീജിത്ത് 1-ആം ഇന്നിങ്സില്‍ 252 റണ്‍സ് കൊടുത്തു 4 വിക്കറ്റ് എടുത്തു (ആവറേജ് 63). നളന് 84 റണ്‍സ് ഒരു വിക്കറ്റ് (ആവറേജ് 84)
2. രണ്ടാം ഇന്നിങ്സില്‍ ശ്രീജിത്ത് 84 റണ്‍സ് വിട്ടുകൊടുത്തു 3 വിക്കറ്റ് എടുത്ത് (ആവറേജ് 28). നളന് 252 റണ്‍സ് കൊടുത്ത്, 7 വിക്കറ്റ് എടുത്തു (ആവറേജ് 36).
3. ആകെ ആവറേജ്, ശ്രീജിത്ത് 336 റണ്‍സ് 7 വിക്കറ്റ് (48). നളന് 336 റണ്‍സ്, 8 വിക്കറ്റ് (42).
Sreevallabhan | 26-Jan-09 at 8:10 pm | Permalink
vayikkanam ennunt, pakshe oru bhoothakkannaati vaangiyittu varaam 🙂
ralminov | 26-Jan-09 at 8:40 pm | Permalink
ആദ്യത്തേതു് 1 ഉം 4 ഉം, പിന്നീട് 7 ഉം 3 ഉം
84(N1) against 63(S1) Ist inn.
36(N2) against 28(S2) 2nd inn
Total
same runs (336) total and
8 againt 7 wins !
ralminov | 26-Jan-09 at 8:47 pm | Permalink
Just less than 10 mins try, Umesh. Please dont publish the result, till you are comfortable…(and delete this comment esp.). It just needs reasoning and no need of any math. The only possible way is this. I reached here by eliminating the impossibilities.
റാൽമിനോവിന്റെ ഉത്തരം ശരിയാണു്. (ആ കമന്റ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.)
ഈ പറഞ്ഞതും ശരിയാണു്. അത്ര ബുദ്ധിമുട്ടുള്ള പ്രശ്നമല്ല ഇതു്. (ഞാൻ എത്ര സമയം എടുത്തു എന്നു് എനിക്കു് ഓർമ്മയുമില്ല. ഒരുപാടു കാലം മുമ്പാണു്.) ട്രയൽ ആന്റ് എറർ വഴി ചെയ്യാം. ഗണിതം ഉപയോഗിച്ചു് ഇതിന്റെ ജെനറൽ കേസ് (അതായതു്, ഈ വിലകൾ മാറ്റിയാലും കണ്ടുപിടിക്കാൻ) സോൾവു ചെയ്യാം. (അതിന്റെ അവസാനത്തിലും ഒരല്പം ട്രയൽ/എറർ ഉണ്ടു്.)
ഒരു പ്രശ്നം സോൾവു ചെയ്യാനുള്ള പല വഴികൾ കണ്ടുപിടിക്കാൻ കൂടിയാണു് ഈ ബ്ലോഗ്. റാൽമിനോവ് കണ്ടുപിടിച്ച വഴി കൂടി ദയവായി കമന്റായി ഇടൂ. പിന്നെയേ പബ്ലിഷ് ചെയ്യൂ. നന്ദി.
kuthiravattan | 26-Jan-09 at 9:29 pm | Permalink
1. Sree Inn1 wickets=3, Nalan Inn1 Wickets=7, Sree Inn2 wickets=4, Nalan Inn2 Wickets=1
2. Sree Inn1 wickets=2, Nalan Inn1 Wickets=4, Sree Inn2 wickets=1, Nalan Inn2 Wickets=0
3. Sree Inn1 wickets=2, Nalan Inn1 Wickets=5, Sree Inn2 wickets=1, Nalan Inn2 Wickets=0
4. Sree Inn1 wickets=2, Nalan Inn1 Wickets=5, Sree Inn2 wickets=2, Nalan Inn2 Wickets=0
5. Sree Inn1 wickets=3, Nalan Inn1 Wickets=5, Sree Inn2 wickets=1, Nalan Inn2 Wickets=0
6. Sree Inn1 wickets=3, Nalan Inn1 Wickets=6, Sree Inn2 wickets=1, Nalan Inn2 Wickets=0
7. Sree Inn1 wickets=3, Nalan Inn1 Wickets=7, Sree Inn2 wickets=1, Nalan Inn2 Wickets=0
8. Sree Inn1 wickets=3, Nalan Inn1 Wickets=6, Sree Inn2 wickets=2, Nalan Inn2 Wickets=0
9. Sree Inn1 wickets=3, Nalan Inn1 Wickets=7, Sree Inn2 wickets=2, Nalan Inn2 Wickets=0
10. Sree Inn1 wickets=3, Nalan Inn1 Wickets=7, Sree Inn2 wickets=3, Nalan Inn2 Wickets=0
11. Sree Inn1 wickets=4, Nalan Inn1 Wickets=6, Sree Inn2 wickets=1, Nalan Inn2 Wickets=0
ഉമേഷ് | 26-Jan-09 at 9:37 pm | Permalink
അനിൽശ്രീയുടെ ഉത്തരം ഏതാണ്ടു ശരിയാണു്. ഒരു തെറ്റു മാത്രം. ജോഷി, റാൽമിനോവ്, കുതിരവട്ടൻ എന്നിവർ ശരിയുത്തരം അയച്ചു.
കുതിരവട്ടൻ കമ്പ്യൂട്ടർ ഉപയോഗിച്ചു എന്നു സംശയാതീതമായി തെളിഞ്ഞതിനാൽ ഐട്ടി നിയമം 420 അനുസരിച്ചു് തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു.
സോൾവു ചെയ്തവർ ചെയ്ത രീതിയും കൂടി ദയവായി അയയ്ക്കുക.
ഉത്തരങ്ങൾ പിന്നീടു പ്രസിദ്ധീകരിക്കാം.
kuthiravattan | 26-Jan-09 at 10:48 pm | Permalink
🙂 ഇറ്ററേറ്റ് ചെയ്യാന്‍ ഒരു ചെറിയ പ്രോഗ്രാം ഉണ്ടാക്കി. ലിങ്ക് താഴെ.
http://kuthiravattan.googlepages.com/puzzle_program
അയല്ക്കാരന് | 27-Jan-09 at 12:00 am | Permalink
ട്രയല്‍ ആന്റ് എറര്‍ നടത്താമെന്നു കരുതി കറക്കിക്കൂട്ടാന് തുടങ്ങിയപ്പോള്‍ ആദ്യം വീണത്. ആദ്യത്തെ ഇന്നിങ്ങില്‍ (നമ്മള് ഡെവിള്‍ റെയ്സിന്റെ ആളാ) നളന് ഒരു വിക്കറ്റേ കിട്ടിയുള്ളൂ എങ്കില്‍ ശ്രീജിത്തിന് മിനിമം 4.
രണ്ടാം ഇന്നിങില്‍ ശ്രീജിത്ത് ഒരു വിക്കറ്റെങ്കിലും വീഴ്ത്തിയിട്ടുണ്ട്. ഇല്ലെങ്കില്‍ ആവറേജ് നളനെക്കാളും മേലേ വരില്ല. ആകെ ടോട്ടല്‍ 336-ല്‍ നളന് മുമ്പില്‍ വരണമെങ്കില്‍ അഞ്ചില്‍ കൂടുതല്‍ വിക്കറ്റ് വേണം.നളന് അത്രയും വിക്കറ്റ് കിട്ടുകയും എന്നാല്‍ ശ്രീജിത്ത് രണ്ടാം ഇന്നിങ് ആവറേജില്‍ മുന്നില്‍ വരുകയും ചെയ്യണമെങ്കില്‍ ശ്രീജിത്തിന് രണ്ടു വിക്കറ്റില്‍ കൂടുതല്‍ വേണം. അപ്പം ശ്രീജിത്തിന് മൂന്ന് കൊടുത്താല്‍,നളന് ഏഴ്.
നളന്: 1-84
ശ്രീ: 4-252
നളന്: 7-252
ശ്രീ: 3-84
(രണ്ട് മിനിറ്റ് കണക്കാനും 20 മിനിറ്റ് കമന്റാനും)
റോബി | 27-Jan-09 at 1:21 am | Permalink
ഗ്നു ലിനക്സും പട്ടമരപ്പും പോലെ..:)
തകർത്തുവാരുകയാണല്ലോ..
കണക്കിന്റെ ഉത്തരം അടുത്ത കമന്റിൽ..:)(അതു മോഡറേറ്റിക്കോ)
റോബി | 27-Jan-09 at 1:38 am | Permalink
ഞാൻ ചെയ്തത് ഇങ്ങനെ.
രണ്ടാമത്തെ ഇന്നിംഗ്സ്
84/s2
മാരാര്‍ | 27-Jan-09 at 4:03 am | Permalink
ശ്രീജിത് ആദ്യ ഇന്നിങ്സില്‍ 4 വിക്കറ്റ്, രണ്ടാമത്തെ ഇന്നിങ്സില്‍ 3 വിക്കറ്റ്. ആകെ 7 വിക്കറ്റ്
നളന് ആദ്യ ഇന്നിങ്സില്‍ 1 വിക്കറ്റ്, രണ്ടാമത്തെ ഇന്നിങ്സില്‍ 7 വിക്കറ്റ്. ആകെ 8 വിക്കറ്റ്. s1/n1>3, n2/s2
Adithyan | 27-Jan-09 at 5:30 am | Permalink
പൈശാചികവും മൃഗീയവുമായിപ്പോയി.
ബെയ്സിക്കലി ശുദ്ധ ആഭാസനും പരിപൂര്‍ണ്ണ സ്ത്രീലമ്പടനും വിഷയാസക്തനുമായ എന്നെ ഒരു വെറും ക്രിക്കറ്റും കണക്കും അറിയാത്ത മണ്ടനായി ചിത്രീകരിച്ചത് ജുഗുപ്സാവഹമായിപ്പോയി. കോളേജില്‍ ഞങ്ങടെ സംഘത്തിന്റെ പേരു തന്നെ “ബലാല്” എന്നായിരുന്നു. ആ എന്നോട്…
ഈ മാതിരി ലോക്കല്‍ കണക്കുകള്‍ ചെയ്യാന്‍ എനിക്ക് ടൈം ഇല്ല (“ഒന്നുമൊന്നും റ്റണ്ടാണേയ്, എന്റെ നെഞ്ചില്‍ നീയാണേയ്” ടൈപ്പ്). വല്ല ഫൊറിയര്‍ സീരീസോ ലാപ്ളാസ് ട്രാന്സ്ഫോമോ ഒക്കെ യൂസ് ചെയ്യേണ്ട കണക്കുണ്ടേല് ഇട്. ഒരു കൈ നോക്കാം.
Jayarajan | 27-Jan-09 at 5:45 am | Permalink
നളന് എടുത്ത വിക്കറ്റുകള്‍: 1, 7
ശ്രീജിത്ത് എടുത്ത വിക്കറ്റുകള്‍: 4,3
Trial and error method:
Sreejith 1st Innings Runs: Sr1
Sreejith 1st Innings Wickets: Sw1
Nalan 1st Innings Runs: Nr1
Nalan 1st Innings Wickets: Nw1
Applying all the available values and simplifying the final equations are:
1. Nw1 1
(Total time taken to resolve: 20 minutes)
Kuttyedathi | 27-Jan-09 at 6:01 am | Permalink
s1 = 4.
n1 = 1.
s2 = 3.
n2 = 7.
252 / 4 = 63 less than 84 / 1 = 84.
84 / 3 = 28 less than 252 / 7 = 36.
4 + 1 less than 10.
7 + 3 less than or equal to 10.
336 / 7 = 48 greater than 336 / 8 = 42.
aadyam type cheythu post kazhinjappol mE kO ennirikkunnu. less than sign aanennu thonnanu villian.
തഥാഗതൻ | 27-Jan-09 at 6:42 am | Permalink
കിരുക്കെറ്റ് എന്ന കളി,ഈ ജന്മത്തിൽ കളിക്കാത്ത എന്ന് വിക്കറ്റ് കീപ്പറാക്കിയൊ.
അതു തന്നെയല്ലേ ഞാനും എഴുതിയതു തഥാഗതാ. പൂജ്യം റൺസ്, പൂജ്യം വിക്കറ്റ്, പൂജ്യം ക്യാച്ച്… 🙂
ബൊമ്മനഹള്ളിയിലെ എരുമകൾ എന്ന കഥ എഴുതിയ രാജേഷ് കെ പിയാണ് ബൊമ്മനഹള്ളി ടീമിന്റെ കീപ്പർ. ഞാൻ വസന്ത് നഗർ ഹോക്കി ടീമിന്റെ സെന്റ്രൽ ഫോർവേർഡാ
ഐസ് ഹോക്കിയാ?
Aravind | 27-Jan-09 at 6:48 am | Permalink
അപ്പോള്‍ ഈ എം -ഒ- വി ഉമേഷ്ജി ആണല്ലേ?
എന്തിറ്റാ പെരുക്ക്!
എമ്മോവി ഞാനല്ല. ഞാൻ അത്രയ്ക്കു് അധഃപതിച്ചിട്ടില്ല. വ്യക്തിഹത്യയെങ്കിൽ വ്യക്തിഹത്യ. സ്വന്തം പേരിൽത്തന്നെ എഴുതും 🙂
ഇതില്‍ കഥാപാത്രമായവരെല്ലാം ചിരിച്ചു മറിഞ്ഞു കാണും! ഉറപ്പ്!
Sajith | 27-Jan-09 at 6:57 am | Permalink
“ബാംഗ്ലൂരിലെ ഏറ്റവും കത്തി സ്ഥലമാണു് The forum. തൊട്ടാൽ പൊള്ളുന്ന വിലയാണു് അവിടത്തെ ഭക്ഷണശാലകളിൽ. എങ്കിലും ആയിരം രൂപാ കിട്ടുന്നതല്ലേ എന്നോർത്തു് അങ്ങോട്ടു തന്നെ വെച്ചുപിടിപ്പിച്ചു.”
ഉമേഷ്ജീ ഈ ന്യൂസ് അറിഞ്ഞിട്ടു തന്നെ എഴുതിയതാണോ? അല്ലെങ്കില്‍ കരിനാക്ക് ഫലിച്ചു.
കരിനാക്കു തന്നെ. വാർത്ത അറിഞ്ഞിരുന്നില്ല.
“തീ പിടിച്ച വില” എന്നു പറഞ്ഞില്ലല്ലോ….
പാഞ്ചാലി :: Panchali | 27-Jan-09 at 7:38 am | Permalink
ഉമേഷേ,
ഒന്നമിന്നിംഗ്സ്: നളന്-1 വിക്കറ്റ് ശ്രീജിത്ത്-4 വിക്കറ്റ്
രണ്ടാമിന്നിംഗ്സ്: നളന്-7 വിക്കറ്റ് ശ്രീജിത്ത്-3 വിക്കറ്റ്
എങ്ങിനെയുത്തരം കണ്ടുപിടിച്ചു എന്നു ചോദിച്ചാല്‍, ബുദ്ധി ഒട്ടും ഉപയോഗിച്ചില്ല (തെറ്റിദ്ധരിക്കണ്ട, ഇല്ലാത്തതുകൊണ്ടല്ലേ), പോത്തുംകാലപ്പനെ ഒക്കെ മനസ്സില്‍ ധ്യാനിച്ച് ഒരു കറക്കിക്കുത്ത്. അത്രമാത്രം!
ധനേഷ് | 27-Jan-09 at 8:05 am | Permalink
ഒന്നാം ഇന്നിംഗ്സ്:
ശ്രീജിത്ത്: 252/4
നളന്: 84/1
രണ്ടാം ഇന്നിംഗ്സ്
ശ്രീജിത്ത്: 84/3
നളന്: 252/7
–ശരിയാനെണെന്ന് തോന്നുന്നു.
എടുത്ത സമയം കൃത്യമായി ശ്രദ്ധിച്ചില്ല. ആദ്യം കണക്കു കൂട്ടാനുള്ള സംഖ്യകളൊക്കെ ഒരു പേപ്പറില്‍ എഴുതിവച്ച്, തിരക്കു കുറഞ്ഞ സമയങ്ങളില്‍ എല്ലാം ശ്രമിക്കല്‍ പിഴക്കല്‍ (trial n error) നടത്തിയാണ് കണ്ടുപിച്ചത്. മൊത്തത്തില്‍ ഉദ്ദേശം അര മണിക്കൂര്‍ എടുത്തിട്ടുണ്ടാവണം–
ധനേഷ് | 27-Jan-09 at 8:27 am | Permalink
ഒന്നാം ഇന്നിന്നിംഗ്സ്
ശ്രീജിത്ത്: 252/4
നളന്: 84/1
രണ്ടാം ഇന്നിന്നിംഗ്സ്
ശ്രീജിത്ത്: 84/3
നളന്: 252/7
(ഇത്തവണ ബാക്കി ഉള്ളവരൊന്നും വിക്കറ്റ് എടുത്തില്ലേ?)
–ഇതു ശരിയാണെന്ന് തോന്നുന്നു–
എടുത്ത സമയം ശ്രദ്ധിച്ചില്ല. പലപ്പോഴായി മൊത്തം അര മണിക്കൂര്‍ എങ്കിലും ചിലവഴിച്ചുകാണും.
മാര്‍ഗം: ശ്രമിക്കല്‍-പിഴക്കല്‍
Sajith | 27-Jan-09 at 9:43 am | Permalink
n1=1, s1=4
n2=7, s2=3
ശരി ആണോ?
3 n1 < s1 & s1+n1<=10 ഇതില്‍ നിന്നും
n1 1 അല്ലെങ്കില്‍ 2 ആണെന്നും കിട്ടും.
അപ്പോള്‍ s1 4 ആകണം (വേണമെങ്കില്‍ 5,6,7,8,9 ഉം ആകാം)
ട്രയല്‍ ആന്‍ഡ് എറര്‍ വഴി ബാക്കി കിട്ടി.
ശ്രീ | 27-Jan-09 at 10:28 am | Permalink
ഉമേഷ്ജീ…
വെറുതേ ലോജിക് വച്ചു കൊണ്ട് ചിന്തിച്ചതാണ്.
ശ്രീജിത്ത് ആദ്യ ഇന്നിങ്സില്‍ 252 റണ്‍സിന് 4 വിക്കറ്റും രണ്ടാമിന്നിങ്സില്‍ 84 റണ്‍സിന് 3 വിക്കറ്റും എടുക്കുന്നു എന്നു കരുതുക. അതേ സമയം നളന് ആദ്യ ഇന്നിങ്സില്‍ 84 റണ്‍സിന് ഒരു വിക്കറ്റും രണ്ടാമിന്നിങ്സില്‍ 252 റണ്‍സിന് 7 വിക്കറ്റും എടുക്കുന്നു.
അപ്പോള്‍ ഓരോ ഇന്നിങ്സിലും ശ്രീജിത്തിന്റെ ആവരേജാണ് കുറവ്. അതേ സമയം നെറ്റ് ആവരേജില്‍ നളനും. ശരിയാകുകയില്ലേ?
അതായത്
252/4 (84+252)/(1+7)
ശ്രീ | 27-Jan-09 at 10:32 am | Permalink
കമന്റ് മുഴുവനും വന്നില്ലേ? 🙁
252/4 ([84+252]/[1+7])
Mazhanoolukal | 27-Jan-09 at 11:02 am | Permalink
ഇതൊക്കെ വിട്ട് (ഈ പറഞ്ഞവന്മാരെയൊക്കെ പൂർണ്ണമായും വിട്ട്) സ്വസ്ഥനായി കഴിയാമെന്നു വച്ചാലും സമ്മതിയ്ക്കില്ലല്ലേ?
കണക്കിന്റെ കാര്യത്തിലെന്നല്ല, എന്തു കാര്യത്തിലും ശ്രീജിത്തു പറയുന്നതിന്റെ – ആദിത്യനും – നേരെ എതിരു വിശ്വസിക്കുക എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിരിയ്ക്കുന്നത്. അതുകൊണ്ടു തന്നെ, എനിയ്ക്കു ഒട്ടും തോന്നിയില്ല നളനും ചന്ത്രയും അവനെ പറ്റിച്ചതാണെന്ന് 😉
…………………………………………
കുറേക്കാലത്തിനു ശേഷമാണ് ഉമേഷേട്ടാ ഒരു കമന്റ് ഇടുന്നത്… അതാണോ എന്തോ ഒരു കോൾമ..ർ ( മൊത്തം പറയാൻ ഈയിടെ പേടിയാ. പൊലീസ് പിടിക്കുവോ, എന്താണു സ്റ്റാറ്റസ്? 😀 )
babukalyanam | 27-Jan-09 at 12:08 pm | Permalink
കഥ പറയുന്നതു പോലെയുള്ള ആ സ്റ്റൈല്‍ ഒരു രക്ഷയും ഇല്ല. :-))
ഇതാ എന്റെ വക ഒരു trial and error solution…പണ്ടു പ്രീ-ഡിഗ്രി ക്ക് ഒരു graphical
method പഠിച്ചിരുന്നു, വരയ്ക്കാന്‍ ഒന്നും വയ്യ 😉
Since,
S1+S2 = N1+N2
From (5)
s1+s2 = 1/3 (as s2 is integer)
From (11), (12) and (13)
k1+k2 =1 and k2 >=1/3, k1+k2 = 4/3+ k, where k >=0
4/3 + k 3/2* (4/3 + 2)
n2 > 5
if n2 = 6, and n1 = 1
s1 = 4 and s2 = 2, will not satisfy (4).
So n2 = 7, n1 = 1 s1 = 4 and s2 = 3
babukalyanam | 27-Jan-09 at 12:13 pm | Permalink
seems to be some problem with the previous moderation awaiting comment..posting again…Ignore this if the previous one is okay..
Since,
S1+S2 = N1+N2
From (5)
s1+s2 = 1/3 (as s2 is integer)
From (11), (12) and (13)
k1+k2 =1 and k2 >=1/3, k1+k2 = 4/3+ k, where k >=0
4/3 + k 3/2* (4/3 + 2)
n2 > 5
n2 = 6 wont give the correct solution…
so n2 = 7
n1 = 1, n2 = 7 s1 = 4 and s2 = 3
babukalyanam | 27-Jan-09 at 12:29 pm | Permalink
എന്താണോ എന്തോ, ഞാന്‍ പോസ്ടുന്നതല്ല കാണിക്കുന്നത്. 🙁 moderation കഴിഞ്ഞാല്‍ നേരെ ആകുമോ എന്തോ. ഇല്ലെങ്കില്‍ മൂന്നു കമന്റ്സ് ഉം ഡിലീറ്റ് ചെയ്തേക്കൂ
Siju | 27-Jan-09 at 2:31 pm | Permalink
s1 – 4
n1 – 1
s2 – 3
n2 – 7
this one was quite simple. ഉത്തരം കിട്ടിയതു കൊണ്ടായിരിക്കും 🙂
nalanz | 28-Jan-09 at 4:22 am | Permalink
ഓലമടലു കൊണ്ടു മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന എന്നെ മികച്ച ബൌളറാക്കിത്തന്ന ശ്രീജിത്തിനു നന്ദി.. നീ ബാംഗ്ലൂരോട്ടല്ലെ വരുന്നത്..പഴയ ചിലവിന്റെ ബാക്കി അപ്പോ തരാം… 🙂
ഫിദല്ജിയെ വിളിക്കാന്‍ നേരമായി.. ഞാന്‍ പോട്ടെ.
വല്യമ്മായി | 28-Jan-09 at 7:20 am | Permalink
ശ്രീജിത്തിന് 3,4 നളന് 7,1 ഈ ക്രമത്തിലാണ് റണ്‍സ് കിട്ടിയത്.
മുകളിലെ വ്യവസ്ഥകള്‍ ശരിയാകുന്ന നമ്പറുകള്‍ റ്റേബിളുകള്‍ ഉണ്ടാക്കി കണ്ടുപിടിക്കുകയായിരുന്നു 🙂
252,84 ന്റെ ഗുണിതം അല്ലായിരുന്നെങ്കില്‍ ബുദ്ധിമുട്ടായേനെ.
സിദ്ധാര്ത്ഥന് | 28-Jan-09 at 2:28 pm | Permalink
x1 y1 എന്നിവ ശ്രീജിത്തിനും നളനും ആദ്യത്തേതില്‍ ലഭിച്ച വിക്കറ്റും
x2 y2 രണ്ടാമത്തേതിലും ആണെന്നിരിക്കട്ടെ. ( ഇങ്ങനെയാണു് വഴക്കം എസ് ഡബ്ല്യു എന്നൊന്നും പറയരുതു്)
അപ്പോള്‍ കിട്ടുന്ന അസമവാക്യങ്ങള്‍
1) 252/x1 3y10)
4,1
5,1
6,1
7,1
8,1
9,1
7,2
8,2
9,2
7,3
മൂന്നാം അസമവാക്യം ശരിയാവണമെങ്കില്‍ x2 ഉം y2 ഉം തമ്മില്‍ കുറഞ്ഞതു് 4 വിക്കറ്റിന്റെ വ്യത്യാസം കാണണം.
അതായതു്
4) y2>x2+3
ഒന്നും രണ്ടും നാലും ശരിയാവുന്ന വിധത്തില്‍ കിട്ടിയ ഒരു സൊലൂഷന് (4,1) & (3,7)
ഇതെങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍, റാല്‍മിനോവ് പറഞ്ഞ പോലെ റൂളൌട് ചെയ്തു കിട്ടി. ഇതു ശരിയാണെന്നുറപ്പില്ല കാരണം
1) ഇത്തരമൊന്നു കിട്ടുന്നതുവരെയേ നോക്കിയുള്ളൂ. മറ്റെന്തെങ്കിലും സൊല്യൂഷന് /വഴി നോക്കിയില്ല.
2) രണ്ടാമത്തെ കളിയിലെ മുഴുവന്‍ വിക്കറ്റും ഇവന്മാരുതന്നെ എടുത്തു എന്നു വിശ്വസിക്കാന്‍ വയ്യ.
ശ്രീജിത്ത് കെ | 28-Jan-09 at 2:37 pm | Permalink
അപ്പൂപ്പാ, പോസ്റ്റ് കലക്കി. ഞാന്‍ എഴുതിയ പോസ്റ്റ് ആയതുകൊണ്ട് പറയുവല്ല, ശരിക്കും സൂപ്പര്‍. ഇത്രയുമൊക്കെ എഴുതാനുള്ള ക്ഷമ സമ്മതിച്ചിരിക്കുന്നു.
ഞാന്‍ ഒന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത് കീഴെ കൊടുക്കുന്നു.
ആദ്യമായി ഏത് കണ്ണുപൊട്ടനും ചെയ്യാന്‍ പറ്റുന്ന പരിപാടിയായ, അറിയാവുന്ന വേരിയബിളിനൊക്കെ അതിന്റെ മൂല്യം കൊടുക്കുക എന്ന് ചടങ്ങ് ചെയ്ത് കഴിയുമ്പോള്‍ എന്റെ കണക്ക് ഷീറ്റ് ഇങ്ങനെ.
252/s1 336/ (n1+n2)
ഇത് ഒന്ന് വലത് വച്ച്, ഇടത് മാറി, ചാടി അമര്‍ന്ന് നീണ്ട് നിവര്‍ന്ന് മടക്കിക്കുത്തി ഒക്കെ വയ്ക്കുമ്പോള്‍ എന്റെ കണക്കുപുസ്തകം ഇങ്ങനെ.
3n1 s1 + s2
ഇനി 3n1 s1 + s2 എന്ന ഇക്വേഷന് പ്രകാരം നാല് വേരിയബിള്സിനും കൊടുക്കാവുന്ന മൂല്യങ്ങള്‍. (ഇതില്‍ 3n1 4 + 1
1 + 6, 1 + 7] > 4 + 2
[1 + 7] > 4 + 3
[1 + 6, 1 + 7] > 5 + 1
[1 + 7] > 5 + 2
Nil > 5 + 3
[1 + 7] > 6 + 1
Nil 6 + 2
Nil 6 + 3
[2 + 7, 2 + 8] > 7 + 1
Nil > 7 + 2
Nil > 7 + 3
Nil > 8 + 1
Nil > 8 + 2
Nil > 8 + 3
Nil > 9 + 1
Nil > 9 + 2
Nil > 9 + 3
ഇതില്‍ n2 4 + 3 എന്നത്.
ഇതിന്‍പ്രകാരം ഇങ്ങനെ ഉത്തരം അനുമാനിക്കാം.
s1 = 4, s2 = 3, n1 = 1, n2 = 7
ശരിയാണോ? അല്ലെങ്കില്‍ ഈ കമന്റ് പ്രസിദ്ധീകരിച്ചുപോകരുത്. പ്രസിദ്ധീകരിച്ചാല്‍ ഈ ജന്മത്തില് ഞാന്‍ ഉമേഷേട്ടനു ബൊള് ചെയ്തു തരുന്നതല്ല.
കരിങ്കല്ല് | 28-Jan-09 at 4:11 pm | Permalink
ഉമേഷ്ജീ … താങ്കളെ സമ്മതിക്കണം…
ഞാന്‍ റീലൊക്കേറ്റ് ചെയ്യുന്ന കറക്റ്റ് സമയം നോക്കി പോസ്റ്റുന്നുണ്ടല്ലോ … എപ്പോഴും 🙁
ശരിക്കൊന്നു വായിക്കാന്‍ പോലും പറ്റിയിട്ടില്ല… 🙁
Aravind | 28-Jan-09 at 7:12 pm | Permalink
S1=4 S2=3
N1=1 N2=7
കമ്പ്യു പറഞ്ഞതാ..
jayarajan | 29-Jan-09 at 5:26 am | Permalink
{ശ്രീജിത്ത് ഒരിക്കല്‍ “ഡെമോക്ലീസിന്റെ വാള്” എന്ന അര്‍ത്ഥത്തില്‍ “ഡെമോസ്തനീസിന്റെ വാള്” എന്നു പ്രയോഗിച്ചു….ചൂണ്ടിക്കാണിച്ചപ്പോള്‍ ഇരുചെവിയറിയാതെ അതങ്ങു തിരുത്തി മിടുക്കന്}
അവിടെ ഇപ്പോഴും “ഡെമോസ്തനീസിന്റെ വാള്” എന്ന് തന്നെയാണല്ലോ ഉമേഷേട്ടാ? ഓ, ഇത് വ്യക്തിഹത്യാ പോസ്റ്റാണല്ലോ, പാവം ശ്രീജിത്ത് 🙂
ഉമേഷ് | 29-Jan-09 at 6:12 am | Permalink
ഇവിടെ പരാമർശിച്ചിരിക്കുന്ന വ്യക്തികളിൽ ജ്യോതിട്ടീച്ചറും കൊച്ചുത്രേസ്യയും ഒഴികെയുള്ള എല്ലാവരും വായിച്ചു കമന്റിട്ടതായി കണ്ടു. അങ്ങനെ ഈ പോസ്റ്റു കൃതാർത്ഥമായി.
ശ്രീജിത്തിനെ കണ്ടില്ലല്ലോ എന്നു നിങ്ങൾ സംശയിച്ചേക്കാം. ശ്രീജിത്ത് കമന്റിട്ടിരുന്നു. അതിൽ ശരിയുത്തരം ഉണ്ടായിരുന്നതിനാൽ പ്രസിദ്ധീകരിക്കാതിരുന്നതാണു്. ഉത്തരം എങ്ങനെ കണ്ടുപിടിച്ചു എന്നും വിശദമായി ഉണ്ടായിരുന്നു. ഇത്രയും മിടുക്കനായ ഒരുത്തനെയാണല്ലോ ഇത്രയും കാലം മണ്ടൻ എന്നു വിളിച്ചതു് എന്നോർത്തപ്പോൾ വിഷമം തോന്നി. എന്നാൽ അവന്റെ കമന്റ് വിശദമായി വായിച്ചപ്പോൾ ആ വിഷമം മാറി.
ശ്രീജിത്തിന്റെ കമന്റ് ഉത്തരം മാത്രം നീക്കി താഴെ പ്രസിദ്ധീകരിക്കുന്നു.
———————————–
അപ്പൂപ്പാ, പോസ്റ്റ് കലക്കി. ഞാന്‍ എഴുതിയ പോസ്റ്റ് ആയതുകൊണ്ട് പറയുവല്ല, ശരിക്കും സൂപ്പര്‍. ഇത്രയുമൊക്കെ എഴുതാനുള്ള ക്ഷമ സമ്മതിച്ചിരിക്കുന്നു.
ഞാന്‍ ഒന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത് കീഴെ കൊടുക്കുന്നു.
ആദ്യമായി ഏത് കണ്ണുപൊട്ടനും ചെയ്യാന്‍ പറ്റുന്ന പരിപാടിയായ, അറിയാവുന്ന വേരിയബിളിനൊക്കെ അതിന്റെ മൂല്യം കൊടുക്കുക എന്ന് ചടങ്ങ് ചെയ്ത് കഴിയുമ്പോള്‍ എന്റെ കണക്ക് ഷീറ്റ് ഇങ്ങനെ.
252/s1 336/ (n1+n2)
ഇത് ഒന്ന് വലത് വച്ച്, ഇടത് മാറി, ചാടി അമര്‍ന്ന് നീണ്ട് നിവര്‍ന്ന് മടക്കിക്കുത്തി ഒക്കെ വയ്ക്കുമ്പോള്‍ എന്റെ കണക്കുപുസ്തകം ഇങ്ങനെ.
3n1 s1 + s2
ഇനി 3n1 s1 + s2 എന്ന ഇക്വേഷന് പ്രകാരം നാല് വേരിയബിള്സിനും കൊടുക്കാവുന്ന മൂല്യങ്ങള്‍. (ഇതില്‍ 3n1 4 + 1
1 + 6, 1 + 7] > 4 + 2
[1 + 7] > 4 + 3
[1 + 6, 1 + 7] > 5 + 1
[1 + 7] > 5 + 2
Nil > 5 + 3
[1 + 7] > 6 + 1
Nil 6 + 2
Nil 6 + 3
[2 + 7, 2 + 8] > 7 + 1
Nil > 7 + 2
Nil > 7 + 3
Nil > 8 + 1
Nil > 8 + 2
Nil > 8 + 3
Nil > 9 + 1
Nil > 9 + 2
Nil > 9 + 3
ഇതില്‍ n2 4 + 3 എന്നത്.
ഇതിന്‍പ്രകാരം ഇങ്ങനെ ഉത്തരം അനുമാനിക്കാം.
(ശരിയുത്തരം ഇവിടെ)
ശരിയാണോ? അല്ലെങ്കില്‍ ഈ കമന്റ് പ്രസിദ്ധീകരിച്ചുപോകരുത്. പ്രസിദ്ധീകരിച്ചാല്‍ ഈ ജന്മത്തില് ഞാന്‍ ഉമേഷേട്ടനു ബൊള് ചെയ്തു തരുന്നതല്ല.
———————————–
ഇനി നിങ്ങൾ തന്നെ പറയൂ, ഇവനെ മണ്ടൻ എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ?
ഉമേഷ് | 29-Jan-09 at 6:31 am | Permalink
നേരത്തേ പറഞ്ഞവർ കൂടാതെ താഴെപ്പറയുന്നവരും ശരിയുത്തരം അയച്ചു.
അയൽക്കാരൻ, മാരാർ, ജയരാജൻ, കുട്ട്യേടത്തി, പാഞ്ചാലി, ധനേഷ്, സജിത്ത്, ശ്രീ, ബാബു കല്യാണം, സിജു, സിദ്ധാർത്ഥൻ, ശ്രീജിത്ത്.
വല്യമ്മായിയ്ക്കും ഉത്തരം കിട്ടി. എടുത്തെഴുതിയപ്പോൾ ഇന്നിംഗ്സുകൾ പരസ്പരം മാറിപ്പോയി.
റോബി ഒരു കമന്റ് എഴുതിത്തുടങ്ങിയിരുന്നു. ഉത്തരം കിട്ടാത്തതോ ബാക്കി < വിഴുങ്ങിയതോ എന്തോ…
HTML-ൽ < എന്നെഴുതാൻ < എന്നു ടൈപ്പു ചെയ്യണം സുഹൃത്തുക്കളേ…
റോബി | 29-Jan-09 at 2:48 pm | Permalink
അപ്പോൾ ആ കമന്റ് മുഴുവനോടെ അങ്ങെത്തിയില്ല അല്ലേ. ഞാനോർത്തു ബാക്കി മോഡറേറ്റ് ചെയ്തതാണെന്ന്. ഒന്നുകൂടി എഴുതി അയക്കാം. (ഇപ്പോൾ സമയമില്ല.)
kuttappayi | 30-Jan-09 at 3:20 pm | Permalink
S1 + S2 = N1 + N2 implies
n1+n2 < s1+s2
through brute force, possible values of wickets can be
(s1, n1) = (4, 1)
(s2, n2) = (3, 7)
Umesh:ഉമേഷ് | 31-Jan-09 at 12:36 am | Permalink
രണ്ടു് അറിയിപ്പുകൾ ഉണ്ടു്.
ഒന്നു്, ശരിയുത്തരം അയച്ചവരുടെ പേരു് എഴുതിയ കൂട്ടത്തിൽ അരവിന്ദനെ വിട്ടുപോയി. ഈ വീഴ്ചയ്ക്കു നിർവ്യാജം ഖേദിക്കുന്നു.
അതു് ജാതി-മത-രാജ്യ-വർണ്ണ-വർഗ്ഗ-ലിംഗവിവേചനം മൂലമല്ല എന്നു വ്യക്തമാക്കാൻ ഈ അവസരം വിനിയോഗിക്കുകയാണു്. (ഒന്നുമല്ലെങ്കിലും ആഫ്രിക്കയിൽ നിന്നു് എന്റെ ബ്ലോഗ് വായിക്കുന്ന ഒരേയൊരാൾ അല്ലേ അരവിന്ദൻ!)
കുട്ടപ്പായിയും ശരിയുത്തരം അയച്ചിട്ടുണ്ടു്.
രണ്ടു്, ജയരാജൻ പറഞ്ഞ തിരുത്തുകളൊക്കെ വരുത്തിയിട്ടുണ്ടു്. നന്രി തമ്പീ!
Aravind | 31-Jan-09 at 7:39 am | Permalink
ഇനി ഒന്നും പറയണ്ട.
ഇത് ആഫ്രിക്കക്കാരോടുള്ള വിവേചനം തന്നെ.
ഒബാമയോട് ഞാന്‍ പറഞ്ഞോടുക്കും!
സിദ്ധാര്ത്ഥന് | 01-Feb-09 at 5:36 am | Permalink
<
<
ഇതില്‍ കമന്റ് ട്രാക്കര്‍ ഇല്ലാത്തതെന്തു്? മറന്നതാ?
marykutty | 02-Feb-09 at 3:58 am | Permalink
ഞാന്‍ ഇന്നാണ് ട്രൈ ചെയ്തു തുടങ്ങിയത്. സൂത്ര വാക്യങ്ങള്‍ ഒന്നും പ്രയോഗിച്ചില്ല..
ഒരു കാര്യം മനസ്സിലായി, നളന് എടുത്ത ആകെ വിക്കറ്റ് ശ്രീജിത്തിന്റെതിനേക്കാള് കൂടിയാല്‍ മാത്രമെ ഇതു സാധ്യമാകൂ. രണ്ടു പേരും വിട്ടു കൊടുത്ത ആകെ റണ്‍ തുല്യമാണല്ലോ.
അദ്യത്തെ ഇന്നിംഗ്സ്-ല്‍ നളന് 1 വിക്കറ്റ്, ശ്രീജിത്ത് 4 വിക്കറ്റ് എടുത്തു കാണണം. അപ്പോഇല്‍ നളന്റെ ആവറേജ് 84, ശ്രീജിത്ന്റെത് 83.
രണ്ടാമത്തെ ഇന്നിംഗ്സ്-ല്‍ , നളന് 10 വിക്കറ്റ് ഉം, ശ്രീജിത്ത് 4 വിക്കറ്റ് ഉം എടുത്താല്‍, ശ്രീജിടിത് ന്റെ ആവറേജ് 21, നളന്റെത് 25.2.
ഇനി ആകെ റണ്‍സ് 336,നളന്റെ ആകെ വിക്കറ്റ് 11.ആവറേജ് 30 നു മേലെ.ശ്രീജിത്ന്റെത് 8.ആവറേജ് 42.
ഞാന്‍ ആകെ 15 മിനുട്ട് എടുത്തു.
ഇതു തെറ്റാനെന്കില്…സോറി :((
marykutty | 02-Feb-09 at 4:02 am | Permalink
അല്ല, അപ്പോള്‍ നളന് എടുത്തത് 9 വിക്കറ്റ്(2nd innings) ആണെന്കിലും, ഇതു ശരിയാവില്ലേ??
marykutty | 02-Feb-09 at 4:09 am | Permalink
രണ്ടു പേരും കൂടി 10 വിക്കറ്റ്-ല്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല 🙁 ഇതു എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ല..
അപ്പോള്‍ നളന് എടുത്ത വിക്കറ്റ് 9(2nd innings).
ഇനി ആകെ റണ്‍സ് 336,നളന്റെ ആകെ വിക്കറ്റ് 10.ആവറേജ് 33.6 .ശ്രീജിത്ന്റെത് 8.ആവറേജ് 42.
ഇതും തെറ്റാനെന്കില്…വീണ്ടും സോറി
marykutty | 02-Feb-09 at 5:33 am | Permalink
ഉമേഷ് സര്, വീണ്ടും വീണ്ടും ഇങ്ങനെ കമന്റ് എഴുതുന്നത് ക്ഷമിക്കണം. അവര്‍ രണ്ടു പേരും ഒരു ടീം ആണെന്ന് വായിച്ചില്ല.
അപ്പൊ,
ഉത്തരം ഇങ്ങനെയാണോ?
ആദ്യ ഇന്നിംഗ്സ്:
നളന്: 84/1 ആവറേജ്: 84
ശ്രീജിത്ത്: 252/4 ആവറേജ്: 83
രണ്ടാം ഇന്നിംഗ്സ്
നളന്: 252/7 ആവറേജ്:36
ശ്രീജിത്ത്: 84/3 ആവറേജ്: 28
ടോട്ടല്‍:
ശ്രീജിത്ത്: 336/7 ആവറേജ്: 48
നളന്: 336/8 ആവറേജ്: 42
തമനു | 02-Feb-09 at 6:18 am | Permalink
ഉത്തരം.
ആദ്യ ഇന്നിംഗ്സ് –
ശ്രീജിത്ത് – 4 വിക്കറ്റ്
നളന് – 1 വിക്കറ്റ്
രണ്ടാം ഇന്നിംഗ്സ്
ശ്രീജിത്ത് – 3 വിക്കറ്റ്
നളന് – 7 വിക്കറ്റ്
ഉത്തരം കണ്ടെത്തിയ വിധം
ആദ്യ ഇന്നിംഗ്സില്‍ ശ്രീജിത് നളന് കൊടുത്തതിനേക്കാള്‍ മൂന്നിരട്ടി റണ്‍സ് കൊടുത്തതിനാല്‍, കുറഞ്ഞ ആവറേജ് ലഭിക്കാന്‍ നളന് എടുത്തതിനേക്കാള്‍ മൂന്നിരട്ടിയിലധികം വിക്കറ്റ് എടുത്തിരിക്കണം.
അതായതു് നളന് 1 അല്ലെങ്കില്‍ 2 വിക്കറ്റുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ.
അങ്ങനെയാണെങ്കില്‍ സാധ്യതകള്‍
നളന് 1 വിക്കറ്റ് – ശ്രീജിത്ത് 4,5,6,7,8,9
നളന് 2 വിക്കറ്റ് – ശ്രീജിത്ത് 7,8
രണ്ടാം ഇന്നിംഗ്സിലും ശ്രീജിത്തിനു കുറഞ്ഞ ആവറേജ് ആയതിനാല്‍ നളന് എടുത്ത വിക്കറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതല്‍ ശ്രീ എടുത്തിട്ടുണ്ടാവും.
അങ്ങനെയാണെങ്കില്‍ സാധ്യതകള്‍
നളന് 7 വിക്കറ്റ് – ശ്രീജിത്ത് 3
നളന് 6 വിക്കറ്റ് – ശ്രീജിത്ത് 3,4
നളന് 5 വിക്കറ്റ് – ശ്രീജിത്ത് 2,3,4
ഇത്രയും ചിന്തിച്ചുകൂട്ടിയിട്ടു നോക്കിയ ആദ്യ കോമ്പിനേഷനില്‍ തന്നെ ഉത്തരം അങ്ങു ശതഗുണീഭവിച്ചു ഉമേഷ്ജീ.. ശതഗുണീഭവിച്ചു. അതു കൊണ്ടു കൂടുതല്‍ ചിന്തിച്ചില്ല. ഇതാണു ഞാന്‍ ഉത്തരം കണ്ടെത്തിയ വഴി.
ഒരു സംശയം : ശ്രീ എന്നു പേരു തുടങ്ങുന്നോന്മാര്ക്കൊക്കെ ക്രിക്കറ്റ് കളി കഴിയുമ്പൊ തല്ലു കിട്റ്റുന്നേന്റെ കാരണമെന്തുവാ …?
Girish | 02-Feb-09 at 6:28 am | Permalink
First innings has two possible outcomes as far as wickets are concerned,
1) n1=1, s1=4
2) n1=2, s1=8
Since we know that ni+n2 > s1+s2, the second one makes it hard for Nalan to catch up. (s2 > 0). This needs to be addressed onl if 1) does not prove to be feasible.
Now, s1 – n1 = 3 So Nalan must beat Sreejith by at least 4 wickets. Since it is more likely at the higher end of the spectrum(?), I tried 9,1. But realized that for Sreejith to have a better innings ave, he must at least have 3 wickets.
( 84/3 < 252/7 anything less won’t provide a feasible sol.)
So,
n1=1, s1=4
n2=7, s2=3
Umesh:ഉമേഷ് | 02-Feb-09 at 9:44 pm | Permalink
ഈ പസ്സിലിന്റെ ഉത്തരം ഒരുപാടു പേർ ഇതിനകം അയച്ചതിനാൽ ഒരു രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം സമയം കിട്ടുന്നതനുസരിച്ചു് ഉത്തരപ്പോസ്റ്റ് പ്രസിദ്ധീകരിക്കും. ഉത്തരം ഇനി അയയ്ക്കാനുള്ളവർ വേഗം അയയ്ക്കുക.
ജേക്കബ് | 06-Feb-09 at 3:19 pm | Permalink
( < യുടെ വില്ലത്തരം ഇപ്പഴാ ശ്രദ്ധിച്ചേ ! )
ആഫ്രിക്കേല് വേറേം ആള്‍ക്കാരുണ്ടേ….
a+b <=10
x+y <=10
b >=1
y >=2
252/a < 84 / b => a > 3b
84/x < 252/y => 3x > y
336/ a+x > 336 / b+y => a+x < b+y
==========================
a > 3b
————————-
if b=1 then a = 4,5,6,7,8,9
if b=2 then a = 7,8
————————-
3x > y
if x=1 then y = 2
if x=2 then y = 2,3,4,5
if x=3 then y = 2,3,4,5,6,7
if x=4 then y = 2,3,4,5,6
if x=5 then y = 2,3,4,5
if x=6 then y = 2,3,4
if x=7 then y = 2,3
if x=8 then y = 2
————————-
a+x < b+y
trail and error gives
4+3 < 1+7
a=4, b= 1
x=3, y= 7
Marykutty | 10-Feb-09 at 8:46 am | Permalink
utharam ithu vare publish cheythille?
ഇല്ല മേരിക്കുട്ടീ. അയച്ചുകിട്ടിയ ഉത്തരങ്ങളൊക്കെ ക്രോഡീകരിക്കുകയാണു്. ധാരാളം പേർ ഉത്തരമയച്ചതു കൊണ്ടു് നല്ല പണി! 🙂
mov | 10-Feb-09 at 6:31 pm | Permalink
കോന്തന്മാര് കോപ്പിയടിച്ചയച്ച കോഡുകള്‍ ക്രോധമില്ലാതെ ക്രോഡീകരികുന്ന ഈ ക്രൂരന് ഈ കോരന്റെ കൂപ്പ് കൈ.
Siju | 15-Feb-09 at 6:03 am | Permalink
രണ്ടുമൂന്നുനാലഞ്ച് എന്നു പറഞ്ഞാല്‍ നൂറ്റീരുപതല്ലേ..
കമന്റ് ട്രാക്കില്ലാത്തതിനാല്‍ ഇനിയീവഴി വന്നെന്നു വരില്ല 🙂
ചെത്തുകാരന് | 17-Feb-09 at 4:26 pm | Permalink
ഉമേഷ് ഭായി,
പോസ്റ്റ് കൊള്ളാം.. ഗുരുകുലം വഴി ആണ് ഇവിടെ എത്തിപ്പെട്ടത്..
[ കരിങ്കല്ലാണ് ഗുരുകുലം കാണിച്ചു തന്നത് ]
ഉത്തരം കണ്ടു പിടിക്കാന്‍ ഏകദേശം 20 മിനിറ്റ് എടുത്തു കേട്ടോ..
sw1=4
sw2=3
nw1=1
nw2=7
എന്താ ശരി അല്ലെ?
കണക്കു കൂട്ടാന്‍ ഉമേഷ് ന്റെ equations ന്റെ കൂടെ nw1+nw2 > sw1+sw2 എങ്ങിനെ കിട്ടിക്കാം എന്ന് നോക്കിയപ്പോ ഒന്നാം ഇന്നിങ്ങ്സില്‍ മുഴുവന്‍ വിക്കറ്റ് വീണാല്‍ അത് നടപ്പില്ലെന്ന് മനസ്സിലായി.. പിന്നെ എളുപ്പം ആയിരുന്നു..
സസ്നേഹം..
ചെത്തുകാരന് / പ്രവീണ്‍
ps: പനങ്കള്ളും കൂത്തുമാടവും പണിപ്പുരയില്‍ ആണ്.
Adithyan | 19-Feb-09 at 12:32 pm | Permalink
വല്ലതും നടക്കുമോ?
ഉത്തരം അറിയാമ്പാടില്ലേല്‍ അതു പറ. ഞാന്‍ ഉത്തരം ഒരു എക്സല്‍ ഷീറ്റില്‍ ചെയ്തു തരാം
(ഇത് പബ്ലിഷ് ചെയ്യരുത്) 🙂
തമനു | 07-Apr-09 at 4:49 am | Permalink
രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം എന്നു പറഞ്ഞാല്‍ നൂറ്റി ഇരുപതും അല്ല സിജൂ .. 2345 ദിവസങ്ങള്‍ എന്നാണെന്നു തോന്നുന്നു …?
🙂