9. ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Q)

നാലു ബ്ലോഗേഴ്സിനെ കാണാനിറങ്ങിയതാണു ഞാന്‍.

നാലും പുലികള്‍. ജ്ഞാനികള്‍. എല്ലാം അറിയുന്നവര്‍. വൈരാഗികള്‍. മിതഭാഷികള്‍. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്ലോഗ്‌സപര്യയാല്‍ സാക്ഷാത്ക്കാരം നേടിയവര്‍. സന്ന്യാസികള്‍.

ഇവരെ ഇതുവരെ ആരും കണ്ടിട്ടില്ല. പേരു കേട്ടിട്ടേ ഉള്ളൂ. ഇവരുടെ പിന്‍ഭാഗം കണ്ടിട്ടുണ്ടു് എന്നു ചിലര്‍ അവകാശപ്പെടുന്നു. പക്ഷേ ഇവരുടെ മുഖം ആരും കണ്ടിട്ടില്ല.

നാലു പേരും ഇപ്പോള്‍ ഹിമാലയത്തിലിരുന്നാണു ബ്ലോഗിംഗ്‌. എവറസ്റ്റ്‌ കൊടുമുടിയുടെ മുകളില്‍ ഒരു wi-fi ഇന്റര്‍നെറ്റ്‌ ടവറുണ്ടത്രേ.

താഴെ വെച്ചു് ഒരു ചിന്ന ബ്ലോഗറെ കണ്ടുമുട്ടി. സാക്ഷാത്ക്കാരത്തിനു വന്നതാണു് അയാളും. അത്രയ്ക്കങ്ങോട്ടു് ആയിട്ടില്ല. അത്രമാത്രം.

“ആരെക്കാണാനാണു പോകുന്നതു്?”

“നാലു സന്ന്യാസിബ്ലോഗര്‍മാരെ കാണാന്‍” ഞാന്‍ പറഞ്ഞു.

“ഹിമാലയം മുഴുവന്‍ ബ്ലോഗര്‍മാരല്ലേ. ആരെയാണു കാണേണ്ടതു്?”

“യാത്രാമൊഴി, വക്കാരി, ഇഞ്ചിപ്പെണ്ണു്, ചിത്രകാരന്‍”

“ഇഞ്ചിപ്പെണ്ണിനെ കാണാന്‍ നിവൃത്തിയില്ല. തപസ്സുചെയ്തുകൊണ്ടിരുന്ന ഹിമപ്പലകയുടെ കീഴ്‌ഭാഗത്തു് ഒരു പിക്കാസു കൊണ്ടു വെട്ടി നോക്കിയതിന്റെ ഫലമായി അതു പൊട്ടി മഞ്ഞിനടിയിലേക്കു പോയി. ഹിമപ്പലക ബീറ്റാ വേര്‍ഷനായിരുന്നു എന്നും അതില്‍ ആദ്യമായി വെട്ടിയതു താനായിരുന്നു എന്നും ഒക്കെ ഇടയ്ക്കിടെ മഞ്ഞിനടിയില്‍ നിന്നു പറയുന്നതു കേള്‍ക്കാം. പിന്നെ ആരെങ്കിലും വീണാല്‍ ആര്‍ത്തട്ടഹസിക്കുന്നതും കേള്‍ക്കാം.”

“കഷ്ടമായിപ്പോയി. ബാക്കിയുള്ളവരോ?”

“ബാക്കിയുള്ളവര്‍ അവിടെയുണ്ടു്. പക്ഷേ തിരിച്ചറിയാന്‍ പറ്റില്ല.”

“അതെന്താ? അവരെ തിരിച്ചറിഞ്ഞു ഫോട്ടൊയെടുത്തു് ഓരോരുത്തരുടെയും പേരു സഹിതം ബ്ലോഗിലിടാനാണു ഞാന്‍ വന്നതു്.”

“അവരോടു ചോദിച്ചേ ആരാണെന്നു മനസ്സിലാക്കാന്‍ പറ്റൂ. അവര്‍ മൂവരും ദാ അവിടെയുണ്ടു്.”

ഞാന്‍ നോക്കി. തറ വരെ മുട്ടുന്ന നരച്ച താടിയുമായി മൂന്നു ഋഷിവര്യന്മാര്‍. തേജസ്സു തുളുമ്പുന്ന മുഖങ്ങള്‍.

“പക്ഷേ ഒരു കാര്യം,” പോകാന്‍ തുടങ്ങിയ എന്നോടു ചിന്നന്‍ പറഞ്ഞു.

“ബ്ലോഗെഴുത്തിന്റെ നൈരന്തര്യം കൊണ്ടു് അവര്‍ക്കു വലിയ വ്യതിയാനം വന്നിരിക്കുന്നു.”

“അതെന്താ?”

“യാത്രാമൊഴി ഇപ്പോള്‍ സത്യം മാത്രമേ പറയൂ.”

“അതെന്താ, അദ്ദേഹത്തിനു പണ്ടു് ആ അസുഖമുണ്ടായിരുന്നില്ലല്ലോ.”

“പക്ഷേ, വക്കാരി കള്ളം മാത്രമേ പറയൂ.”

“അയ്യോ, അതെന്താ?”

“സത്യവും കള്ളവും ആപേക്ഷികമാണന്നാണു് അദ്ദേഹത്തിന്റെ വാദം. എപ്പോഴും കള്ളം പറയുന്നു എന്ന കാര്യം വെളിവാക്കി സംസാരിച്ചാല്‍ അതും സത്യമല്ലേ എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം.”

“മനസ്സിലായില്ല.”

“ഉദാഹരണത്തിനു്, അഞ്ചും അഞ്ചും കൂട്ടിയാല്‍ പത്താണോ എന്നു ചോദിച്ചാല്‍ വക്കാരി അല്ല എന്നു പറയും.”

“അതു കൊള്ളാം. പണ്ടാണെങ്കില്‍ “പത്താണെന്നു വെയ്ക്കുക. അപ്പോള്‍ പത്തല്ലാത്ത ഒരുത്തന്‍ പത്താണെന്നു പറഞ്ഞാല്‍ നമ്മുടെ പത്തും അവന്റെ പത്തും ചേര്‍ന്ന പത്താണോ അതോ അവന്റെ പത്തും നമ്മുടെ പത്തും ചേര്‍ന്ന പത്താണോ എന്നു നിര്‍വ്വചിക്കണം. അതിനെപ്പറ്റി പഠിക്കണം. അതു പഠിക്കാന്‍ ഇപ്പോള്‍ നിവൃത്തിയില്ലാത്തതുകൊണ്ടു് നമുക്കു പത്താകാതിരിക്കാന്‍ പറ്റുമോ എന്നു നോക്കണം. ആകെ കണ്‍ഫ്യൂഷനായി.” എന്നു പറഞ്ഞേനേ.”

“തോക്കിനകത്തു കയറി ഇരുന്നു വെടിവെയ്ക്കാതെ മനുഷ്യാ. വക്കാരിയുടെ അഭിപ്രായത്തില്‍ അതു വലിയ കാര്യമാണു്. അല്ല എന്നു കേട്ടാല്‍ ആണു് എന്നതാണു ശരി എന്നു മനസ്സിലാക്കി നമുക്കു് ഉത്തരം ശരിയായിത്തന്നെ കിട്ടുമല്ലോ. അപ്പോള്‍ ശരി പറയുന്നവനും തെറ്റു പറയുന്നവനും വ്യത്യാസമില്ലെന്നു മനസ്സിലായില്ലേ?”

“ഇല്ല. ഇരിങ്ങലിന്റെ കവിത ഇതിലും മനസ്സിലാവും. ആട്ടേ, ചിത്രകാരന്റെ സ്ഥിതിയെന്താ?”

“പാവം. അങ്ങേര്‍ക്കു വട്ടായി.”

“പിന്നെ ഈ ബൂലോഗത്തില്‍ വട്ടായില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. അങ്ങേരെ കമ്പ്ലീറ്റ്‌ സ്ഥലത്തു നിന്നും ബ്ലോക്കു ചെയ്തിരിക്കുകയല്ലേ?”

“അതല്ലെടോ. ഈ തെറ്റു്, ശരി എന്നൊക്കെ പറയുന്നതു വെറും മിഥ്യയാണെന്നാണു് അദ്ദേഹം പറയുന്നതു്. ഒന്നും ശരിയുമല്ല, തെറ്റുമല്ല എന്നാണു് അദ്ദേഹത്തിന്റെ വാദം.”

“അപ്പോള്‍ അയാള്‍ ഒന്നും പറയില്ലായിരിക്കും.”

“അല്ല, അദ്ദേഹം എന്തെങ്കിലും പറയും. ചോദ്യത്തിന്റെ ഉത്തരമല്ല.”

“ഓ, ഈ ഉമേഷും പണിക്കരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ?”

“അത്രയും പ്രശ്നമില്ല. ഒന്നുകില്‍ Yes എന്നു പറയും, അല്ലെങ്കില്‍ No എന്നു പറയും. തോന്നുന്നതു പോലെ. ചോദ്യത്തിന്റെ ഉത്തരമായിരിക്കുകയില്ല.”

“Yes-ഉം No-യും മാത്രമോ?”

“അതു ഞാന്‍ പറഞ്ഞില്ലേ? ശ്ശോ, മറന്നുപോയി. ഇവരു മൂന്നു പേരും ഇപ്പോള്‍ Yes, No എന്നീ വാക്കുകള്‍ മാത്രമേ പറയൂ.”

“ഇതു പഴയ പസ്സിലു പോലെയാണല്ലോ. സ്വര്‍ഗ്ഗത്തിലും നരകത്തിലും പോകുന്ന വഴികളുടെ നടുക്കു നില്‍ക്കുന്നവരോടു വഴി ചോദിക്കുന്നതുപോലെ. ഒരുത്തനോടു ചോദിച്ചാല്‍ ഇതു പറയുമോ എന്നു മറ്റവനോടു ചോദിക്കുക. ഇത്തരം ഒരുപാടു പസ്സില്‍ ഞാന്‍ കേട്ടിട്ടൂണ്ടു്”

“പക്ഷേ, ഒരു കുഴപ്പം”

“അതെന്താ?”

“അവര്‍ Yes, No എന്നല്ല പറയുന്നതു്.”

“താനല്ലേ പറഞ്ഞതു് ആണെന്നു്? ഇതു് ഉമേഷു മനുസ്മൃതിയെപ്പറ്റി പറഞ്ഞതു പോലെ ആയല്ലോ. ആദ്യം പ്രസക്തിയുണ്ടെന്നു പറയും. പിന്നെ ഉരുണ്ടു കളിച്ചു് ഇല്ലെന്നു പറയും. ആദ്യം അതു പറഞ്ഞിട്ടു് ഇപ്പോള്‍ പ്ലേറ്റു മാറ്റുന്നോ?”

“Yes, No എന്നിവയ്ക്കു് അവരുടെ ഭാഷയിലുള്ള വാക്കു പറയും.”

“അവര്‍ക്കു ഭാഷയുണ്ടോ?”

“ഉണ്ടു്. വിശ്വപ്രഭ, ആദിത്യന്‍, കണ്ണൂസ്‌ തുടങ്ങിയ ഋഷിവര്യന്മാര്‍ ഉണ്ടാക്കിയ ഭാഷ.”

“അപ്പോള്‍ എന്താണു് അതിലെ വാക്കുകള്‍?”

“രണ്ടു വാക്കുണ്ടു്. ഒന്നു ഹ്രീഹ്ലാദം. മറ്റേതു ജഞ്ജലിപ്പു്.”

“ഇതു് എന്തോന്നു വാക്കുകള്‍? ഇതില്‍ ഏതാണു Yes, ഏതാണു No?”

“അതെനിക്കറിയില്ല.”

“തനിക്കറിയില്ലേ?”

“എനിക്കറിയില്ല. അതിലൊന്നു് Yes-ഉം മറ്റേതു No-യും ആണെന്നറിയാം. അതറിയാനാണോ താന്‍ വന്നതു്?”

“അല്ല. എനിക്കതറിയേണ്ട കാര്യവുമില്ല. എനിക്കു് ഇവരില്‍ ആരാണു യാത്രാമൊഴി, ആരാണു വക്കാരി, ആരാണു ചിത്രകാരന്‍ എന്നറിയണം, അത്രേ ഉള്ളൂ.”

“ഓക്കേ, ഗുഡ്‌ ലക്ക്‌. അവരോടു ചെന്നു ചോദിച്ചു മനസ്സിലാക്കൂ.”

“പക്ഷേ, എനിക്കു് ഇവരുടെ ഭാഷ അറിയില്ലല്ലോ”

“അതറിയണ്ടാ. അവര്‍ക്കു് എല്ലാ ഭാഷയും അറിയാം. നിങ്ങള്‍ക്കു് അവരോടു എന്തു വേണമെങ്കിലും എത്ര നേരം വേണമെങ്കിലും പറയാം.”

“ഓക്കേ, താങ്‌ക്‍സ്‌.”

“പിന്നെ ഒരു കാര്യം. Yes, No എന്നുത്തരം വരുന്ന മൂന്നു ചോദ്യങ്ങള്‍ ചോദിക്കാം. മൂന്നു മാത്രം.”

“അപ്പോള്‍ മൂന്നു പേരോടും മൂന്നു ചോദ്യങ്ങള്‍ വീതം. ഒമ്പതെണ്ണം, അല്ലേ?”

“അല്ല, മൂന്നു പേരോടും കൂടി മൂന്നു്.”

“ഒരാളോടു് ഒരു ചോദ്യമോ?”

“നിര്‍ബന്ധമില്ല. മൂന്നും ഒരാളോടു തന്നെ ചോദിക്കാം. രണ്ടെണ്ണം ഒരാളോടും ഒന്നു മറ്റൊരാളിനോടും ചോദിക്കാം. അല്ലെങ്കില്‍ മൂന്നു പേരോടും ഓരോന്നു ചോദിക്കാം. ഒരാള്‍ പറഞ്ഞ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ചോദ്യം ഉണ്ടാക്കാം.”

“അതെളുപ്പമാണല്ലോ. ഈ ചോദ്യത്തിനു് വക്കാരി Yes എന്നര്‍ത്ഥം വരുന്ന വാക്കു പറയുമോ എന്നു ചോദിക്കാം. വക്കാരിയ്ക്കു് ഉത്തരം മുട്ടും.”

“ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍ വിവരമറിയും. ഇതു കണ്ടോ?”

ഞാന്‍ നോക്കി. ഒരു വലിയ ബോര്‍ഡില്‍ ലോകത്തുള്ള എല്ലാ ഭാഷയിലും എഴുതി വെച്ചിരിക്കുന്നു: “ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല-ബൂലോഗപ്പോലീസ്”

“ചോദിച്ചാല്‍ എന്തു ചെയ്യും?”

“ബാന്‍ ചെയ്യും. ബ്ലോക്കു ചെയ്യും. ലിംഗപരിശോധന നടത്തും. മാനേജരെ വിളിച്ചു പറഞ്ഞുകൊടുക്കും. വര്‍മ്മമാരുടെ രൂപത്തില്‍ വന്നു പേടിപ്പിക്കും…”

“ഇതു പുലിവാലായല്ലോ. അപ്പോള്‍ ഇവരെ കണ്ടുപിടിക്കാന്‍ വഴിയൊന്നുമില്ലേ?”

“ഉണ്ടു്, പക്ഷേ ഇപ്പോള്‍ പറയാന്‍ സമയമില്ല. എന്റെ അടുത്ത പോസ്റ്റില്‍ എഴുതാം.”

“ആട്ടേ, നിങ്ങളുടെ പേരു് ഷിജു എന്നാണോ?”

“ആണല്ലോ. ഷിജു അലക്സ്‌. എങ്ങനെ മനസ്സിലായി?”

“നിങ്ങള്‍ എന്തൊക്കെയോ ഒരുപാടു പറഞ്ഞു. വളരെയധികം വിശദീകരിക്കുകയും ചെയ്തു. അവസാനം എനിക്കൊന്നും മനസ്സിലായുമില്ല. അപ്പോഴേ തോന്നിയതാണു്. അത്യാവശ്യമായി അറിയേണ്ട കാര്യം അടുത്ത പോസ്റ്റിലെഴുതാം എന്നു കേട്ടപ്പോള്‍ ഉറപ്പായി…”

“താനാളു കൊള്ളാമല്ലോ. ഞാന്‍ പോകട്ടേ. ഒരു നക്ഷത്രം മരിക്കാറായി. അതിനു് അന്ത്യകൂദാശ കൊടുക്കാന്‍ പോകുകയാണു ഞാന്‍…”

“ഒരു മിനിട്ടു നില്‍ക്കണേ. ഞാന്‍ മനസ്സിലാക്കിയതു ചോദിക്കട്ടേ…”

“ഞാന്‍ വേണമെങ്കില്‍ പടം വരച്ചു് എക്സ്‌പ്ലെയിന്‍ ചെയ്യാം…”

“എന്റെ പൊന്നുംകൊടത്തു ഷിജുവേ, പടം വരയ്ക്കല്ലേ. ഞാന്‍ പറയാം”.

 1. ഇവര്‍ ഹ്രീഹ്ലാദം, ജഞ്ജലിപ്പു് എന്നു രണ്ടു വാക്കേ പറയൂ. ഇവയില്‍ ഒന്നിന്റെ അര്‍ത്ഥം Yes എന്നും മറ്റേതിന്റേതു No എന്നുമാണു്.
 2. യാത്രാമൊഴി സത്യമേ പറയൂ. വക്കാരി കള്ളമേ പറയൂ. ചിത്രകാരന്‍ എന്തെങ്കിലും പറയും. എന്തു പറഞ്ഞാലും ഇവര്‍ “ഹ്രീഹ്ലാദം”, “ജഞ്ജലിപ്പു്” ഇവയിലൊന്നേ പറയൂ.
 3. ആകെ മൂന്നു ചോദ്യമേ ചോദിക്കാവൂ. മൂന്നു ചോദ്യങ്ങളില്‍ നിന്നു് ആരു് ആരെന്നു കണ്ടുപിടിക്കണം.

“ശരിയാണു്. അപ്പോള്‍ ഞാന്‍ പോകട്ടേ…”

ഷിജു പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി.

നിങ്ങള്‍ക്കെന്നെ സഹായിക്കാമോ? മൂന്നേ മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് ഞാന്‍ എങ്ങനെ ഇവര്‍ ആരൊക്കെയാനെന്നു കണ്ടുപിടിക്കും?


ഇതു നല്ല ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണു്. അതിനാല്‍ ഉത്തരം അയയ്ക്കുമ്പോള്‍‍ നല്ലതുപോലെ ആലോചിച്ചിട്ടു് അയയ്ക്കുക.

ഇതൊരു trick question അല്ല. എന്തു ചോദിച്ചാലും ഇവര്‍ക്കറിയാം എന്നു വെയ്ക്കുക. ഉദാഹരണത്തിനു്, ചിത്രകാരനെ ചൂണ്ടിക്കാണിച്ചു് “ഇയാളോടു രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണോ എന്നു ചോദിച്ചാല്‍ ഹ്രീഹ്ലാദം എന്നു് ഉത്തരം പറയുമോ?” എന്നു ചോദിച്ചാല്‍, യാത്രാമൊഴിയും വക്കാരിയും അതിലൊന്നു പെട്ടെന്നു പറയും. ചിത്രകാരന്‍ എന്തു പറഞ്ഞിരിക്കും എന്നൌ് അവര്‍ക്കറിയില്ല എന്നതു പ്രസക്തമല്ല. ചിത്രകാരന്‍ പറയാന്‍ പോകുന്നതും അവര്‍ക്കറിയാം എന്നര്‍ത്ഥം.


[2007/02/25]: Some clues:

 1. ഇതുപോലെയുള്ള മറ്റു ചില പ്രശ്നങ്ങളില്‍ ഒരാള്‍ ഒന്നിടവിട്ടു സത്യവും കള്ളവും പറയുന്നുണ്ടു്. ഇവിടെ അങ്ങനെയല്ല. ഒരേ ചോദ്യം തന്നെ രണ്ടു തവണ ചോദിച്ചാല്‍ ചിത്രകാരന്‍ രണ്ടുത്തരം പറയണമെന്നില്ല. അദ്ദേഹം എപ്പോഴും സത്യം തന്നെ പറഞ്ഞേക്കാം. (യാത്രാമൊഴിയുമായി അപ്പോള്‍ വ്യത്യാസമില്ല.) അല്ലെങ്കില്‍ എപ്പോഴും കള്ളം തന്നെ പറഞ്ഞേക്കാം. (അപ്പോള്‍ വക്കാരിയുമായും വ്യത്യാസമില്ല.) അല്ലെങ്കില്‍ തോന്നിയതുപോലെ പറയാം.

  ചിത്രകാരന്‍ ഒരു ചോദ്യത്തിന്റെ ഉത്തരമായി സത്യമാണോ കള്ളമാണോ പറയുന്നതു് എന്നു് ആര്‍ക്കും അറിയില്ല. ഇതാണു് ഈ പ്രശ്നത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ഉദാഹരണത്തിനു്, “5+5=10 ആണോ” എന്നു ചോദിയ്ക്കുമ്പോള്‍ ഒരാള്‍ Yes എന്നു പറഞ്ഞാല്‍ അയാള്‍ യാത്രാമൊഴിയോ ചിത്രകാരനോ ആവാം; No എന്നു പറഞ്ഞാല്‍ വക്കാരിയോ ചിത്രകാരനോ ആവാം.

 2. അടുത്ത വലിയ പ്രശ്നം അവര്‍ Yes/No അല്ല പറയുന്നതു് എന്നാണു്-ഹ്രീഹ്ലാദം/ജഞ്ജലിപ്പു് എന്നാണു്. അതിന്റെ അര്‍ത്ഥം നമുക്കറിയില്ല താനും!
 3. മൂന്നു് ആളുകള്‍ ഈ മൂന്നു പേരുമാകാന്‍ ആകെ 3!=6 കോംബിനേഷനുകള്‍ ഉണ്ടു്. (ആദ്യത്തെ ആള്‍ മൂന്നുപേരില്‍ ആരും ആകാം. അയാളെ അറിഞ്ഞാല്‍ രണ്ടാമത്തേതു് ബാക്കിയുള്ള രണ്ടു പേരില്‍ ആരും ആകാം. അതു രണ്ടും അറിഞ്ഞാല്‍ മൂന്നാമത്തേതു് ആരാണെന്നു വ്യക്തം. അങ്ങനെ 3x2x1 = 6 തരത്തില്‍.) അതായതു്, number of variables = 6.

  നമുക്കു മൂന്നു ചോദ്യം ചോദിക്കാം. അതിനു രണ്ടുത്തരങ്ങളില്‍ (ഹ്രീഹ്ലാദം/ജഞ്ജലിപ്പു്) ഒരെണ്ണം കിട്ടും. അതായതു നമുക്കു് 2x2x2 = 8 വിഭിന്നമായ ഉത്തരങ്ങള്‍ കിട്ടാം. ഇവയില്‍ നിന്നു് ആറെണ്ണത്തില്‍ ഒന്നാണെന്നു് അനുമാനിക്കാന്‍ സൈദ്ധാന്തികമായി സാദ്ധ്യമാണു്. അതായതു്, ഇതു് അസാദ്ധ്യമല്ല എന്നര്‍ത്ഥം.

 4. ഹ്രീഹ്ലാദം, ജഞ്ജലിപ്പു് എന്നിവയുടെ അര്‍ത്ഥം കൂടി കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ മുകളില്‍പ്പറഞ്ഞ number of variables 6×2 = 12 ആകും. മൂന്നുത്തരങ്ങളില്‍ നിന്നു കിട്ടുന്ന എട്ടു കോംബിനേഷനില്‍ നിന്നു് ഇതു കണ്ടുപിടിക്കാന്‍ പറ്റില്ല. അതിനാല്‍ അവയുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ ശ്രമിക്കാത്ത ഒരുത്തരമേ ശരിയാവുകയുള്ളൂ.

ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. സൂചനകള്‍ ഇവിടെ. ഉത്തരം ഇവിടെ.