ബുദ്ധിപരീക്ഷകള്‍ക്കൊരു ബ്ലോഗ്

ബുദ്ധിപരീക്ഷകള്‍ക്കൊരു ബ്ലോഗ് തുടങ്ങുകയാണു്.

“പരീക്ഷ” എന്നൊക്കെ ശീര്‍ഷകത്തിലുണ്ടെങ്കിലും ഇതൊരു മത്സരമല്ല. വെറുതേ ചോദ്യങ്ങളും ഉത്തരങ്ങളും കൊടുക്കുന്നതിനു പകരം, യുക്തി ഉപയോഗിച്ചു് എങ്ങനെ ഉത്തരത്തിലെത്താം എന്നുള്ള വിശദീകരണവും ചേര്‍ക്കണം എന്നാണു് ഒരു പ്രധാന ഉദ്ദേശ്യം.

ഒരു ഉത്തരം കിട്ടിയാല്‍ ഒരു പോസ്റ്റ് അടച്ചുപൂട്ടുന്നില്ല. ചില ചോദ്യങ്ങള്‍ക്കു് ഒന്നില്‍കൂടുതല്‍ ഉത്തരങ്ങളുണ്ടാവാം. ചില ഉത്തരങ്ങള്‍ ഒരു പക്ഷേ ഇതു വരെ ആരും കണ്ടുപിടിക്കാത്തതാവാം. ചിലപ്പോള്‍ പ്രസിദ്ധമായ ഉത്തരങ്ങളെക്കാള്‍ സരളമായവ ആരെങ്കിലും കണ്ടുപിടിച്ചേക്കാം.

ഇവയൊക്കെ സമാഹരിച്ചു് ഒരു റെഫറന്‍സായി സൂക്ഷിക്കുക എന്നതാണു് ഈ ബ്ലോഗിന്റെ ലക്ഷ്യം. ഇതിലെ ഓരോ പോസ്റ്റും വീണ്ടും വീണ്ടും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതായിരിക്കും.

ബ്ലോഗിന്റെ ഈ സ്വഭാവത്തോടൊപ്പം, പ്രശ്നങ്ങള്‍ നിര്‍ദ്ധരിക്കാനുള്ള ആളുകളുടെ അഭിരുചിയെ വര്‍ദ്ധിപ്പിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യുന്നു.

  1. എല്ലാ കമന്റുകളും moderated ആയിരിക്കും. എന്റെയോ മറ്റേതെങ്കിലും മോഡരേറ്റരുടെയോ അംഗീകാരത്തിനു ശേഷമേ കമന്റുകള്‍ സാമാന്യജനത്തിനു കാണാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കമന്റുകള്‍ ഉടനേ കാണാന്‍ പറ്റില്ല. ദയവായി ഒന്നില്‍ക്കൂടുതല്‍ തവണ ഒന്നു തന്നെ ഇടാതിരിക്കുക.

    നേരത്തെ ഇട്ട കമന്റുകള്‍ മാറ്റണമെങ്കിലും ഒരു കമന്റിട്ടാല്‍ മതി.

  2. ഓരോ പ്രശ്നത്തിനും ആദ്യം ചോദ്യം മാത്രമായി ഒരു പോസ്റ്റുണ്ടാവും. ഉത്തരം പറയാതെ ആ പോസ്റ്റ് ഒരാഴ്ചയെങ്കിലും ഉണ്ടായിരിക്കും.
  3. ഈ ഒരാഴ്ച (സമയപരിമിതിയനുസരിച്ചു് ഇതു കൂടാം.) വായനക്കാര്‍ക്കു് ഉത്തരങ്ങള്‍ കമന്റുകളായി ഇടാം. കഴിയുമെങ്കില്‍ എങ്ങനെ ഉത്തരം കണ്ടുപിടിക്കാം എന്നു വിശദമായി എഴുതുക.
  4. ഉത്തരം മറ്റൊരു പോസ്റ്റായി പ്രസിദ്ധീകരിക്കും. പല ഉത്തരങ്ങളും ഉത്തരത്തിലെത്തിച്ചേരാന്‍ പല വഴികളുമുണ്ടെങ്കില്‍ അവയും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരണയോഗ്യമായ ഫലിതം കലര്‍ന്ന ഉത്തരങ്ങളും പ്രസിദ്ധീകരിക്കും. ഉത്തരങ്ങള്‍ അയച്ചവരുടെ പേരുകളും ഉണ്ടാവും. ആര്‍ക്കും സമ്മാനമൊന്നും കൊടുക്കുന്നതല്ല.

ഗുരുകുലത്തില്‍ ഇതിനെപ്പറ്റി പറഞ്ഞു് ഇട്ടിരുന്ന പോസ്റ്റില്‍ ചോദിച്ച രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

പുതിയതായി രണ്ടു പ്രശ്നങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാനായി പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്.


സൈഡ്‌ബാറിലെ “പുതിയ ചോദ്യങ്ങള്‍” എന്ന ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്കു് ഉത്തരമയയ്ക്കാവുന്ന ചോദ്യങ്ങള്‍ വായിക്കാം. ഒന്നോ രണ്ടോ മാത്രമേ കാണുകയുള്ളൂ ഒരു സമയം.

പഴയ ചോദ്യങ്ങള്‍” എന്ന ലിങ്കില്‍ പോയാല്‍ മുമ്പു പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ വായിക്കാം. ഉത്തരം കാണാതെ പ്രശ്നങ്ങള്‍ നിര്‍ദ്ധരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കു് അവിടെ പോകാം.

പഴയ ഉത്തരങ്ങള്‍” എന്ന ലിങ്കില്‍ പോയാല്‍ മുമ്പു പ്രസിദ്ധീകരിച്ച പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ വായിക്കാം.

വിഷയമനുസരിച്ചു പഴയ പ്രശ്നങ്ങളെ പല വിഭാഗങ്ങളാക്കിയിട്ടുണ്ടു്. പ്രശ്നങ്ങളെ വിഭാഗമനുസരിച്ചു വായിക്കാന്‍ “All posts-categorywise” എന്ന ലിങ്കു സന്ദര്‍ശിക്കുക.