Current

ഏണിയും ഏണീവിലോചനയും (Q)

Dilban-top

“ഏണിക്കു മേൽ ദിൽബനാണെന്നു കണ്ടളവിലേണീവിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ….”

പെരിങ്ങോടനും വിവാഹിതനായതോടെ ദിൽബാസുരനു് ആധിയേറി.

ഒരു കാലത്തു ബാച്ചിലേഴ്സ് സംഘടിതരായിരുന്നു. ലോകത്തിലെ ഏറ്റവും പാവനവും കരുത്തുറ്റതും കഴിവേറിയതും (അക്ഷരത്തെറ്റു വരാതെ സൂക്ഷിക്കുക) ആയ വർഗ്ഗമാണു് ബാച്ചിലേഴ്സ് എന്നു വിശ്വസിച്ചിരുന്നു. ചാരിത്ര്യം നഷ്ടപ്പെട്ട വിവാഹിതർക്കെതിരേ കുരുക്ഷേത്രയുദ്ധം വരെ സംഘടിപ്പിച്ചിരുന്നു.

കാലക്രമേണ ബാച്ചികളിൽ ഓരോരുത്തരായി കാലുമാറി. ബാച്ചികളുടെ നെടും തൂണായിരുന്ന ആദിത്യനെ ഒരു ദിവസം കാണാതായി. മാസങ്ങൾക്കു ശേഷം അവനെ ബാംഗ്ലൂരു നിന്നു കണ്ടെടുക്കുമ്പോൾ അവന്റെ ചാരിത്ര്യം നഷ്ടപ്പെട്ടിരുന്നു എന്നും ഭാര്യാസമേതനായിരുന്നു എന്നുമാണു് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോർട്ടുകൾ.

കേരളത്തിൽ ഉടനീളം നടന്നു പെണ്ണുകണ്ടു് ഒന്നും ശരിയാകാതെ “ഇനി ഈ ജന്മത്തിൽ വിവാഹമില്ല” എന്നു ഭീഷ്മാചാര്യരെപ്പോലെ പ്രതിജ്ഞയെടുത്ത ഇബ്രു, “ഈ മണ്ടനു് ആരെങ്കിലും പെണ്ണു കൊടുക്കുമോ?” എന്നു് ഒടേതമ്പുരാൻ പോലും സംശയിച്ചിരുന്ന ശ്രീജിത്ത് തുടങ്ങി ബാച്ചി ക്ലബ്ബിന്റെ നെടും തൂണുകൾ ഓരോന്നായി ഒടിഞ്ഞു വീഴുമ്പോളും “മരണം വരെയും ഞാൻ നിന്നോടൊപ്പമുണ്ടാവും” എന്നു് ഉറപ്പു നൽകിയവനാണു് പെരിങ്ങോടൻ. ഇതാ ഇപ്പോൾ അവനും…

ബാച്ചിലേഴ്സ് എന്ന സ്പീഷീസ് അന്യം നിന്നു പോകാതിരിക്കാനുള്ള ദൗത്യമൊന്നും ഇനി താൻ കൊണ്ടു നടക്കേണ്ടതില്ല എന്നു ദിൽബൻ തീരുമാനിച്ചതു് അന്നാണു്. പക്ഷേ, അതുകൊണ്ടായില്ലല്ലോ. പെണ്ണു കിട്ടണ്ടേ?

ആദ്യം സമീപിച്ചതു് തൊട്ടടുത്തു താമസിക്കുന്ന പെങ്ങളെയാണു്. ഒരു കല്യാണം കഴിച്ചാൽ കൊള്ളാം എന്ന പ്രമേയം അവിടെ അവതരിപ്പിച്ചു. “കല്യാണമൊക്കെ നടത്താം. സമയമാകട്ടേ. ഇപ്പോൾ നീയൊരു കുട്ടിയല്ലേ?” എന്നായിരുന്നു മറുപടി.

സംഭവം ശരി തന്നെ. ആ മുഖത്തേയ്ക്കു നോക്കിയാൽ പതിനഞ്ചു വയസ്സിൽ കൂടുതൽ തോന്നില്ല. സൗദി അറേബിയയിലെ മരുഭൂമി പോലെ പരന്നു കിടക്കുന്ന ആ മുഖത്തു് അടുത്ത കാലത്തെങ്ങും ഒരു രോമരാജി പൊട്ടിവിടരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഈ മോന്തയും കൊണ്ടു് കേരളത്തിൽ ചെന്നു പെണ്ണു ചോദിച്ചാൽ പെമ്പിള്ളേരൊക്കെ “മോനേ, പത്താം ക്ലാസ്സു കഴിഞ്ഞിട്ടു പോരേ കല്യാണം?” എന്നു ചോദിക്കും.

അങ്ങനെയാണു് കേരളത്തിനു വെളിയിൽ തന്റെ ഗവേഷണം തുടങ്ങിയാലോ എന്നു സ്മര്യപുരുഷൻ ആലോചിച്ചതു്.

അപ്പോഴാണു്, ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ ദിൽബന്റെ അയൽവാസിയായി ഗുർ ദയാൽ സിങ്ങ് എത്തുന്നതു്.

ഗുർ ദയാൽ സിംഗ് പട്ടാളത്തിലായിരുന്നു. പുലിയായിരുന്നു. ഷാർപ്പ് ഷൂട്ടറായിരുന്നു. ഒരിക്കൽ ഒറ്റയ്ക്കൊരു ഹെലിക്കോപ്റ്ററിൽ പാക്കിസ്ഥാനിലെ പീരങ്കിത്താവളത്തിൽ പറന്നിറങ്ങി അവിടെയുണ്ടായിരുന്ന എഴുനൂറിൽപ്പരം പട്ടാളക്കാരെ കൊന്നൊടുക്കി എല്ലാ പീരങ്കികളുടെയും കാഞ്ചികൾ സ്വന്തം കൃപാണം കൊണ്ടു ഛേദിച്ചതിനു ശേഷം തിരിച്ചു് ഇന്ത്യയിലേക്കു നടന്നു പോയ പരാക്രമിയായിരുന്നു.

ദിൽബനെ ആകർഷിച്ചതു് ഇതൊന്നുമായിരുന്നില്ല. സിംഗിന്റെ പതിനേഴുകാരി മകളായിരുന്നു. അതിസുന്ദരി. പേരു് ഗുനീത്. പേരിനു് അത്ര ഗുമ്മൊന്നും തോന്നിയില്ലെങ്കിലും ആളിനെ ദിൽബനു പിടിച്ചു. ഇവളല്ലാതെ ഒരുവളെയും തനിക്കു ജീവിതത്തിൽ വേണ്ട എന്നു തോന്നിത്തുടങ്ങി.

ആദ്യമൊക്കെ “ഇവനേതു് ഈ കിളുന്തുപയ്യൻ” എന്ന ഭാവമായിരുന്നു അവൾക്കു്. പിന്നീടു് ഭാവത്തിൽ അല്പസ്വല്പം വ്യത്യാസം വന്നു തുടങ്ങി. ഇടയ്ക്കിടയ്ക്കു ചില കടാക്ഷങ്ങൾ കിട്ടിത്തുടങ്ങി. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു് മന്ദഹാസങ്ങൾ വന്നുതുടങ്ങി. “അഭിമുഖേ മയി സംവൃതമീക്ഷണം, ഹസിതമന്യനിമിത്തകൃതോദയം” എന്നു കാളിദാസൻ പറയുന്ന ആ ലതു് ഇല്ലേ, അതു തന്നെ. പക്ഷേ, അതിൽക്കൂടുതൽ ഒരു രക്ഷയുമില്ല. പുറത്തിറങ്ങുമ്പോൾ അച്ഛനോ അമ്മയോ കൂടെക്കാണും.

അച്ഛന്റെ കയ്യിൽ എപ്പോഴും നിറതോക്കുണ്ടാവും. അമ്മയുടെ കയ്യിൽ തോക്കൊന്നുമില്ല. പക്ഷേ, കേരളത്തിൽ ശരീരവലിപ്പം കൊണ്ടു് കാർട്ടൂണിസ്റ്റ് സജ്ജീവിന്റെയും മൊത്തം ചില്ലറ അരവിന്ദന്റെയും സൂരജ് അപ്പോത്തിക്കിരിയുടെയും മാത്രം പുറകിൽ നിൽക്കുന്ന ദിൽബൻ അവരുടെ മുന്നിൽ ജയലളിതയുടെ മുന്നിൽ ഇന്ദ്രൻസു പോലെയാണു്. തോക്കാണു തമ്മിൽ ഭേദം.

പുറത്തു വെച്ചുള്ള സന്ധിക്കൽ അതിനാൽ അസാദ്ധ്യം. പിന്നെ ഒരു വഴിയുള്ളതു് വീട്ടിൽ വെച്ചു തന്നെ കാണുകയാണു്. ഭാഗ്യത്തിനു്, സർദാറും സർദാർജിനിയും പട്ടാളച്ചിട്ടക്കാരാണു്. സർദാർജി കൃത്യം എട്ടുമണിക്കു് ചപ്പാത്തി തിന്നും, എട്ടേ പതിമൂന്നിനു് ഉറങ്ങാൻ കിടക്കും, എട്ടേ പതിനേഴിനു കൂർക്കം വലിച്ചു തുടങ്ങും. പിന്നെ രാവിലെ നാലേ നാല്പത്തിമൂന്നു വരെ ലോകത്തു് എന്തു സംഭവിച്ചാലും അങ്ങേർ അറിയില്ല. സർദാർജിനിയുടെ ഉറക്കം എട്ടേ മുപ്പത്തിനാലു മുതൽ അഞ്ചേ നാലു വരെയാണു്. ചുരുക്കം പറഞ്ഞാൽ, വൈകിട്ടു് എട്ടേമുക്കാൽ മുതൽ രാവിലെ നാലര വരെ വളരെ സേഫ് ആയ സമയമാണു്.

പക്ഷേ, ഒരു വലിയ പ്രശ്നമുണ്ടു്. മകളുടെ ബെഡ്റൂം രണ്ടാം നിലയിലാണു്. അതു് പുറത്തുനിന്നു പൂട്ടിയിട്ടു് താക്കോൽ അരയിൽ തോക്കിനോടൊപ്പം കൊളുത്തിയിട്ടാണു് സർദാർജി ഉറങ്ങുന്നതു്. അത്രയ്ക്കു വിശ്വാസമാണു മകളെ!

എത്ര ആലോചിച്ചിട്ടും ദിൽബനു് ഒരു സൊലൂഷൻ കിട്ടിയില്ല. അപ്പോഴാണു് ഇമ്മാതിരി കാര്യങ്ങളിൽ എന്നും തന്റെ ഗുരുവായിരുന്ന ആദിത്യനെ ഒന്നു കൺസൾട്ടു ചെയ്താലോ എന്നു തോന്നിയതു്. അങ്ങനെ ബാംഗ്ലൂരിലേക്കു് ഒരു ഇന്റർനാഷണൽ കോൾ വിളിച്ചു.

“ഡാ, അതു സിമ്പിളല്ലേ? ഒരു ഏണി ചാരിയാൽ പോരേ?”

ഏണി ചാരൽ ആദിയുടെ ജീവിതവ്രതവും അനുഷ്ഠാനകലയുമാണു്. ഈ ഏണി ചാരൽ സപര്യ മൂലം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അദ്ദേഹം “ഏണി” എന്ന അപരനാമധേയത്തിലാണു് അറിയപ്പെട്ടിരുന്നതു്. അതിനു ശേഷം ബ്ലോഗിലും ബസ്സിലും ഈ അടുത്ത കാലത്തു് ഫേസ്‌ബുക്കിൽ വരെയും പരസ്പരം യാതൊരു പരിചയവുമില്ലാത്ത പല ആളുകളേയും ഇങ്ങനെ ഏണി ചാരി തമ്മിലടിപ്പിച്ചു വിഹരിക്കുന്ന മഹാനുഭാവനാണു് പ്രസ്തുതദേഹം.

“എടാ, നിന്നെപ്പോലെ എനിക്കങ്ങനെ ഏണി ചാരി വലിയ പരിചയമൊന്നുമില്ല. പിന്നെ ഈ മലയാളമറിയാത്ത ഇവരുടെ അടുക്കൽ എങ്ങനെയാ…”

“ഡാ മണ്ടൂസേ, ആ ഏണിയല്ല, സാക്ഷാൽ ഏണി. മുസ്ലീം ലീഗിന്റെ ചിഹ്നം.”

“അതു കൊണ്ടു് എന്തു ചെയ്യാൻ?”

“ഒരു ഏണി സംഘടിപ്പിക്കുക. രാത്രി ഒമ്പതു മണിയാവുമ്പോൾ അതുമായി അവളുടെ വീട്ടിൽ ചെല്ലുക. അവളുടെ ജനാലപ്പടിയിലേക്കു ചാരുക. ജനാലയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നു കിന്നാരം പറയുക.”

“അല്ലാ, ഇരുമ്പഴികളുള്ള ജനാലയാണു്. അതിന്റെ ഇരു വശവും നിന്നിട്ടു് എന്തു ചെയ്യാനാ?”

“അതു ശരി, എന്തൊക്കെ ചെയ്യാനാണു നിന്റെ പ്ലാൻ? നിന്നെ ഇങ്ങനൊന്നുമല്ല ഞാൻ കരുതിയിരുന്നതു്…”

“ഛേ, ഛേ, അതല്ല…”

“എന്തല്ലെന്നു്? നിങ്ങൾക്കു പരസ്പരം കാണാൻ പറ്റും. വർത്തമാനം പറയാൻ പറ്റും. ഇനി വല്ല കത്തോ മുട്ടായിയോ വല്ലതും കൊടുക്കണമെങ്കിൽ കൊടുക്കാം. കയ്യിലൊക്കെയൊന്നു തൊടാം. അതിൽക്കൂടുതലൊന്നും നീ കല്യാണത്തിനു മുമ്പു ചെയ്യണ്ടാ. കേട്ടോ…”

“അയ്യോ, അതു മതി, അതു മതി, താങ്ക്സ്ഡാ…”

ദിൽബൻ ഫോൺ താഴെ വെച്ചു് എവിടെ നിന്നു് ഏണി കിട്ടും എന്നു് ആലോചിച്ചു് ഇരുപ്പായി. ആദിത്യൻ അന്നു മുതൽ ദുബായി പത്രങ്ങളിലെ ചരമക്കോളങ്ങളിൽ ഉയരത്തിൽ നിന്നു വീണു മരിച്ചവരുടേയും വെടിയേറ്റു സിദ്ധികൂടിയവരെപ്പറ്റിയുമുള്ള വാർത്തകൾ പരതിത്തുടങ്ങി.

ഏണി അവസാനം ചേച്ചിയുടെ വീട്ടിൽ നിന്നു തന്നെ കിട്ടി. 18 അടി അഞ്ചിഞ്ചു നീളമുള്ള ഒരു ഗമണ്ടൻ സാധനം. ഫോൾഡു ചെയ്യാനോ മറ്റു തരികിടകൾ കാണിക്കാനോ പറ്റില്ല. ഒടുക്കത്തെ വെയിറ്റും. ഇതു കുറേത്തവണ ചുമന്നാൽ തന്റെ വെയിറ്റൊക്കെ കുറഞ്ഞു് താൻ ഒരു സ്ലിം ബ്യൂട്ടിയായി മാറുമല്ലോ എന്നു ദിൽബനു തോന്നി.

Dilban-ladder

ഈ ഏണി കിട്ടാൻ ചേച്ചിയോടു പറയേണ്ടി വന്ന കള്ളങ്ങൾ, സംശയം തോന്നിയ ചേച്ചിയും ചേട്ടനും നടത്തിയ ഇൻവെസ്റ്റിഗേഷനുകൾ, ഇതു കൊണ്ടുവരുന്ന സമയത്തു് ട്രാഫിക് പോലീസ്, നാട്ടുകാർ തുടങ്ങിയവരുമായി നടത്തേണ്ടി വന്ന കശപിശകൾ തുടങ്ങിയവ ഇവിടെ പ്രസക്തമല്ലാത്തതിനാൽ എഴുതുന്നില്ല. വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതാം.

അങ്ങനെ ആ ദിവസം സമാഗതമായി. സമയം രാത്രി ഒമ്പതുമണി. മന്ദമാരുതൻ ആഞ്ഞു വീശുന്നു. ദിൽബൻ ഏണിയുമായി സർദാർജിയുടെ വീട്ടിലേക്കു്.

ഏണി ചാരിയപ്പോഴാണു പ്രശ്നം. ജനാലപ്പടി നല്ല ഉയരത്തിലാണു്. ചാരി വെച്ചിരുന്ന ഏണി കണ്ടു് ദിൽബൻ സ്തംഭിച്ചു പോയി. ഭിത്തിയിൽ നിന്നു് ഏണിയുടെ മൂട്ടിലേക്കുള്ള ദൂരത്തേക്കാൾ കൂടുതലാണു് തറയിൽ നിന്നു് ജനാലപ്പടി. അതിനാൽ തറയോടു് 45 ഡിഗ്രിയിലും വലിയ ആംഗിളിലിലാണു് അതിന്റെ നിൽപ്പു്. ഏണിയിൽ നിന്നു വീണായിരിക്കുമോ തന്റെ അന്ത്യം എന്നു് അവൻ ആശങ്കിച്ചു. നിവൃത്തിയില്ലാതെ തെങ്ങിലും മുള്ളുമുരിക്കിലും ഒക്കെ വലിഞ്ഞു കയറിയിട്ടുണ്ടെങ്കിലും ഏണിയിൽ ആദ്യമായാണു്. ഫിസിക്സു പഠിച്ചിട്ടുള്ളതു കൊണ്ടു് താൻ ഈ തടി വെച്ചു കൊണ്ടു് കയറിയാലും തന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നുള്ള ലംബം ആധാരത്തിനു വെളിയിൽ ഒരു കാരണവശാലും പോകില്ല എന്നു് ഉറപ്പു വരുത്തിയിട്ടാണു് ദിൽബൻ കയറിത്തുറങ്ങിയതു്.

ഏണിക്കു മേൽ ദിൽബനാണെന്നു കണ്ടളവിലേണീവിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ….

സർദാരിണീസുന്ദരിക്കു സന്തോഷമായി. ഇത്രയും സാഹസികനും റൊമാന്റിക്കും ആണല്ലോ തന്റെ വുഡ്‌ബീ സർദാർ എന്നു് അവൾ രോമാഞ്ചം കൊണ്ടു. ദിൽബനെ സർദാർജിയാക്കുമ്പോൾ പേരു് സാന്താ സിങ്ങ് എന്നു വേണോ അതോ ബാന്താ സിങ്ങ് എന്നു മതിയോ എന്നു് തല പുകഞ്ഞാലോചിച്ചു.

ആദിത്യൻ പറഞ്ഞ കാര്യങ്ങളിൽ ഒന്നൊഴികെ എല്ലാം നടന്നു. വർത്തമാനം മാത്രം നടന്നില്ല. അവൾക്കു പഞ്ചാബിയും കുറേശ്ശേ ഹിന്ദിയുമേ അറിയൂ. ദിൽബനാണെങ്കിൽ ആകെ അറിയാവുന്നതു് മലയാളവും ചൊറിച്ചു മല്ലലും മാത്രമാണു്. എങ്കിലും കുറേ ദിവസം കൊണ്ടു് രണ്ടുപേരും കഥകളി പഠിച്ചു. കമ്യൂണിക്കേഷനു ഭാഷ വേണമെന്നു പറഞ്ഞവനെ കഥകളിമുദ്രയിൽ തെറിവിളിക്കാം എന്ന പരുവമായി.


അധികകാലം ഈ വിഹാരം നീണ്ടു നിന്നില്ല. The course of true love never did run smooth എന്നു ഷേക്സ്പിയനും “ഈടാർന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം” എന്നു വള്ളത്തോളും, “ഹാ രാഗമാം പുഴയെയെങ്ങു തടസ്സമറ്റു നേരാം വഴിക്കൊഴുകുവാൻ വിധി സമ്മതിപ്പൂ?” എന്നു് ഉള്ളൂരും എഴുതിയതു വെറുതെയാണോ? (ഈ മൂന്നു പേരിൽ ആരൊക്കെ കോപ്പിയടിച്ചു എന്നു് എനിക്കു നിശ്ചയമില്ല.)

ഗുർ ദയാൽ സിങ്ങിനു് എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങി. ഏണി തറയിൽ അമർന്ന പാടുകളാണോ, ജനാലപ്പടിയിലെ പെയിന്റിളകിയതാണോ മകളുടെ അകാരണമായ ഉറക്കച്ചടവാണോ കാര്യമെന്നറിയില്ല, സർദാർജിക്കു് ആകെ ഒരു അസ്വസ്ഥത.

പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ സർദാർജിയുടെ സാധനങ്ങളൊക്കെകൂടി ഒരു വലിയ വീഞ്ഞപ്പെട്ടിയിലാണു് സർക്കാർ അയച്ചു കൊടുത്തതു്. അഞ്ചടി നീളം, അഞ്ചടി വീതി, അഞ്ചടി പൊക്കം. ആ ഭീമാകാരമായ പെട്ടി എടുത്തു് മൂപ്പർ മകളുടെ ജനാലയ്ക്കു കൃത്യം താഴെ ഭിത്തിയോടു ചേർത്തു് പ്രതിഷ്ഠിച്ചു.

അന്നു രാത്രി ഏണിയും ചുമന്നു് നൈറ്റ്‌ഡ്യൂട്ടിയ്ക്കെത്തിയ ദിൽബൻ തന്റെ അനശ്വരപ്രണയത്തിന്റെ ശവപ്പെട്ടി പോലെ നില കൊള്ളുന്ന പെട്ടി കണ്ടു സ്തംഭിച്ചു നിന്നു. ഇനി എന്തു ചെയ്യും?

എന്തായാലും ഒന്നു ട്രൈ ചെയ്തുകളയാം എന്നു വിചാരിച്ചു. സാധാരണ തറയിൽ കുത്തുന്ന സ്ഥലത്തു തന്നെ ഏണിയുടെ മൂടു കുത്തി. എന്നിട്ടു് മന്ദം മന്ദം അതു് ഭിത്തിയിലേക്കു ചാരി.

അദ്ഭുതം! ഏണി കൃത്യമായി ജനാലപ്പടിയിൽ അമർന്നു. എന്നും ചാരിവെയ്ക്കുന്ന സ്ഥലത്തു തന്നെ. നോക്കിയപ്പോൾ അതു പെട്ടിയിൽ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ കൃത്യമായി നിൽക്കുന്നു. ഏണിക്കൊരു എക്സ്ട്രാ താങ്ങു കൊടുക്കാൻ ആരോ ആ പെട്ടി അവിടെ വെച്ചെന്നേ തോന്നൂ!

സന്തോഷത്തോടു കൂടി അവൻ ഏണിയിൽ ചവിട്ടി മുകളിലേക്കു ചവിട്ടിക്കയറി. അതിനേക്കാൾ വലിയ ഒരു സർപ്രൈസ് അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ആ സർപ്രൈസ് എന്തായിരുന്നു????

അതു ഞാൻ മൂന്നു കൊല്ലത്തിനു ശേഷം ഞാൻ എഴുതുന്ന അടുത്ത പോസ്റ്റിൽ പറയാം. ഇപ്പോൾ നിങ്ങൾ ഇതു പറയുക:

ഗുനീതിന്റെ ജനാലപ്പടി തറയിൽ നിന്നു് എത്ര ഉയരത്തിലായിരുന്നു?


Dilban-top

പതിവു പോലെ, ഇങ്ങനെ മലയാളത്തിൽ വലിച്ചു വാരിയെഴുതിയാൽ മനസ്സിലാകാത്ത ശുദ്ധകണക്കന്മാർക്കു വേണ്ടി ഇംഗ്ലീഷിൽ പസ്സിൽ മാത്രം:

In the figure,

 • AOB and DCE are right angles
 • AB = 18 feet 5 inches (= 221 inches)
 • DC = CE = 5 feet ( = 60 inches)
 • OA is longer than OB.

Find OA.


ഈ പോസ്റ്റിന്റെ ആശയം രണ്ടു കൊല്ലമായി മനസ്സിൽ കിടന്നു കളിക്കുകയായിരുന്നെങ്കിലും, ഇപ്പോഴാണു് എഴുതിത്തീർക്കാൻ കഴിഞ്ഞതു്. ദിൽബന്റെ കല്യാണത്തിനു മുമ്പു് പബ്ലിഷ് ചെയ്യണമെന്നു വിചാരിച്ചിട്ടു നടന്നിട്ടില്ല. ഇന്നായിരുന്നു ദിൽബന്റെ കല്യാണം. ഇതു പബ്ലിഷ് ചെയ്യുമ്പോൾ ദിൽബന്റെ ആദ്യരാത്രി തുടങ്ങിയിട്ടുണ്ടാവും. കല്യാണത്തിന്റെ ഫോട്ടോകൾ (ആഷ്‌ലി എടുത്തതു്) ഇവിടെ. ആശംസകൾ!

Dilban wedding

പതിവുപോലെ, ചില കാര്യങ്ങൾ:

 1. ഈ പ്രശ്നം സ്വന്തമല്ല. ഒരു പുസ്തകത്തിൽ നിന്നു് അടിച്ചു മാറ്റി മനോധർമ്മം ചേർത്തതാണു്. പുസ്തകം ഏതാണെന്നു് ഉത്തരം പറയുമ്പോൾ പറയാം.
 2. ഈ ബ്ലോഗിലെ പസ്സിലുകൾക്കു് കട്ടി കൂടുതലാണെന്നു പരാതി ധാരാളം വരുന്നതു കൊണ്ടാണു് ഇത്തവണ വളരെ ലളിതമായ ഒരു ജ്യോമട്രി പസ്സിൽ ചോദിച്ചതു്.
 3. ഉത്തരവും ചെയ്ത വിധവും കമന്റായി ഇടുക. കമന്റുകൾ മോഡറേറ്റഡ് ആണു്. ഉത്തരവും കമന്റുകളും വഴിയേ പ്രസിദ്ധീകരിക്കും.
 4. ചിത്രങ്ങൾ വരച്ചു തന്നതു് നമ്മുടെ പ്രിയപ്പെട്ട കാർട്ടൂണിസ്റ്റ് സജ്ജീവ്. സജ്ജീവിനു് ആയിരം നന്ദിയും നേരിട്ടു കാണുമ്പോൾ നൂറു് ഏമ്പക്കങ്ങൾ വിടുന്നതു വരെ ഊണും.

Current

Comments (12)

Permalink

6. മുത്തപ്പനുള്ള സംഭാവന (Q)

എടത്താടന്‍ മുത്തപ്പനും ചെക്കിലെ തെറ്റും എന്ന ചോദ്യത്തിന്റെ വിശകലം വിചാരിച്ചതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അതിനാല്‍ അതു് അടുത്ത പ്രശ്നമായി ഇടുന്നു.

ചുരുക്കിപ്പറഞ്ഞാല്‍,

 1. ഞാന്‍ ഒരു ചെക്കെഴുതി. രൂപയും പൈസയും 100-ല്‍ കുറവു്.
 2. വിശാലന്‍ രൂപയെ പൈസയായും പൈസയെ രൂപയായും കരുതി ഒരു തുക എനിക്കു തന്നു.
 3. ഞാന്‍ അതില്‍ നിന്നു കുറേ പണം മുത്തപ്പന്റെ ഭണ്ഡാരത്തില്‍ സംഭാവനയായിട്ടു.
 4. ബാക്കി വന്ന പണം ഞാന്‍ ചോദിച്ച തുകയുടെ കൃത്യം ഇരട്ടിയായിരുന്നു.

ഇതിന്റെ എല്ലാ ഉത്തരങ്ങളും കണ്ടുപിടിക്കുക. അതായതു്,

 1. ഏതൊക്കെ സംഭാവനകള്‍ ഇവിടെ സാദ്ധ്യമാണു്?
 2. ഓരോ സംഭാവന അനുസരിച്ചുള്ള ചെക്കിലെ തുക എന്തായിരിക്കും?
 3. ഇതിനു് സാമാന്യമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ?

ഉപരിഗണിതമോ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ ഉത്തരം കണ്ടുപിടിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു് ചോദ്യവും വിശകലനവും കാണുക.

Current

Comments (9)

Permalink