4. എടത്താടന്‍ മുത്തപ്പനും ചെക്കിലെ പിശകും (Q)

ചെക്കു കൊടുത്തു് ഒരു ബാങ്കില്‍ നിന്നു പണമെടുക്കാന്‍ പോയതാണു ഞാന്‍.

ഗള്‍ഫില്‍ ഏറെ നാള്‍ ജോലി ചെയ്ത പണം കൊണ്ടു് വിശാലമനസ്കന്‍ കൊടകരയില്‍ ഒരു ബാങ്ക് കം ബ്ലേഡുകമ്പനി കം അക്കൌണ്ടിംഗ് കണ്‍സള്‍ടന്‍സി കമ്പനി തുടങ്ങി. ഹെഡാഫീസ് കൊടകരയില്‍. ബ്രാഞ്ച് ജെബല്‍ അലിയില്‍. ഡെയിലി ഒരുപാടു ട്രാന്‍സാക്‍ഷന്‍സ് ഇവയ്ക്കിടയിലുണ്ടു്. എടത്താടന്‍ കണ്ടാരമുത്തപ്പന്റെ കൃപ കൊണ്ടു ബിസിനസ്സൊക്കെ ജോറായി നടക്കുന്നു.

ഹെഡാഫീസിലെ പ്രെസിഡന്റ്, സീ ഈ ഓ, ടെല്ലര്‍, കാഷ്യര്‍, പ്യൂണ്‍, അക്കൌണ്ടന്റ് തുടങ്ങിയ എല്ലാ പോസ്റ്റുകളിലും ബാലചന്ദ്രമേനോനെപ്പോലെ വിശാലന്‍ തന്നെ ഇരിക്കുന്നു.

ബിസിനസ് തുടങ്ങിയെങ്കിലും ചുള്ളന്‍ ബ്ലോഗിംഗ് നിര്‍ത്തിയിട്ടില്ല. “കൊടകര പുരാണം” നാട്ടുകാരെ പേടിച്ചു നിര്‍ത്തി. ഇപ്പോളെഴുതുന്നതു “ജെബല്‍ അലി പുരാണം” ആണു്. ഇദ്ദേഹം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്തു കണ്ടു, കേട്ടു എന്നൊക്കെ പറഞ്ഞു കുറേ പുളു എഴുതി വിടുകയാണു പണി. പറഞ്ഞിട്ടെന്താ, കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി ഏറ്റവും നല്ല അറബി ബ്ലോഗിനുള്ള അവാര്‍ഡ് ഇങ്ങേര്‍ക്കു തന്നെ-ബംഗാളില്‍ ജ്യോതി ബസു പണ്ടു് ഇരുന്നതുപോലെ. എല്ലാം കണ്ടാരമുത്തപ്പന്റെ കൃപാകടാക്ഷം!

ഒരു കുഴപ്പമേ ഉള്ളൂ. ബാങ്കിലിരുന്നാണു ബ്ലോഗെഴുത്തു്. രണ്ടും കൂടി ചെയ്യുമ്പോള്‍ ആകെ കണ്‍ഫ്യൂഷനാണു്. വരവും ചെലവും തെറ്റും. രൂപയും പൈസയും തെറ്റും. ഇടത്തുനിന്നു വലത്തോട്ടു വായിക്കുന്നതിനു പകരം വലത്തു നിന്നു് ഇടത്തോട്ടു വായിക്കും.

ഹവ്വെവര്‍, മുത്തപ്പന്റെ കൃപ കൊണ്ടു് അധികം കസ്റ്റമേഴ്സ് ഇല്ലാത്തതു കൊണ്ടു് വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം മുന്നോട്ടു പോകുന്നു.

ഈ ബാങ്കിലാണു് എന്റെ സകല സമ്പാദ്യവും. ഞാനും ഇപ്പോള്‍ നാട്ടിലാണു്. തൃശ്ശൂരൊരു പുസ്തകശാലയില്‍ പ്രൂഫ്‌റീഡറായി ജോലി നോക്കുന്നു. അവരുടെ ഠാവട്ടത്തില്‍ മാത്രം പ്രചാരമുള്ള ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു കോളവും എഴുതുന്നുണ്ടു്.

ഞാന്‍ വിശാലനു് ഒരു സ്ഥിരം തലവേദനയാണു്. (പണ്ടും അതു തന്നെ. എന്നെ പേടിച്ചാണു മലയാളത്തില്‍ എഴുത്തു നിര്‍ത്തി അറബിയാക്കിയതു് എന്നും ഒരു ശ്രുതിയുണ്ടു്. ഉറക്കത്തില്‍ എന്നും എന്നെ സ്വപ്നം കണ്ടു നിലവിളിക്കുമായിരുന്നത്രേ!) പഴയതിലും പിശുക്കനായിരിക്കുന്നു. കൃത്യസംഖ്യയ്ക്കേ ചെക്കെഴുതൂ. ഉദാഹരണമായി 14 രൂപാ 87 പൈസ. കൃത്യം തുക കിട്ടുകയും വേണം. ഒന്നു്, അഞ്ചു്, പത്തു്, ഇരുപതു്, ഇരുപത്തഞ്ചു് തുടങ്ങിയ പൈസകള്‍ വിശാലന്‍ എനിക്കു തരുന്നതു് മുത്തപ്പന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നാണു് എന്നൊരു സ്ഥിരീകരിക്കപ്പെടാത്ത ശ്രുതിയുമുണ്ടു്.

ചെക്കെഴുതി കൊടുത്തു. വിശാലന്‍ പതിവുപോലെ ബ്ലോഗിംഗിലായിരുന്നു. ഞാന്‍ എഴുതിയതിലെ രൂപയെ പൈസയാക്കിയും പൈസയെ രൂപയാക്കിയും കണക്കാക്കി ആ തുക എനിക്കു തന്നു. അതു ഞാനൊട്ടു് അറിഞ്ഞുമില്ല.

ഉദാഹരണമായി, ഞാന്‍ 15 രൂപാ 50 പൈസയുടെ ചെക്കാണു കൊടുത്തതെങ്കില്‍, 50 രൂപാ 15 പൈസയാണു് വിശാലന്‍ എനിക്കു തന്നതെന്നര്‍ത്ഥം.

ഞാന്‍ അതില്‍ നിന്നു് അഞ്ചു പൈസ വിശാലന്റെ മേശപ്പുറത്തിരുന്ന മുത്തപ്പന്റെ ഭണ്ഡാരപ്പെട്ടിയിലിട്ടു. അളവറ്റ ധനം തരാന്‍ ത്രാണിയുള്ളവനത്രേ മുത്തപ്പന്‍. പലര്‍ക്കും കയ്യിലുള്ള പണം ഞൊടിയിടയ്ക്കുള്ളില്‍ ഇരട്ടിയാക്കിയിട്ടുണ്ടത്രേ!

വെളിയിലിറങ്ങി പണം എണ്ണി നോക്കിയപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി. ചോദിച്ചതിന്റെ ഇരട്ടി തന്നിരിക്കുന്നു മുത്തപ്പന്‍!

മുന്‍പു കൊടുത്ത ഉദാഹരണത്തില്‍ 50 രൂപാ 15 പൈസയില്‍ 5 പൈസ പോയിട്ടു ബാക്കിയുള്ള 50 രൂപാ 10 പൈസ ഞാന്‍ ചോദിച്ച 15 രൂപ 50 പൈസയുടെ കൃത്യം ഇരട്ടിയാകുന്നതു് ഒന്നു സങ്കല്പിച്ചേ. ആ അദ്ഭുതമാണു് അവിടെ നടന്നതു്.

“ജയ് മുത്തപ്പാ” എന്നു് ഒന്നുകൂടി പറഞ്ഞു് ഞാന്‍ വീട്ടിലേക്കു പോയി.

എത്ര തുകയ്ക്കാണു് ഞാന്‍ ചെക്കു കൊടുത്തതു്?


ഇതിന്റെ ഉത്തരം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതിയോ ഒന്നു മുതല്‍ 99 വരെയുള്ള എല്ലാ മൂല്യങ്ങളും പരീക്ഷിച്ചോ കണ്ടുപിടിക്കാം. അങ്ങനെയല്ലാതെ ഗണിതരീതികള്‍ ഉപയോഗിച്ചു കണ്ടുപിടിക്കുക.

2006 ഒക്ടോബര്‍ 8 വരെയെങ്കിലും ഉത്തരങ്ങള്‍ കമന്റായി നല്‍കാവുന്നതാണു്.


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.