നാലു ബ്ലോഗേഴ്സിനെ കാണാനിറങ്ങിയതാണു ഞാന്‍.
നാലും പുലികള്‍. ജ്ഞാനികള്‍. എല്ലാം അറിയുന്നവര്‍. വൈരാഗികള്‍. മിതഭാഷികള്‍. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്ലോഗ്സപര്യയാല്‍ സാക്ഷാത്ക്കാരം നേടിയവര്‍. സന്ന്യാസികള്‍.
ഇവരെ ഇതുവരെ ആരും കണ്ടിട്ടില്ല. പേരു കേട്ടിട്ടേ ഉള്ളൂ. ഇവരുടെ പിന്‍ഭാഗം കണ്ടിട്ടുണ്ടു് എന്നു ചിലര്‍ അവകാശപ്പെടുന്നു. പക്ഷേ ഇവരുടെ മുഖം ആരും കണ്ടിട്ടില്ല.
നാലു പേരും ഇപ്പോള്‍ ഹിമാലയത്തിലിരുന്നാണു ബ്ലോഗിംഗ്. എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ ഒരു wi-fi ഇന്റര്‍നെറ്റ് ടവറുണ്ടത്രേ.
താഴെ വെച്ചു് ഒരു ചിന്ന ബ്ലോഗറെ കണ്ടുമുട്ടി. സാക്ഷാത്ക്കാരത്തിനു വന്നതാണു് അയാളും. അത്രയ്ക്കങ്ങോട്ടു് ആയിട്ടില്ല. അത്രമാത്രം.
“ആരെക്കാണാനാണു പോകുന്നതു്?”
“നാലു സന്ന്യാസിബ്ലോഗര്‍മാരെ കാണാന്‍” ഞാന്‍ പറഞ്ഞു.
“ഹിമാലയം മുഴുവന്‍ ബ്ലോഗര്മാരല്ലേ. ആരെയാണു കാണേണ്ടതു്?”
“യാത്രാമൊഴി, വക്കാരി, ഇഞ്ചിപ്പെണ്ണു്, ചിത്രകാരന്”
“ഇഞ്ചിപ്പെണ്ണിനെ കാണാന്‍ നിവൃത്തിയില്ല. തപസ്സുചെയ്തുകൊണ്ടിരുന്ന ഹിമപ്പലകയുടെ കീഴ്ഭാഗത്തു് ഒരു പിക്കാസു കൊണ്ടു വെട്ടി നോക്കിയതിന്റെ ഫലമായി അതു പൊട്ടി മഞ്ഞിനടിയിലേക്കു പോയി. ഹിമപ്പലക ബീറ്റാ വേര്‍ഷനായിരുന്നു എന്നും അതില്‍ ആദ്യമായി വെട്ടിയതു താനായിരുന്നു എന്നും ഒക്കെ ഇടയ്ക്കിടെ മഞ്ഞിനടിയില്‍ നിന്നു പറയുന്നതു കേള്‍ക്കാം. പിന്നെ ആരെങ്കിലും വീണാല്‍ ആര്‍ത്തട്ടഹസിക്കുന്നതും കേള്‍ക്കാം.”
“കഷ്ടമായിപ്പോയി. ബാക്കിയുള്ളവരോ?”
“ബാക്കിയുള്ളവര്‍ അവിടെയുണ്ടു്. പക്ഷേ തിരിച്ചറിയാന്‍ പറ്റില്ല.”
“അതെന്താ? അവരെ തിരിച്ചറിഞ്ഞു ഫോട്ടൊയെടുത്തു് ഓരോരുത്തരുടെയും പേരു സഹിതം ബ്ലോഗിലിടാനാണു ഞാന്‍ വന്നതു്.”
“അവരോടു ചോദിച്ചേ ആരാണെന്നു മനസ്സിലാക്കാന്‍ പറ്റൂ. അവര്‍ മൂവരും ദാ അവിടെയുണ്ടു്.”
ഞാന്‍ നോക്കി. തറ വരെ മുട്ടുന്ന നരച്ച താടിയുമായി മൂന്നു ഋഷിവര്യന്മാര്. തേജസ്സു തുളുമ്പുന്ന മുഖങ്ങള്‍.
“പക്ഷേ ഒരു കാര്യം,” പോകാന്‍ തുടങ്ങിയ എന്നോടു ചിന്നന് പറഞ്ഞു.
“ബ്ലോഗെഴുത്തിന്റെ നൈരന്തര്യം കൊണ്ടു് അവര്‍ക്കു വലിയ വ്യതിയാനം വന്നിരിക്കുന്നു.”
“അതെന്താ?”
“യാത്രാമൊഴി ഇപ്പോള്‍ സത്യം മാത്രമേ പറയൂ.”
“അതെന്താ, അദ്ദേഹത്തിനു പണ്ടു് ആ അസുഖമുണ്ടായിരുന്നില്ലല്ലോ.”
“പക്ഷേ, വക്കാരി കള്ളം മാത്രമേ പറയൂ.”
“അയ്യോ, അതെന്താ?”
“സത്യവും കള്ളവും ആപേക്ഷികമാണന്നാണു് അദ്ദേഹത്തിന്റെ വാദം. എപ്പോഴും കള്ളം പറയുന്നു എന്ന കാര്യം വെളിവാക്കി സംസാരിച്ചാല്‍ അതും സത്യമല്ലേ എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം.”
“മനസ്സിലായില്ല.”
“ഉദാഹരണത്തിനു്, അഞ്ചും അഞ്ചും കൂട്ടിയാല്‍ പത്താണോ എന്നു ചോദിച്ചാല്‍ വക്കാരി അല്ല എന്നു പറയും.”
“അതു കൊള്ളാം. പണ്ടാണെങ്കില്‍ “പത്താണെന്നു വെയ്ക്കുക. അപ്പോള്‍ പത്തല്ലാത്ത ഒരുത്തന് പത്താണെന്നു പറഞ്ഞാല്‍ നമ്മുടെ പത്തും അവന്റെ പത്തും ചേര്‍ന്ന പത്താണോ അതോ അവന്റെ പത്തും നമ്മുടെ പത്തും ചേര്‍ന്ന പത്താണോ എന്നു നിര്‍വ്വചിക്കണം. അതിനെപ്പറ്റി പഠിക്കണം. അതു പഠിക്കാന്‍ ഇപ്പോള്‍ നിവൃത്തിയില്ലാത്തതുകൊണ്ടു് നമുക്കു പത്താകാതിരിക്കാന്‍ പറ്റുമോ എന്നു നോക്കണം. ആകെ കണ്‍ഫ്യൂഷനായി.” എന്നു പറഞ്ഞേനേ.”
“തോക്കിനകത്തു കയറി ഇരുന്നു വെടിവെയ്ക്കാതെ മനുഷ്യാ. വക്കാരിയുടെ അഭിപ്രായത്തില്‍ അതു വലിയ കാര്യമാണു്. അല്ല എന്നു കേട്ടാല്‍ ആണു് എന്നതാണു ശരി എന്നു മനസ്സിലാക്കി നമുക്കു് ഉത്തരം ശരിയായിത്തന്നെ കിട്ടുമല്ലോ. അപ്പോള്‍ ശരി പറയുന്നവനും തെറ്റു പറയുന്നവനും വ്യത്യാസമില്ലെന്നു മനസ്സിലായില്ലേ?”
“ഇല്ല. ഇരിങ്ങലിന്റെ കവിത ഇതിലും മനസ്സിലാവും. ആട്ടേ, ചിത്രകാരന്റെ സ്ഥിതിയെന്താ?”
“പാവം. അങ്ങേര്‍ക്കു വട്ടായി.”
“പിന്നെ ഈ ബൂലോഗത്തില്‍ വട്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അങ്ങേരെ കമ്പ്ലീറ്റ് സ്ഥലത്തു നിന്നും ബ്ലോക്കു ചെയ്തിരിക്കുകയല്ലേ?”
“അതല്ലെടോ. ഈ തെറ്റു്, ശരി എന്നൊക്കെ പറയുന്നതു വെറും മിഥ്യയാണെന്നാണു് അദ്ദേഹം പറയുന്നതു്. ഒന്നും ശരിയുമല്ല, തെറ്റുമല്ല എന്നാണു് അദ്ദേഹത്തിന്റെ വാദം.”
“അപ്പോള്‍ അയാള്‍ ഒന്നും പറയില്ലായിരിക്കും.”
“അല്ല, അദ്ദേഹം എന്തെങ്കിലും പറയും. ചോദ്യത്തിന്റെ ഉത്തരമല്ല.”
“ഓ, ഈ ഉമേഷും പണിക്കരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ?”
“അത്രയും പ്രശ്നമില്ല. ഒന്നുകില്‍ Yes എന്നു പറയും, അല്ലെങ്കില്‍ No എന്നു പറയും. തോന്നുന്നതു പോലെ. ചോദ്യത്തിന്റെ ഉത്തരമായിരിക്കുകയില്ല.”
“Yes-ഉം No-യും മാത്രമോ?”
“അതു ഞാന്‍ പറഞ്ഞില്ലേ? ശ്ശോ, മറന്നുപോയി. ഇവരു മൂന്നു പേരും ഇപ്പോള്‍ Yes, No എന്നീ വാക്കുകള്‍ മാത്രമേ പറയൂ.”
“ഇതു പഴയ പസ്സിലു പോലെയാണല്ലോ. സ്വര്‍ഗ്ഗത്തിലും നരകത്തിലും പോകുന്ന വഴികളുടെ നടുക്കു നില്ക്കുന്നവരോടു വഴി ചോദിക്കുന്നതുപോലെ. ഒരുത്തനോടു ചോദിച്ചാല്‍ ഇതു പറയുമോ എന്നു മറ്റവനോടു ചോദിക്കുക. ഇത്തരം ഒരുപാടു പസ്സില്‍ ഞാന്‍ കേട്ടിട്ടൂണ്ടു്”
“പക്ഷേ, ഒരു കുഴപ്പം”
“അതെന്താ?”
“അവര്‍ Yes, No എന്നല്ല പറയുന്നതു്.”
“താനല്ലേ പറഞ്ഞതു് ആണെന്നു്? ഇതു് ഉമേഷു മനുസ്മൃതിയെപ്പറ്റി പറഞ്ഞതു പോലെ ആയല്ലോ. ആദ്യം പ്രസക്തിയുണ്ടെന്നു പറയും. പിന്നെ ഉരുണ്ടു കളിച്ചു് ഇല്ലെന്നു പറയും. ആദ്യം അതു പറഞ്ഞിട്ടു് ഇപ്പോള്‍ പ്ലേറ്റു മാറ്റുന്നോ?”
“Yes, No എന്നിവയ്ക്കു് അവരുടെ ഭാഷയിലുള്ള വാക്കു പറയും.”
“അവര്‍ക്കു ഭാഷയുണ്ടോ?”
“ഉണ്ടു്. വിശ്വപ്രഭ, ആദിത്യന്, കണ്ണൂസ് തുടങ്ങിയ ഋഷിവര്യന്മാര് ഉണ്ടാക്കിയ ഭാഷ.”
“അപ്പോള്‍ എന്താണു് അതിലെ വാക്കുകള്‍?”
“രണ്ടു വാക്കുണ്ടു്. ഒന്നു ഹ്രീഹ്ലാദം. മറ്റേതു ജഞ്ജലിപ്പു്.”
“ഇതു് എന്തോന്നു വാക്കുകള്‍? ഇതില്‍ ഏതാണു Yes, ഏതാണു No?”
“അതെനിക്കറിയില്ല.”
“തനിക്കറിയില്ലേ?”
“എനിക്കറിയില്ല. അതിലൊന്നു് Yes-ഉം മറ്റേതു No-യും ആണെന്നറിയാം. അതറിയാനാണോ താന്‍ വന്നതു്?”
“അല്ല. എനിക്കതറിയേണ്ട കാര്യവുമില്ല. എനിക്കു് ഇവരില്‍ ആരാണു യാത്രാമൊഴി, ആരാണു വക്കാരി, ആരാണു ചിത്രകാരന് എന്നറിയണം, അത്രേ ഉള്ളൂ.”
“ഓക്കേ, ഗുഡ് ലക്ക്. അവരോടു ചെന്നു ചോദിച്ചു മനസ്സിലാക്കൂ.”
“പക്ഷേ, എനിക്കു് ഇവരുടെ ഭാഷ അറിയില്ലല്ലോ”
“അതറിയണ്ടാ. അവര്‍ക്കു് എല്ലാ ഭാഷയും അറിയാം. നിങ്ങള്‍ക്കു് അവരോടു എന്തു വേണമെങ്കിലും എത്ര നേരം വേണമെങ്കിലും പറയാം.”
“ഓക്കേ, താങ്ക്സ്.”
“പിന്നെ ഒരു കാര്യം. Yes, No എന്നുത്തരം വരുന്ന മൂന്നു ചോദ്യങ്ങള്‍ ചോദിക്കാം. മൂന്നു മാത്രം.”
“അപ്പോള്‍ മൂന്നു പേരോടും മൂന്നു ചോദ്യങ്ങള്‍ വീതം. ഒമ്പതെണ്ണം, അല്ലേ?”
“അല്ല, മൂന്നു പേരോടും കൂടി മൂന്നു്.”
“ഒരാളോടു് ഒരു ചോദ്യമോ?”
“നിര്‍ബന്ധമില്ല. മൂന്നും ഒരാളോടു തന്നെ ചോദിക്കാം. രണ്ടെണ്ണം ഒരാളോടും ഒന്നു മറ്റൊരാളിനോടും ചോദിക്കാം. അല്ലെങ്കില്‍ മൂന്നു പേരോടും ഓരോന്നു ചോദിക്കാം. ഒരാള്‍ പറഞ്ഞ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ചോദ്യം ഉണ്ടാക്കാം.”
“അതെളുപ്പമാണല്ലോ. ഈ ചോദ്യത്തിനു് വക്കാരി Yes എന്നര്‍ത്ഥം വരുന്ന വാക്കു പറയുമോ എന്നു ചോദിക്കാം. വക്കാരിയ്ക്കു് ഉത്തരം മുട്ടും.”
“ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍ വിവരമറിയും. ഇതു കണ്ടോ?”
ഞാന്‍ നോക്കി. ഒരു വലിയ ബോര്‍ഡില്‍ ലോകത്തുള്ള എല്ലാ ഭാഷയിലും എഴുതി വെച്ചിരിക്കുന്നു: “ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല-ബൂലോഗപ്പോലീസ്”
“ചോദിച്ചാല്‍ എന്തു ചെയ്യും?”
“ബാന്‍ ചെയ്യും. ബ്ലോക്കു ചെയ്യും. ലിംഗപരിശോധന നടത്തും. മാനേജരെ വിളിച്ചു പറഞ്ഞുകൊടുക്കും. വര്‍മ്മമാരുടെ രൂപത്തില്‍ വന്നു പേടിപ്പിക്കും…”
“ഇതു പുലിവാലായല്ലോ. അപ്പോള്‍ ഇവരെ കണ്ടുപിടിക്കാന്‍ വഴിയൊന്നുമില്ലേ?”
“ഉണ്ടു്, പക്ഷേ ഇപ്പോള്‍ പറയാന്‍ സമയമില്ല. എന്റെ അടുത്ത പോസ്റ്റില്‍ എഴുതാം.”
“ആട്ടേ, നിങ്ങളുടെ പേരു് ഷിജു എന്നാണോ?”
“ആണല്ലോ. ഷിജു അലക്സ്. എങ്ങനെ മനസ്സിലായി?”
“നിങ്ങള്‍ എന്തൊക്കെയോ ഒരുപാടു പറഞ്ഞു. വളരെയധികം വിശദീകരിക്കുകയും ചെയ്തു. അവസാനം എനിക്കൊന്നും മനസ്സിലായുമില്ല. അപ്പോഴേ തോന്നിയതാണു്. അത്യാവശ്യമായി അറിയേണ്ട കാര്യം അടുത്ത പോസ്റ്റിലെഴുതാം എന്നു കേട്ടപ്പോള്‍ ഉറപ്പായി…”
“താനാളു കൊള്ളാമല്ലോ. ഞാന്‍ പോകട്ടേ. ഒരു നക്ഷത്രം മരിക്കാറായി. അതിനു് അന്ത്യകൂദാശ കൊടുക്കാന്‍ പോകുകയാണു ഞാന്‍…”
“ഒരു മിനിട്ടു നില്ക്കണേ. ഞാന്‍ മനസ്സിലാക്കിയതു ചോദിക്കട്ടേ…”
“ഞാന്‍ വേണമെങ്കില്‍ പടം വരച്ചു് എക്സ്പ്ലെയിന് ചെയ്യാം…”
“എന്റെ പൊന്നുംകൊടത്തു ഷിജുവേ, പടം വരയ്ക്കല്ലേ. ഞാന്‍ പറയാം”.
- ഇവര്‍ ഹ്രീഹ്ലാദം, ജഞ്ജലിപ്പു് എന്നു രണ്ടു വാക്കേ പറയൂ. ഇവയില്‍ ഒന്നിന്റെ അര്‍ത്ഥം Yes എന്നും മറ്റേതിന്റേതു No എന്നുമാണു്.
- യാത്രാമൊഴി സത്യമേ പറയൂ. വക്കാരി കള്ളമേ പറയൂ. ചിത്രകാരന് എന്തെങ്കിലും പറയും. എന്തു പറഞ്ഞാലും ഇവര്‍ “ഹ്രീഹ്ലാദം”, “ജഞ്ജലിപ്പു്” ഇവയിലൊന്നേ പറയൂ.
- ആകെ മൂന്നു ചോദ്യമേ ചോദിക്കാവൂ. മൂന്നു ചോദ്യങ്ങളില്‍ നിന്നു് ആരു് ആരെന്നു കണ്ടുപിടിക്കണം.
“ശരിയാണു്. അപ്പോള്‍ ഞാന്‍ പോകട്ടേ…”
ഷിജു പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി.
നിങ്ങള്‍ക്കെന്നെ സഹായിക്കാമോ? മൂന്നേ മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് ഞാന്‍ എങ്ങനെ ഇവര്‍ ആരൊക്കെയാനെന്നു കണ്ടുപിടിക്കും?
ഇതു നല്ല ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണു്. അതിനാല്‍ ഉത്തരം അയയ്ക്കുമ്പോള്‍ നല്ലതുപോലെ ആലോചിച്ചിട്ടു് അയയ്ക്കുക.
ഇതൊരു trick question അല്ല. എന്തു ചോദിച്ചാലും ഇവര്‍ക്കറിയാം എന്നു വെയ്ക്കുക. ഉദാഹരണത്തിനു്, ചിത്രകാരനെ ചൂണ്ടിക്കാണിച്ചു് “ഇയാളോടു രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണോ എന്നു ചോദിച്ചാല്‍ ഹ്രീഹ്ലാദം എന്നു് ഉത്തരം പറയുമോ?” എന്നു ചോദിച്ചാല്‍, യാത്രാമൊഴിയും വക്കാരിയും അതിലൊന്നു പെട്ടെന്നു പറയും. ചിത്രകാരന് എന്തു പറഞ്ഞിരിക്കും എന്നൌ് അവര്‍ക്കറിയില്ല എന്നതു പ്രസക്തമല്ല. ചിത്രകാരന് പറയാന്‍ പോകുന്നതും അവര്‍ക്കറിയാം എന്നര്‍ത്ഥം.
[2007/02/25]: Some clues:
- ഇതുപോലെയുള്ള മറ്റു ചില പ്രശ്നങ്ങളില്‍ ഒരാള്‍ ഒന്നിടവിട്ടു സത്യവും കള്ളവും പറയുന്നുണ്ടു്. ഇവിടെ അങ്ങനെയല്ല. ഒരേ ചോദ്യം തന്നെ രണ്ടു തവണ ചോദിച്ചാല്‍ ചിത്രകാരന് രണ്ടുത്തരം പറയണമെന്നില്ല. അദ്ദേഹം എപ്പോഴും സത്യം തന്നെ പറഞ്ഞേക്കാം. (യാത്രാമൊഴിയുമായി അപ്പോള്‍ വ്യത്യാസമില്ല.) അല്ലെങ്കില്‍ എപ്പോഴും കള്ളം തന്നെ പറഞ്ഞേക്കാം. (അപ്പോള്‍ വക്കാരിയുമായും വ്യത്യാസമില്ല.) അല്ലെങ്കില്‍ തോന്നിയതുപോലെ പറയാം.
ചിത്രകാരന് ഒരു ചോദ്യത്തിന്റെ ഉത്തരമായി സത്യമാണോ കള്ളമാണോ പറയുന്നതു് എന്നു് ആര്‍ക്കും അറിയില്ല. ഇതാണു് ഈ പ്രശ്നത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ഉദാഹരണത്തിനു്, “5+5=10 ആണോ” എന്നു ചോദിയ്ക്കുമ്പോള്‍ ഒരാള്‍ Yes എന്നു പറഞ്ഞാല്‍ അയാള്‍ യാത്രാമൊഴിയോ ചിത്രകാരനോ ആവാം; No എന്നു പറഞ്ഞാല്‍ വക്കാരിയോ ചിത്രകാരനോ ആവാം.
- അടുത്ത വലിയ പ്രശ്നം അവര്‍ Yes/No അല്ല പറയുന്നതു് എന്നാണു്-ഹ്രീഹ്ലാദം/ജഞ്ജലിപ്പു് എന്നാണു്. അതിന്റെ അര്‍ത്ഥം നമുക്കറിയില്ല താനും!
- മൂന്നു് ആളുകള്‍ ഈ മൂന്നു പേരുമാകാന്‍ ആകെ 3!=6 കോംബിനേഷനുകള്‍ ഉണ്ടു്. (ആദ്യത്തെ ആള് മൂന്നുപേരില്‍ ആരും ആകാം. അയാളെ അറിഞ്ഞാല്‍ രണ്ടാമത്തേതു് ബാക്കിയുള്ള രണ്ടു പേരില്‍ ആരും ആകാം. അതു രണ്ടും അറിഞ്ഞാല്‍ മൂന്നാമത്തേതു് ആരാണെന്നു വ്യക്തം. അങ്ങനെ 3x2x1 = 6 തരത്തില്‍.) അതായതു്, number of variables = 6.
നമുക്കു മൂന്നു ചോദ്യം ചോദിക്കാം. അതിനു രണ്ടുത്തരങ്ങളില്‍ (ഹ്രീഹ്ലാദം/ജഞ്ജലിപ്പു്) ഒരെണ്ണം കിട്ടും. അതായതു നമുക്കു് 2x2x2 = 8 വിഭിന്നമായ ഉത്തരങ്ങള്‍ കിട്ടാം. ഇവയില്‍ നിന്നു് ആറെണ്ണത്തില്‍ ഒന്നാണെന്നു് അനുമാനിക്കാന്‍ സൈദ്ധാന്തികമായി സാദ്ധ്യമാണു്. അതായതു്, ഇതു് അസാദ്ധ്യമല്ല എന്നര്‍ത്ഥം.
- ഹ്രീഹ്ലാദം, ജഞ്ജലിപ്പു് എന്നിവയുടെ അര്‍ത്ഥം കൂടി കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ മുകളില്‍പ്പറഞ്ഞ number of variables 6×2 = 12 ആകും. മൂന്നുത്തരങ്ങളില്‍ നിന്നു കിട്ടുന്ന എട്ടു കോംബിനേഷനില്‍ നിന്നു് ഇതു കണ്ടുപിടിക്കാന്‍ പറ്റില്ല. അതിനാല്‍ അവയുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ ശ്രമിക്കാത്ത ഒരുത്തരമേ ശരിയാവുകയുള്ളൂ.
ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. സൂചനകള്‍ ഇവിടെ. ഉത്തരം ഇവിടെ.
Umesh::ഉമേഷ് | 24-Feb-07 at 3:04 am | Permalink
ബുദ്ധിപരീക്ഷയിലെ പുതിയ പ്രശ്നം-“ഹ്രീഹ്ലാദവും ജഞ്ജലിപ്പും”.
ബിന്ദു | 24-Feb-07 at 3:25 am | Permalink
അല്ല, യാത്രാമൊഴിയും അഞ്ജാതവാസിയാണോ? അതറിയില്ലായിരുന്നു.
അല്ല ഉമേഷ്ജിക്കെന്ത ഇപ്പോള്‍ അറിയേണ്ടത്? വക്കാരിയാരാന്നാണോ? കുറച്ചുനേരം സംസാരിച്ചാല്‍ മതിയല്ലൊ. ബെല്ലും ബ്രേക്കുമില്ലതെ സംസാരിച്ചാല്‍ വക്കാരി…. അങ്ങനെ അങ്ങനെ. :)(പസിലിന്റെ ഉത്തരം ആരെങ്കിലും പറയും)
ഏവൂരാന് | 24-Feb-07 at 4:31 am | Permalink
സീമയുടെ ചിത്രം, എന്റെ പ്രൊഫൈല്‍ ചിത്രം തുടങ്ങിയവ കൂടെ കൊണ്ടു പോയി, ഒന്നും മിണ്ടാതെയും ഉരിയാടാതെയും, ആ ചിത്രങ്ങള്‍, അവരുടെ ഓരോരുത്തരുടെയും മുഖത്തിനു വളരെ അടുത്തേക്ക് നീട്ടി പിടിച്ച്, അവിടെയുണ്ടാവുന്ന പ്രതികരണങ്ങളെ ശാസ്ത്രീയമായി റിച്ചര്‍ഡ് ടെയ്ലര് എന്ന ഭൌതിക ശാസ്ര്തജ്ഞനെക്കൊണ്ട് അപഗ്രഥിപിച്ച്…
ഓഫ് ഓഫ്. ഓഫിനു മാഫ്.. 🙂
സക്കീന | 24-Feb-07 at 7:09 am | Permalink
ഉമേഷ് ജീ,, റോബിന് എസ് ശര്‍മ്മയുടെ ഒരു പുസ്തകമുണ്ട്, “ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാരി”.
ഒരു വക്കീല്‍ തന്റെ സ്വത്തെല്ലാം വിറ്റ് ഹിമാലയത്തില്‍ ശിവാനി മഹര്‍ഷിമാരെ തേടി പോകുന്ന കഥ.
അവസാനം എറ്റേര്‍ണല്‍ വിസ്ഡം നേടി തിരിച്ച് അമേരിക്കയിലെത്തുന്നു. ആ ശിവാനി മഹര്ഷിമാരെങ്ങാനുമാണോ
ഈ ബ്ലോഗേഴ്സ് എന്നൊരു ശങ്ക. എന്നാല്‍ ഷിജു പറഞ്ഞതു പോലെ അവരെ സൂക്ഷിക്കണം. വിസ്ഡം മാത്രമല്ല, അവര്‍ക്ക് ശാപവും നല്കാന് കഴിഞ്ഞേക്കും. സൂക്ഷിക്കുക!
പെരിങ്ങോടന് | 24-Feb-07 at 8:52 am | Permalink
ഹാഹാ ക്രിയേറ്റീവ് റൈറ്റിങ് (ഈ വാക്ക് ഇപ്പോഴും പിന്നാലെ നില്ക്കുന്നു, സിബൂന്റെ ബ്ലോഗ് അവാര്ഡിനെഴുതിയതാണ്) ഇദ്ദാണ് ആ റൈറ്റിങ്. ബലഭേഷ് 🙂
മന്ഥര മാസിക ബൂലോഗം വേര്‍ഷന്‍ ഇറക്കാമോ ഉമേഷ്ജി??
chithrakaran | 24-Feb-07 at 11:52 am | Permalink
ന്റെ പൊന്ന് ഉമേഷെ !
ചിത്രകാരനെക്കൊണ്ട് താങ്കള്‍ക്ക് ഇത്ര വെഷമമുണ്ടെന്ന് അറിഞ്ഞില്ല.
വിഷയം നിസ്സാരരായ ബ്ലൊഗ് വ്യക്തിത്വങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും ചിരിച്ച് മണ്ണുകപ്പിക്കുന്ന പ്രയോഗങ്ങളാണ് മുഴുനീളം.
…..ഹ്രീഹ്ലാദവും …….. ജഞ്ജലിപ്പും
Shiju Alex | 24-Feb-07 at 1:12 pm | Permalink
ഉമേഷേട്ടാ\
എന്നെ കൊന്നു കൊലവിളിച്ചു അല്ലേ 🙂
എന്തായാലും ഈ പോസ്റ്റ് വഴി എങ്കിലും ഹിമാലയം കാണാന്‍ പറ്റിയല്ലോ 🙂
ചിത്രം വഴിയുള്ള വിശദീകരണം ഇനി കുറക്കാന്‍ നോക്കാം 🙂
ഷിജു
ikkaas | 24-Feb-07 at 4:29 pm | Permalink
umeshetante thalayil varacha vara ente sarirathinte ethenkilum oru bhagath varachirunnenki njaan pante raksha pettene!!
tholvi aadyam thanne sammathikkunnu. utharam ennenkilum publish cheyyum enn prathikshikkunnu.
കരീം മാഷ് | 24-Feb-07 at 4:55 pm | Permalink
കുറേ കാലത്തിനു ശേഷം നന്നായി ചിരിച്ച ഒരു ഉമേഷ്യപുരാണം.കലകലക്കന്‍
കുറുമാന് | 24-Feb-07 at 5:25 pm | Permalink
ഉമേഷ്ജി, ഉത്തരം അറിയില്ലെങ്കിലും, ഈ പൌലോസ് വായിച്ച് ചിരിച്ച് ഒരു വഴിക്കായി.
സന്തോഷ് | 24-Feb-07 at 6:33 pm | Permalink
ഹ ഹ ഹ…
പാവം ഷിജു!
francis | 25-Feb-07 at 12:43 pm | Permalink
ഉത്തരം 🙂
മൂന്നു ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മൂന്നുപേരും ഒരേ ചോദ്യത്തിനു ഉത്തരം പറയണം. ഉദാഹരണത്തിന് നിങ്ങള്‍ വക്കാരി ആണോ എന്നു ചോദിച്ചാല്‍ മൂന്നുപേരും ഉത്തരം പറയണം (ഹ്രീഹ്ലാദം, ജഞ്ജലിപ്പ്, ഹ്രീഹ്ലാദം) ഇങ്ങനെ ഉത്തരം പറയണം.
ചോദ്യം 1) നിങ്ങള്‍ വക്കാരി ആണോ?
ചോദ്യം 2) നിങ്ങള്‍ യാത്രാമൊഴി ആണോ?
ചോദ്യം 3) നിങ്ങള്‍ ചിത്രകാരന് ആണോ?
നിയമങ്ങള്‍:
ചോദ്യം 1) & ചോദ്യം 2) യാത്രാമൊഴി പറയുന്ന ഉത്തരം തന്നെ വക്കാരിക്കും പറഞ്ഞേ പറ്റൂ. (ഉദാ: ചോദ്യം ഒന്നിനു യാത്രാമൊഴി ഹ്രീഹ്ലാദം / ജഞ്ജലിപ്പ് എന്നു പറഞ്ഞു എന്നിരിക്കട്ടെ (സത്യം) – അപ്പോള്‍ വക്കാരിയും ഹ്രീഹ്ലാദം / ജഞ്ജലിപ്പ് എന്നു പറയേണ്ടി വരും (കള്ളം).
ചോദ്യം 3) യാത്രാമൊഴി പറയുന്ന ഉത്തരം വക്കാരിക്ക് പറയാന്‍ പറ്റില്ല. ഒരാള്‍ കള്ളം പറയണം, ഒരാള്‍ സത്യം പറയണം. യാത്രാമൊഴി ഹ്രീഹ്ലാദം എന്നു പറഞ്ഞാല്‍ വക്കാരി ജഞ്ജലിപ്പ് എന്നു പറയണം. യാത്രാമൊഴി ജഞ്ജലിപ്പ് എന്നുപറഞ്ഞാല്‍ വക്കാരി ഹ്രീഹ്ലാദം എന്നു പറയണം.
ചോദ്യം ഒന്നിന്റെയും രണ്ടിന്റെയും ഉത്തരങ്ങള്‍ ഒരുമിച്ച് നോക്കുക.
എട്ട് കോമ്പിനേഷനുകള്‍ കാണാന്‍ പറ്റും. (എഴുതിനോക്കു)
1)
ഹ്രീഹ്ലാദം ഹ്രീഹ്ലാദം ഹ്രീഹ്ലാദം
ജഞ്ജലിപ്പ് ജഞ്ജലിപ്പ് ഹ്രീഹ്ലാദം
ഇപ്പോള്‍ 3-ആമത്തെ ആള് ചിത്രകാരന് ആണ് (ഉത്തരം മാറുന്നില്ല)
അതുപോലെ
ഹ്രീഹ്ലാദം ഹ്രീഹ്ലാദം ജഞ്ജലിപ്പ്
ജഞ്ജലിപ്പ് ജഞ്ജലിപ്പ് ജഞ്ജലിപ്പ്
ഇപ്പോള്‍ 3-ആമത്തെ ആള് ചിത്രകാരന് ആണ് (ഉത്തരം മാറുന്നില്ല)
അതുപോലെ
ഹ്രീഹ്ലാദം ഹ്രീഹ്ലാദം ജഞ്ജലിപ്പ്
ജഞ്ജലിപ്പ് ജഞ്ജലിപ്പ് ഹ്രീഹ്ലാദം
ഇപ്പോള്‍ 3-ആമത്തെ ആള് ചിത്രകാരന് ആണ് (ഉത്തരം തല തിരിഞ്ഞുവരുന്നു)
ഇപ്പോഴും 3-ആമത്തെ ആള് ചിത്രകാരന് ആണ്.
ഇങ്ങനെ തിരിച്ചറിയാന്‍ പറ്റാത്തെ കോമ്പിനേഷനുകള്‍ 2 എണ്ണം മാത്രം.
1)
ഹ്രീഹ്ലാദം ഹ്രീഹ്ലാദം ഹ്രീഹ്ലാദം
ജഞ്ജലിപ്പ് ജഞ്ജലിപ്പ് ജഞ്ജലിപ്പ്
അല്ലെങ്കില്‍
2)
ജഞ്ജലിപ്പ് ജഞ്ജലിപ്പ് ജഞ്ജലിപ്പ്
ഹ്രീഹ്ലാദം ഹ്രീഹ്ലാദം ഹ്രീഹ്ലാദം
ഇനി മൂന്നാമത്തെ ചോദ്യം ചോദിക്കുക. അതില്‍ ഒരു ഹ്രീഹ്ലാദം, ഒരു ജഞ്ജലിപ്പ് എന്നിവ നിര്‍ബന്ധമായും വരണം (വക്കാരിയും യാത്രാമൊഴിയും ഒരേ ഒത്തരം പറയാന്‍ പറ്റില്ല: ഒന്ന് സത്യം, മറ്റേത് കള്ളം).
(ബാക്കി പിന്നെ, ബോറ് അടിച്ചു 🙂 പക്ഷേ എനിക്ക് ഉത്തരം കിട്ടീ :-))) )
നിയമം 3) യാത്രാമൊഴിയുടെ ഒന്നാമത്തെ ഉത്തരം, രണ്ടാമത്തെ ഉത്തരം, മൂന്നാമത്തെ ഉത്തരം ഇവ തലതിരിഞ്ഞു വരണം. ഉദാ: ഹ്രീഹ്ലാദം, ജഞ്ജലിപ്പ്, ഹ്രീഹ്ലാദം അല്ലെങ്കില്‍ ജഞ്ജലിപ്പ്, ഹ്രീഹ്ലാദം, ജഞ്ജലിപ്പ് എന്നിവ മാത്രം.
ഉമേഷ്::Umesh | 25-Feb-07 at 4:53 pm | Permalink
ഫ്രാന്‍സിസ് മൂന്നു പേരോടും മൂന്നു വീതം മൊത്തം ഒമ്പതു ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഈ ഭാഗം കണ്ടില്ലായിരുന്നോ?
===========================
“പിന്നെ ഒരു കാര്യം. Yes, No എന്നുത്തരം വരുന്ന മൂന്നു ചോദ്യങ്ങള്‍ ചോദിക്കാം. മൂന്നു മാത്രം.”
“അപ്പോള്‍ മൂന്നു പേരോടും മൂന്നു ചോദ്യങ്ങള്‍ വീതം. ഒമ്പതെണ്ണം, അല്ലേ?”
“അല്ല, മൂന്നു പേരോടും കൂടി മൂന്നു്.”
“ഒരാളോടു് ഒരു ചോദ്യമോ?”
“നിര്‍ബന്ധമില്ല. മൂന്നും ഒരാളോടു തന്നെ ചോദിക്കാം. രണ്ടെണ്ണം ഒരാളോടും ഒന്നു മറ്റൊരാളിനോടും ചോദിക്കാം. അല്ലെങ്കില്‍ മൂന്നു പേരോടും ഓരോന്നു ചോദിക്കാം. ഒരാള്‍ പറഞ്ഞ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ചോദ്യം ഉണ്ടാക്കാം.”
===========================
ഫ്രാന്‍സിസിന്റെ ഉത്തരത്തില്‍ ഒരു തെറ്റു കൂടിയുണ്ടു്. ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രകാരനെ മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടു്. ഒരേ ചോദ്യം തന്നെ രണ്ടു തവണ ചോദിച്ചാല്‍ ചിത്രകാരന് രണ്ടുത്തരം പറയണമെന്നില്ല. അദ്ദേഹം എപ്പോഴും സത്യം തന്നെ പറഞ്ഞേക്കാം. (യാത്രാമൊഴിയുമായി അപ്പോള്‍ വ്യത്യാസമില്ല.) അല്ലെങ്കില്‍ എപ്പോഴും കള്ളം തന്നെ പറഞ്ഞേക്കാം. (അപ്പോള്‍ വക്കാരിയുമായും വ്യത്യാസമില്ല.) അല്ലെങ്കില്‍ തോന്നിയതുപോലെ പറയാം. ചിത്രകാരനോടു ചോദ്യം ചോദിക്കുന്നതു കഴിയുന്നത്ര ഒഴിവാക്കണം. (ഇതൊരു വലിയ ക്ലൂ ആണു്!)
ഇതുപോലെയുള്ള മറ്റു ചില പ്രശ്നങ്ങളില്‍ ഒരാള്‍ ഒന്നിടവിട്ടു സത്യവും കള്ളവും പറയുന്നുണ്ടു്. ഇവിടെ അങ്ങനെയല്ല. ചിത്രകാരന് ഒരു ചോദ്യത്തിന്റെ ഉത്തരമായി സത്യമാണോ കള്ളമാണോ പറയുന്നതു് എന്നു് ആര്‍ക്കും അറിയില്ല. ഇതാണു് ഈ പ്രശ്നത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ഉദാഹരണത്തിനു്, “5+5=10 ആണോ” എന്നു ചോദിയ്ക്കുമ്പോള്‍ ഒരാള്‍ Yes എന്നു പറഞ്ഞാല്‍ അയാള്‍ യാത്രാമൊഴിയോ ചിത്രകാരനോ ആവാം; No എന്നു പറഞ്ഞാല്‍ വക്കാരിയോ ചിത്രകാരനോ ആവാം. അടുത്ത വലിയ പ്രശ്നം അവര്‍ Yes/No അല്ല പറയുന്നതു് എന്നാണു്-ഹ്രീഹ്ലാദം/ജഞ്ജലിപ്പു് എന്നാണു്. അതിന്റെ അര്‍ത്ഥം നമുക്കറിയില്ല താനും!
ഒന്നുകൂടി ശ്രമിക്കുക. നന്ദി.
Kaippally ::കൈപ്പള്ള | 25-Feb-07 at 5:38 pm | Permalink
ഇതു വായിച്ചിട്ട്, എന്റ തല കാബേജ് പിളരുന്നതു കണക്ക രണ്ടായി പിളര്‍ന്നു.
ഇനി എടുത്ത് സൂപ്പ് ഉണ്ടാക്കിയാല്‍ മതി.
അനംഗാരി | 25-Feb-07 at 7:18 pm | Permalink
ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍ ഞാന്‍ എന്നേ നന്നായേനെ!
കണക്കിന് ഞാനെന്നും കണക്കായിരുന്നു.
ആരെങ്കിലും ഒന്ന് പറയടെ.ഇനി വക്കാരിയോ, അല്ലെങ്കില്‍ യാത്രാമൊഴിയോ, പറഞ്ഞാലും മതി.
സിദ്ധാര്ത്ഥന് | 26-Feb-07 at 7:13 am | Permalink
അഹാ ഗംഭീര അവതരണം.
ഗുരുക്കള്‍ പസിലിനു് ബിരിയാണി വാങ്ങിക്കൊടുത്തു.
വക്കാരിയെ കിട്ടാനുള്ള വഴി കിട്ടി. ചിത്രകാരനോടു ആദ്യം ചോദിക്കുന്ന ചോദ്യത്തിനു് അയാളെന്തുത്തരം പറയും എന്നു എല്ലാവരോടും ചോദിച്ചാല്‍ മതി. ഓഡ് മാന്‍ ഔട്ട്. പക്ഷേ ചോദ്യം തീര്‍ന്നു പോയി. മറ്റേ രണ്ടവന്മാരെക്കൂടെ ഒറ്റപ്പെടുത്താന്‍ നോക്കട്ടെ.
ഉമേഷ്::Umesh | 26-Feb-07 at 4:00 pm | Permalink
സിദ്ധാര്‍ത്ഥന്റേതു് വളരെ രസകരമായ നിരീക്ഷണം. അങ്ങനെയൊരു ചോദ്യത്തെപ്പറ്റി ഞാന്‍ ആലോചിച്ചേ ഇല്ല.
എങ്കിലും മൂന്നു ചോദ്യം കൊണ്ടു് ഒരാളെ മനസ്സിലാക്കാന്‍ “രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണോ” എന്നു ചോദിച്ചാല്‍ മതി. അവിടെയും ഓഡ് മാന്‍ ഔട്ട്.
ഒരാളെ കണ്ടുപിടിച്ചാല്‍ പിന്നെ എല്ലാവരെയും കണ്ടുപിടിക്കാന്‍ അയാളോടു് ഒരു ചോദ്യം കൂടി ചോദിച്ചാല്‍ മതി. (അതേതു ചോദ്യം?) അതായതു്, നാലു ചോദ്യത്തില്‍ നമുക്കു് എല്ലാവരെയും മനസ്സിലാക്കാം എന്നര്‍ത്ഥം.
മൂന്നു ചോദ്യം കൊണ്ടു് ഒരാളെ കിട്ടിയാല്‍ പോരാ. രണ്ടു ചോദ്യം കൊണ്ടു് ഒരാളെ മനസ്സിലാക്കണം. എങ്കില്‍ ഇതു ചെയ്യാം.
[അങ്ങനെയാണു ഞാന്‍ ചെയ്തതു്. വേറേ വഴിയുണ്ടോ എന്നറിയില്ല. ഇതിന്റെ ചോദ്യം മാത്രമേ എനിക്കു കിട്ടിയിരുന്നുള്ളൂ.]
ഒരുപാടു ക്ലൂസ് ആയോ?
കുറേ ക്ലൂസ് ഞാന്‍ പോസ്റ്റില്‍ത്തന്നെ ഇട്ടിട്ടുണ്ടു്. ആദ്യം വായിച്ചവര്‍ ഒന്നുകൂടി വായിക്കുക.
Peelikkutty!!!!! | 27-Feb-07 at 4:53 am | Permalink
സീമചേച്ചിയെയും ഒരു വാടിയ പൂവും തരാമെങ്കില്‍ ഞാനുത്തരം പറയാം.. 🙂
സീമ identifies വക്കാരി->ഓകെ
വിടര്‍ന്ന പൂവ് കണ്ടാല്‍ ഒരു വികാരവുമില്ലാത്ത സന്യാസി ഇതാ വികാരാധീനനായി ചാടി എഴുന്നേല്ക്കുന്നു..അതെ ഉറപ്പിച്ചൊ-യാത്രാമൊഴി!
ചിത്രകാരന് ചേട്ടാ..ചിത്രകാരന് ചേട്ടാന്നു ഇത്തിരി ദേഷ്യത്തില്‍ ഒന്നു വിളിച്ചാ മതി.. ഏതു തപസ്സിലാണെങ്കിലും പ്രതികരണം ഉറപ്പ്:
‘ചിത്രകാരന്‘ ധ്യാനത്തിലാണു വത്സെ!
പസ്സില്‍ വായിച്ച് വട്ടായി…ബ്രെയ്ന്‍ മസാജര്‍ കിട്ട്വൊന്നു നോക്കട്ടെ 🙂
kannus | 27-Feb-07 at 5:49 am | Permalink
ഉമേഷേ, ഒരു സംശയ. ഫ്രീഹ്ലാദത്തിന്റെ അര്‍ത്ഥമെന്താ എന്നിവരോട് ചോദിച്ചാല്‍ അതിനും ഉത്തരം ഫ്രീഹ്ലാദം / ജഞ്ജലിപ്പ് എന്നായിരിക്കുമോ അതോ ശരി / തെറ്റ് ഇവയിലേതെങ്കിലും പറയുമോ?
എനിക്ക് യാത്രാമൊഴിയെ കണ്ടാല്‍ അറിയാം എന്നതു കാരണം, ഞാന്‍ ഈ പസിലില് പങ്കെടുക്കുന്നത് ശരിയല്ല. അല്ലെങ്കില്‍ ഞാന്‍ എപ്പോ പറഞ്ഞു ഉത്തരം എന്ന് ചോദിച്ചാല്‍ പോരേ?
Sandeep | കരിങ്കല്ല് | 27-Feb-07 at 12:50 pm | Permalink
Umesh,
Oops!! I kind of made a mistake.
I solved it and in the excitement, I put the solution as an entry in my blog. I just overlooked the fact that the question is just 3-4 days old.
Anyway I’ve withdrawn the post. Just pasting it here.
I hope(?) that my post was not read by many. 🙁
– Sands.
PS: Can you please remove the first comment of mine?
—-
വക്കാരിയെ ഉത്തരം മുട്ടിക്കുക!!
അതെ, അതു തന്നെ. വക്കാരിയെ ഉത്തരം മുട്ടിക്കലാണു ഉമേഷിനുള്ള ഉത്തരം. ബുദ്ധിപരീക്ഷക്കുള്ള മറുപടിയാണീ പോസ്റ്റ്.
ശരി, അവിടെ ചോദിച്ച ചോദ്യത്തിനുത്തരം ഇവിടെയോ! അതു ശരിയോ?
ചോദ്യത്തിനുള്ള ക്രെഡിറ്റ് ഉമേഷ് എടുത്തോളൂ. ഉത്തരത്തിനുള്ളത് ഞാനും. മാത്രമല്ല, ഇവിടെ കൊടുത്താല്‍ എനിക്ക് കുറച്ച് പബ്ലിസിറ്റിയും കിട്ടും. 🙂 ഐഡിയ എപ്പടി?
എന്നാല്‍ ഉത്തരത്തിലേക്കു കടക്കാം.
ഹ്രീഹ്ളാദമാണോ ജഞ്ജലിപ്പാണൊ {യെസ്}/{നോ} എന്നു അറിയേണ്ടതില്ല.
താഴെ പറയുന്ന ചോദ്യം ഏതെങ്കിലും 2 പേരോട് ചോദിക്കുക. അവരുടെ ഉത്തരത്തില്‍ നിന്നു നമുക്കു വക്കാരിയെ പിടികിട്ടും. പിന്നെ വക്കാരിയോടു അവസാനത്തെ ചോദ്യം. അതില്‍ നിന്നു മറ്റുള്ളവരേയും പിടികിട്ടും.
ചോദ്യം: വക്കാരിയോടുള്ള ചോദ്യത്തിനു ശരി എന്നര്‍ത്ഥമുള്ള വാക്കായിരിക്കും വക്കാരി ഉത്തരമായി പറയുക. – ശരിയോ, തെറ്റോ?
ഇതിനുള്ള ഉത്തരങ്ങള്‍ എങ്ങനെ ആയിരിക്കും?
വക്കാരി: ശരി എന്നുത്തരം പറഞ്ഞാല്‍, പറയുന്നതു സത്യമാകും. തെറ്റ് എന്നു പറഞ്ഞാലോ? – ചോദ്യത്തിലെ വാചകം തെറ്റാവും, അപ്പോള്‍ വക്കാരി പറയുന്നതു സത്യവും. ചുരുക്കിപ്പറഞ്ഞാല്‍ വക്കാരിക്കു ഉത്തരം മുട്ടും. (this explanation might be a little confusing for you. If yes, Please tell me, I shall try to find a better way to explain)
യാത്രാമൊഴി: ഉത്തരം പറയാന്‍ വക്കാരിക്കു സാധിക്കില്ലാ എന്നു അറിയാവുന്ന കാരണം, “തെറ്റു്” എന്നു വ്യക്തമായി ഉത്തരം പറയാന്‍ സാധിക്കും.
ചിത്രകാരന്: ഇദ്ദേഹം എന്തെങ്കിലും പറയും! (ഹൂ കെയേഴ്സ് about a ഡോണ്ട്-കെയര്‍?)
അപ്പോള്‍ 2 പേരോടു ചോദിചു കഴിഞ്ഞാല്‍ എന്തു സംഭവിക്കും?
ഒന്നുകില്‍ 2 പേരും എന്തെങ്കിലും പറഞ്ഞിരിക്കും. – അങ്ങനെയെങ്കില്‍, 3-ആമത്തെ ആളാണു വക്കാരി.
ആല്ലെങ്കില്‍ ഒരാള്‍ ഉത്തരം പറയാതിരിക്കും. – ഇങ്ങനെയാണെങ്കില്‍, ഉത്തരം മുട്ടിയ ആളാണു വക്കാരി. (ഇതു ആദ്യത്തെ ചോദ്യത്തിലും സംഭവിക്കാവുന്നതാണ്)
ശരി, ഇനി വക്കാരിയെക്കൊണ്ടു ചിത്രകാരനെ കണ്ടുപിടിക്കാം.
(വക്കാരിയൊഴികെയുള്ള 2 പേരില്‍ ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു്)
ചോദ്യം: ഞാന്‍ ചൂണ്ടിക്കാണിക്കുന്നതു ചിത്രകാരനെയെങ്കില്, വക്കാരി ശരി എന്നു പറയും. – ശരിയോ, തെറ്റോ?
ഇവിടെ വക്കാരി എന്തു പറയുമ്?
ഞാന്‍ ചൂണ്ടുന്നത് ചിത്രകാരനെയെങ്കില്: വക്കാരി ശരി എന്നു പറഞ്ഞാല്‍ ചോദ്യത്തിലെ വാചകം സത്യമാവും – അതുകൊണ്ടു വക്കാരി ശരി എന്നു പറയില്ല. ഇനി തെറ്റ് എന്നു പറഞ്ഞാലോ? വാചകം തെറ്റും ആവും, വക്കാരി പറയുന്നതു സത്യവും ആവും. അതുകൊണ്ടു്, വക്കാരി മിണ്ടില്ല.
ഞാന്‍ ചൂണ്ടുന്നത് ചിത്രകാരനെയല്ലെങ്കില്: വക്കാരി എന്തെങ്കിലും പറയും – എന്തു പറഞ്ഞലും അതു അസത്യമായിരിക്കും. (This is very easy to confirm. Why don’t you do it for yourself – if you don’t trust me)
നമുക്കിതു മതി. വക്കാരി മറുപടി തന്നാല്‍ , ഞാന്‍ ചൂണ്ടിയതു യാത്രാമൊഴിയെയാണെന്നു മനസ്സിലവുമല്ലൊ. ഇനി ഉത്തരം പറഞ്ഞില്ലെങ്കിലൊ? ഞാന്‍ ചൂണ്ടിക്കാണിച്ചതു് ചിത്രകാരനെയും.
ഇത്രേ ഉള്ളൂ…
ഉമേഷ്ജീ, ഉത്തരം ശരിയല്ലേ? ഞാന്‍ നിയമങ്ങള്‍ ഒന്നും തെറ്റിച്ചില്ലല്ലോ?
Sandeep.
ഉമേഷ്::Umesh | 27-Feb-07 at 3:36 pm | Permalink
കണ്ണൂസേ,
ഇവര്‍ മൂന്നുപേരും ഹ്രീഹ്ലാദം, ജഞ്ജലിപ്പു് എന്ന രണ്ടു വാക്കുകള്‍ മാത്രമേ പറയൂ.
കരിങ്കല്ലേ,
പോരല്ലോ. ഒന്നാമതായി, ഉത്തരം മുട്ടിയോ എന്നു നോക്കി ആളെ മനസ്സിലാക്കുന്ന രീതിയല്ല ഇവിടെ. (ഇതു് ചോദ്യത്തില്‍ത്തന്നെ എഴുതണമെന്നുണ്ടായിരുന്നു. കണ്‍ഫ്യൂഷനില്ലാതെ എങ്ങനെ എഴുതണം എന്നു് അറിയില്ലായിരുന്നു. “ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുതു്” എന്നോ “ഉത്തരം പറയാന്‍ എടുക്കുന്ന സമയം നോക്കി നിഗമനത്തിലെത്തരുതു്” എന്നോ മറ്റോ. അതുകൊണ്ടാണു് ഞാന്‍ ഇങ്ങനെ എഴുതിയതു്:
==================================
“പിന്നെ ഒരു കാര്യം. Yes, No എന്നുത്തരം വരുന്ന മൂന്നു ചോദ്യങ്ങള്‍ ചോദിക്കാം. മൂന്നു മാത്രം.”
==================================
അതായതു്, ചോദ്യത്തിനു് Yes എന്നോ No എന്നോ ഉത്തരം വ്യക്തമായി ഉണ്ടായിരിക്കണം എന്നു്.
ഒന്നുകൂടി ശ്രമിച്ചുനോക്കൂ.
എന്തായാലും കരിങ്കല്ലു പറഞ്ഞ ഉത്തരം വളരെ രസകരമാണു്. ഇതു് ഞാന്‍ ഇങ്ങനെയാണു മനസ്സിലാക്കിയതു്:
ആദ്യത്തെ ചോദ്യം: ഈ ചോദ്യം ഞാന്‍ വക്കാരിയോടു ചോദിച്ചാല്‍ അതിന്റെ ഉത്തരമായി വക്കാരി “ശരി” എന്നര്‍ത്ഥമുള്ള വാക്കു പറയുമോ?
വക്കാരിക്കു് ഒന്നും പറയാന്‍ പറ്റില്ല. കാരണം “ശരി” എന്നു പറഞ്ഞാല്‍ വക്കാരി സത്യം പറഞ്ഞു എന്നാവും. “തെറ്റു്” എന്നു പറഞ്ഞാലും വക്കാരി സത്യം പറഞ്ഞു എന്നാവും.
ഇതു യാത്രാമൊഴിയോടു ചോദിച്ചാല്‍, വക്കാരി ഒന്നും പറയില്ല എന്നറിയാവുന്ന അദ്ദേഹം, “തെറ്റു്” എന്നര്‍ത്ഥമുള്ള വാക്കു പറയും. ചിത്രകാരനും എന്തെങ്കിലും വാക്കു പറയും.
അപ്പോള്‍, രണ്ടു പേരോടു ചോദിച്ചിട്ടു്, ഉത്തരം മുട്ടുന്ന ആള് വക്കാരി ആണെന്നു തീരുമാനിക്കുക.
രണ്ടാമതായി, വക്കാരിയൊടു് ഈ ചോദ്യം ചോദിക്കുക.
(ഒരാളെ ചൂണ്ടിക്കാണിച്ചിട്ടു്) “ഇതു ചിത്രകാരനാണെങ്കില്‍ ഈ ചോദ്യത്തിനുത്തരമായി വക്കാരി Yes എന്നര്‍ത്ഥമുള്ള വാക്കു പറയും, അല്ലെങ്കില്‍ “No” എന്നര്‍ത്ഥമുള്ള വാക്കു പറയും. Yes or No ?”
അതു ചിത്രകാരനാണെങ്കില്‍, “ചിത്രകാരനാണോ” എന്നു ചോദിച്ചാല്‍ വക്കാരി “No” എന്നു പറയും. വക്കാരി “Yes” എന്നു പറയുമോ എന്നു ചോദിച്ചാല്‍ “No” എന്നാണു് ഉത്തരം. പക്ഷേ പറയുന്നതു വക്കാരിയായതുകൊണ്ടു് “Yes” എന്നു പറയും. അപ്പോള്‍ വക്കാരി Yes എന്നു പറയും എന്നതു സത്യമാവും. അതു വക്കാരിക്കു പറ്റില്ല. ഇനി No എന്നു പറഞ്ഞാല്‍, വക്കാരി Yes എന്നു പറയും എന്നതു തെറ്റാണു് എന്നു വക്കാരി പറഞ്ഞതു ശരിയാകും. അതും വക്കാരിയ്ക്കു പറയാന്‍ പറ്റില്ല.
ഇനി ചൂണ്ടിക്കാണിക്കുന്നതു യാത്രാമൊഴിയാണെന്നിരിക്കട്ടേ. “ഇതു ചിത്രകാരനല്ലെങ്കില്‍ വക്കാരി No എന്നു പറയുമോ” എന്നാണു ചോദ്യം. ഇവിടെ രണ്ടുത്തരങ്ങള്‍:
1) Yes എന്നു പറഞ്ഞാല്‍ അതു് അസത്യമാണു് (കാരണം No അല്ല പറഞ്ഞതു്)
2) No എന്നു പറഞ്ഞാല്‍ അതും അസത്യമാണു് (കാരണം ചിത്രകാരന് അല്ലെങ്കില്‍ No എന്നു വക്കാരി പറയുമോ എന്ന ചോദ്യത്തില്‍ നിന്നു് അസത്യമാണു് ഇവിടെ ഉദ്ദേശിക്കുന്നതു് എന്നു്).
അപ്പോള്‍ വക്കാരി എന്തെങ്കിലും ഉത്തരം പറയും എന്നര്‍ത്ഥം.
ഏതായാലും ഈ ഉത്തരവും ഞാന്‍ പ്രസിദ്ധീകരിക്കാം. പക്ഷേ, ഇതല്ല ഇതിന്റെ ഉത്തരം. ചോദ്യത്തില്‍ ഇതുകൂടി ചേര്‍ക്കുക:
============================================
Yes എന്നോ No എന്നോ വ്യക്തമായ ഉത്തരമുള്ള ചോദ്യങ്ങളേ ചോദിക്കാവൂ. അല്ലെങ്കില്‍ നിങ്ങള്‍ നില്ക്കുന്ന ഹിമഫലകം പൊളിഞ്ഞു താഴെപ്പോകും. (ശ്ശോ, അങ്ങനെയാണു് ഇഞ്ചിപ്പെണ്ണു താഴെപ്പോയതെന്നു പറയാമായിരുന്നു-കൊനഷ്ടു ചോദ്യം ചോദിച്ചു്)
============================================
കരിങ്കല്ലിനു നന്ദി. താങ്കള്‍ വളരെ അടുത്തെത്തി. ഒന്നുകൂടി ശ്രമിക്കൂ.
ഉമേഷ്::Umesh | 27-Feb-07 at 4:01 pm | Permalink
കരിങ്കല്ലിന്റെ കമന്റിന്റെ അടിസ്ഥാനത്തില്‍ ചോദ്യത്തില്‍ ഒരു ഭാഗം കൂടി ചേര്‍ത്തു. കൂട്ടത്തില്‍ ഷിജുവിനു് ഒരു പാരയും കൂടി പണിയുകയും ചെയ്തു.
പോസ്റ്റ് ഒന്നുകൂടി വായിക്കുക.
Sandeep | കരിങ്കല്ല് | 27-Feb-07 at 8:32 pm | Permalink
I dont have keyman installed – hence English. (Please tell me if you know how to get it done in Vista)
#1. My solution was right according to the question which was published initially.
#2. Not being able to answer is not really my fault. I’m just exploiting the weakness in Vakkari’s Policy. My question definitely is yes/no question.
So, it was not that I reached “near the solution”, I really got it.
Just wanted to tell this to you. (I dont think you need to publish this comment. I am afraid of those people waiting for a flame war. Anyway your wish 🙂 )
However, it is a nice little problem. I should work on the updated one. Hopefully, I’ll come up with a solution.
Cheers,
Sandeep.
ഇഞ്ചിപ്പെണ്ണ് | 27-Feb-07 at 8:40 pm | Permalink
ഉമേഷേട്ടാ,
ഞാന്‍ ഒരു ചോദ്യം ചോദിക്കുമ്പൊ മൂന്ന് പേര്‍ക്കും ഒരുമിച്ച് ഉത്തരം തരാമൊ? ചോദ്യം അല്ലേ മൂന്നുള്ളൂ? ഉത്തരം മൂന്ന് പേര്‍ക്കും ഒരു ചോദ്യത്തിനു തന്നെ തരാമൊ? അപ്പോള്‍ എനിക്ക് ഒരു ചോദ്യത്തിനു മൂന്ന് ഉത്തരം കിട്ടുമല്ലൊ? അങ്ങിനെയാണെങ്കി കുറച്ചൂടെ എളുപ്പമാവുമല്ലെ, അതോണ്ട് അങ്ങിനെയായിരിക്കില്ലല്ലെ?
പിന്നെ ഞാന്‍ ഉമേഷേട്ടന്റെ ബ്ലോഗില്‍ നോക്കുമ്പൊ ഇത് കാണണില്ലല്ലൊ. അതോണ്ട് ഉമേഷേട്ടന് ബ്ലോഗില്‍ നിന്ന് ഇതിലേക്ക് ഒരു ലിങ്ക് കൊടുക്കൂ ഞാന്‍ അലഞ്ഞു തിരിഞ്ഞു മടുത്തു!
Umesh::ഉമേഷ് | 27-Feb-07 at 8:42 pm | Permalink
സന്ദീപ്(കരിങ്കല്ല്),
താങ്കളുടെ ഉത്തരം ഞാന്‍ അംഗീകരിച്ചു എന്നു പറഞ്ഞല്ലോ. ഇതിന്റെ ഉത്തരം പ്രസിദ്ധീകരിക്കുമ്പോള്‍ അതും പ്രസിദ്ധീകരിക്കും. പക്ഷേ, അതല്ല ഉദ്ദേശിച്ചിരുന്നതു്, അതിലും ലളിതമായ ഉത്തരമുണ്ടു് എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ.
ഇവിടെ ജയിച്ചോ തോറ്റോ എന്നതിനൊന്നും ഒരു പ്രസക്തിയുമില്ല. ആരുടെ കുറ്റം എന്നതിനും. ഞാനോ മറ്റാരെങ്കിലുമോ ഇതിനു സമ്മാനമൊന്നും തരുന്നുമില്ല. കൂടുതല്‍ ചിന്തിക്കാന്‍ അവസരമുണ്ടാക്കുക, അതു പങ്കുവെയ്ക്കുക എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. താങ്കളുടെ ഉത്തരവും അതിനു വഴിയൊരുക്കി.
എന്റെ ആദ്യത്തെ ചോദ്യമനുസരിച്ചു് താങ്കളുടെ ഉത്തരം ശരിയാണു്. ചോദ്യം നേരേ ചൊവ്വേ ചോദിക്കാഞ്ഞതു് എന്റെ തെറ്റു്. ഇപ്പോഴത്തേതു് പുതിയ ഒരു ചോദ്യമായി പരിഗണിച്ചു് അതും ദയവായി ശ്രമിക്കൂ.
വിസ്തയില്‍ വരമൊഴിയും കീമാനും ഒന്നും കിട്ടുന്നില്ലേ? സിബു, സന്തോഷ്, പെരിങ്ങോടന് തുടങ്ങിയവര്‍ ശ്രദ്ധിക്കുമല്ലോ…
നന്ദി.
Umesh::ഉമേഷ് | 27-Feb-07 at 8:45 pm | Permalink
പറ്റില്ല ഇഞ്ചീ. മൂന്നു പേരും കൂടി ആകെ മൂന്നു ചോദ്യത്തിനു് ഉത്തരമേ തരൂ.
ഗുരുകുലത്തില്‍ നിന്നു് ഇങ്ങോട്ടു ലിങ്കു കൊടുക്കാം.
സന്തോഷ് | 27-Feb-07 at 11:05 pm | Permalink
കീമാപ്പ് വിസ്തയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ. വരമൊഴി പരീക്ഷിച്ചിട്ടില്ല.
Sandeep | കരിങ്കല്ല് | 28-Feb-07 at 2:37 am | Permalink
ശരി..! എന്നാല്‍ ഇതാ പുതിയ ചോദ്യത്തിനുള്ള പുതിയ ഉത്തരം. 🙂
For the complete details of questions, look at http://www14.in.tum.de/personen/sadanand/random/budhipareeksha.pdf
ആദ്യത്തെ 2 ചോദ്യങ്ങള്‍ ആരോടും ചോദിക്കാം.
ചോദ്യം ഒന്ന്: This is Question 1 in the PDF.
ഇവിടെ സംഭവിക്കുന്നതു് ഇതാണു് – ചിത്രകാരന് ആണെങ്കില്‍ എന്തെങ്കിലും പറയട്ടെ. വക്കാരി് ആണെങ്കില്‍ ജഞ്ജലിപ്പു് എന്നു് പറയിപ്പിക്കണം. യാത്രാമൊഴി് ആണെങ്കില്‍ ഹ്രീഹ്ളാദം എന്നും പറയിപ്പിക്കണം.
ചോദ്യം രണ്ട്:This is Question 2 in the PDF. Not to the same first person.
ചിത്രകാരന് ആണു് പറയുന്നതെങ്കില്‍ എന്തെങ്കിലും പറയട്ടെ.
ചിത്രകാരന് ആയിരുന്നു ആദ്യത്തെ ഉത്തരം പറഞ്ഞത് എങ്കില്‍, ഇവിടെ ഉത്തരം നേരേ വിപരീതമാക്കണം. അഥവാ ചിത്രകാരന് അല്ലായിരുന്നു എങ്കില്‍, അതേ ഉത്തരം തന്നെ പറയിപ്പിക്കണം.
ഇപ്പോള്‍ 2 ഉത്തരങ്ങള്‍ ഉണ്ട് നമ്മുടെ കയ്യില്‍. ഇനി?
ഉത്തരം 2 = ഉത്തരം 1 എങ്കില്‍, ചിത്രകാരന് അല്ല ആദ്യത്തെ ചോദ്യത്തിനു് ഉത്തരം പറഞ്ഞതു് എന്നര്‍ത്ഥം. അങ്ങനെയെങ്കില്‍, ആദ്യത്തെ ഉത്തരം നോക്കി ആളെ മനസ്സിലാക്കുകയും, ആളോടു ചോദിച്ചിട്ടു് മറ്റുള്ളവരെ മനസ്സിലാക്കുകയും ചെയ്യാം. (Question 3a)
ഇനി ഉത്തരം 2 അല്ല ഉത്തരം 1 എങ്കില്‍, ചിത്രകാരന് ഉള്ളതു് 1, 2 എന്നീ സ്ഥാനങ്ങളില്‍ ഒന്നില്‍ ആയിരിക്കണം. മൂന്നാമത്തെ ആള് ആരെന്നു അറിയുകയും ഇല്ല!!
പോംവഴിയുണ്ട്. മൂന്നാമന് ചിത്രകാരന് അല്ല എന്നറിയാമല്ലോ!! (Question 3b)
ലേശം കുഴഞ്ഞു മറിഞ്ഞ ഒരു ചോദ്യത്തിലൂടെ, ചിത്രകാരന് സ്ഥാനം 1-ല്‍ ആയിരുന്നോ എന്നും, തെറ്റിക്കുന്ന രീതിയില്‍ മറുപടി പറഞ്ഞോ എന്നും മനസ്സിലാക്കാം. അങ്ങനെയെങ്കില്‍, ആദ്യത്തെ ചോദ്യത്തിന്നു 2-ആം സ്ഥാനത്തുള്ള ആള് പറയുമായിരുന്ന ഉത്തരമാണു ഒന്നാമത്തെ ഉത്തരം. ഇപ്പൊള്‍ 1, 2, എന്നീ ആള്‍ക്കാരെ അറിയാം, അപ്പോള്‍ മൂന്നാമത്തെയാളെയും അറിയാം.
ലേശം കുഴഞ്ഞു മറിഞ്ഞ അതേ ചോദ്യത്തിലൂടെ തന്നെ, ചിത്രകാരന് സ്ഥാനം 2-ല്‍ ആയിരുന്നോ എന്നും അറിയാം. ഇപ്പോഴും ഒന്നാമത്തെ ഉത്തരത്തില്‍ നിന്നും ആദ്യത്തെ ആളെ മനസ്സിലാക്കാം. ചുരുക്കത്തില്‍, 3 പേരേയും മനസ്സിലാക്കാം.
Sandeep.
PS1: I kind of struggled to type this much in iLamozhi! My vista is running on an iMac ;). The keyboard is a mac-keyboard. Might have to do some experimentation to get keyman running!
PS2: I dedicate this solution to Peelikkutty. Without her, I’d have never seen this problem.
തമനു | 28-Feb-07 at 10:34 am | Permalink
ഉമേഷ്ജി,
ഇതൊരുമാതിരി ജഞ്ജലിപ്പിലേ ചോദ്യമായിപ്പോയല്ലോ. മൂന്നു ദിവസമായി ഇതിന്റെ പുറകെയാ… കുറേ നേരമൊക്കെ ചിന്തിച്ചു കഴിയുമ്പോ നമ്മളും ഹിമാലയത്തില്‍ നില്ക്കുന്നതു പോലെ ഒരു തോന്നലാ. ചിന്തകളോക്കെ ഒരു പൊഹ പോലെ.
കഴിഞ്ഞദിവസം ഞാനൊരു ബ്ലോഗ് പുലിയോട് ഈ ചോദ്യം ചര്‍ച്ച ചെയ്തു. അദ്ദേഹം പറഞ്ഞ അഭിപ്രായം അതേപടി താഴെ.
“ഈ ചോദ്യത്തിന് ഒരുത്തരം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. ഉമേഷിനറിയാവുന്ന ഉത്തരം അദ്ദേഹത്തിന്റെ ഉത്തരമാണ്, ആദ്യം അത് പബ്ലിഷ് ചെയ്യട്ടെ. നമുക്കതു പരിശോധിച്ച് ശരിയാണോന്ന് നോക്കിയിട്ട്, കൂടുതല്‍ ചിന്തിക്കാം എന്ന്“.
ഇങ്ങനെ കൂടുതല്‍ ചിന്തിച്ചിട്ടാണത്രേ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്ന ഒരു രാജാവ് പണ്ടൊരു രാത്രിയില്‍ കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോയത്.
Sandeep Sadanandan | 28-Feb-07 at 12:27 pm | Permalink
എന്റെ ഉത്തരത്തില്‍ ചെറിയൊരു തെറ്റു് ഉണ്ടോന്നൊരു സംശയം ഇല്ലാതില്ല. കൃത്യമായിപ്പറയാറായില്ല. ഇന്ന് അതു നോക്കാന്‍ സമയം കിട്ടാനും സാധ്യതയില്ല. 🙁
സന്ദീപ്.
ഉമേഷ്::Umesh | 28-Feb-07 at 4:16 pm | Permalink
തമനുവേ,
ഈ ചോദ്യത്തിന്റെ പുറത്തു് ഞാനൊരു രണ്ടു മാസം (ഫുള്‍ ടൈമല്ല) അടയിരുന്നതാണു്. Theoretically possible എന്നു തെളിയിച്ചു. പക്ഷേ ഉത്തരം കിട്ടുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണു് ഒരു സുഹൃത്തു് ഇതിനോടു സാദൃശ്യമുള്ള മറ്റൊരു ചോദ്യം ചോദിക്കുന്നതു്. അതു വിശകലനം ചെയ്തപ്പോഴാണു് ഇതിന്റെ ഉത്തരം കിട്ടിയതു്. പക്ഷേ അതു വലിയ സങ്കീര്‍ണ്ണമായിരുന്നു.
കഴിഞ്ഞ ദിവസം ശ്രീജിത്തിനൊരു പാരയായി ഒരു പസ്സില്‍ എഴുതാന്‍ ഇരുന്നതാണു്. അതിനു തൊട്ടു മുമ്പു് ഇതു് ഒന്നു കൂടി ശ്രമിച്ചു. അപ്പോള്‍ ലളിതമായ ഒരു ഉത്തരം കിട്ടി. അപ്പോഴാണു് പാര ഷിജുവിലേക്കു തിരിച്ചു വിട്ടു് ഇതെഴുതിയതു്.
സന്ദീപ്(കരിങ്കല്ലു്) ഒരുത്തരം അയച്ചിട്ടുണ്ടു്. ശരിയാണെന്നു തോന്നുന്നു. വളരെ സങ്കീര്‍ണ്ണം. എനിക്കിതു വരെ അതൊന്നു വായിച്ചു മുഴുവന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്റെ ആദ്യത്തെ ഉത്തരത്തേക്കാള്‍ സങ്കീര്‍ണ്ണം.
ക്ലൂ അതൊന്നും പോരാ തമനുവേ. സിദ്ധാര്ത്ഥന്, തഥാഗതന്, അശോകന് തുടങ്ങി കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോയ കുറേ രാജാക്കന്മാര് ബൂലോഗത്തുണ്ടു്. പിന്നെ ഒരു പട വര്‍മ്മമാരും 🙂
Sandeep Sadanandan | 28-Feb-07 at 5:48 pm | Permalink
പ്രശ്നമെന്താണെന്നു വെച്ചാല്‍, ഒരു വഴിക്കു ചിന്തിച്ചു തുടങ്ങിയാല്‍… പിന്നെ അവിടുന്നു ഊരിപ്പോരാന്‍ വയ്യ. എങ്ങനെ തുടങ്ങിയാലും ഒരേ ദിശയിലേ ചിന്തിക്കൂ…
എനിക്കിനി വയ്യ.. 2 പാതി ദിവസങ്ങള്‍ ഇതിന്മേല് ഇരുന്നു. ഒരു ദിവസത്തില്‍ കൂടുതലൊന്നും കൊടുക്കാന്‍ വയ്യ (ഞാനേ ഭയങ്കര മടിയനാ..)
ഉമേഷ്ജീ.. ഒരഭിപ്രായമുണ്ട് : നീളന്‍ ചോദ്യം കഴിഞ്ഞിട്ടു, just the crux of it – the very minimum problem statement കൂടെ കൊടുത്താല്‍ നന്നായിരിക്കും.
എന്റെ ഇംഗ്ലീഷ് ബ്ലോഗ്ഗില്‍ ഞാന്‍ ഇതിന്റെ തര്‍ജ്ജമ കൊടുത്തിരുന്നു. ആരും ഉത്തരം പറഞ്ഞുതന്നില്ല.. 🙁 … എന്നാലും, ഞാന്‍ ഉദ്ദേശിക്കുന്ന problem statement is as follows :
എന്നേപ്പോലെ അധികം ഭൂലോകരെ അറിയാത്തവര്‍ക്ക് (എന്നാല്‍ ഇതില്‍ താല്പര്യം ഉണ്ട്) സൌകര്യമായിരിക്കും. മാത്രമല്ല precise definition is better I think.
There are three persons. Let’s call them A, B and C. You don’t know them personally. All you know about them is this – “A” speaks only truth; “B” never speaks truth; and “C” randomly speaks truth.
For any question, their reply will be only “U” or “V”. And one of “U” and “V” means “Yes” and the other means “No”. You can ask a maximum(altogether) of three Yes/No questions to these three persons and have to find out who is who. (They know everything in the world. For example, “A” would know what would be the reply of “C” for a specific question. So you can ask one of them about the answer which could be given by another person)
Points:
1. Three persons – True, False and Random answers respectively.
2. Only two answers – U/V – one means yes, other means no
3. Only three questions to all (not three to each)
4. Find out who is who
Sandeep.
Umesh::ഉമേഷ് | 06-Mar-07 at 3:17 pm | Permalink
ആരും ഇതിനു ശരിയുത്തരം ഇതു വരെ അയച്ചിട്ടില്ല. (ഏറ്റവും അടുത്ത ഉത്തരം സന്ദീപ്/കരിങ്കല്ലിന്റേതു്.) അതിനാല്‍ ഒരാഴ്ച കൂടി സമയം തരുന്നു. ചോദ്യം അല്പം കൂടി ലളിതവുമാക്കുന്നു.
ഈ പ്രശ്നത്തില്‍ ഹ്രീഹ്ലാദം എന്നതിന്റെ അര്‍ത്ഥം Yes എന്നാണെന്നും ജഞ്ജലിപ്പു് എന്നതിന്റെ അര്‍ത്ഥം No എന്നാണെന്നും നമുക്കറിയാമെന്നു വെയ്ക്കുക. അങ്ങനെയാണെങ്കില്‍ ഇതിനു് ഉത്തരം ഉണ്ടോ?
പൊന്നമ്പലം | 06-Mar-07 at 7:25 pm | Permalink
ചോദ്യം 1: യാത്രാമൊഴി സത്യസന്ധനാണോ എന്ന് ഇയാളോട് ചോദിച്ചാല്‍ ഉത്തരം എന്തായിരിക്കും ? (കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി)
ഈ ചോദ്യത്തിന് ഉത്തരം വന്നാല്‍, പറയുന്നവന് ചിത്രകാരനാണ്. ഉത്തരം മൌനമാണെങ്കില്, യാമൊയോ, വക്കാരിയോ ആവണം, ചൂണ്ടപ്പെട്ടവന് ചിത്രകാരന്.
മൌനമാണെങ്കില്, റിപ്പീറ്റ് ക്യൂ 1 റ്റു അടുത്ത ആള്. അപ്പോള്‍ ഉത്തരം വന്നാല്‍ അത് ചിത്രകാരന്.
ഈ സ്റ്റെപ് കഴിയുമ്പോള്‍ ചിത്രകാരന് സമാധിയിലാകും.
1ന് ഉത്തരം വന്നില്ലെങ്കില്‍,
ചോദ്യം 2: യാത്രാമൊഴി സത്യസന്ധനാണോ?
ഉത്തരം യെസ് എന്നാണെങ്കില്‍ അത് യാത്രാമൊഴി.നോ എന്നാണെങ്കില്‍ വക്കാരി.
Umesh::ഉമേഷ് | 06-Mar-07 at 9:14 pm | Permalink
മനസ്സിലായില്ല പൊന്നമ്പലമേ.
വക്കാരിയെ ചൂണ്ടിക്കാട്ടിയിട്ടു് “യാത്രാമൊഴി സത്യസന്ധനാണോ എന്നു ചോദിച്ചാല്‍ ഇയാള്‍ Yes എന്നു പറയുമോ” എന്നു യാത്രാമൊഴിയോടു ചോദിച്ചാല്‍ No എന്ന ഉത്തരം കിട്ടുമല്ലോ. (യാത്രാമൊഴി സത്യസന്ധനാണു്. പക്ഷേ വക്കാരി തിരിച്ചേ പറയൂ. അതു് അതുപോലെ യാത്രാമൊഴി പറയും.) യാത്രാമൊഴിയെ ചൂണ്ടിക്കാണിച്ചു് വക്കാരിയോടു ചോദിച്ചാലും No എന്ന ഉത്തരം കിട്ടും.
പിന്നെ, മൌനം നോക്കി തീരുമാനിക്കുന്ന പണി ചെയ്യരുതു് എന്നു പോസ്റ്റില്‍ത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
ഉത്തരം തരുമ്പോള്‍ മൂന്നും Yes/No ഉത്തരം വരുന്ന ചോദ്യങ്ങളാകാന്‍ ശ്രദ്ധിക്കുക. “അയാള്‍ എന്തു പറയും” എന്നതു് അത്തരത്തിലുള്ളതല്ലല്ലോ. “അയാള്‍ ഹ്രീഹ്ലാദം എന്നു പറയുമോ”, “അയാള്‍ No എന്നര്‍ത്ഥമുള്ള പദം പറയുമോ” എന്നൊക്കെ ചോദിക്കാം.
ഇപ്പോഴത്തെ സരളമായ ചോദ്യം ആദ്യത്തെ ഗഹനമായ ചോദ്യത്തിലേക്കെത്താനുള്ള ചവിട്ടുപടി മാത്രമാണു്. അതിനു പകരമുള്ളതല്ല.
ഇഞ്ചിപ്പെണ്ണ് | 06-Mar-07 at 10:27 pm | Permalink
Umeshetta,
I am going to ask whether Sun sets in the west? I know the answer for that, So I know who is saying the truth and the lie. Now I get one person out of the combination (Yathramozhi has to say Yes)
Set a)
Chithrakaaran could say No
Vakkari could say No
If this is the case, then it is easy. I can ask Yahthramozhi one more question and get who is Vakkari or Chitrakaran. 🙂
For Set b)
If there are two yes.
Yathramozhi says Yes
Chithrakarn says Yes
I can do the same thing to Vakkari and just get the answers only take the answers and negate.
Feel free to call me stupid. I dont think it is this easy.:)
Umesh::ഉമേഷ് | 06-Mar-07 at 11:01 pm | Permalink
ഇഞ്ചീ,
ആകെ മൂന്നു ചോദ്യമേ ഉള്ളൂ എന്നതു മറന്നോ? ആദ്യം ഉത്തരമറിയാവുന്ന ഒരു ചോദ്യം മൂന്നു പേരോടും ചോദിക്കണം. അതിനു തന്നെ മൂന്നു ചോദ്യമായി. അതില്‍ നിന്നു യാത്രാമൊഴിയെയോ വക്കാരിയെയോ കിട്ടും. അയാളോടു് അടുത്ത ചോദ്യം (അതായതു നാലാമത്തെ) ചോദിച്ചിട്ടു (വേറൊരാളെ ചൂണ്ടിക്കാണിച്ചിട്ടു് “ഇതാണോ ചിത്രകാരന്?” എന്നു ചോദിച്ചാല്‍ മതി.) ബാക്കിയുള്ളവരെ കണ്ടുപിടിക്കാം.
പക്ഷേ ഇതിനു നാലു ചോദ്യം വേണമല്ലോ. നാലു ചോദ്യം കൊണ്ടു 2x2x2x2 = 16 ഉത്തരങ്ങള്‍ മൊത്തം കിട്ടാം. ആറു കോംബിനേഷനുകളില്‍ ഏതാണെന്നു കണ്ടുപിടിക്കാന്‍ ഇതല്പം കൂടുതലല്ലേ? നാലു ചോദ്യം കൊണ്ടു് ആളുകളുടെ വിവരങ്ങളും ഹ്രീഹ്ലാദം/ജഞ്ജലിപ്പു് എന്നിവയുടെ അര്‍ത്ഥവും കണ്ടുപിടിക്കാം പോസ്റ്റിലുള്ള ഒറിജിനല്‍ പ്രശ്നത്തില്‍. കാരണം, അതില്‍ 12 കോംബിനേഷനേ ഉള്ളൂ.
മൂന്നു ചോദ്യത്തില്‍, അതായതു് 8 ഉത്തരങ്ങളുടെ കോംബിനേഷനില്‍ നിന്നു് 6 രീതികളില്‍ ഏതാണെന്നു കണ്ടുപിടിക്കണം. അതാണു ചലഞ്ച്.
Umesh::ഉമേഷ് | 06-Mar-07 at 11:12 pm | Permalink
അല്പം കൂടി ശ്രമിച്ചാല്‍ ഇഞ്ചിയ്ക്കൊരു ഉത്തരം കിട്ടിയേക്കും. മൂന്നു ചോദ്യത്തിനു പകരം രണ്ടു ചോദ്യം കൊണ്ടു യാത്രാമൊഴിയെയോ വക്കാരിയെയോ കണ്ടുപിടിക്കാന്‍ കഴിയുമോ? മൂന്നാമത്തെ ചോദ്യം ഇഞ്ചി പറഞ്ഞതു തന്നെ.
അതു കിട്ടിയാലും മറ്റേ കടമ്പ കിടക്കുന്നു. ഹ്രീഹ്ലാദത്തിന്റെയും ജഞ്ജലിപ്പിന്റെയും അര്‍ത്ഥമറിയാതെ ഇതു ചെയ്യാന്‍. പക്ഷേ, അതും ഇതില്‍ നിന്നു പോകാവുന്നതേയുള്ളൂ.
ഇഞ്ചിപ്പെണ്ണ് | 06-Mar-07 at 11:20 pm | Permalink
Umeshetta,
Ouch! I am always forgetting that.
I ask the firs person I see,
Sun sets in the west?
If I get Yes, I ask the same qeustion to the next person. If I get Yes –
I have one more question to ask.
I ask the third person (which will be Vakari obviously). Question vakkari pointing one of the other two, is this so and so? Then I negate his answer.
Same way, If I get No and then No, I could do the reverse asking Yathramozhi who is so and so.
Right?
Yes, Without knowing the meaning it is a lot tougher! Not only tougher impossible. Any thinking more than 10 minutes is impossible for me 🙂 I am lost then 🙂
Umesh::ഉമേഷ് | 07-Mar-07 at 12:07 am | Permalink
ഇഞ്ചീ,
ആദ്യത്തെ രണ്ടുത്തരവും ഒന്നു തന്നെയാണെങ്കില്‍ ഇഞ്ചി പറഞ്ഞതു ശരി തന്നെ.
പക്ഷേ, ആദ്യത്തെയാള്‍ Yes എന്നും രണ്ടാമത്തെയാള്‍ No എന്നും പറഞ്ഞാലോ?
താഴെപ്പറയുന്നവയില്‍ എന്തുമാവാം.
യാത്രാമൊഴി, വക്കാരി
യാത്രാമൊഴി, ചിത്രകാരന്
ചിത്രകാരന്, വക്കാരി
ഇനി ഒരു ചോദ്യം കൊണ്ടു് എല്ലാം കണ്ടുപിടിക്കണം. എങ്ങനെ?
അതുപോലെ ഉത്തരങ്ങള്‍ No, Yes എന്നാണെങ്കില്‍, ഇങ്ങനെ ആവാം:
വക്കാരി, യാത്രാമൊഴി
വക്കാരി, ചിത്രകാരന്
ചിത്രകാരന്, യാത്രാമൊഴി
അവിടെയും പ്രശ്നം അതു തന്നെ.
അപ്പോ?
ജ്യോതിര്‍മയി | 07-Mar-07 at 10:31 am | Permalink
ഇനി ചോദിക്കുന്ന ചോദ്യം കുറച്ചുകൂടി എളുപ്പമുള്ളതാക്കണേ
വ്യായാമം അധികം ചെയ്യാന്‍ പാടില്ല, ദോഷാ…:-)
സിബു | 07-Mar-07 at 11:59 pm | Permalink
എന്റെ ഉത്തരം ഇവിടെ: http://docs.google.com/Doc?id=dghjkn9p_174c4vsv7
ഉത്തരം എഴുതിക്കഴിഞ്ഞിട്ടാണ് ക്ലൂകള്‍ നോക്കിയത്. എന്റെ ഉത്തരത്തിന്റെ ലൈനും ഉമേഷ് കൊണ്ടുവരുന്ന ലൈനും വെവ്വേറേ ആണെന്ന് തോന്നുന്നു. ഉമേഷിന്റേതായിരിക്കണം എളുപ്പം.
dr.Panicker | 08-Mar-07 at 5:59 pm | Permalink
പണ്ടൊരു ചോദ്യം കേട്ടിട്ടുണ്ട്,ഒരു യുദ്ധത്തടവുകാരനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ രണ്ടു machines ഉണ്ടായിരുന്നു, അവയില്‍ ഒന്നു സത്യവും മറ്റതു കള്ളവും മാത്രം പറയും എന്നും, ആ മുറിക്ക് രണ്ടു വാതിലുകള്‍ മാത്രം ഉണ്ട് എന്നും, അവയില്‍ ഒന്നില്‍ കൂടി പോയാല്‍ രക്ഷപെടും, മറ്റതില്‍ കൂടി പോയാല്‍ ഉടന്‍ കൊല്ലപ്പെടും,
ഈ തടവുകാരന് അതില്‍ ഏതെങ്കിലും ഒരു machineഓട് ആകെ ഒരു ചോദ്യം മാത്രം ചോദിക്കാം എന്നും ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്നും രക്ഷപെടാനുള്ള വതില്‍ കണ്ടു പിടിച്ച് അദ്ദേഹം രക്ഷപെട്ടു എന്നും , എങ്കില്‍ ആ ചോദ്യമെന്താണ് , ഉത്തരം എങ്ങനെ derive ചെയ്തു എന്നും.
ഏതു machineഓടാണെങ്കിലും ” എനിക്കു രക്ഷപെടാനുള്ള വാതില്‍ ഏതാണേന്നു മറ്റേതിനോടു ചോദിച്ചാല്‍ അതെന്തു പറയും ” എന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം അപകടപെടുന്ന വാതിലിന്റെ പേരായിരിക്കും. വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഈ ലോജിക് ഉപയോഗിച്ചാല്‍ പോരേ?
ഉമേഷ്::Umesh | 08-Mar-07 at 7:33 pm | Permalink
ഡോ. പണിക്കര്‍ പറഞ്ഞ പസ്സില്‍ തന്നെയാണു ഞാന്‍
“ഇതു പഴയ പസ്സിലു പോലെയാണല്ലോ. സ്വര്‍ഗ്ഗത്തിലും നരകത്തിലും പോകുന്ന വഴികളുടെ നടുക്കു നില്ക്കുന്നവരോടു വഴി ചോദിക്കുന്നതുപോലെ. ഒരുത്തനോടു ചോദിച്ചാല്‍ ഇതു പറയുമോ എന്നു മറ്റവനോടു ചോദിക്കുക. ഇത്തരം ഒരുപാടു പസ്സില്‍ ഞാന്‍ കേട്ടിട്ടൂണ്ടു്”
എന്നു പറഞ്ഞതു്. അതു പോരാ. ഇതില്‍ അല്പം കൂടി സങ്കീര്‍ണ്ണമായ ലോജിക് വേണം.
ഇതു കൂടി വായിക്കുക.