
ലോമപാദമഹാരാജാവിന്റെ ഏകമകള്‍ക്കു കല്യാണപ്രായമായി.
രാജാവാകട്ടേ പടുവൃദ്ധന്. ആണ്മക്കളുമില്ല. മകളെ വിവാഹം കഴിപ്പിച്ചിട്ടു വേണം മരുമകനു തന്റെ രാജ്യവും സമ്പത്തും കൊടുത്തിട്ടു വാനപ്രസ്ഥത്തിനോ സന്ന്യാസത്തിനോ ഫുള്‍ടൈം ബ്ലോഗെഴുത്തിനോ പോകാന്‍.
മരുമകനെ കണ്ടുപിടിക്കാന്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു രാജാവു്. അറിയിപ്പു ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടു അഞ്ചു മിനിട്ടു പോലും ആയില്ല, പെരിങ്ങോടന് മുതല്‍ പാച്ചാളം വരെ സകലമാന ബാച്ചിലര്‍ ക്ലബ് മെംബേഴ്സും കൊട്ടാരത്തിനു മുന്നില്‍ ഹാജര്‍.
മുന്നില്‍ത്തന്നെ തിക്കിത്തിരക്കി നില്ക്കുന്ന ശ്രീജിത്തിനോടു ദില്ബാസുരന് ചോദിച്ചു:
“ഡേ, നീയല്ലേ പറഞ്ഞതു പെണ്പിള്ളേര് ശല്യമാണു്, അതുങ്ങളെ വേണ്ടാ, കെട്ടിപ്പിടിക്കുകയാണെങ്കില്‍ ആണുങ്ങള് തന്നെ നല്ലതു് എന്നൊക്കെ?”
“ഡാ, അതു നമ്മുടെ കാശു പിടുങ്ങി ഐസ്ക്രീമും സിനിമാടിക്കറ്റുകളും ചില്ലിചിക്കനുമൊക്കെ വഹിക്കുന്ന ശല്യങ്ങളെപ്പറ്റിയല്ലേ, വര്‍ക്കത്തുള്ള ഒറ്റയൊരെണ്ണത്തിനെ കാണാനില്ല. അതുപോലെയാണോ രാജകുമാരി?”
“ഡാ, ലേഡീസിനെപ്പറ്റി മാത്രം പറയരുതു്,” ആദിത്യന് ഇടപെട്ടു, “നമ്മളിലൊരുത്തനു മാത്രമേ രാജകുമാരിയെ കിട്ടൂ, മറ്റവരെ ഇനിയും കാണാനുള്ളതാ…”
“എടാ, ഈ മൂപ്പിലാന് ഇന്നോ നാളെയോ വടിയാകും, പിന്നെ ആ രാജകുമാരിയെ കെട്ടുന്നവനു എന്തൊരു കാശായിരിക്കും? രാവിലെ തൊട്ടു വൈകിട്ടു വരെ കമ്പ്യൂട്ടറുകള്‍ അഴിച്ചും പിടിപ്പിച്ചും… അല്ലാ, മറ്റേ ക്ലബ്ബിലെ ആരെയും കാണുന്നില്ലല്ലോ…”
“ഓ ലവരു മണ്ടന്മാര്. അവര്‍ക്കു രാജകുമാരിയേം സമ്പത്തും ഒന്നും വേണ്ടാന്നു്. സ്നേഹിക്കുന്ന താടകയെയും കുസൃതികളായ കാര്ക്കോടകന്മാരെയും സമാധാനപൂര്‍ണ്ണമായ കുടുംബം എന്ന നരകത്തെയും വിട്ടിട്ടു ഒരുത്തനും ഒന്നും വേണ്ടാന്നു്…”
“ഡാ, നമ്മളും അങ്ങനെ ആയിപ്പോകുമോടേ?”
“എവിടെ? ആദ്യം ആ രാജകുമാരിയെ കിട്ടട്ടേ, പിന്നെ ആ മൂപ്പിലാനൊന്നു ചത്തോട്ടേ…”
പക്ഷേ അണ്ടന്‍, അഴകോടന് ആദിയായ അഭിധാനവാഹകര്‍ക്കൊന്നും മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ലോമപാദമഹാരാജാവിനു് അശേഷം താത്പര്യമില്ലായിരുന്നു. അദ്ദേഹം ഒരു വലിയ മത്സരം തന്നെ സംഘടിപ്പിച്ചിരുന്നു.
ആദ്യത്തെ റൗണ്ട് എളുപ്പമായിരുന്നു. മുട്ട പുഴുങ്ങുക, വണ്ടിയുടെ മൈലേജ്, ദൂരം, പെട്രോളിന്റെ വില എന്നിവയില്‍ നിന്നു യാത്രയുടെ ചെലവു കണക്കാക്കുക, പാറപ്പുറത്തുനിന്നു താഴെ വീഴുന്ന വെലോസിറ്റി കണ്ടുപിടിക്കുക തുടങ്ങിയ ചെറിയ ഐറ്റങ്ങള്‍. അതു കഴിഞ്ഞതോടുകൂടി മത്സരിക്കുന്നവരുടെ എണ്ണം പത്തിലൊന്നായി ചുരുങ്ങി. ഇത്രേയുള്ളോ മത്സരം എന്ന ഭാവത്തില്‍ ശേഷിച്ചവര്‍ ലഘുചിത്തരായി കാണപ്പെട്ടു.
അടുത്ത റൗണ്ട് അല്പം കൂടി പ്രയാസമായിരുന്നു. വിശ്വത്തിന്റെ കഥ വായിച്ചു് അര്‍ത്ഥം പറയുക, ഷിജുവിന്റെ ചിത്രം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തുക, ആദിത്യന്റെ ഫോട്ടൊയില് വിമാനം കണ്ടുപിടിക്കുക, കൈപ്പള്ളിയുടെ അക്ഷരത്തെറ്റുകള്‍ തിരുത്തുക, മലയാളം കീബോര്‍ഡ് ഉപയോഗിച്ചു “ക്രൗഞ്ചം ശ്രുതിയിലുണര്‍ത്തും നിസ്വനം മദ്ധ്യമം” എന്നെഴുതുക, ബിന്ദുവും സന്തോഷുമുള്ള ബ്ലോഗില്‍ നൂറാമത്തെ കമന്റിടുക തുടങ്ങി നല്ല വിഷമമുള്ള ചോദ്യങ്ങള്‍ തന്നെ. വിജയികളുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു.
അടുത്ത റൗണ്ട് ഡിബേറ്റ്/ഗ്രൂപ്പ് ഡിസ്കഷന് ആയിരുന്നു. ചില്ലിനു എന്‍കോഡിംഗ് വേണോ, സംവൃതോകാരത്തിനു ചന്ദ്രക്കല മതിയോ, അദ്വൈതത്തില്‍ ക്വാണ്ടം മെക്കാനിക്സ് ഉണ്ടോ, മനുസ്മൃതി ഇന്നും പ്രസക്തമാണോ, ആണും ആണും കെട്ടിപ്പിടിക്കാമോ, ജ്യോതിഷം ഒരു ശാസ്ത്രമാണോ, സിന്ധു നദിയില്‍ കുതിരയായിരുന്നോ കാളയായിരുന്നോ, ചെസ്സുകളിക്കുന്നവനെ സഹായിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളില്‍ ഘോരഘോരം വാഗ്വാദങ്ങള്‍ നടത്തി. ഈ റൗണ്ടില്‍ കാര്യമായി ആരും തന്നെ പുറത്തായില്ല.
പിന്നീടാണു ബുദ്ധിപരീക്ഷ വന്നതു്. പച്ചാനയുടെ പള്ളിക്കൂടം കണക്കു മുതല്‍ പണിക്കര്‍ മാഷിന്റെ സംസ്കൃതശ്ലോകം വരെ പല പല പസ്സിലുകള്‍. ബാച്ചിലേഴ്സൊക്കെ മന്‍ജിത്തിന്റെ ബ്ലോഗിലെ അനോണിക്കമന്റുകള്‍ പോലെ തുരുതുരാന്നു് അപ്രത്യക്ഷമാകാന്‍ തുടങ്ങി.
ചടങ്ങു കഴിഞ്ഞപ്പോള്‍ മൂന്നു പേര് ശേഷിച്ചു-കനിഷ്കന്‍, ഖട്വാംഗന്, ഗജേന്ദ്രന് എന്നിവര്‍. (ഘടോല്ക്കചന് അവസാനത്തെ റൗണ്ടിലാണു പുറത്തായതു്.) അതിബുദ്ധിമാന്മാര്. നോബല്‍ സമ്മാനം കിട്ടിയ പ്രബന്ധങ്ങളില്‍ ഓടിച്ചു വായിച്ചിട്ടു തെറ്റു കണ്ടുപിടിക്കുന്നവര്‍. കണ്ണുകെട്ടി ഗാരി കാസ്പറൊവിനെയും വിശ്വനാഥന് ആനന്ദിനെയും ഒരേ സമയം ചതുരംഗം കളിച്ചു തോല്പിക്കുന്നവര്. ഗന്ധര്‍വ്വന്റെ കമന്റുകളില്‍ സന്തോഷ് പറഞ്ഞ മാതിരി കുത്തും കോമയും ചേര്‍ക്കാന്‍ കഴിവുള്ളവര്‍.
രാജാവു് അവരെ അഞ്ചു കിരീടങ്ങള്‍ കാണിച്ചു.
എല്ലാം സ്വര്‍ണ്ണക്കിരീടങ്ങള്‍. മിക്കവാറും ഒരുപോലെ ഇരിക്കും. ഒരു വ്യത്യാസം മാത്രം. മൂന്നെണ്ണത്തില്‍ സിംഹത്തിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ടു്; രണ്ടെണ്ണത്തില്‍ കടുവയുടെയും.
“നിങ്ങള്‍ എല്ലാവരും കണ്ണടച്ചു നില്‍ക്കണം,” രാജാവു പറഞ്ഞു, “ഞാന്‍ നിങ്ങളുടെ തലയില്‍ ഓരോ കിരീടം വെയ്ക്കും. ബാക്കി രണ്ടെണ്ണം നിങ്ങള്‍ കാണാതെ ഒളിച്ചു വെയ്ക്കും. തന്റെ തലയില്‍ ഇരിക്കുന്ന കിരീടം സിംഹത്തിന്റെയാണോ കടുവയുടെയാണോ എന്നു പറയുന്നവനു രാജ്യവും രാജകുമാരിയും…”
“സ്വന്തം തലയിലെ കിരീടം കാണാന്‍ അനുവദിക്കുന്നതല്ല. മറ്റുള്ളവരുടെ തലയിലെ കിരീടം കാണുകയും ചെയ്യാം…”
“ഉത്തരം പറയാതിരിക്കുവാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടു്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു തിരിച്ചുപോകാം. മൂന്നു പേരും ഉത്തരം പറഞ്ഞില്ലെങ്കില്‍ രാജകുമാരി കന്യകയായി നില്ക്കട്ടേ…”
“തെറ്റായ ഉത്തരം പറഞ്ഞാല്‍ അടുത്ത നിമിഷം അയാളുടെ കഴുത്തു വെട്ടും. അതുകൊണ്ടു നല്ല ഉറപ്പുണ്ടെങ്കില്‍ മാത്രം പറയുക…”
“പിന്നെ, തല കുലുക്കി കിരീടം താഴെയിട്ടു നോക്കുക, കിരീടത്തില്‍ തപ്പി നോക്കുക, “പ്ലീസ് പ്ലീസ് രാജകുമാരിയെ എനിക്കു തരൂ” എന്നു പറഞ്ഞു കരഞ്ഞുകാണിച്ചു കണ്ണുനീരില്‍ കിരീടത്തിന്റെ പ്രതിഫലനം നോക്കുക, മറ്റുള്ളോരോടു ചോദിക്കുക തുടങ്ങിയ ഫ്രോഡു വല്ലതും കാണിച്ചാല്‍ ഫലം ഭയാനകമായിരിക്കും. നിങ്ങളുടെ ഓരോ അവയവമായി ഛേദിച്ചു കൊല്ലാക്കൊല ചെയ്യും. അല്ലെങ്കില്‍ ബൂലോഗക്ലബ്ബിന്റെ അഡ്മിനിസ്ട്രേറ്ററാക്കും. ഫ്രോഡു കാണിക്കുന്നതു തീരെ സഹിക്കില്ല ലോമപാദന്!”
ബാച്ചിലന്മാര് കിടുങ്ങി വിറച്ചു. അതു് ഒരിക്കലും ഉണ്ടാവില്ല എന്നു ബോധിപ്പിച്ചു. ഉണ്ടായാലും ആദ്യത്തെ ശിക്ഷയേ തരാവൂ എന്നു അപേക്ഷിച്ചു.
എല്ലാവരും കണ്ണടച്ചു നിന്നപ്പോള്‍ രാജാവു മൂന്നുപേരുടെയും തലയില്‍ സിംഹത്തിന്റെ കൊത്തുപണിയുള്ള കിരീടം വെച്ചു. കടുവക്കിരീടങ്ങള് രണ്ടും ഒളിപ്പിക്കുകയും ചെയ്തു. ഇനി കണ്ണു തുറന്നോളാന്‍ പറഞ്ഞു.
മറ്റു രണ്ടു പേരുടെയും തലയില്‍ സിംഹക്കിരീടങ്ങളാണെന്നു മൂന്നു പേരും കണ്ടു. തന്റെ തലയിലെ കിരീടത്തെപ്പറ്റിയോര്ത്തു് അവര്‍ ചിന്താക്രാന്തരായി.
“മറ്റു രണ്ടു പേരുടെയും തലയില്‍ കടുവക്കിരീടം കണ്ടിരുന്നെങ്കില്‍ എളുപ്പമായിരുന്നു, അപ്പോള്‍ തന്റെ തലയില്‍ സിംഹക്കിരീടമാണു് എന്നു പറയാന്‍ എളുപ്പമാണല്ലോ” എന്നു മൂന്നു പേരും ചിന്തിച്ചു. ഇപ്പോള്‍ ഒരു സിംഹക്കിരീടവും രണ്ടു കടുവാക്കിരീടവും ബാക്കിയുണ്ടല്ലോ, അതിലേതായിരിക്കും തന്റെ തലയില്‍ എന്നാലോചിച്ചു് ഇഞ്ചിയുടെ കഥ വായിച്ചതിനേക്കാളും വട്ടായി.
കുറേ നേരം ഒരു ശ്മശാനമൂകത. കനിഷ്കന്‍ ഖട്വാംഗനെ നോക്കി. ഖട്വാംഗന് ഗജേന്ദ്രനെ നോക്കി. ഗജേന്ദ്രന് കനിഷ്കനെ നോക്കി.
അതു കഴിഞ്ഞു ഡയറക്ഷന്‍ മാറ്റി. ഗജേന്ദ്രന് ഖട്വാംഗനെയും ഖട്വാംഗന് കനിഷ്കനെയും കനിഷ്കന്‍ ഗജേന്ദ്രനെയും നോക്കി.
ആരും ഒന്നും പറയുന്നില്ല.
അതു കഴിഞ്ഞു ഓരോരുത്തനും മറ്റു രണ്ടുപേരെയും നോക്കി. തുറിച്ചും തുറിക്കാതെയും നോക്കി. ആര്‍ക്കും ഒരു ക്ലൂവും കിട്ടുന്നില്ല.
പെട്ടെന്നു്, ഗജേന്ദ്രന് “യുറേക്കാ” എന്നു പറഞ്ഞു. കിരീടത്തിന്റെ പ്രശ്നം സോള്‍വു ചെയ്താല്‍ എല്ലാ മഹാന്മാരും പറയുന്ന വാക്കു്. ശരീരത്തില്‍ വസ്ത്രമുള്ളതുകൊണ്ടു മാത്രം രാജവീഥിയിലൂടെ ഓടിയില്ല.
“എന്റെ തലയില്‍ സിംഹത്തിന്റെ കിരീടമാണു്,” ഗജേന്ദ്രന് അലറി.
“കൊള്ളാം,” രാജാവു ചോദിച്ചു, “നീ എങ്ങനെ ഇതു കണ്ടുപിടിച്ചു?”
എങ്ങനെ കണ്ടുപിടിച്ചു? നിങ്ങള്‍ പറയൂ.
(ക്ലൂ: ഇതിന്റെ പല ക്ലൂകളും ചോദ്യത്തില്ത്തന്നെയുണ്ടു്.)
ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.
ഉമേഷ്::Umesh | 10-Oct-06 at 10:19 pm | Permalink
ബുദ്ധിപരീക്ഷയിലെ അടുത്ത ചോദ്യം-“മൂന്നു കിരീടങ്ങള്‍”.
(എടത്താടന്‍ മുത്തപ്പന്റെ പ്രശ്നത്തിന്റെ ഉത്തരം നേരത്തോടു നേരം കൂടുന്നതിനു മുമ്പേ പ്രസിദ്ധീകരിക്കാം.)
പിന്നെ, ഇതു വായിച്ചിട്ടു് കമന്റിടുന്നതിനു മുമ്പു്, “വിവാഹിതര്‍” ബ്ലോഗിലെ ഈ പോസ്റ്റ് കൂടി വായിക്കൂ. ഉത്തരമല്ലാത്ത കമന്റെല്ലാം അവിടെ ഇടൂ.
ഉമേഷ്::Umesh | 10-Oct-06 at 10:41 pm | Permalink
കഥയ്ക്കു് ഒരു അനുബന്ധം:
കനിഷ്കനെയും ഖട്വാംഗനെയും സമ്മാനങ്ങള്‍ നല്കി രാജാവു യാത്രയാക്കി.
ഗജേന്ദ്രനോടു രാജാവു പറഞ്ഞു: “നീ തന്നെ വിജയി. നീ എന്റെ മകളെ വിവാഹം കഴിച്ചു് ചക്രവര്‍ത്തിയായി വാണുകൊള്ളൂ.”
ഗജേന്ദ്രന് പറഞ്ഞു, “വേണ്ട തിരുമേനീ. അടിയന് വിവാഹിതനാണു്. അടിയനെ കാത്തു് സ്നേഹസമ്പന്നയായ ഒരു ഭാര്യയുണ്ടു്. ലവന്മാര്ക്കു് ഒരു ധാരണയുണ്ടു്-കല്യാണം കഴിഞ്ഞാല്‍ ആണുങ്ങളുടെ കഴിവൊക്കെ പോയെന്നു്. അതു തെറ്റാണെന്നു കാണിച്ചുകൊടുക്കാനാണു് ഞാന്‍ ഈ നാടകം കളിച്ചതു്…”
രാജകുമാരി ഇപ്പോഴും കന്യകയായി കഴിയുന്നു.
Adithyan | 10-Oct-06 at 11:06 pm | Permalink
എന്റെ തലയില്‍ ഈ കിരീടം അല്ലായിരുന്നെങ്കില്‍ അവന്മാരില് ഒരുത്തന് പെണ്ണിനേം കൊണ്ട് പോയേനെ എന്ന ന്യായം… വിസ്തരിച്ചെഴുതാന്‍ മടി 🙂
Adithyan | 10-Oct-06 at 11:15 pm | Permalink
ആ അനുബന്ധം പോക്രിത്തരമായിപ്പോയി 🙂
ബുദ്ധിമാന്മാരായ ബാച്ചിലേഴ്സിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനുള്ള കുത്സിതശ്രമങ്ങള്‍ അവസാനിപ്പിക്കുക.
പെണ്ണു കെട്ടിയവരൊക്കെ രോമപാദരാജാവിന്റെ ആദ്യ റൌണ്ട് പരീക്ഷണങ്ങളില്‍ തന്നെ പുറത്തായതാണല്ലോ… പോരാഞ്ഞിട്ട് “കന്യക ബുദ്ധിയില്‍ താന്നവരെ വേള്‍ക്കില്ല, വെറുതെ വൃഥാവ്യായാമത്തിനാണെങ്കില് തുടരാം” എന്നൊരു വാണിങ്ങ് കന്യകയുടെ ജേഷ്ഠന് (മറ്റൊരു ബാച്ചിലര്‍) അവിടെ തടിച്ചു കൂടിയ വിവാഹിതര്‍ക്ക് നല്കി എല്ലാവരെയും മടക്കി അയച്ചതുമല്ലെ?
NJMallu | 10-Oct-06 at 11:44 pm | Permalink
ബാച്ചിലേഴ്സ് വിവാഹിതരെക്കാള്‍ വിവരമുള്ളവരാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഭാഗ്യം എപ്പോഴും ബാച്ചിലേഴ്സിന്റെ കൂടെയായിരിക്കും എന്നു തോന്നുന്നു. അതു കൊണ്ടല്ലേ “ഭാഗ്യവന്തം പ്രസൂയേഥാ മാ ശൂരം മാ ച പണ്ഡിതം” (ശൂരനെയല്ല, പണ്ഡിതനെയുമല്ല്ല, ഭാഗ്യവാനെ പ്രസവിക്കൂ )എന്നു ദ്രൌപദിയോടു കുന്തി പറഞ്ഞപ്പോള്‍ ഒറ്റ വിവാഹിതനെപ്പോലും പ്രസവിക്കാതെ നിരപ്പിനു അഞ്ചു ബാച്ചിലേഴ്സിനെത്തന്നെ പാഞ്ചാലി പ്രസവിച്ചുകൊടുത്തത്… 😉
(ചെകുത്താന്റെ വക്കീല്‍ വേഷം ഇനി ഞാനഴിച്ചോട്ടെ)
kd | 11-Oct-06 at 12:58 am | Permalink
മറ്റുരണ്ടുപേരുടെയുംതലയില്സിംഹക്കിരീടങ്ങളാണെന്നുമൂന്നുപേരുംകണ്ടു. തന്റെതലയിലെകിരീടത്തെപ്പറ്റിയോര്ത്തു്അവര്ചിന്താക്രാന്തരായി.
ഇതില്‍ നിന്നും മുന്നു പേരുടേയും തലയില്‍ സിംഹകീരീടം ആണെന്നു മനസിലായി.
നന്നായിട്ടുണ്ട് ഇഷ്ടാ.
കരീം മാഷ് | 11-Oct-06 at 1:30 am | Permalink
ഇതു മനസ്സിലായി,
അവതരണം അത്യുഗ്രന്‍, ഏതു കണക്കും അതിന്റെ ഭംഗിയായ അവതരണത്തില്‍ ലളിതമാവും.
ഉത്തരം.
ഗജേന്ദ്രന് ചിട്ന്തിച്ചു, മറ്റു രണ്ടു പേരുടെ തലയിലും താന്‍ കണ്ടത് സിംഹകിരീടം,ആരും രണ്ടു കടുവകിരീടം കാണുന്നില്ല.കണ്ടാല്‍ അവര്‍ അലറിവിളിച്ചേനെ! യുരേക്കാ..എന്ന്
vazhipokan | 11-Oct-06 at 3:50 am | Permalink
കനിഷ്കന്‍ ഗജേന്ദ്രനെ നോക്കിയപ്പോള്‍ കണ്ണില്‍ സ്വന്തം തലയിലെ പ്രതിബിംബം കണ്ടു എന്നാണോ?..ഏയ്..അങ്ങനെ ആണെങ്കില്‍ അത് ഫൌളല്ലേ!
vazhipokan | 11-Oct-06 at 4:58 am | Permalink
ഗജേന്ദ്രന്റെ തലയില്‍ കടുവ ആയിരുന്നെങ്കില്‍ ഖടാഗ്വന് ഉത്തരം പറയാമായിരുന്നു.
explanation :-
കനിഷ്കന്‍ – ഖടാഗ്വന് – ഗജേന്ദ്രന് ഈ Orderല്‍ വരിയായി നില്കുന്നു.
ഗജേന്ദ്രന് ഇങ്ങനെ ചിന്തിച്ചു :- suppos എന്റെ തലയില്‍ കടുവ ആയിരുന്നെങ്കില്‍
it would be സിംഹം-സിംഹം-കടുവ
കനിഷ്കന്‍ കാണുന്നത് ഒരു സിംഹവും ഒരു കടുവയും ആയിരിയ്ക്കും
ബാക്കി 2 സിംഹവും 1 കടുവയും ഉള്ളത് കൊണ്ട് കനിഷ്കന്‍ മിണ്ടാതിരിയ്ക്കും.
ഖടാഗ്വന് കാണുന്നത് ഗജേന്ദ്രന്റെ തലയിലെ കടുവയും,കനിഷ്കന്‍ മിണ്ടാതിരിയ്ക്കുന്നതും ആയിരിയ്ക്കും. ഖടാഗ്വന്റെ തലയിലും കടുവ ആണെങ്കില്‍ കനിഷ്കന്‍ എളുപ്പത്തില്‍ ഉത്തരം പറഞ്ഞേനേ [കാരണം ബാക്കി സിംഹങ്ങളല്ലേ ഉള്ളൂ] എന്ന് ഖടാഗ്വന് ഊഹിയ്ക്കും. കനിഷ്കന്‍ ഉത്തരം പറയാത്തത് കൊണ്ട് സ്വന്തം തലയില്‍ സിംഹമാണെന്ന് ഖടാഗ്വന് ഊഹിയ്ക്കാം.
ഖടാഗ്വന് ഉത്തരം പറയാത്തത് കൊണ്ട് സ്വന്തം തലയില്‍ സിംഹമാണെന്ന് ഗജേന്ദ്രന് ഊഹിയ്ക്കാം..
(എല്ലാവര്ക്കും മറ്റ് രണ്ട് പേരേയും കാണാമെന്നത് കൊണ്ട് ഈ സിറ്റുവേഷനില്‍ കനിഷ്കനെയും ഖടാഗ്വനെയും exchange ചെയ്താലും ലോജിക് ശരിയാകും )
വല്ല , ബാബുവും മത്സരത്തിന് പോയ ചോദ്യവും മതിയായിരുന്നു.. ഖടാഗ്വന് കനിഷ്കന്‍ എന്നൊക്കെ നാലു പ്രാവശ്യം റ്റൈപ് ചെയ്തപ്പഴേയ്ക്ക് കൈയ്ക്ക് carpal tunnel syndrome വന്നു! 🙂
Arun | 11-Oct-06 at 5:01 am | Permalink
ടൈപ്പ് ചെയ്യാനുള്ള എളുപ്പത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്നു.
Let A, B and C be the last men standing. Let me think from A’s point of view.. “Since other two have lions on their heads I can have either a lion or a tiger. Assume that I have a tiger on my head. With that assumption, now from B’s view point, since A has a tiger and C has a lion, C would have had a ready answer if I (I mean B) was having a tiger also. So I (I mean B) definitely has a lion.
This way the only instance when nobody has a ready answer is when all are having lions and hence the answer.
ശ്രീജിത്ത് കെ | 11-Oct-06 at 5:26 am | Permalink
പാറപ്പുറത്ത് നിന്ന് വീഴുമ്പോള്‍ വെലോസിറ്റി കണ്ട് പിടിക്കുന്ന വിദ്യ ഉമേഷേട്ടന് ഇന്‍ഫിനിറ്റ് ലൂപ്പിലിട്ടിരിക്കുവാണോ? എല്ലാ പോസ്റ്റിലും കാണുന്നുണ്ടല്ലോ.
കനിഷ്കന്‍, ഖട്വാംഗന്, ഗജേന്ദ്രന് എന്നിവര്‍ ആദി, ദില്ബന്, ഞാന്‍ എന്നിവര്‍ ആണോ? അപ്പോള്‍ അവസാനം രാജകുമാരിയെ കെട്ടിയത് ഞാനാണോ? കൊള്ളാമല്ലോ ബുദ്ധിപരീക്ഷ. ഇഷ്ടായി. രാജകുമാരിയുടെ ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കില്‍ എനിക്ക് എന്റെ അമ്മമഹാറാണിയ കാണിക്കാമായിരുന്നു.
patippura | 11-Oct-06 at 5:39 am | Permalink
ഈ എഴുത്തെനിക്കിഷ്ടമായി. ആ ശൈലിയും ഭാഷയും കഥ പറഞ്ഞ രീതിയും തകര്‍പ്പന്‍.
cute appayi | 11-Oct-06 at 5:55 am | Permalink
A, B, C നിരന്നു നില്ക്കുന്നു. ബി ചിന്തിച്ചു തുടങ്ങി. എന്റെ തലേല് പുലിയാണെങ്ങില്‍, എ കാണുക ഒരു പുലി ഒരു സിമ്മം. അപ്പൊ ലവന് സ്വന്തം തലയില്‍ പുലിയാണെന്നു സങ്കല്പ്പിച്ചാല് സി കാണുക 2 പുലി. സി അപ്പോള്‍ തന്നെ വിളിച്ചു കൂവിയേനെ, പക്ഷെ ശപ്പന്‍ മിണ്ടുന്നില്ല. അതാണ് എ മിണ്ടാതെ നില്‍ക്കുന്നത്. അപ്പൊ ബീയുടെ തലയില്‍ സിമ്മം തന്നെ.
ഉത്തരം തെറ്റാണേള് എന്റെ വിരല്‍ മുറിക്കരുത് രസാവേ, ബ്ലോഗാനുള്ളതാ.
ഉത്സവം | 11-Oct-06 at 6:09 am | Permalink
ഉമേഷ്മാഷേ,
ക്വസ്റ്റിനിലെ ക്ലൂ… (എനിക്ക് തോന്നിയത്) “മറ്റു രണ്ടു പേരുടെയും തലയില്‍ കടുവക്കിരീടം കണ്ടിരുന്നെങ്കില്‍ എളുപ്പമായിരുന്നു, അപ്പോള്‍ തന്റെ തലയില്‍ സിംഹക്കിരീടമാണു് എന്നു പറയാന്‍ എളുപ്പമാണല്ലോ”
2 സിംഹക്കിരീടങ്ങള് കണ്ടതിനാല്‍ 2 കടുവക്കിരീടം ഇല്ല എന്ന വസ്തുത ഗജന്‍ മനസിലായി.
ഇനിയുള്ളത് 2 ഓപ്ഷന് മാത്രം
1. മൂന്ന് സിംഹക്കിരീടം
2. 2 സിംഹക്കിരീടവും 1 കടുവക്കിരീടവും.
ഗജനു തന്റെ തലയിലെ കിരീടം കടുവയോ സിംഹമോ എന്നറിയണം.
ഗജന്‍ (ഞാന്‍) ഇങ്ങനെ ചിന്തിച്ചു.
തന്റെ തലയില്‍ കടുവയായിരുന്നെങ്കില്‍ ക യോ ഖ യോ അവരുടെ തലയില്‍ സിംഹമാണെന്ന് ഉത്തരം പറഞ്ഞേനെ, എന്തെന്നാല്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും 1 കടുവക്കിരീടവും 1 സിംഹക്കിരീടവും കാണാന്‍ കഴിയും. അപ്പോള്‍ കയ്ക്കോ ഖായ്ക്കോ സ്വന്തം തലയില്‍ കടുവക്കിരീടമല്ല സിംഹക്കിരീടമാണെന്ന് മനസിലാവും. കാരണം കടുവക്കിരീടമായിരുന്നെങ്കില് ഗജന്റെയും കൂട്ടി രണ്ട് കടുവ ക്രൈറ്റീരിയ വരും. കൂട്ടത്തിലെ ഒരുവന് സിങ്കം എന്നു നേരത്തെ പറഞ്ഞേനെ. സോ ഓപ്ഷന് 2 അടിച്ചു പോയി, പിന്നെ ഓപ്ഷന് 1 മാത്രം അതാണ് ഗജന്‍ അലറിയത്
എന്റെ വിവരണം വ്യക്തമാണോ എന്ന് സംശയമുണ്ട്…
ഉത്തരം ശരിയാണോ..?
ഇതു തെറ്റാണെങ്കില്‍ എന്നെ കൊല്ലല്ലേ ..ഞാന്‍ എപ്പഴേ ഓടി…..
ശ്രീജിത്ത് കെ | 11-Oct-06 at 6:38 am | Permalink
ഗജേന്ദ്രന് തന്റെ തലയില്‍ സിംഹമാണെന്ന് ആ സാഗര്‍ ഏലിയാസ് ജാക്കിക്ക്(രാജാവിന്റെ മകന്) എളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം അത് കടുവയായിരുന്നെങ്കില്‍ കനിഷ്കനോ ഖട്വാംഗനോ തന്റെ തലയിലുള്ളത് എളുപ്പം ഊഹിച്ചെടുത്ത് പെണ്ണിനേയും കൊണ്ട് പറന്നേനേ.
ഫോര്‍ എക്സാമ്പില്‍. ഗജേന്ദ്രന്റെ തലയില്‍ കടുവയാണെന്ന് വയ്ക്കുക. കനിഷ്കന്‍ നോക്കുമ്പോള്‍ കാണുന്നത് ഒരു കടുവാകിരീടവും ഒരു സിഹകിരീടവും. കനിഷ്കന്റെ തലയില്‍ കടുവാകിരീടം ആയിരുന്നെങ്കില്‍ ഖട്വാംഗന് സ്വന്തം തലയില്‍ സിംഹകിരീടം എന്ന് കൂവിയേനേ (അങ്ങേര് അപ്പോള്‍ കാണുന്നത് രണ്ട് കടുവാകിരീടം ആണല്ലോ). ഖട്വാംഗന് കൂവാത്തതിനു കാരണം തന്റെ തലയില്‍ സിംഹകിരീടം ആണെന്നതാണെന്ന് മനസ്സിലാക്കി കനിഷ്കനും കൂവിയേനെ. രണ്ടും സംഭവിക്കാത്തതിനുകാരണം ഒന്ന് മാത്രം. ഗജേന്ദ്രന്റെ തലയില്‍ സിംഹകിരീടം എന്ന ആത്യന്തികമായ സത്യം .
***
എങ്ങിനെ ഉണ്ടെന്റെ പുത്തി? ഇപ്പോള്‍ ഞാന്‍ തന്നെ ഗജേന്ദ്രന് എന്നത് സമ്മതിച്ചേ പറ്റൂ എന്നായില്ലേ? വേഗം എന്റെ കല്യാണം നടത്തിത്താ. എന്റെ നക്ഷത്രം രേവതി. മിഥുനമാസം. ജനനം കണ്ണൂരില്‍, സമയം പത്ത് കഴിഞ്ഞ് പത്ത് മിനുട്ട് രാത്രി. സമയവും ദിവസവും കുറിച്ച് അറിയിക്കുമല്ലോ. എനിക്ക് കല്യാണക്കുറി അടിക്കാനുള്ളതാ. ശ്ശൊ. ഒരു രാജാകുമാരനായിട്ട് വേണം ആരവിടെ എന്ന് പറഞ്ഞ് ഭടന്മാരുടെ മെക്കിട്ട് കേറാന്‍. കൊതിയാകുന്നു.
ദില്ബാസുരന് | 11-Oct-06 at 6:40 am | Permalink
ഉമേഷേട്ടാ,
തന്റെ തലയില്‍ പുലിക്കിരീടമായിരുന്നെങ്കില് മറ്റുള്ളവരില്‍ ഒരാള്‍ക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നു. അവര്‍ മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ തന്റെ തലയിലും സിംഹമാണെന്ന് ആ ബാച്ചിലര്‍ക്ക് മനസ്സിലായി.
(ഈ ഘടോല്ക്കചന് കഴിഞ്ഞ റൌണ്ടില്‍ പുറത്തായല്ലോ. ഉത്തരം തെറ്റിയാലും തല സേഫ്!)
Farook Backer Ponnan | 11-Oct-06 at 7:01 am | Permalink
2006 മാര്‍ച്ച് 17 മുന്പായിരുന്നെങ്കില് ഒരു ക്കൈ നോക്കാമായിരിന്നു 2006..മാര്‍ച്ച 17 ആയിരിന്നു എന്റെ വിവാഹം അത് കഴിഞ്ഞതോട് കൂടി എന്റെ ഉള്ള ബുദ്ധിക്കൂടി പോയി മച്ചാ.. സോറി…
santhosh | 11-Oct-06 at 11:04 am | Permalink
One thing I am sure that God is more biased to girls and ladies. U all look around and see; one who has girl friend/friends(line) will win all exams,because they are praying for him.Means more lucky. So Vivahither will have more luck
Umesh::ഉമേഷ് | 11-Oct-06 at 12:04 pm | Permalink
എന്നാലും എന്റെ ഫരൂക്ക് ബായ്ക്കര് പൊന്നാ, വിവാഹിതരുടെ ബ്രൂട്ടസ്സേ, സ്വന്തം ഗോള്പോസ്റ്റില്ത്തന്നെ ഗോളടിച്ചു കയറ്റിയല്ലോ.
ഏതോ ബാച്ചിലര്‍ എഴുതിയതുപോലെ തോന്നുന്നു. മാരിയേജ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റു ചെയ്ത കോപ്പി കാണിച്ചേ… 🙂
ദില്ബാസുരന് | 11-Oct-06 at 12:17 pm | Permalink
ഉമേഷേട്ടാ,
എന്റെ തല പോയോ?
ദില്ബാസുരന് | 11-Oct-06 at 12:19 pm | Permalink
one who has girl friend/friends(line) will win all exams,
സന്തോഷേട്ടാ,
എന്റെ കാര്യം ഓകെ. അതിന് കല്ല്യാണമൊന്നും കഴിക്കണ്ട.
mullappoo | 11-Oct-06 at 12:46 pm | Permalink
ഉമേഷേ(ട്ടാ)എഴുതിയ രീതി വളരെ വളരെ ഇഷ്ടപ്പെട്ടു. എല്ലാ ബ്ലൊഗുകളുടെയും ഒരു അവലോകനം നര്മ്മംകലര്ത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
Babu Kalyanam | 11-Oct-06 at 1:35 pm | Permalink
Gajendran thinks like this
Mine may be either Lion or Tiger
Assume mine is Tiger.
Then any of the other two (Let us take Kanishkan) can think like this
Gajendran has got a Tiger
Mine (Kanishkan’s) may be Tiger or Lion
If Mine is Tiger, Then Khadwangan can guess that His is not Tiger (as there are only two Tigers)
So Mine is Lion:
Gajendran’s thought continues:
Since Kanishkan has not yet guessed that His is Lion, That means Mine (Gajendran) is not Tiger, So mine is Lion.
ജേക്കബ് | 11-Oct-06 at 2:05 pm | Permalink
ഗജേന്ദ്രന് നോക്കുമ്പോ രണ്ടു സിംഹ കിരീടങ്ങള്‍ കാണുന്നു.മച്ചാന് ഇങ്ങനെ ചിന്തിക്കും …..
എന്റെ തലയില്‍ സിംഹകിരീടമാണെങ്കില് ഖട്വാംഗന് രണ്ടു സിംഹ കിരീടങ്ങള്‍ കാണും . ഒരു തീരുമാനത്തില്‍ എത്താന്‍ പറ്റാതെ വരും.. കനിഷ്കനും അതെ..
ഇനി എന്റെ തലയില്‍ കടുവകിരീടമാണെങ്കില് ഖട്വാംഗന് ഒരു സിംഹകിരീടവും ഒരു കടുവകിരീടവും കാണും.അപ്പോ ഖട്വാംഗന് (കനിഷ്കന്‍) ഇങനെ ചിന്തിക്കും. “എന്റെ തലയിലും കടുവകിരീടം ആയിരുന്നെങ്കില്‍ കനിഷ്കന്‍ ( ഖട്വാംഗന് ) കൂള്‍ ആയി ഉത്തരം പറഞ്ഞേനേ . കനിഷ്കന്‍ ( ഖട്വാംഗന് ) ഉത്തരം പറയാത്ത സ്ഥിതിക്ക് എന്റെ തലയില്‍ സിംഹകിരീടം തന്നെ” . അങ്ങിനെ ഖട്വാംഗന് (കനിഷ്കന്‍ ) ഉത്തരം പറയും.
ഇവര്‍ രണ്ടു പേരും ഉത്തരം പറയാത്ത സ്ഥിതിക്ക് എന്റെ തലയില്‍ സിംഹകിരീടം തന്നെ.
കരീം മാഷ് | 11-Oct-06 at 2:55 pm | Permalink
എടത്താടന്‍ മുത്തപ്പന്റെ ചെക്കു പ്രശ്നം തീര്‍ത്തില്ലങ്കില്‍ ഉമേശിനെ ഒരടിമുന്നോട്ടുവെക്കാന് വിടില്ല. തന്ന ക്ലൂവില്‍ ഒന്നു പോലും തെറ്റാനും പാടില്ല. ഞങളെ മണ്ട തെറ്റിച്ച് സന്ധ്യാബ്ലോഗിംഗും റ്റണ്ടു ദിവസം തെറ്റിച്ച് അങ്ങനെ ചിരിച്ചതല്ലെ,ഞാന്‍ കൊലവിളിച്ചു കൊണ്ട് കത്തു നില്‍പ്പുണ്ട്.
ദേഷ്യം വന്നാല്‍ ഞാന്‍ ഉപ്പാന്റെ മോനാ!.(ഗജപോക്കിരി) ശാന്തനായാല്‍ ഉമ്മാന്റെ മോന് (സമാധാനപ്രിയന്‍)
“സ്മലി”
വളയം | 11-Oct-06 at 3:24 pm | Permalink
ഗജേന്ദ്രന് പറഞ്ഞു. രാജാവേ എന്റെ ചിന്ത ഇതായിരുന്നു.
“ ഞാന്‍ രണ്ട് സിംഹക്കിരീടങ്ങള് കാണുന്നു. മറ്റു രണ്ടു പേര് എന്തുകൊണ്ട് ഉത്തരം പറയുന്നില്ല?
അവരും രണ്ട് കടുവക്കിരീടങ്ങള് കാണുന്നില്ല. അപ്പോള്‍ ഒരു കടുവക്കിരീടവും ഒരു സിംഹക്കിരീടവുമാണ്.
എന്നാല്‍ ബുദ്ധിമാന് കനിഷ്കന്‍ ഉത്തരം പറയാത്തതെന്ത്?
കനിഷ്കന്‍ കാണുന്നത് രണ്ട് സിംഹക്കിരീടങ്ങളാണ്. കാരണം എന്റെത് കടുവയായിരുന്നുവെങ്കില്
കനിഷ്കന്‍ ഉത്തരം പറയാന്‍ കഴിയുമായിരുന്നു.“
ഇത്കേട്ട് രാജാവ് ഗജേന്ദ്രനായി വേഷം മാറിച്ചെന്ന എന്നെ മുക്തകണ്ഠം പ്രശംസിച്ചു. പിന്നെ ഉമേഷ്ജി പറഞ്ഞ അനുബന്ധവും സംഭവിച്ചു.
സന്തോഷ് | 11-Oct-06 at 5:14 pm | Permalink
ശ്രീജിത്തേ, അമ്മ മഹാറാണിയെ കാണിക്കാനായി രാജകുമാരിയുടെ ഫോട്ടോ ഇവിടെ ഉണ്ട്.
Adithyan | 11-Oct-06 at 5:44 pm | Permalink
ഹ്ഹഹഹഹഹ
ശ്രീജിത്തേ, ഞങ്ങളെ ‘ബുദ്ധിപരീക്ഷയില്‍’ തോല്‍പ്പിച്ച് നീ നേടിയ രാശകുമാരി അല്ലെ? ഫോട്ടോ കണ്ട്, ഇഷ്ടപ്പെട്ട്, നീ തന്നെ വെച്ചോ
പച്ചാളം | 11-Oct-06 at 5:55 pm | Permalink
ശ്രീജിത്തെ എല്ലാ ഭാവുകങ്ങളും!
(നിനക്കങ്ങിനെ തന്നെ വേണം)
ഉമേഷ് ജീ…പറഞ്ഞാല്‍ തീരാത്ത നന്ദി! 🙂
ശ്രീജിത്ത് കെ | 11-Oct-06 at 7:21 pm | Permalink
സന്തോഷേട്ടാ, എന്നെക്കണ്ടാല്‍ ശ്രെക് ആണെന്ന് തോന്നുമോ 🙁
kuttamenon | 11-Oct-06 at 7:44 pm | Permalink
ഉമേഷ്ജി ഇതിലിപ്പൊ എന്താലോചിക്കാനാ. കൈ നോട്ടം പോലെ ഗജേന്ദ്രന് മുഖനോട്ട(വായ്നോട്ടം)വും നന്നായി അറിയുമായിരിക്കണം. (ഞാനോടി).
പൊന്നപ്പന് - the Al | 11-Oct-06 at 9:38 pm | Permalink
ആ ഏന്ദ്രന്മാരെ എനിക്ക്ങ്ങട് ദഹിക്കുന്നില്ല.. എന്തുട്ടു പേരുകളാ ശവികള്‍ക്ക്.. ?
ആദി – ശ്രീജിത്ത് – പച്ചാളമായിക്കോട്ടെ അവസാന റൌണ്ടില്‍ ..
ഉത്തരം കിട്ടിയ മഹാ വിദ്വാന് പച്ചാളം കുട്ടിയും.. !
ആട്ടെ.. എങ്ങിനെ കിട്ടി..?
ആദിയും ജിത്തും മണ്ടന്മാരായിട്ടാണോ..?? ഹേയ്…. അതല്ലേയല്ല.. പച്ചാളം അങ്ങിനെ അബദ്ധത്തില്‍ പോലും വിചാരിക്കേമില്ല..
ബൂലോകത്തെ അറിയപ്പെടുന്ന രണ്ടു കിടുപിടി മെക്കാനിക്കുകളെ, അതും അവരുടെ എല്ലാ കമന്റുകളേയും കൃത്യമായി പിന്തുടര്ന്നു മറു കമന്റും തിരി കമന്റും വെട്ടി വലത്തു മാറി ഇടത്തോട്ടൊഴിയുന്ന, ചിലപ്പോ മറ്റു ബൂലോക സഹജീവികളുടെ ഇടി കിട്ടാതിരിക്കാന്‍ അവരുടെ കൂടെയോടുന്ന പച്ചാളം ഒരിക്കലും ആ മണ്ടത്തരം കാട്ടില്ല. അഥവാ കാട്ടിയാല്‍ ജിത്ത് വിടുമോ, സ്വന്തം മണ്ടത്തരമാക്കി അതെന്നേ പോസ്റ്റ് ഇട്ടേനേ.. അപ്പൊ പിന്നെങ്ങിനെ? അതാണു ഗുട്ടന്‍സ്..!
ഉമേഷ്ജീ, ഈ ബാച്ചിലര്‍മാര്‍ക്കു മാത്രമുള്ള ഒരു സൂത്രമുണ്ട്.. കൂട്ടു കുടിയന്റേം കൂട്ടു മുറിയന്റേം , കൂട്ടു കാമുകന്മാരുടേമൊക്കെ മനസ്സു വായിക്കാനും വരാനിരിക്കുന്ന അതി വിദഗ്ദമായ വാളുകള്‍ , പാരകള്‍ , പരാതികള്‍ എന്നിവക്കു മറു പണി കൊടുക്കാനുമുള്ള നല്ല രസ്യന്‍ ആത്മാര്‍ഥത -അഥവാ അതീന്ദ്രിയ ജ്ഞാനം . അത്തരമൊരു കൂടു വിട്ടു കൂടു മാറല്‍ thought process ആണു നമ്മുടെ പച്ചാളത്തെ രക്ഷിച്ചത്. കഥ ഇങ്ങനെ..
വരിക്കു മൂന്നു പേരും നിരന്നു നില്ക്കുന്നു..
ആദ്യം ആദി..
പിന്നെ ജിത്ത്..
അതിനും ശേഷം പച്ചാളം ..
എല്ലാവര്ക്കും പരസ്പരം കാണാം .. സ്വന്തം തല മാത്രം ഒരു പൊഹ..
ആദ്യം എന്നതു ആദിമമായ ഒരാപത്താണെന്നറിയാമായിട്ടും ആദിക്കു ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..ചിന്തയുടെ കുതിരകളെയൊക്കെ ചറപറാ അഴിച്ചു വിട്ട് ആദിയങ്ങു തുടങ്ങി.. ഗ്രാന്റ് മാസ്റ്റര്‍ പ്രദീപിനെ പോലെ.. കയ്യും കാലും വിറക്കണുണ്ടെങ്കിലും കടുത്ത ബുദ്ധി മുഖത്തണിഞ്ഞ് ഒരശ്വമേധം … “അമ്മേ…!!!!! അവന്മാരു രണ്ടു പേരുടേം തലേല് കടുവ കേറീന്നിരുന്നേല് ഈ കൊനഷ്ടു ചോദ്യത്തിന് എനിക്കു ടപ്പേന്നു ഉത്തരം പറയാമായിരുന്നു -എന്റെ തലേല് സിംഹമാണെന്ന്. ഇതിപ്പോ….. കടുവയോ സിംഹമോ.. വല്ല കാട്ടുമാക്കാനോ.. എന്തു വേണേലും ആകാല്ലോ.. ഒന്നു വിക്കി നോക്കിയാലോ..” ആദി നിശബ്ദന്‍..
മുട്ട പുഴുങ്ങുന്നതാണല്ലൊ ഇതിനേക്കാള്‍ എളുപ്പമെന്ന ഭാവത്തില്‍ വിഷാദ മൂക പട്ടാഭി രാമനായിരിക്കുന്ന ആദിയെ കണ്ടപ്പൊ തന്നെ അടുത്ത രണ്ടു വിദ്വാന്മാര്ക്കും കാര്യം പിടികിട്ടി.. – പോയിന്റ് നം 1. “ഞങ്ങളു രണ്ടു പേരുടേം തലയില്‍ എന്തായാലും കടുവയല്ലാ.. ആയിരുന്നേല്‍ ആദി ഇപ്പോ പുലി ആയേനേ…”
അടുത്തതു മണ്ടത്തരം ഹോള്‍ സെയില്‍ വില്‍ക്കാനുള്ള ഒരു കമ്മോഡിറ്റി ആണെന്ന പെരും പുത്തി കണ്ടു പിടിച്ച ജിത്ത്.. സത്യം പറയാല്ലോ അതോര്‍ത്തപ്പോ തന്നെ പച്ചാളം ഒന്നു വിയര്‍ത്തു.. ഒരു പനിക്കോള്.. ചിക്കന്‍ ഗുനിയ ആണൊന്നു വരെ തോന്നിപ്പോയി.. ഒന്നു രണ്ടു തവണ കുനിഞ്ഞു നിവര്‍ന്നു നോക്കി.. വല്യ വേദനയൊന്നുമില്ല.. ഭാഗ്യം – കുനിയാ അല്ല.. ഇതു ജിത്തിനെ പേടിച്ച പനിയാ അനിയാ….
അങ്ങനെ വിയര്‍ത്തു പനിച്ചു നില്ക്കുന്ന പച്ചാളത്തെ മൈന്റ് ചെയ്യതെ ജിത്ത് കൂലങ്കഷിതനായി…
“അല്ലാ… അപ്പോ ആദി അന്തം വിട്ടതിന്റെ സാരാംശമെന്താ.. എന്റേം പച്ചാളത്തിന്റേം തലയില്‍ രണ്ടു കടുവാക്കിരീടം ഇല്ല എന്ന്..അതായതു അപ്പൊ രണ്ടു പോസ്സിബിലിറ്റിയാണു ഇനി ഉള്ളതു… ഒന്നുകില്‍ രണ്ടു സിംഹത്തല.. അല്ലേല്‍ ഒരു കടുവയും ഒരു സിംഹവും – ഹാവൂ..ചുള്ളന് ഒരു ക്ളൂ കൂടി തന്നു.. ഒരു സിംഹം കോമണ്‍ ഫാക്റ്റര്‍.. പക്ഷേ മറ്റേത് കടുവയാകാം .. അല്ലേല്‍ സിംഹവുമാകാം .. അതായതു കുറച്ചു കൂടി വ്യക്തമാക്കി ചിന്തിച്ചാല്‍.. പച്ചാളത്തിന്റെ തലയില്‍ കടുവയായിരുന്നേല്‍ ആ കോമണ്‍ ഫാക്റ്റര്‍ സിംഹം ആരാ… ഈ ഞാന്‍ ഗ്റ.ര്ര്.ര്‍…” അലറാനൊരുങ്ങി പച്ചാളത്തിന്റെ തലയിലേക്കു നോക്കിയ ജിത്ത് അലങ്കാരങ്ങളൊന്നുമില്ലാതെ ഒന്നു ഞെട്ടി.. “തള്ളേ.. ലതു കടുവയല്ലല്ല്..!! അപ്പ.. എന്റെ മണ്ടേല് എന്തരു വേണോ ആകാം . കലിപ്പുകള്തന്ന..” മാനസികമായി ” അലറാനൊരുങ്ങിയ മണ്ടത്തരം ” എന്ന തന്റെ അടുത്ത പോസ്റ്റിലേക്കു വിഷാദ മൂകനായി ദണ്ഡിയാത്ര നടത്തിയ ജിത്തിനെ കണ്ട് പച്ചാളം ഒന്നു പകച്ചു.. എന്നിട്ടു മനസ്സില്‍ പറഞ്ഞു.. “അപ്പ ലവന് പുലിയായിരുന്നല്ലേ…???? ” പിന്നെപ്പറഞ്ഞതു കുറച്ചുറക്കെ ആയിരുന്നു.. “ഒരു സിംഗം..!!!!” –
അങ്ങനെയാണു പച്ചാളത്തിനു രാജകുമാരിയെ പ്രൈസ് അടിച്ചത്..
ഇതി കഥാ സമാപ്ത: (ഉമേഷേട്ടോ.. തെറ്റാണേ തിരുത്തിക്കോണേ..)
എന്നു പൊന്നപ്പന് ദി അന്യ ഗ്രഹ ജീവി ഉവാച..
ഉമേഷ്::Umesh | 11-Oct-06 at 9:39 pm | Permalink
സന്തോഷേട്ടാ, എന്നെക്കണ്ടാല്‍ ശ്രെക് ആണെന്ന് തോന്നുമോ 🙁
ശ്…ശ്… ശ്രീജിത്തേ… ഷ്രെക്ക് കേള്‍ക്കും…
അപമാനിക്കുന്നതു മൂപ്പര്‍ക്കു തീരെ ഇഷ്ടമല്ല…
🙂
ദില്ബാസുരന് | 12-Oct-06 at 5:19 am | Permalink
ആ ലിങ്ക് കണ്ടതില്‍ പിന്നെ ഒരു പരവേശം. ഈ വക പരീക്ഷയിലൊന്നും പങ്കെടുക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇപ്പഴാ ഓര്‍മ്മ വന്നത്. (അമ്മേ.. എന്റെ ഹോര്‍ലിക്സ് എവിടെ. ഇന്നലെ തന്നെതിലെ പഞ്ചസാര കലങ്ങിയില്ലാ..) 😉
ശ്രീജിത്ത് കെ | 12-Oct-06 at 5:21 am | Permalink
അങ്ങിനെ ഷ്രെക്ക് പറഞ്ഞോ ഉമേഷേട്ടനോട്?
അങ്ങേരുടെ രാജകുമാരിയുടെ ഫോട്ടോ പരസ്യമാക്കാന്‍ ഒരാളും അതിന്റെ ന്യായീകരിക്കാന്‍ വേറെ ഒരാളും. പാവം ഷ്രെക്ക്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എങ്ങിനെ ഈ നാട്ടില്‍ മനസ്സമാധാനമായി ജീവിക്കും എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
ബിന്ദു | 12-Oct-06 at 1:06 pm | Permalink
മറ്റു രണ്ടുപേരുടേയും കണ്‍ഫ്യൂഷനു കാരണവും തന്റെ തലയിലെ സിംഹകിരീടം കണ്ടിട്ട് തന്നെയാണെന്നു ഗജേന്ദ്രനു മനസ്സിലായി.:)(വിശദീകരിക്കണോ?)
Umesh::ഉമേഷ് | 12-Oct-06 at 1:21 pm | Permalink
വിശദീകരിക്കണം ബിന്ദൂ. അല്ലെങ്കില്‍ മാര്‍ക്കു കിട്ടില്ല 🙂
കരീം മാഷേ, മാഷ് ഇട്ട കമന്റിലെ ഒരു വരിയേ ഇവിടെ എത്തിയിട്ടുള്ളൂ. അതു് ഒന്നുകൂടി ഇടുമോ?
kuttamenon | 12-Oct-06 at 1:36 pm | Permalink
ഇതു തന്നെയാണ് ഞാന്‍ മുന്‍പ് പറഞ്ഞത് …ഗജേന്ദ്രന് മുഖനോട്ടമറിയാമെന്ന്ന്. മറ്റുരണ്ടു പേരും പന്തം കണ്ട പെരുച്ചാഴിയെപ്പൊലെ നിന്നാല്‍ ഗജേന്ദ്രന് എന്തിനാണ് സംശയിക്കേണ്ടത്. മറ്റൊന്ന് ബാച്ചിലേഴ്സിനെ പുളകിതരാക്കുന്ന ഉത്തരമാണ്. വിവാഹജീവിതം മടുത്തുകാണും (:)) . ശരിയല്ലേ ഉമേഷ്ജി ?
ദില്ബാസുരന് | 12-Oct-06 at 1:58 pm | Permalink
ഉമേഷേട്ടാ,
സപ്പോസ് എന്റെ തലയില്‍ പുലി കിരീടമാണ് എങ്കില്‍ ബാക്കിയുള്ള കോന്തപ്പന്മാരില് ഒരുവന് ഉത്തരം പറയും. (ലോജിക്കലായി ചിന്തിച്ചാല്‍… ബാച്ചിലേഴ്സായതിനാല് അതിന് സാധ്യത ഇല്ല എന്ന് പറയരുത് പ്ലീസ്..) എല്ലാവരും വിശന്നിരിക്കുമ്പോള്‍ പെട്ടെന്ന് ബീഫ് ഫ്രൈ കണ്ടത് പോലെ അന്തം വിട്ടിരിക്കുന്നതിനാല്‍ സിങ്ക കിരീടം ഇന്‍ മൈ ഹെഡ് ആള്‍സോ. ഇനി ഇതല്ല ഉത്തരമെങ്കില്‍ ഐ ഡോണ്ട് കെയര്‍…. ;-0
കരീം മാഷ് | 12-Oct-06 at 3:15 pm | Permalink
ഇതു മനസ്സിലായി,
അവതരണം അത്യുഗ്രന്‍, ഏതു കണക്കും അതിന്റെ ഭംഗിയായ അവതരണത്തില്‍ ലളിതമാവും.
ഉത്തരം.
ഗജേന്ദ്രന് ചിട്ന്തിച്ചു, മറ്റു രണ്ടു പേരുടെ തലയിലും താന്‍ കണ്ടത് സിംഹകിരീടം,ആരും രണ്ടു കടുവകിരീടം കാണുന്നില്ല.കണ്ടാല്‍ അവര്‍ അലറിവിളിച്ചേനെ! യുരേക്കാ..എന്ന്
ആരും ഒറ്റക്കടുവയെ കാണുന്നില്ല. ഉണ്ടങ്കില്‍ അതു എന്റെ തലയിലാവണമായിരുന്നു. ബാക്കി രണ്ടും എനിക്കു കാണാമല്ലോ!
എന്റെ കിരീടത്തില്‍ കടുവാത്തലയായിരുന്നങ്കില് എപ്പഴേ അവര്‍ യുരീക്കാ എന്നു അലറി വിളിച്ചേനെ!.
ഇതു ചിന്ത എല്ലാരുടെ മുഖത്തും കണ്ടു. പക്ഷെ മുഖം വായിക്കാന്‍ കഴിഞ്ഞതു ഗജേന്ദ്രന്നുമാത്രം.
ശരിയാണോ ഉമേഷ്ജി.?
ഇനി ഒരു ഒ.ടോ.
എന്നോടാണ് പറഞ്ഞിരുന്നങ്കില്‍ പണ്ടത്തെ കാലത്തായിരുന്നങ്കില് മൂന്നു സിംഹകിരീടവും കണ്ണാടിക്കുമുന്പില് വെച്ചു വുക്തമായാലും എന്റേത് കടുവാ കിരീടമാണന്നേ പറയുമായിരുന്നുള്ളൂ. പക്ഷെ ഇന്നാണങ്കില്‍ സിംഹകിരീടം ബലമായി പിടിച്ചു വാങ്ങി തലയിലണിഞ്ഞു, രാജകുമാരിയേയും ബൈക്കിന്റെ പിറകിലിരുത്തിയേ കൊട്ടാരം വിട്ടു പോകൂ.
mullappoo | 12-Oct-06 at 8:05 pm | Permalink
മൂന്നു പേര്‍ക്കും, പരസ്പരം മറ്റു രണ്ടാളുടെയും കിരീടം കാണാവുന്നതാണ്, അപ്പോള്‍ ഒരാള്‍ക്കു കാണാവുന്നതിന് രണ്ടു സാധ്യതയെ ഉള്ളൂ,
1) ഒരു സിംഹ കിരീടം, ഒരു ‘കടു’ കിരീടം
2) അല്ലെങ്കില്‍ രണ്ടു സിംഹ കിരീടം
(മൂന്നാമതൊരു സാധ്യത ആയ രണ്ടു കടുവ കിരീടം, സാധ്യത ഇല്ല .എന്തെന്നാല്‍ അപ്പോള്‍ മൂന്നാമനു ഒന്നു അലോചിക്കേണ്ടതെ ഇല്ല.)
ഒന്നാമത്തെ സാധ്യത:
ഗജേന്ദ്രന് കാണുന്നതു , ഒരു കടുവ (കനിഷ്കന്റെ )കിരീടവും,ഒരു സിംഹ(ഖട്വാംഗന്റെ ) കിരീടവും എന്നുവെയ്ക്കുക.
– ‘ഗജേന്ദ്രന് തലയില്‍ കടുവ കിരീടം ആയിരുന്നെങ്കില്‍ ഖട്വാംഗന് യുറേക്കാ പറഞ്ഞു,രാജകുമാരിയെ അടിച്ചു മാറ്റിയേനെ.
– ഖട്വാംഗന് മിണ്ടാട്ടം മുട്ടിനില്‍ക്കുന്ന സ്ഥിതിക്കു ഗജേന്ദ്രന് തലയില്‍ കടുവ അല്ല , സിംഹം ആണു.
(മൂന്നുപെരും ബ്ലൊഗുകുലത്തിലെ ബുദ്ധിമാന്മാര് ആയതിനാല്‍, ആര്‍ക്കു, ഒരു സിംഹം ,ഒരു കടുവ കാണാന്‍ കഴിയുമൊ, അവര്‍ക്കു ഉത്തരം പറയാന്‍ കഴിയും എന്ന പരമമായ സത്യം നമ്മള് അംഗീകരിച്ചു മുന്‍പോട്ടു പോകുന്നു)
രണ്ടാമത്തെ സാധ്യത:
ഗജേന്ദ്രന് കാണുന്നതു ,രണ്ടു സിംഹ കിരീടമായാല്
– ‘ഗജേന്ദ്രന് തലയില്‍ കടുവ കിരീടം ആയിരുന്നെങ്കില്‍ പരമമായ സത്യം വെച്ചു, മറ്റു രണ്ടു പേരില്‍ ഒരുത്തന് എങ്കിലും യുറേക്കാ വിളിച്ചേനെ.
– രണ്ടാളും മിണ്ടാട്ടം മുട്ടി നില്ക്കുന്ന സ്ഥിതിക്ക് , ഗജേന്ദ്രന് തലയില്‍ കടുവ കിരീടം അല്ല , സിംഹം കിരീടം ആണു.
കഥയ്ക്കു് എന്റേതായ അനുബന്ധം:
കനിഷ്കനെയും ഖട്വാംഗനെയും സമ്മാനങ്ങള്‍ നല്കി രാജാവു യാത്രയാക്കി.
ഗജേന്ദ്രനോടു രാജാവു പറഞ്ഞു: “നീ തന്നെ വിജയി. നീ എന്റെ മകളെ വിവാഹം കഴിച്ചു് ചക്രവര്‍ത്തിയായി വാണുകൊള്ളൂ.”
ഗജേന്ദ്രന് പറഞ്ഞു, വേണ്ട തിരുമേനീ. അടിയനോട് പൊറുക്കണം . അടിയന് രാജകുമാരന് അല്ല. രാജകുമാരി ആണ്. അങ്ങയുടെ മകളുടെ പ്രിയ സുഹൃത്ത്.
അടിയന് വേഷം മാറി വന്നതാണ്. അങ്ങയുടെ മകളെ മണ്ടശിരോമണികളില്‍ നിന്നു രക്ഷിക്കാന്‍ അടിയന് ഇതേ ഒരു വഴി കണ്ടുള്ളൂ.
അനുബന്ധം വെയ്കുകയോ കളയുകയോ ആകാം.
vazhipokan | 13-Oct-06 at 12:23 am | Permalink
അല്ല, ഇതിനൊരു തീരുമാനമായില്ലേ ഇതുവരെ? 🙂