8. യൂ. ഏ. ഈ. മീറ്റും മണ്ണെണ്ണയും (Q)

രണ്ടാം യൂ. ഏ. ഈ. മീറ്റിന്റെ തലേ ദിവസം റീമയ്ക്കൊരു ചെറിയ തലചുറ്റല്‍.

കലേഷിനു ടെന്‍ഷന്‍ അടിക്കാന്‍ വേറേ വല്ലതും വേണോ? ആശുപത്രിയില്‍ കൊണ്ടുപോകലായി, പുറം തിരുമ്മിക്കൊടുക്കലായി, ടെസ്റ്റു ചെയ്യാന്‍ ബ്ലഡ്‌ എടുക്കുമ്പോള്‍ കണ്ണടച്ചു കൊണ്ടു കയ്യില്‍ പിടിക്കലായി, വീട്ടില്‍ വിളിക്കലായി, വര്‍ക്കല മുതല്‍ ആറന്‍മുള വരെയുള്ള സകലമാന അമ്പലത്തിലും വഴിപാടു നേരലായി, ആകെ പുകില്‍.

പിന്നെ, കലേഷിനൊരു നല്ല സ്വഭാവമുണ്ടു്‌. എല്ലാ കാര്യവും അവസാനനിമിഷമേ ചെയ്യൂ. മീറ്റിനാവശ്യമുള്ള ഭക്ഷണം ശരിയാക്കാമെന്നു്‌ ഏറ്റതാണു്‌. വൈകുന്നേരമാണു്‌ ഒന്നും ചെയ്തിട്ടില്ല എന്നോര്‍ത്തതു്‌.

സിദ്ധാര്‍ത്ഥനെ വിളിച്ചു.

“പ്രിയ സിദ്ധാര്‍ത്ഥാ, മീറ്റിന്റെ ഭക്ഷണകാര്യം ഒന്നു നോക്കണമല്ലോ”

സിദ്ധാര്‍ത്ഥന്‍ ഞെട്ടി. പുട്ടു്‌ പത്തു വിരലുമുപയോഗിച്ചു ഞെരടിക്കഴിക്കാന്‍ എക്സ്‌പെര്‍ട്ടാണെന്നല്ലാതെ ഭക്ഷണം അറേഞ്ച്‌ ചെയ്യുന്ന കാര്യവും സിദ്ധാര്‍ത്ഥനും തമ്മില്‍ കടല്‍, കടലാടി എന്ന വസ്തുക്കള്‍ തമ്മിലുള്ള ബന്ധം പോലുമില്ല എന്നതാണു വസ്തുത.

“അതിപ്പോ, എന്റെ ഭാര്യ നിറഞ്ഞ വയറുമായി ഇരിക്കുമ്പോള്‍…”

“പ്രിയ പാരേ, ഒരു വയറു പോലും! അതിനേക്കാള്‍ വലിയ വയറും വെച്ചല്ലേ ഞാന്‍ ദിവസവും നടക്കുന്നതു്‌? എനിക്കു നിവൃത്തിയില്ലാഞ്ഞിട്ടാ. പിന്നെ, പെര്‍ ഹെഡ്‌ 25 ദിര്‍ഹത്തില്‍ ഒതുക്കണം. സഹായത്തിനു്‌ ആ ദില്‍ബനെയും വിളിച്ചോ.”

ബെസ്റ്റ്‌! ഈനാം പേച്ചിയ്ക്കു മരപ്പട്ടി കൂട്ടു്‌. അടുത്ത വീട്ടില്‍ സ്വന്തം ചേച്ചി താമസിക്കുന്നതുകൊണ്ടു മാത്രം പട്ടിണി കിടക്കാതെ കഴിഞ്ഞു പോകുന്ന ദില്‍ബാസുരന്‍ തന്നെ വേണം ഫുഡ്‌കമ്മറ്റി മെംബറാവാന്‍!

എന്തായാലും ചെയ്യാന്‍ തന്നെ വിചാരിച്ചു സിദ്ധാര്‍ത്ഥന്‍.

തുടങ്ങിയപ്പോഴല്ലേ, സംഗതിയുടെ കിടപ്പു മനസ്സിലായതു്‌. ഇരുപത്തഞ്ചു ദിര്‍ഹം വെച്ചു പിരിച്ചാല്‍ പലയിടത്തും കഷ്ടിച്ചു വിളമ്പുകാരെ സംഘടിപ്പിക്കാം. ഭക്ഷണം വേറേ ഉണ്ടാക്കണം.

ബുഫേ ആക്കാമെന്നു വിചാരിച്ചു. എന്നാലും 25 ദിര്‍ഹത്തില്‍ എന്തു ഭക്ഷണം കൊടുക്കാന്‍?

ദില്‍ബാസുരന്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. എക്സ്‌പയറി ഡേറ്റ്‌ കഴിഞ്ഞ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന ഒരു സ്ഥലം കണ്ടുപിടിച്ചു. മുട്ട, ചീസ്‌, പാല്‍, ടോഫു തുടങ്ങിയവ അവിടെ നിന്നു കിട്ടും. പാചകം ചെയ്യുന്ന ബാച്ചിളേഴ്സ് എന്ന വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന സ്പിഷീസ് അവിടെ നിന്നാണത്രേ സാധനം വാങ്ങുന്നതു്. ചപ്പാത്തി പോലെയുള്ള എന്തോ ഒന്നു്‌ ഉണ്ടാക്കിത്തരുന്ന ഒരു ഫിലിപ്പീന്‍ സ്ത്രീയെയും അദ്ദേഹം കണ്ടുപിടിച്ചു.

ഗ്രില്‍ സംഘടിപ്പിച്ചതു സിദ്ധാര്‍ത്ഥനാണു്‌. ജര്‍മ്മന്‍ ടെക്‍നോളജി. രണ്ടാം ലോകമഹായുദ്ധകാലത്തിനു തൊട്ടു മുമ്പു ജര്‍മ്മനിയില്‍ ഉണ്ടാക്കിയതു്‌. കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാര്‍ക്കു ഭക്ഷണം ഉണ്ടാക്കിയിരുന്ന സാധനം. ഒരേ സമയത്തു 25 പാത്രം വെയ്ക്കാവുന്നതു്‌. മണ്ണെണ്ണ കൊണ്ടു പ്രവര്‍ത്തിക്കുന്നതു്‌. ഒരു ആക്രിക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നു് ഒരു ദിവസത്തേയ്ക്കു വാടകയ്ക്കു വാങ്ങിയതാണു്‌.

അങ്ങനെ എല്ലാം ശരിയാക്കി സിദ്ധാര്‍ത്ഥന്‍ വീടു പൂകി. ഭാര്യയോടു വിശേഷമൊക്കെ പറഞ്ഞു.

“അല്ലാ, ഈ ഗ്രില്ലിലൊഴിക്കാന്‍ മണ്ണെണ്ണ എവിടെ നിന്നു കിട്ടും?” ഭാര്യയുടെ ചോദ്യം കേട്ടു ഗൌതമബുദ്ധന്റെ പൂര്‍വ്വാശ്രമത്തിലെ പേരു വഹിക്കുന്നവന്‍ അങ്ങേരു ശവത്തെയും വയസ്സനെയും പിന്നെ ഏതാണ്ടിനെയുമൊക്കെ കണ്ടതിനേക്കാള്‍ ചിന്താക്രാന്തനായി.

ദില്‍ബാസുരനെ വിളിച്ചു.

“ഡാ, നിന്റെ കയ്യില്‍ മണ്ണെണ്ണ ഉണ്ടോ?”

“പിന്നേ, എന്റെ കയ്യില്‍ വെളിച്ചെണ്ണ ഇല്ല, പിന്നാ മണ്ണെണ്ണ! ഇതു ചോദിക്കാനാണോ പാതിരാത്രിയില്‍ എന്നെ വിളിച്ചുണര്‍ത്തിയതു്‌?”

“നിന്റെ ചേച്ചിയോടു്‌ ഒന്നു ചോദിക്കടാ…”

“അവിടെ മണ്ണെണ്ണയൊന്നുമില്ല. ഗ്യാസിലാ അവര്‍ പാചകം ചെയ്യുന്നതു്‌.”

എണ്ണയുടെ നാടായ ദുബായിയില്‍ കുക്കിംഗ്‌ ഗ്യാസിനു യാതൊരു ക്ഷാമവുമില്ല. പാവങ്ങളുടെ ആവശ്യത്തിനു മണ്ണെണ്ണ റേഷന്‍ കട പോലെയുള്ള ഒരു സ്ഥാപനത്തിലൂടെ കൊടുക്കുന്നുണ്ടു്‌ എന്നതു നേരു്‌. പക്ഷേ, വളരെക്കുറച്ചു മലയാളികളേ വാങ്ങാറുള്ളൂ. വാങ്ങുന്നവരാകട്ടേ, ഗൃഹാതുരത്വവും നോവാള്‍ജിയയുമൊക്കെ വന്നു പണ്ടാരമടങ്ങിയവര്‍ മാത്രം.

ചിലര്‍ക്കു മണ്ണെണ്ണ സ്റ്റൌവില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞുന്നാളിലെ ഓര്‍മ്മ വരും. ആ രുചി ഗ്യാസിനും കറന്റിനുമൊന്നും തരാന്‍ കഴിയില്ല എന്നു പറയും. സാധാരണയായി ഭാര്യമാര്‍ ഇതു സമ്മതിക്കാറില്ല. അതിനാല്‍ ഭാര്യമാര്‍ പ്രസവത്തിനോ മറ്റോ നാട്ടില്‍ പോകുമ്പോഴാണു്‌ ഈ ഗൃഹാതുരത്വത്തിനെ പരിപോഷിപ്പിക്കുന്നതു്‌. മാത്രമല്ല, മണ്ണെണ്ണയില്‍ പാചകം ചെയ്യുന്നതു്‌ ആയുരാരോഗ്യത്തിനും നല്ലതത്രേ. എന്തായാലും മണ്ണില്‍ നിന്നു കിട്ടുന്നതല്ലേ? മണ്ണാണു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്നാണു കേരളത്തിലെ ഫാര്‍മേഴ്സും പറയുന്നതു്‌.

മറ്റു ചിലര്‍ക്കു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലേ എഴുത്തു വരൂ. അതും കുഞ്ഞുന്നാളിലെ ശീലമാണു്‌. ഗൃഹാതുരത്വം എന്നു പറയും. ഇവര്‍ രാത്രി വിളക്കൊക്കെ അണച്ചിട്ടു്‌ തന്നെയും കമ്പ്യൂട്ടറിനെയും ഒരു കരിമ്പടം കൊണ്ടു മൂടി അതിനകത്തൊരു മണ്ണെണ്ണവിളക്കു കത്തിച്ചു വെച്ചാണു ബ്ലോഗെഴുതുന്നതു്‌.

പിന്നെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ മാത്രം എരുമയെ കറക്കുന്നവര്‍, റാഗിംഗിനു ശേഷമുള്ള ആദ്യസമാഗമം ഒരു പവര്‍കട്ടിന്റെ ദിവസം കോളേജ് കാന്റീനിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നതുകൊണ്ടു് ഇടയ്ക്കിടെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അത്താഴം കഴിക്കുന്ന ദമ്പതികള്‍ എന്നിങ്ങനെ വേറെയും ആളുകളുണ്ടു്.

ഇവരോടൊക്കെ ഒന്നു ചോദിച്ചുകളയാം.

സിദ്ധാര്‍ത്ഥന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു്‌ അതില്‍ വൈറസുകളില്ലാത്ത ഒരു സ്ഥലം ബുദ്ധിമുട്ടി കണ്ടു പിടിച്ചു്‌, അവിടെനിന്നു്‌ ഒരു ഇ-മെയില്‍ സന്ദേശം എല്ലാവര്‍ക്കും അയച്ചു.

“നാളെ നടക്കുന്ന മീറ്റിന്റെ മണ്ണെണ്ണഫണ്ടിലേക്കായി മണ്ണെണ്ണ ഉദാരമായി സംഭാവന ചെയ്യുക. സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മണ്ണെണ്ണക്കുപ്പികള്‍ ദയവായി ദില്‍ബാസുരനെ ഏല്‍പ്പിക്കുക.”

ദില്‍ബാസുരന്‍ ടൌണിന്റെ ഹൃദയഭാഗത്താണു താമസം. സിദ്ധാര്‍ത്ഥന്‍ അങ്ങു ദൂരെ കടപ്പുറത്തും.

പിറ്റേന്നു്‌ വെളുപ്പിനു തന്നെസിദ്ധാര്‍ത്ഥന്‍ ഓടിക്കിതച്ചു ദില്‍ബന്റെ വീട്ടിലെത്തി.

“എത്ര പേരു കൊണ്ടുത്തന്നഡേ?”

“നാലു പേര്‍.”

“ഇത്ര എച്ചികളായിപ്പോയല്ലോ ഇവന്മാര്‍! എത്ര കുപ്പി കിട്ടി?”

“22.”

“ഹാവൂ, നമുക്കൊരു 18 കുപ്പി മതിയാകും ഇന്നു്‌. ഇടയ്ക്കിടെ ഓഫ്‌ ചെയ്തിടാമല്ലോ.”

കുപ്പികളുമായി ആശാനും ശിഷ്യനും യോഗസ്ഥലത്തേക്കു പോയി. അറബിയിലൊഴികെ ഏതു ഭാഷയിലെഴുതിയാലും ദുരര്‍ത്ഥമുണ്ടാക്കുന്ന പേരുള്ള ഒരു സ്ഥലത്തു് ഏതോ കോഴിക്കൂടയിലാണു മീറ്റ്.

“മണ്ണെണ്ണ തന്നവര്‍ക്കു നന്ദി പറയാനെന്നു പറഞ്ഞു്‌ ആ മൈക്കില്‍ കൂടി ഒന്നു സംസാരിക്കാമല്ലോ,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “ഈ പ്രാവശ്യം സെമിനാര്‍, പ്രബന്ധം എന്നൊക്കെ പറഞ്ഞു്‌ ആ വഴിക്കു വന്നേക്കരുതു്‌ എന്നാണു കലേഷ്‌ പറഞ്ഞതു്‌.”

“അത്രേ അല്ലേ ഉള്ളൂ?” ദിബാസുര ഉവാച, “ആ കൈപ്പള്ളിച്ചേട്ടന്‍ വന്നാല്‍ പിടിച്ചു കൊണ്ടുപോയി ഏറ്റവും പുറകിലത്തേ കസേരയില്‍ ഇരുത്തി കൈകാലുകളും വായും ബന്ധിച്ചു്‌ ഭക്ഷണം തുടങ്ങുന്നതു വരെ ഇരുത്താന്‍ രണ്ടു ഗുണ്ടകളെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടു്‌.”

“അപ്പോള്‍ ഈ പ്രാവശ്യം പരിപാടിയൊന്നുമില്ലേ?”

“പിന്നേ, അതുല്യച്ചേച്ചിയുടെ കല്ലുകൊത്തിക്കളി, കുറുമാന്റെ ആനമയിലൊട്ടകം കറക്കിക്കുത്തു കളി, വല്യമ്മായിയുടെ തംബോല കളി തുടങ്ങി കേരളത്തിന്റെ തനതായ കളികളല്ലേ? പിന്നെയെല്ലാം കുട്ടികളുടെ കളികളാണു്. അതു നടത്താന്‍ കുവൈറ്റില്‍ നിന്നു വിശ്വേട്ടന്‍ വരുന്നുണ്ടു്.”

“അതെന്തൊക്കെയാ കുട്ടികളുടെ പരിപാടികള്‍?”

വീട്ടില്‍ എത്ര കറന്റു ചെലവാകുന്നു എന്നു കണ്ടുപിടിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഒരു ഫിസ്സിക്സ് ക്ലാസ്സ്, ഹ്രീഹ്ലാദം തുടങ്ങിയ വാക്കുകള്‍ കൊണ്ടു് ഒരു കേട്ടെഴുത്തു്, അനോണികളെ ചെറുക്കുന്നതു് ഒരു ശീലമാക്കൂ എന്നതിനെപ്പറ്റി പ്രഭാഷണം തുടങ്ങി…”

“ആ, കിട്ടിപ്പോയി”, ഓരോരുത്തരും കൊണ്ടു വന്ന മണ്ണെണ്ണയുടെ കണക്കു നോക്കിക്കൊണ്ടിരുന്ന സിദ്ധാര്‍ത്ഥന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

“എന്തോന്നു്‌?”

“പ്രസംഗിക്കാന്‍ ആശയം. നീ നോക്കിക്കോഡേ…”

മീറ്റ്‌ തുടങ്ങി. ഐസു പൊട്ടിക്കലിനു ശേഷം മണ്ണെണ്ണയ്ക്കു നന്ദിപ്രകടനത്തിനായി കലേഷിന്റെ അനുവാദത്തോടേ സിദ്ധാര്‍ത്ഥന്‍ മൈക്കുമായി സമ്പര്‍ക്കം സ്ഥാപിച്ചു.

“മാന്യമഹാജനങ്ങളേ…”

സിദ്ധാര്‍ത്ഥന്‍ അങ്ങനെയാണു്‌. ഔചിത്യം തൊട്ടു തീണ്ടിയിട്ടില്ല. കുറുമാനും പച്ചാളവും മാത്രമേ ഉള്ളെങ്കിലും “മാന്യമഹാജനങ്ങളേ…” എന്നേ വിളിക്കൂ.

“നമുക്കു്‌ ഇന്നു മണ്ണെണ്ണ തന്നു സഹായിച്ച ദേവേട്ടന്‍, കുറുമാന്‍, വിശാലന്‍, തറവാടി എന്നീ നാലു മഹാന്മാരോടുള്ള കൃതജ്ഞത ബൂലോഗത്തിന്റെ പേരിലും യൂ. ഏ. ഈ. മീറ്റിന്റെ പേരിലും എന്റെ സ്വന്തം പേരിലും ഞാന്‍ അര്‍പ്പിക്കുകയാണു്‌…”

“മൊത്തം 22 കുപ്പി മണ്ണെണ്ണ സംഭാവനയായി കിട്ടിയിട്ടുണ്ടു്‌. ഇവിടെ മണ്ണെണ്ണ നല്‍കിയ നാലു പേരും നാലു വ്യത്യസ്ത എണ്ണം കുപ്പി മണ്ണെണ്ണയാണു തന്നതു്‌ എന്നു പറയാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണു്‌.”

“ഏറ്റവും കൂടുതല്‍ മണ്ണെണ്ണ തന്നതു്‌ ദേവേട്ടനാണു്‌. മാത്രമല്ല, കുറുമാനും വിശാലനും ചേര്‍ന്നു തന്ന അത്രയും മണ്ണെണ്ണ അദ്ദേഹം ഒറ്റയ്ക്കു നല്‍കുകയുണ്ടായി.”

നീണ്ടു നിന്ന കരഘോഷം. എല്ലാവരും “ദേവന്‍ വാഴ്ക, വാഴ്ക” എന്നു പറഞ്ഞു. അതുല്യ മാത്രം “വീഴ്ക, വീഴ്ക” എന്നു പറഞ്ഞു. പിന്നെ കേട്ടാല്‍ മനസ്സിലാകാത്ത കുറേ തമിഴും ഹിന്ദിയും.

“ഇനി ഞാന്‍ ദേവേട്ടനോടു ചോദിക്കട്ടേ. ഓരോരുത്തരും തന്നതു്‌ എത്ര കുപ്പി മണ്ണെണ്ണയാണെന്നു താങ്കള്‍ക്കു പറയാന്‍ കഴിയുമോ?”

ഒരു കാര്യം പറയാന്‍ വിട്ടു. ബൂലോഗക്ലബ്ബില്‍ സ്വന്തം ബ്ലോഗിന്റെ പരസ്യം പതിക്കരുതു്‌ എന്നു പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുന്നവരാണു ബൂലോഗര്‍. ഞാന്‍ ഇനി പറയാന്‍ പോകുന്ന യുക്തിക്കു നിരക്കാത്ത വസ്തുതയെ ഇവിടെ ഭൂരിഭാഗം ആളുകളും ചോദ്യം ചെയ്യും എന്നു്‌ എനിക്കറിയാം. പക്ഷേ ഈ ബുദ്ധിപരീക്ഷയ്ക്കു വേണ്ടി നിങ്ങള്‍ അതു സമ്മതിച്ചു തന്നേ പറ്റൂ.

എന്താണെന്നോ? ഈ നാലു പേരും അതീവ ബുദ്ധിശാലികളാണെന്നും മുന്‍പൊരദ്ധ്യായത്തില്‍ സൂചിപ്പിച്ച ഗജേന്ദ്രനെക്കാളും ലോജിക്കല്‍ തിങ്കിംഗ്‌ കരഗതരായവരാണെന്നും നിങ്ങളൊന്നു്‌ അസ്യൂം ചെയ്യണം. (“ആദ്യത്തെ മൂന്നു പേരുടെ കാര്യം വേണമെങ്കില്‍ സമ്മതിച്ചു തരാം” എന്നു വല്യമ്മായി പുറകില്‍ നിന്നു വിളിച്ചു പറയുന്നതു ഞാന്‍ കേള്‍ക്കുന്നു.) ഇതു കഴിഞ്ഞാല്‍ നിങ്ങള്‍ സത്യത്തില്‍ത്തന്നെ ഉറച്ചുനിന്നോളൂ.

പറഞ്ഞു വന്നതു്‌, സിദ്ധാര്‍ത്ഥന്‍ ദേവനോടു ചോദിച്ചു. ദേവന്‍ പത്തു വിരലും ഉപയോഗിച്ചു പല കണക്കും കൂട്ടി നോക്കിയിട്ടു്‌ “എനിക്കറിയില്ല” എന്നു പറഞ്ഞു.

അടുത്ത ചോദ്യം കുറുമാനോടു്‌. “താങ്കള്‍ക്കു പറയാന്‍ പറ്റുമോ?”

“ദേവനു പറ്റിയില്ല, പിന്നാ കുറുമാനു്‌,” പെരിങ്ങോടന്‍ പിറുപിറുത്തു.

“അങ്ങനെയല്ല പെരിങ്ങോടരേ. ദേവന്റേതു പുരന്ദരം. കുറുമാന്റേതു സൌഭദ്രം,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “ദേവനു കിട്ടാത്ത ഒരു ക്ലൂ കുറുമാനു കിട്ടിയിട്ടുണ്ടു്‌.”

“അതെന്തു്‌?”

“ദേവനു പറയാന്‍ കഴിഞ്ഞില്ല എന്ന ക്ലൂ. അതൊരു ഒന്നര ക്ലൂവാണു്‌.”

“ഒന്നര” ക്ലൂവും കൂടി മിനുപ്പേറിയ തലയിലിട്ടു്‌ കിലുക്കിക്കലക്കിയെടുത്തു്‌, ഇടയ്ക്കിടെ കാലാട്ടി, തല പുകഞ്ഞാലോചിച്ചിട്ടും കുറുമാനു പറയാന്‍ സാധിച്ചില്ല.

“അടുത്ത ചോദ്യം വിശാലനോടു്‌,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “അതിബുദ്ധിമാന്മാരായ ദേവനും കുറുമാനും പറയാന്‍ കഴിഞ്ഞില്ല എന്ന ക്ലൂവും കൂടി ഉപയോഗിച്ചു്‌ ഉത്തരം പറയാമോ?”

വിശാലന്‍ ചെവിപ്പുറകില്‍ നിന്നു പെന്‍സിലെടുത്തു ഒരു കടലാസ്സില്‍ കുറേ കണക്കു കൂട്ടിനോക്കീട്ടു്‌ ഒരു ചരിഞ്ഞ നോട്ടം നോക്കി “എനിക്കറിയില്ല” എന്നു സ്നേഹസാന്ദ്രമായി മൊഴിഞ്ഞു.

“അവസാനത്തെ ചോദ്യം തറവാടിയോടു്‌. താങ്കള്‍ക്കു പറയാമോ?”

“പറയാം.”

“എന്റെ ബദരീങ്ങളേ” എന്നു വല്യമ്മായി വിളിച്ച വിളി തൊണ്ടയില്‍ കുരുങ്ങി നിന്നു. നമ്മുടെ അസംപ്ഷന്‍ ആ മഹിളാരത്നം ഒരു നിമിഷത്തേക്കു മറന്നു പോയിരുന്നു.

മണിമണിയായി തറവാടി നാലു പേരും കൊടുത്ത മണ്ണെണ്ണയുടെ കണക്കു പറഞ്ഞു. അതു ശരിയായിരുന്നു താനും.

എന്തായിരുന്നു തറവാടിയുടെ ഉത്തരം?


ഇതു ചെയ്യാന്‍ നോക്കി ഒരു എത്തും പിടിയും കിട്ടാതെ നില്‍ക്കുകയാണു്‌ നിങ്ങളെല്ലാവരും എന്നെനിക്കറിയാം. ഇവിടെ നാലു പേര്‍ക്കും അവനവന്‍ കൊടുത്ത കുപ്പികളുടെ എണ്ണം അറിയാം. അതുകൊണ്ടാണു തറവാടിയ്ക്കു്‌ ഉത്തരം പറയാന്‍ കഴിഞ്ഞതു്‌.

നിങ്ങള്‍ക്കു്‌ അതറിയാത്തതുകൊണ്ടു്‌ ഇത്രയും ക്ലൂകളില്‍ നിന്നു നിങ്ങള്‍ക്കു്‌ ഉത്തരം കിട്ടില്ല. അതിനാല്‍ ഒരു ക്ലൂ കൂടി തരാം.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും, ഇവിടെ ഏറ്റവും കുറച്ചു മണ്ണെണ്ണ കൊടുത്തതു കുറുമാനാണെന്നു്‌. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ നിന്നു്‌ അങ്ങനെ അനുമാനിച്ചതില്‍ നിങ്ങളെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ സത്യം അതല്ല. ഏറ്റവും കുറച്ചു മണ്ണെണ്ണ കൊണ്ടുവന്നതു കുറുമാനല്ല, മറ്റൊരാളാണു്‌.

പിന്നെ, ഇതു നിങ്ങള്‍ക്കു മാത്രമുള്ള ക്ലൂവാണു്‌. അവര്‍ക്കു നാലു പേര്‍ക്കും ഇതു്‌ അറിയില്ലായിരുന്നു.


ഉത്തരം കിട്ടിയാല്‍ ആദ്യം അതയയ്ക്കുക. ചെയ്യുന്ന വിധം എഴുതാന്‍ ഒരുപാടുണ്ടു്‌. അതു പിന്നീടു സൌകര്യമായി അയയ്ക്കുക.


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.