5. മൂന്നു കിരീടങ്ങള്‍ (Q)

മൂന്നു കിരീടങ്ങള്‍

ലോമപാദമഹാരാജാവിന്റെ ഏകമകള്‍ക്കു കല്യാണപ്രായമായി.

രാജാവാകട്ടേ പടുവൃദ്ധന്‍. ആണ്‍മക്കളുമില്ല. മകളെ വിവാഹം കഴിപ്പിച്ചിട്ടു വേണം മരുമകനു തന്റെ രാജ്യവും സമ്പത്തും കൊടുത്തിട്ടു വാനപ്രസ്ഥത്തിനോ സന്ന്യാസത്തിനോ ഫുള്‍ടൈം ബ്ലോഗെഴുത്തിനോ പോകാന്‍.

മരുമകനെ കണ്ടുപിടിക്കാന്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു രാജാവു്. അറിയിപ്പു ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടു അഞ്ചു മിനിട്ടു പോലും ആയില്ല, പെരിങ്ങോടന്‍ മുതല്‍ പാച്ചാളം വരെ സകലമാന ബാച്ചിലര്‍ ക്ലബ്‌ മെംബേഴ്സും കൊട്ടാരത്തിനു മുന്നില്‍ ഹാജര്‍.

മുന്നില്‍ത്തന്നെ തിക്കിത്തിരക്കി നില്‍ക്കുന്ന ശ്രീജിത്തിനോടു ദില്‍ബാസുരന്‍ ചോദിച്ചു:

“ഡേ, നീയല്ലേ പറഞ്ഞതു പെണ്‍പിള്ളേര്‍ ശല്യമാണു്, അതുങ്ങളെ വേണ്ടാ, കെട്ടിപ്പിടിക്കുകയാണെങ്കില്‍ ആണുങ്ങള്‍ തന്നെ നല്ലതു് എന്നൊക്കെ?”

“ഡാ, അതു നമ്മുടെ കാശു പിടുങ്ങി ഐസ്ക്രീമും സിനിമാടിക്കറ്റുകളും ചില്ലിചിക്കനുമൊക്കെ വഹിക്കുന്ന ശല്യങ്ങളെപ്പറ്റിയല്ലേ, വര്‍ക്കത്തുള്ള ഒറ്റയൊരെണ്ണത്തിനെ കാണാനില്ല. അതുപോലെയാണോ രാജകുമാരി?”

“ഡാ, ലേഡീസിനെപ്പറ്റി മാത്രം പറയരുതു്,” ആദിത്യന്‍ ഇടപെട്ടു, “നമ്മളിലൊരുത്തനു മാത്രമേ രാജകുമാരിയെ കിട്ടൂ, മറ്റവരെ ഇനിയും കാണാനുള്ളതാ…”

“എടാ, ഈ മൂപ്പിലാന്‍ ഇന്നോ നാളെയോ വടിയാകും, പിന്നെ ആ രാജകുമാരിയെ കെട്ടുന്നവനു എന്തൊരു കാശായിരിക്കും? രാവിലെ തൊട്ടു വൈകിട്ടു വരെ കമ്പ്യൂട്ടറുകള്‍ അഴിച്ചും പിടിപ്പിച്ചും… അല്ലാ, മറ്റേ ക്ലബ്ബിലെ ആരെയും കാണുന്നില്ലല്ലോ…”

“ഓ ലവരു മണ്ടന്മാര്‍. അവര്‍ക്കു രാജകുമാരിയേം സമ്പത്തും ഒന്നും വേണ്ടാന്നു്. സ്നേഹിക്കുന്ന താടകയെയും കുസൃതികളായ കാര്‍ക്കോടകന്മാരെയും സമാധാനപൂര്‍ണ്ണമായ കുടുംബം എന്ന നരകത്തെയും വിട്ടിട്ടു ഒരുത്തനും ഒന്നും വേണ്ടാന്നു്…”

“ഡാ, നമ്മളും അങ്ങനെ ആയിപ്പോകുമോടേ?”

“എവിടെ? ആദ്യം ആ രാജകുമാരിയെ കിട്ടട്ടേ, പിന്നെ ആ മൂപ്പിലാനൊന്നു ചത്തോട്ടേ…”

പക്ഷേ അണ്ടന്‍, അഴകോടന്‍ ആദിയായ അഭിധാനവാഹകര്‍ക്കൊന്നും മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ലോമപാദമഹാരാജാവിനു് അശേഷം താത്‌പര്യമില്ലായിരുന്നു. അദ്ദേഹം ഒരു വലിയ മത്സരം തന്നെ സംഘടിപ്പിച്ചിരുന്നു.

ആദ്യത്തെ റൗണ്ട്‌ എളുപ്പമായിരുന്നു. മുട്ട പുഴുങ്ങുക, വണ്ടിയുടെ മൈലേജ്‌, ദൂരം, പെട്രോളിന്റെ വില എന്നിവയില്‍ നിന്നു യാത്രയുടെ ചെലവു കണക്കാക്കുക, പാറപ്പുറത്തുനിന്നു താഴെ വീഴുന്ന വെലോസിറ്റി കണ്ടുപിടിക്കുക തുടങ്ങിയ ചെറിയ ഐറ്റങ്ങള്‍. അതു കഴിഞ്ഞതോടുകൂടി മത്സരിക്കുന്നവരുടെ എണ്ണം പത്തിലൊന്നായി ചുരുങ്ങി. ഇത്രേയുള്ളോ മത്സരം എന്ന ഭാവത്തില്‍ ശേഷിച്ചവര്‍ ലഘുചിത്തരായി കാണപ്പെട്ടു.

അടുത്ത റൗണ്ട്‌ അല്‍പം കൂടി പ്രയാസമായിരുന്നു. വിശ്വത്തിന്റെ കഥ വായിച്ചു് അര്‍ത്ഥം പറയുക, ഷിജുവിന്റെ ചിത്രം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തുക, ആദിത്യന്റെ ഫോട്ടൊയില്‍ വിമാനം കണ്ടുപിടിക്കുക, കൈപ്പള്ളിയുടെ അക്ഷരത്തെറ്റുകള്‍ തിരുത്തുക, മലയാളം കീബോര്‍ഡ്‌ ഉപയോഗിച്ചു “ക്രൗഞ്ചം ശ്രുതിയിലുണര്‍ത്തും നിസ്വനം മദ്ധ്യമം” എന്നെഴുതുക, ബിന്ദുവും സന്തോഷുമുള്ള ബ്ലോഗില്‍ നൂറാമത്തെ കമന്റിടുക തുടങ്ങി നല്ല വിഷമമുള്ള ചോദ്യങ്ങള്‍ തന്നെ. വിജയികളുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു.

അടുത്ത റൗണ്ട്‌ ഡിബേറ്റ്‌/ഗ്രൂപ്പ്‌ ഡിസ്കഷന്‍ ആയിരുന്നു. ചില്ലിനു എന്‍കോഡിംഗ്‌ വേണോ, സംവൃതോകാരത്തിനു ചന്ദ്രക്കല മതിയോ, അദ്വൈതത്തില്‍ ക്വാണ്ടം മെക്കാനിക്സ്‌ ഉണ്ടോ, മനുസ്മൃതി ഇന്നും പ്രസക്തമാണോ, ആണും ആണും കെട്ടിപ്പിടിക്കാമോ, ജ്യോതിഷം ഒരു ശാസ്ത്രമാണോ, സിന്ധു നദിയില്‍ കുതിരയായിരുന്നോ കാളയായിരുന്നോ, ചെസ്സുകളിക്കുന്നവനെ സഹായിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളില്‍ ഘോരഘോരം വാഗ്വാദങ്ങള്‍ നടത്തി. ഈ റൗണ്ടില്‍ കാര്യമായി ആരും തന്നെ പുറത്തായില്ല.

പിന്നീടാണു ബുദ്ധിപരീക്ഷ വന്നതു്. പച്ചാനയുടെ പള്ളിക്കൂടം കണക്കു മുതല്‍ പണിക്കര്‍ മാഷിന്റെ സംസ്കൃതശ്ലോകം വരെ പല പല പസ്സിലുകള്‍. ബാച്ചിലേഴ്സൊക്കെ മന്‍ജിത്തിന്റെ ബ്ലോഗിലെ അനോണിക്കമന്റുകള്‍ പോലെ തുരുതുരാന്നു് അപ്രത്യക്ഷമാകാന്‍ തുടങ്ങി.

ചടങ്ങു കഴിഞ്ഞപ്പോള്‍ മൂന്നു പേര്‍ ശേഷിച്ചു-കനിഷ്കന്‍, ഖട്വാംഗന്‍, ഗജേന്ദ്രന്‍ എന്നിവര്‍. (ഘടോല്‍ക്കചന്‍ അവസാനത്തെ റൗണ്ടിലാണു പുറത്തായതു്.) അതിബുദ്ധിമാന്മാര്‍. നോബല്‍ സമ്മാനം കിട്ടിയ പ്രബന്ധങ്ങളില്‍ ഓടിച്ചു വായിച്ചിട്ടു തെറ്റു കണ്ടുപിടിക്കുന്നവര്‍. കണ്ണുകെട്ടി ഗാരി കാസ്പറൊവിനെയും വിശ്വനാഥന്‍ ആനന്ദിനെയും ഒരേ സമയം ചതുരംഗം കളിച്ചു തോല്പിക്കുന്നവര്‍. ഗന്ധര്‍വ്വന്റെ കമന്റുകളില്‍ സന്തോഷ് പറഞ്ഞ മാതിരി കുത്തും കോമയും ചേര്‍ക്കാന്‍ കഴിവുള്ളവര്‍.

രാജാവു് അവരെ അഞ്ചു കിരീടങ്ങള്‍ കാണിച്ചു.

എല്ലാം സ്വര്‍ണ്ണക്കിരീടങ്ങള്‍. മിക്കവാറും ഒരുപോലെ ഇരിക്കും. ഒരു വ്യത്യാസം മാത്രം. മൂന്നെണ്ണത്തില്‍ സിംഹത്തിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ടു്; രണ്ടെണ്ണത്തില്‍ കടുവയുടെയും.

“നിങ്ങള്‍ എല്ലാവരും കണ്ണടച്ചു നില്‍ക്കണം,” രാജാവു പറഞ്ഞു, “ഞാന്‍ നിങ്ങളുടെ തലയില്‍ ഓരോ കിരീടം വെയ്ക്കും. ബാക്കി രണ്ടെണ്ണം നിങ്ങള്‍ കാണാതെ ഒളിച്ചു വെയ്ക്കും. തന്റെ തലയില്‍ ഇരിക്കുന്ന കിരീടം സിംഹത്തിന്റെയാണോ കടുവയുടെയാണോ എന്നു പറയുന്നവനു രാജ്യവും രാജകുമാരിയും…”

“സ്വന്തം തലയിലെ കിരീടം കാണാന്‍ അനുവദിക്കുന്നതല്ല. മറ്റുള്ളവരുടെ തലയിലെ കിരീടം കാണുകയും ചെയ്യാം…”

“ഉത്തരം പറയാതിരിക്കുവാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടു്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു തിരിച്ചുപോകാം. മൂന്നു പേരും ഉത്തരം പറഞ്ഞില്ലെങ്കില്‍ രാജകുമാരി കന്യകയായി നില്‍ക്കട്ടേ…”

“തെറ്റായ ഉത്തരം പറഞ്ഞാല്‍ അടുത്ത നിമിഷം അയാളുടെ കഴുത്തു വെട്ടും. അതുകൊണ്ടു നല്ല ഉറപ്പുണ്ടെങ്കില്‍ മാത്രം പറയുക…”

“പിന്നെ, തല കുലുക്കി കിരീടം താഴെയിട്ടു നോക്കുക, കിരീടത്തില്‍ തപ്പി നോക്കുക, “പ്ലീസ്‌ പ്ലീസ്‌ രാജകുമാരിയെ എനിക്കു തരൂ” എന്നു പറഞ്ഞു കരഞ്ഞുകാണിച്ചു കണ്ണുനീരില്‍ കിരീടത്തിന്റെ പ്രതിഫലനം നോക്കുക, മറ്റുള്ളോരോടു ചോദിക്കുക തുടങ്ങിയ ഫ്രോഡു വല്ലതും കാണിച്ചാല്‍ ഫലം ഭയാനകമായിരിക്കും. നിങ്ങളുടെ ഓരോ അവയവമായി ഛേദിച്ചു കൊല്ലാക്കൊല ചെയ്യും. അല്ലെങ്കില്‍ ബൂലോഗക്ലബ്ബിന്റെ അഡ്‌മിനിസ്ട്രേറ്ററാക്കും. ഫ്രോഡു കാണിക്കുന്നതു തീരെ സഹിക്കില്ല ലോമപാദന്‍!”

ബാച്ചിലന്മാര്‍ കിടുങ്ങി വിറച്ചു. അതു് ഒരിക്കലും ഉണ്ടാവില്ല എന്നു ബോധിപ്പിച്ചു. ഉണ്ടായാലും ആദ്യത്തെ ശിക്ഷയേ തരാവൂ എന്നു അപേക്ഷിച്ചു.

എല്ലാവരും കണ്ണടച്ചു നിന്നപ്പോള്‍ രാജാവു മൂന്നുപേരുടെയും തലയില്‍ സിംഹത്തിന്റെ കൊത്തുപണിയുള്ള കിരീടം വെച്ചു. കടുവക്കിരീടങ്ങള്‍ രണ്ടും ഒളിപ്പിക്കുകയും ചെയ്തു. ഇനി കണ്ണു തുറന്നോളാന്‍ പറഞ്ഞു.

മറ്റു രണ്ടു പേരുടെയും തലയില്‍ സിംഹക്കിരീടങ്ങളാണെന്നു മൂന്നു പേരും കണ്ടു. തന്റെ തലയിലെ കിരീടത്തെപ്പറ്റിയോര്‍ത്തു് അവര്‍ ചിന്താക്രാന്തരായി.

“മറ്റു രണ്ടു പേരുടെയും തലയില്‍ കടുവക്കിരീടം കണ്ടിരുന്നെങ്കില്‍ എളുപ്പമായിരുന്നു, അപ്പോള്‍ തന്റെ തലയില്‍ സിംഹക്കിരീടമാണു് എന്നു പറയാന്‍ എളുപ്പമാണല്ലോ” എന്നു മൂന്നു പേരും ചിന്തിച്ചു. ഇപ്പോള്‍ ഒരു സിംഹക്കിരീടവും രണ്ടു കടുവാക്കിരീടവും ബാക്കിയുണ്ടല്ലോ, അതിലേതായിരിക്കും തന്റെ തലയില്‍ എന്നാലോചിച്ചു് ഇഞ്ചിയുടെ കഥ വായിച്ചതിനേക്കാളും വട്ടായി.

കുറേ നേരം ഒരു ശ്മശാനമൂകത. കനിഷ്കന്‍ ഖട്വാംഗനെ നോക്കി. ഖട്വാംഗന്‍ ഗജേന്ദ്രനെ നോക്കി. ഗജേന്ദ്രന്‍ കനിഷ്കനെ നോക്കി.

അതു കഴിഞ്ഞു ഡയറക്‍ഷന്‍ മാറ്റി. ഗജേന്ദ്രന്‍ ഖട്വാംഗനെയും ഖട്വാംഗന്‍ കനിഷ്കനെയും കനിഷ്കന്‍ ഗജേന്ദ്രനെയും നോക്കി.

ആരും ഒന്നും പറയുന്നില്ല.

അതു കഴിഞ്ഞു ഓരോരുത്തനും മറ്റു രണ്ടുപേരെയും നോക്കി. തുറിച്ചും തുറിക്കാതെയും നോക്കി. ആര്‍ക്കും ഒരു ക്ലൂവും കിട്ടുന്നില്ല.

പെട്ടെന്നു്, ഗജേന്ദ്രന്‍ “യുറേക്കാ” എന്നു പറഞ്ഞു. കിരീടത്തിന്റെ പ്രശ്നം സോള്‍വു ചെയ്താല്‍ എല്ലാ മഹാന്മാരും പറയുന്ന വാക്കു്. ശരീരത്തില്‍ വസ്ത്രമുള്ളതുകൊണ്ടു മാത്രം രാജവീഥിയിലൂടെ ഓടിയില്ല.

“എന്റെ തലയില്‍ സിംഹത്തിന്റെ കിരീടമാണു്,” ഗജേന്ദ്രന്‍ അലറി.

“കൊള്ളാം,” രാജാവു ചോദിച്ചു, “നീ എങ്ങനെ ഇതു കണ്ടുപിടിച്ചു?”

എങ്ങനെ കണ്ടുപിടിച്ചു? നിങ്ങള്‍ പറയൂ.


(ക്ലൂ: ഇതിന്റെ പല ക്ലൂകളും ചോദ്യത്തില്‍ത്തന്നെയുണ്ടു്.)


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.