Q:Simple Math

10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q)

Mouse-Cookie‍ബൂലോഗത്തില്‍ എനിക്കു വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണു ശ്രീജിത്ത്. പക്ഷേ എന്തു ചെയ്യാന്‍, പറയുന്നതു മിക്കവാറും മണ്ടത്തരമാണു്.

ശ്രീജിത്ത് ഒരിക്കല്‍ “ഡെമോക്ലീസിന്റെ വാള്‍” എന്ന അര്‍ത്ഥത്തില്‍ “ഡെമോസ്തനീസിന്റെ വാള്‍” എന്നു പ്രയോഗിച്ചു. ഇളം തെന്നലും പിന്നീടു ഞാനും ചൂണ്ടിക്കാണിച്ചെങ്കിലും ഇതു വരെ അതു തിരുത്തിയിട്ടില്ല. ഡെമോസ്തനീസിന്റെ അച്ഛനു വാളുണ്ടാക്കലായിരുന്നു ജോലി എന്നു വിക്കിപീഡിയയിൽ കണ്ടത്രേ!

പിന്നീടൊരിക്കല്‍ ‍ ശ്രീജിത്ത് ഒരു പാറപ്പുറത്തു കയറിയ കഥ എഴുതി. പാറപ്പുറത്തു നിന്നു് താഴെ വീണ സ്പീഡ് ഒരു സെക്കന്റില്‍ 9.81 കിലോമീറ്റര്‍ എന്നായിരുന്നു അതില്‍ കാച്ചിയതു്. (ഇപ്പോള്‍ പോസ്റ്റില്‍ അതു കാണില്ല. തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ ശ്രീജിത്ത് തിരുത്തി.) ഫിസിക്സില്‍ ബിരുദമെടുത്ത ശ്രീജിത്ത് താഴോട്ടു വീഴുന്ന വീഴ്ചയും 9.81 എന്ന സംഖ്യയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നുള്ള ഒരു മങ്ങിയ ഓര്‍മ്മയില്‍ നിന്നാണു് ഈ മണ്ടത്തരം. ഇതിലെ പിശകും ഞാന്‍ ചൂണ്ടിക്കാണിച്ചു.

ഇതോടുകൂടി ശ്രീജിത്ത് വ്യസനാക്രാന്തനും നിരാശാരോഗിയുമായി മാറി. തന്റെ ബ്ലോഗ് വളരെയധികം ലലനാമണികള്‍ വായിക്കുന്നുണ്ടെന്നും യഥാര്‍ത്ഥജീവിതത്തില്‍ താന്‍ വളരെ മിടുക്കനാണെങ്കിലും വിനയം കൊണ്ടു് മണ്ടനായി ഭാവിച്ചു ബ്ലോഗെഴുതുകയാണെന്നും അവരുടെ മുമ്പില്‍ പരസ്യമായി കമന്റിട്ടു് തന്നെ നാറ്റിക്കരുതെന്നും അവന്‍ എന്നോടു യാചിച്ചു. പണ്ടു മുയല്‍ കിണറ്റില്‍ ചാടിച്ച സിംഹത്തിന്റെ കാര്യം പോലെ ഓരോ പോസ്റ്റെഴുതുമ്പോഴും അതു പോസ്റ്റു ചെയ്യുന്നതിനു മുമ്പു് എനിക്കയച്ചുതരാമെന്നും തെറ്റു തിരുത്തി തിരിച്ചയയ്ക്കണം എന്നും അവന്‍ അപേക്ഷിച്ചു. അതനുസരിച്ചു കുറേക്കാലം ഞാന്‍ അവന്റെ പോസ്റ്റുകള്‍ തിരുത്തിക്കൊടുത്തു. പിന്നെ സമയപരിമിതി മൂലം പോസ്റ്റുകള്‍ വന്നിട്ടു് ഒരു ദിവസം കഴിയുമ്പോള്‍ “നല്ല പോസ്റ്റ്, പോസ്റ്റു ചെയ്തോളൂ, നിനക്കു നല്ല വിവരമായല്ലോ” എന്നു പറയാന്‍ തുടങ്ങി. അതല്ലാതെ ഇതൊക്കെ വായിക്കാന്‍ ആര്‍ക്കാണു നേരം!

അങ്ങനെ, കുറേക്കാലമായി ശ്രീജിത്തിന്റെ പോസ്റ്റുകളൊന്നും തിരുത്താതെ ഇരിക്കുകയായിരുന്നു. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന “ബുദ്ധിപരീക്ഷ” ബ്ലോഗില്‍ ഒരു പുതിയ പ്രശ്നം ഇടാന്‍ ആശയമൊന്നും തോന്നാതെ വിഷമിച്ചിരിക്കുമ്പോഴാണു് ശ്രീജിത്തിന്റെ പുതിയ പോസ്റ്റ് മെയിലില്‍ വന്നതു്-“ക്രിക്കറ്റ് മണ്ടത്തരങ്ങൾ”.

ശ്രീജിത്തിന്റെ പോസ്റ്റ് അതേപടി താഴെ നീല അക്ഷരത്തിൽ ചേർക്കുന്നു. ഇതിൽ ആരെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഐ. ടി. സെൿഷൻ 67 പ്രകാരം കേസു കൊടുക്കേണ്ടതു് ശ്രീജിത്തിനെതിരേ ആണു്, എനിക്കെതിരേ അല്ല.


യുഗങ്ങള്‍ക്കു മുമ്പു്, ബ്ലോഗിനും ദിനോസറുകള്‍ക്കും മുമ്പു്, ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റില്‍ രണ്ടു ജീവബിന്ദുക്കള്‍ പാര്‍ത്തിരുന്നു.

ഞാന്‍ അന്നേ സ്മാര്‍ട്ടായിരുന്നു. പോരാത്തതിനു് ഒടുക്കത്തെ ഗ്ലാമറും. കഥ, കവിത, ശ്ലോകം, മുദ്രാവാക്യം തുടങ്ങി എന്തും എഴുതും. ക്രിക്കറ്റ്, ഫുട്ബാള്‍, ബാസ്കറ്റ്‌ബാള്‍, കാനിബാള്‍ തുടങ്ങി എന്തും കളിക്കും. പാട്ടു്, ഡാന്‍സ്, പടം വരയ്ക്കല്‍, പടം പിടിക്കല്‍ (തെങ്ങിന്‍ പൂക്കുലയായിരുന്നു സ്പെഷ്യലൈസേഷന്‍), ദഫ് മുട്ടു്, ഒപ്പന, മാര്‍ഗ്ഗം കളി, ചൂളം വിളി, കമന്റടി തുടങ്ങിയ എല്ലാ കലാപരിപാടികളിലും സമര്‍ത്ഥന്‍. ബാംഗ്ലൂരിലുള്ള എല്ലാ ലലനാമണികളുടെയും ആരാധനാപാത്രം. എല്ലാറ്റിനും ഉപരി, ശമ്പളം കിട്ടുന്ന കാശു മുഴുവന്‍ അല്പം പൊക്കിപ്പറയുന്നവര്‍ക്കു തീറ്റി വാങ്ങിക്കൊടുക്കാന്‍ ചെലവാക്കുന്ന പരോപകാരി.

എന്റെ സഹമുറിയന്‍ നേരേ വിപരീതം. എല്ലാത്തിനെയും പറ്റി വാചകമടിക്കും. ഒരു കാര്യത്തിനും കൊള്ളിക്കില്ല. കയ്യില്‍ അഞ്ചു പൈസയില്ല. ബാക്കിയുള്ളവനെ ഓസിയാണു ജീവിതം.

ആദിത്യന്‍ എന്നായിരുന്നു അവന്റെ പേരു്. രൂപം പേരിനു നേരേ വിപരീതം. ഞാനും അവനും കൂടി നടന്നാല്‍ ഐശ്വര്യാ റായിയും അടൂര്‍ ഭവാനിയും കൂടി നടക്കുന്നതു പോലെ ഇരിക്കും. ആ ഒരൊറ്റ കാരണം കൊണ്ടാണു ഞാന്‍ അവനെ കൂടെ കൊണ്ടു നടക്കുന്നതു്. അവന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ പെണ്‍‌പിള്ളേരൊക്കെ എന്നെ മാത്രമേ ശ്രദ്ധിക്കൂ.

ആദിത്യനില്ലാത്ത ഒരു സാധനം എനിക്കുണ്ടു്. ഒരു ബൈക്ക്. എവിടെയെങ്കിലും സമയത്തെത്താന്‍ അതു സഹായിക്കില്ലെങ്കിലും, സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്തി അതില്‍ ചാരി സ്റ്റൈലായിട്ടു നില്‍ക്കാന്‍ നല്ല സാധനമാണു്. ബാംഗ്ലൂരിലെ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ അതു മിക്കവാറും കാ‍ണപ്പെടാറുണ്ടു്.

എനിക്കില്ലാത്ത ഒരു സാധനം ആദിത്യനുണ്ടു്. ഒരു മൊബൈല്‍ ഫോണ്‍. ഗള്‍ഫില്‍ നിന്നു മടങ്ങിവന്ന ഏതോ അമ്മാവനില്‍ നിന്നു് അടിച്ചു മാറ്റിയതാണു്. ഫോണ്‍ സര്‍വീസൊന്നുമില്ല. ഞാന്‍ ബൈക്ക് കൊണ്ടുനടക്കുന്നതുപോലെ ഒരു സ്റ്റൈലിനു കൊണ്ടു നടക്കുന്നതാണു്. എന്നും ചാര്‍ജു ചെയ്തു് എപ്പോഴും ഇടത്തുകയ്യിലോ അരക്കെട്ടില്‍ അല്പം വലത്തു മാറിയോ അവനെ ഫിറ്റു ചെയ്തുകൊണ്ടേ ആദിത്യനെ കാണാന്‍ പറ്റൂ. കക്കൂസില്‍ പോകുന്നതും അതും കൊണ്ടാണു്.

ഇതൊക്കെയാണെങ്കിലും എന്റെ ബൈക്കിനെക്കാള്‍ പ്രയോജനം അവന്റെ മൊബൈല്‍ ഫോണിനാണു്. കാരണം, അതില്‍ ഒരു കാല്‍ക്കുലേറ്ററുണ്ടു്. കണക്കു കൂട്ടേണ്ട ആവശ്യം വരുമ്പോള്‍ അവന്‍ അതില്‍ കുത്തി ഉത്തരം കണ്ടുപിടിച്ചു തരും. അതുപയോഗിച്ചു് അവനൊരിക്കല്‍ ബാംഗ്ലൂരില്‍ നിന്നു കൊച്ചിയ്ക്കു ബൈക്കില്‍ പോകാന്‍ എത്ര രൂപയുടെ പെട്രോള്‍ വേണമെന്നു കണ്ടുപിടിച്ചതു ചരിത്രസംഭവമാണു്.


അങ്ങനെയിരിക്കുമ്പോഴാണു വില്ലന്‍ രംഗത്തു വരുന്നതു്.

നളൻ എന്നായിരുന്നു അയാളുടെ പേരു്. യഥാർത്ഥ പേരു് ആർക്കും അറിയില്ല. പഴയ നളനു പാചകമായിരുന്നു പണിയെങ്കിൽ ഇയാൾക്കു വാചകമാണു പണി. ഈയിടെ ബാംഗ്ലൂരിൽ എത്തിയതേ ഉള്ളൂ. അതിനു മുമ്പു് ആറുകൊല്ലം അമേരിക്കയിൽ കൂലിപ്പണിയായിരുന്നു. ഇനി കൂലിപ്പണി ചെയ്യാൻ ആരോഗ്യമില്ല എന്നു തോന്നിയപ്പോൾ അമേരിക്കൻ കമ്പനി ഒരു സുപ്രഭാതത്തിൽ പറഞ്ഞുവിട്ടു. പുള്ളിയാരാ മോൻ? ഒരു കൊടിയും പിടിച്ചു് കമ്പനിയുടെ മുന്നിൽ കുത്തിയിരുന്നു് ഇങ്ക്വിലാബു വിളിച്ചു. അമേരിക്കക്കാർ ആദ്യമായാണു് അങ്ങനൊരു സംഭവം കേൾക്കുന്നതു്. അവർ അങ്ങേരെയും കൊടിയും കൂടി പൊതിഞ്ഞുകെട്ടി ഒരു വിമാനത്തിൽ കയറ്റി ഇന്ത്യയിലേക്കയച്ചു. അങ്ങനെയാണു് ഇവിടെ എത്തിയതു്.

എന്തായാലും അന്നു മുതൽ കമ്യൂണിസം, വിപ്ലവം എന്നൊക്കെ പറഞ്ഞു നടക്കുകയാണു്. അമേരിക്ക എന്നു കേട്ടാൽ കലിയിളകും. ബ്രാഹ്മണൻ, ഹിന്ദു, ജാതി, മതം, വേദം, സംസ്കൃതം എന്നൊക്കെ കേട്ടാലും അങ്ങനെ തന്നെ.

അമേരിക്കയിൽ നിന്നു കിട്ടിയ കാശൊക്കെ മുടക്കി ഒരു കാറു വാങ്ങിയിട്ടുണ്ടു്. ഒരു മാതിരി ഒരു മാരുതി കാറു്. എന്റെ ബൈക്കിന്റെ പുറകില്‍ കയറുമെന്നു ഞാന്‍ സ്വപ്നം കണ്ടു നടന്ന പെണ്‍പിള്ളേരൊക്കെ ഇപ്പോള്‍ അയാളുടെ ഒരു മാതിരി കാറിലാണു സഞ്ചാരം.

ആദിത്യനും അയാളെ കണ്ടുകൂടാ. കാരണം, അമേരിക്കയിൽ നിന്നു് ഒരു സെൽ ഫോണും കൊണ്ടുവന്നിട്ടുണ്ടു്. ആ സാധനം ഇവിടൊക്കെ വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിൽ ലോകനേതാക്കളെ ഒക്കെ വിളിക്കുന്നതു കേൾക്കാം. “ഹലോ, ഫിഡൽ കാസ്ട്രോയല്ലേ, എന്റെ ഫിഡൽജീ, ഡോണ്ട് വറി. ഇന്ത്യയിലെ വിപ്ലവത്തിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം…”. പുള്ളിയുടെ അഭിപ്രായത്തിൽ സവർണ്ണഹൈന്ദവബ്രാഹ്മണിസഫാസിസ്റ്റ് മൂരാച്ചികളായ ഞാനും ആദിത്യനുമൊക്കെ അടൽജി, അടൽജി എന്നു പറഞ്ഞു നടക്കുമ്പോൾ ഇയാളിങ്ങനെ ഫിഡൽജി, ഫിഡൽജി എന്നു്…

എനിക്കാണെങ്കില്‍ സെല്‍ ഫോണു പോയിട്ടു് ലാന്‍ഡ് ഫോണ്‍ പോലുമില്ല. ഒരുത്തിയും എന്നെ വിളിക്കാറുമില്ല. അങ്ങോട്ടു വിളിക്കാന്‍ ഒരുത്തിയും ഫോണ്‍ നമ്പര്‍ തന്നിട്ടുമില്ല. എനിക്കു ഫോൺ‌നമ്പർ മറിച്ചുവിൽക്കുന്ന സ്വഭാവമുണ്ടെന്നു പേടിച്ചിട്ടായിരിക്കും. ഞാനാരാ മോൻ!


നളൻ ഒരു പ്രശ്നമായതു് പുള്ളി ഞങ്ങളുടെ ക്രിക്കറ്റ് ടീമില്‍ ചേര്‍ന്നപ്പോഴാണു്.

അതു പറയാന്‍ വിട്ടുപോയി. ഇടയ്ക്കിടെ ചില വീക്കെൻഡുകളിൽ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ പോകും. ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ ഇന്നിംഗ്സ് വീതം. “മഡിവാള ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്” (MACRI) എന്നാണു് ഞങ്ങളുടെ ടീമിന്റെ പേരു്. മഡിവാള എന്നതു് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരാണു്. വെള്ളമടിച്ചാല്‍ ബാക്കിയുള്ളവന്റെ മടിയില്‍ മാത്രം വാളു വെയ്ക്കുന്ന മഴനൂലുകള്‍ എന്ന ടീം മെമ്പറുടെ സ്മരണ നില നിര്‍ത്താനാണെന്നു് വെറുതേ അസൂയക്കാര്‍ പറയുന്നതാണു്. അസ്സോസിയേഷന്‍ എന്നൊന്നും പറയാനുള്ള ഗെറ്റപ്പില്ല. എല്ലാവരും കളി പഠിക്കുകയാണു്. അതു കൊണ്ടാണു് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു മതി എന്നു കരുതിയതു്.

ഇന്ദിരാ നഗര്‍, ബൊമ്മനഹള്ളി, വന്നാര്‍പ്പേട്ട്, ഹോസ്ക്കോട്ടെ തുടങ്ങി പല ടീമുകളുമായും ഞങ്ങള്‍ കളിക്കും. എന്നാലും ഞങ്ങളുടെ ആര്‍ച്ച് റൈവല്‍സ് ബൊമ്മനഹള്ളി ടീമാണു്.

ബൊമ്മനഹള്ളി എന്നതും സ്ഥലത്തിന്റെ പേരാണു്. അല്ലാതെ അവരുടെ വിക്കറ്റ് കീപ്പര്‍ ഒരു ബൊമ്മ പോലെ നില്‍ക്കുന്നതു കൊണ്ടല്ല. ഫീല്‍ഡില്‍ ഇറങ്ങിയാല്‍ ഒരു ബൊമ്മ പോലെ നില്‍ക്കുന്നതു കൊണ്ടാണു് അങ്ങേരെ വിക്കറ്റ് കീപ്പറാക്കിയതു്. ബാറ്റു ചെയ്യാനും ഏറ്റവും അവസാനമേ ഇറക്കൂ.

കക്ഷിയുടെ യഥാര്‍ത്ഥ പേരു് പരമനെന്നോ പപ്പനാവനെന്നോ മറ്റോ ആണു്. പക്ഷേ, ബാംഗ്ലൂരിലുള്ള ഒരു സംസ്കൃതം ടീച്ചര്‍ ഒരിക്കല്‍ ഇട്ട പേരിലാണു് അങ്ങേര്‍ അറിയപ്പെടുന്നതു്. ശ്ലോകവും കവിതയും ഫിലോസഫിയുമൊക്കെ സംസ്കൃതത്തിൽ മാത്രം എഴുതുന്ന ജ്യോതിര്‍മയിട്ടീച്ചര്‍ ഒരിക്കല്‍ കളി കാണാന്‍ വന്നു. അപ്പോള്‍ ഇങ്ങേര്‍ ബാറ്റു ചെയ്യാന്‍ പോകുന്നതു കണ്ടു. പോയതു പോലെ കുറ്റിയും തെറിച്ചു തിരിച്ചു പോരുകയും ചെയ്തു. അതു കണ്ട ടീച്ചര്‍ “യഥാ ആഗതഃ, തഥാ ഗതഃ” എന്നു സംസ്കൃതത്തില്‍ പറഞ്ഞു. “വന്നതു പോലെ തിരിച്ചു പോയല്ലോ” എന്നു മലയാളം. എന്തായാലും അതിനു ശേഷം എല്ലാവരും അങ്ങേരെ “തഥാഗതന്‍” എന്നാണു വിളിക്കുന്നതു്. എന്തായാലും ഒടുക്കത്തെ ഹിസ്റ്ററിയാണു് അങ്ങേര്‍ക്കു്. പത്തുമുപ്പതു കൊല്ലമായി ക്രിക്കറ്റു കളിക്കുന്നു എന്നാണു പറയുന്നതു്. മൊത്തം റണ്‍സ്: പൂജ്യം, എടുത്ത വിക്കറ്റുകള്‍: പൂജ്യം, എടുത്ത കാച്ചുകള്‍: പൂജ്യം. അങ്ങനെ ബാംഗ്ലൂര്‍ ക്രിക്കറ്റ് കളിക്കാരുടെ സം‌പൂജ്യനാണു തഥാഗതന്‍.

പിന്നെ ഇങ്ങേരെ എന്തിനു ടീമിലെടുത്തു എന്ന ചോദ്യം ഉണ്ടായേക്കാം. സൈക്കോളജിക്കല്‍ ഇം‌പാക്റ്റിനു്.

മനസ്സിലായില്ല, അല്ലേ? പറഞ്ഞുതരാം.

ഈ വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നതു് ബാറ്റ്സ്മാന്റെ തൊട്ടു പുറകിലാണു്. ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കാന്‍ ഏറ്റവും പ്രാപ്തനും അയാളാണു്. ഇങ്ങേര്‍ അവിടെ നിന്നു് പഴയ കഥകള്‍ പറയും. അദ്ദേഹം കമ്യൂണിസ്റ്റും യുക്തിവാദിയും ആയിരുന്നതിന്റെ കഥകള്‍. കുറേക്കാലം സന്യാസിയായി മന്ത്രവാദം ചെയ്ത കഥകള്‍. അടുത്ത വീട്ടിലെ പെണ്‍കുട്ടി പുസ്തകം തന്ന കഥകള്‍. രാഹുകാലത്തു ബാറ്റിംഗ് തുടങ്ങിയാലുള്ള ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള കഥകള്‍. ഭാരതീയരില്‍ ശാസ്ത്രചിന്ത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള കഥകള്‍. അങ്ങനെ പലതും. ഇതൊക്കെ കേട്ടു കേട്ടു സഹികെട്ടു് അവസാനം ബാറ്റ്സ്മാന്‍ തിരിഞ്ഞു് ഒന്നു പൊട്ടിക്കാന്‍ പോകുന്ന സമയത്തു് ശ്രമിച്ചാല്‍ കുറ്റി തെറിപ്പിക്കാന്‍ പറ്റും. ഇതാണു് അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കുന്നതിന്റെ ഗുട്ടന്‍സ്.

ഞങ്ങള്‍ക്കുമുണ്ടു് ഒരു വിക്കറ്റ് കീപ്പര്‍. മൂപ്പരുടെ ലൈന്‍ വേറെയാണു്. തെറി പറഞ്ഞു് ബാറ്റ്സ്മാന്റെ പരിപ്പിളക്കുകയാണു സ്റ്റൈല്‍. ഒരു മാതിരി തെറിയൊന്നുമല്ല, നല്ല സ്റ്റൈല്‍ തെറി. ആഢ്യബ്രാഹ്മണന്‍ മുതല്‍ കിരിയാത്തു നായര്‍ വരെ കമ്യൂണിസ്റ്റല്ലാത്ത സകലമാന ആളുകളെയും തെറി വിളിക്കും. സംസ്കൃതവും ഏതോ ഒരു ലാറ്റിന്‍ അമേരിക്കന്‍ ഭാഷയും ചേര്‍ത്തു വിളിക്കുന്നതു കൊണ്ടു് കേള്‍ക്കുന്നവര്‍ക്കു് ഒരു കുന്തവും മനസ്സിലാകില്ലെങ്കിലും, ഇങ്ങേര്‍ ഇടപെട്ടാല്‍ ലോകത്തുള്ള സകലമാന സാധനവും വഴി തെറ്റും; പിന്നെയാണോ, ഒരു ബാറ്റ്സ്മാന്റെ ബാറ്റ്!

ദോഷം പറയരുതല്ലോ, ആള്‍ക്കു നല്ല ഗ്ലാമറാണു്. അതുകൊണ്ടു കക്ഷി സ്വയം “ചന്തക്കാരന്‍” എന്നു വിളിച്ചു. നല്ല ചന്തമുള്ളവന്‍ എന്നര്‍ത്ഥം. ഈ പേരില്‍ കുറെക്കാലം അറിയപ്പെട്ടപ്പോഴാണു് അതിനു് ചന്തയില്‍ നില്‍ക്കുന്നവന്‍ എന്ന അര്‍ത്ഥവുമുണ്ടെന്നു മനസ്സിലായതു്. അപ്പോള്‍ അതു് അല്പം പരിഷ്കരിച്ചു് ചന്ത്രക്കാറന്‍ എന്നാക്കി. എന്തായാലും തല്ലുണ്ടാക്കുമ്പോള്‍ മറ്റേ അർത്ഥമാണു ശരി എന്നു തന്നെ തോന്നിപ്പോകും.

ബാക്കിയുള്ളവർ – ഞാനും നളനും ഉൾപ്പെടെ – ബൌളേഴ്സാണു്. ക്രിക്കറ്റിൽ ഫാസ്റ്റും സ്പിന്നുമല്ലാത്ത ബൌളിംഗുമുണ്ടെന്നു് ലോകത്തെ പഠിപ്പിച്ചവരാണു ഞങ്ങൾ. ആദിത്യനു ഫീൽഡിംഗു മാത്രം. വിക്കറ്റ് കീപ്പറുടെ പുറകിൽ ബൌണ്ടറിയിലാണു് ആദിത്യൻ ഫീൽഡു ചെയ്യാറുള്ളതു്.


നളനെ ടീമിലെടുത്തതോടെ ഞാനും അവനും തമ്മിലുള്ള സ്പർദ്ധ ശതഗുണീഭവിച്ചു. (ഉമേഷേട്ടനയച്ചുകൊടുത്തു തിരുത്താനുള്ളതാണു്. അല്പം കട്ടി ഇരുന്നോട്ടേ.) ആരാണു് മികച്ച കളിക്കാരൻ എന്നു് കളിക്കളത്തിലും പുറത്തും വെച്ചു ഞങ്ങൾ തർക്കിച്ചു. ആദിത്യൻ ആ തക്കത്തിനു രണ്ടു പേരെയും പിരികയറ്റി സംഗതി തല്ലിലെത്തിക്കും. ഭക്ഷണവും കുത്തിത്തിരുപ്പുമാണു് അവന്റെ ഇഷ്ടവിനോദങ്ങൾ.

ക്രിക്കറ്റിലും നളന്റെ ജാട സഹിക്കാൻ പറ്റില്ല. അമേരിക്കയിൽ വെച്ചു പുള്ളി ബേസ്‌ബോൾ കളിച്ചിട്ടുണ്ടത്രേ! ഇന്നിംഗ്സിനെ ഇന്നിംഗ് എന്നേ പറയൂ. എല്ലാം സഹിക്കാം. ആദ്യം കുറച്ചുകാലത്തെയ്ക്കു് ബാറ്റു ചെയ്തിട്ടു് ബാറ്റു താഴെയിട്ടിട്ടായിരുന്നു ഓട്ടം. പിന്നെ ആരെങ്കിലും എടുത്തുകൊണ്ടു കൊടുക്കണം.

അന്നത്തെ തർക്കം ആരാണു മികച്ച ബൌളർ എന്നതായിരുന്നു. മുമ്പു കളിച്ച കളികളുടെ കണക്കെടുത്തു തർക്കിച്ചു് ഒരു പരുവമായപ്പോൾ ആദി ഒരു വഴി നിർദ്ദേശിച്ചു:

ബൊമ്മനഹള്ളിയുമായുള്ള അടുത്ത മാച്ചിൽ രണ്ടു പേരുടെയും ബൌളിംഗ് ആവറേജ് നോക്കുക. ബൌളിംഗ് ആവറേജ് കുറവുള്ളവനാണു മികച്ച കളിക്കാരൻ. ചുമ്മാ മത്സരിച്ചാൽ പോരാ. ബെറ്റു വെയ്ക്കണം. ഒരു ആയിരം രൂപയെങ്കിലും.

“സമ്മതം,” നളൻ പറഞ്ഞു. ആയിരം രൂപാ എന്നൊക്കെ കേട്ടപ്പോൾ എന്റെ ചങ്കു കാളിയെങ്കിലും അഭിമാനമോർത്തു് ഞാനും സമ്മതിച്ചു.

ഈ ബ്ലോഗു വായിക്കുന്ന പാമരന്മാരിൽ ഭൂരിഭാഗത്തിനും ക്രിക്കറ്റ് എന്താണെന്നു് അറിയാത്തതിനാൽ മുകളിൽ പറഞ്ഞതെന്താണെന്നു് വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ പറഞ്ഞുതരാം.

ഒരു ബൌളർ ബൌൾ ചെയ്യുമ്പോൾ മറ്റേ ടീം അടിച്ചോ ഓടിയോ നോബോൾ, വൈഡ് ആദിയായ കലാപരിപാടികൾ മൂലമോ നേടുന്ന മൊത്തം റൺസിനെ ആ ബൌളർ എറിഞ്ഞു കിട്ടിയ വിക്കറ്റുകളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണു് ബൌളിംഗ് ആവറേജ്. ഉദാഹരണമായി, ഒരു ബൌളർ മൊത്തം 4 വിക്കറ്റെടുക്കുകയും അയാൾ എറിഞ്ഞപ്പോൾ എതിർടീം 42 റൺസെടുക്കുകയും ചെയ്താൽ ബൌളിംഗ് ആവറേജ് = 42/4 = 10.5. ഇതു് എത്രയും കുറയുന്നോ, അത്രയും മിടുക്കനാണു ബൌളർ എന്നു താത്പര്യം.

ഞങ്ങൾ കളിക്കുന്ന ടെസ്റ്റ് മാച്ചിനു രണ്ടു് ഇന്നിംഗ്സ് ഉണ്ടെന്നു പറഞ്ഞല്ലോ. ഓരോ ഇന്നിംഗ്സിലും രണ്ടു ടീമും ഓരോ തവണ ബാറ്റ് ചെയ്യുകയും ബൌൾ ചെയ്യുകയും ചെയ്യും. മൊത്തം നാലു ഭാഗങ്ങൾ. പത്തു വിക്കറ്റുകൾ ഉണ്ടു്. അതു തീരും വരെ കളിക്കാം. അതിനു മുമ്പു് ആവശ്യത്തിനു മുമ്പു റൺസ് ആയെന്നു തോന്നിയാൽ നേരത്തേ നിർത്തുകയുമാവാം.

രാവിലെ ഒമ്പതു മണി മുതൽ കളി തുടങ്ങിയാൽ ഒരു ഇന്നിംഗ്സ് അഞ്ചഞ്ചരയാകുമ്പോഴേയ്ക്കു തീരും – ഇടയ്ക്കു് ഒരു മണിക്കൂർ ലഞ്ചിനു പോയാലും. എന്നാലും ശനിയാഴ്ചയും ഞായറാഴ്ചയും ഇങ്ങനെ ക്രിക്കറ്റിന്റെ പുറകിൽ പോയാൽ മറ്റു കാര്യങ്ങൾ എങ്ങനെ നടക്കും? എനിക്കാണെങ്കിൽ വീക്കെൻഡിൽ രണ്ടുമണിക്കൂറെങ്കിലും ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ പോയി ബൈക്കും ചാരി നിന്നില്ലെങ്കിൽ വിറയൽ ഉണ്ടാവും. അഡിൿഷനായിപ്പോയി. അതിനാൽ ഞായറാഴ്ച ഉച്ചയ്ക്കു മുമ്പു കളി തീരേണ്ടതു് ഞങ്ങളുടെ പൊതുവായ ആവശ്യമാണു്.

ഭാഗ്യവശാൽ അങ്ങനെ തന്നെയാണു സാധാരണ ഉണ്ടാവുക. മുകളിൽ പറഞ്ഞ നാലു ഭാഗങ്ങളിൽ മൂന്നേ ഉണ്ടാവാറുള്ളൂ എന്നതാണു കാരണം. ഞങ്ങളാണു് ആദ്യം ബാറ്റു ചെയ്യുന്നതെങ്കിൽ മിക്കവാറും മൂന്നു ഭാഗങ്ങളേ ഉണ്ടാവൂ. മറ്റേ ടീം ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ ഫോളോ ഓൺ എന്നറിയപ്പെടുന്ന അത്യാധുനികടെക്നിക് ഉപയോഗിച്ചാണു് ഞങ്ങൾ മൂന്നു ഭാഗത്തിൽ ഒതുക്കാറുള്ളതു്. എന്തായാലും ഞങ്ങൾ രണ്ടു തവണ ബാറ്റു ചെയ്യും. അതു തീർച്ച.

ഇതിന്റെ വെളിച്ചത്തിൽ ആദിത്യൻ മുന്നോട്ടു വെച്ച നിയമാവലി.

 1. ഞങ്ങൾ ഒരു ഇന്നിംഗ്സിൽ മാത്രമേ ബൌൾ ചെയ്യുന്നുള്ളൂ എങ്കിൽ അതിൽ കിട്ടിയ ബൌളിംഗ് ആവറേജുകൾ താരതമ്യം ചെയ്യും.
 2. രണ്ടു് ഇന്നിംഗ്സിലും ബൌൾ ചെയ്യുകയാണെങ്കിൽ, രണ്ടിലെയും വഴങ്ങിയ റൺസ് കൂട്ടിയിട്ടു് മൊത്തം കിട്ടിയ വിക്കറ്റുകൾ കൊണ്ടു ഹരിക്കും. ഓരോ ഇന്നിംഗ്സിലെയും ബൌളിംഗ് ആവറേജ് പരിഗണിക്കില്ല.
 3. ബെറ്റ് തുക വൈകുന്നേരം ടീമിലെ എല്ലാവരും അടങ്ങുന്ന സദസ്സിൽ വെച്ചു കൈമാറും.
 4. ആരു ജയിച്ചാലും ജയിച്ച ആൾ ചെലവു ചെയ്യും. (ഇതു് ആദിത്യന്റെ സ്പെഷ്യൽ നിർദ്ദേശമായിരുന്നു.)

നിയമാവലി എല്ലാവരും സമ്മതിച്ചു. ശനിയാഴ്ച എത്താൻ ഞങ്ങൾ കാത്തിരുന്നു.


ശനിയാഴ്ച ആദ്യം ബാറ്റു ചെയ്തതു് ബൊമ്മനഹള്ളിക്കാരായിരുന്നു.

ആദ്യത്തെ വിക്കറ്റ് നളൻ എടുത്തു. അതു് എനിക്കൊരു അടിയായി.

നളൻ മൊത്തം 84 റൺസേ കൊടുത്തുള്ളൂ. ഞാനാകട്ടേ 252 റൺസും. അയാളെക്കാൾ കൂടുതൽ വിക്കറ്റുകൾ ഞാൻ എടുത്തു എന്നതു മറ്റൊരു കാര്യം.

ഒന്നാം ഇന്നിംഗ്സിലെ ബൌളിംഗ് കഴിഞ്ഞപ്പോൾ ആദിത്യൻ സെൽ ഫോൺ വലിച്ചെടുത്തു കാൽക്കുലേറ്റു ചെയ്തു പറഞ്ഞു: “അളിയാ, നിനക്കാണു ബെറ്റർ ബൌളിംഗ് ആവറേജ്!”

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ പിന്നെയും കണക്കുകൂട്ടിക്കാണിച്ചു. ശരിയാണല്ലോ. എന്റെ ബൌളിംഗ് ആവറേജ് ആണു നളന്റേതിനേക്കാൾ കുറവു്.

“ഇങ്ങനങ്ങു കളിച്ചാൽ മതി. നീ തീർച്ചയായും ജയിക്കും,” ആദിത്യൻ പറഞ്ഞു.

“ഇങ്ങനെന്തിനാ കളിക്കുന്നതു്? എടാ, നമുക്കു ഫോളോ ഓൺ ആക്കിയാൽ ഇനി ബാറ്റു ചെയ്യേണ്ടി വരില്ലല്ലോ…” എന്നു ഞാൻ. ശ്ശോ, എന്റെയൊരു ബുദ്ധിയേ… എനിക്കു വയ്യ!

“ഹോ, നിന്റെ ഒരു ബുദ്ധി! പിന്നെ നിന്നെ എന്തിനാ ആളുകൾ മണ്ടൻ എന്നു വിളിക്കുന്നതു്?” ആദിത്യനു സംശയം.

അങ്ങനെ ഞങ്ങൾ ഗൂഢാലോചന നടത്തി. ഞങ്ങൾ രണ്ടു പേരും പൂജ്യം വീതമെടുത്തു് ഔട്ടാകും. പിന്നെക്കളിക്കുന്നവന്മാർ ശരിയാവില്ല. അഞ്ചാമതും ആറാമതും ക്രീസിലിറങ്ങുന്ന ചന്ത്രക്കാറനും നളനും മാത്രമാണു പിന്നെ വല്ലതും എടുക്കുക. ഞങ്ങൾ പൂജ്യമേ എടുത്തുള്ളെങ്കിൽ പിന്നെ അവർ വിചാരിച്ചാലും ഫോളോ ഓൺ ഒഴിവാകില്ല.

“ആ ചന്ത്രക്കാറനെങ്ങാനും സംശയം തോന്നിയാൽ, എന്റമ്മോ, അവൻ കുനിച്ചു നിർത്തി ഇടിക്കും!” ആദിത്യനു പേടിയായി.

“പേടിക്കണ്ടടാ, കിട്ടുന്ന ആയിരത്തിൽ ചെലവു കഴിച്ചു ബാക്കി വരുന്നതിൽ പകുതി നിനക്കു്…” ഞാൻ ഉറപ്പുകൊടുത്തു.

ബാറ്റിംഗ് തുടങ്ങി. ഞാൻ ആദ്യത്തെ പന്തടിച്ചിട്ടു് ഓടി. ഓട്ടത്തിനിടയ്ക്കു് മനഃപൂർവ്വം ഒന്നു കാലിടറി താഴെ വീണു. എഴുനേറ്റു ചെന്നപ്പോഴേയ്ക്കും റണ്ണൌട്ടായി.

ഞാൻ എഴുനേറ്റു ചുറ്റും നോക്കി. ആർക്കും സംശയം തോന്നിയിട്ടില്ല. ചന്ത്രക്കാറൻ ഓടി വന്നു. “എവിടെ നോക്കിയാടാ ഓടുന്നതു് #@!%$#-മോനേ” എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്നോടു് “സാരമില്ല ശ്രീജിത്തേ. ഞങ്ങൾ എല്ലാം നോക്കിക്കോളാം. ആദിത്യനുണ്ടല്ലോ ഇനി. ഡോണ്ട് വറി.” എന്നാണു് ചന്ത്രക്കാറൻ പറഞ്ഞതു്. ഇത്രയും തങ്കപ്പെട്ട മനുഷ്യനെയാണല്ലോ വഞ്ചിക്കുന്നതു് എന്നോർത്തു ഞാൻ കരഞ്ഞുപോയി. ഞാൻ ആദിയെ നോക്കി ഒന്നു കണ്ണിറുക്കിയതിനു ശേഷം പവിലിയനിലേയ്ക്കു (എന്നു പറഞ്ഞാൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂമ്പാരത്തിലേയ്ക്കു) പോയി.

ആദിത്യനെ ഒരു കാര്യം ഏൽ‌പ്പിച്ചാൽ അവൻ അതു നീറ്റായി കുളമാക്കിയിട്ടേ വരൂ. പല തവണ അനുഭവമുള്ളതാണു്. ഇപ്പോഴും അതിനു വ്യത്യാസമുണ്ടായില്ല.

പൂജ്യത്തിനു പുറത്താകാനുള്ള തത്രപ്പാടിൽ ബോൾ അടിക്കുന്നതിനു പകരം അവൻ ബാറ്റ് വിക്കറ്റിലേയ്ക്കു വലിച്ചെറിഞ്ഞു. കുറ്റിയും പറിച്ചു ബാറ്റ് ദാ കിടക്കുന്നു.

പൂജ്യത്തിനു പുറത്തായി. പക്ഷേ ഞങ്ങളുടെ ഗൂഢാലോചന പൊളിഞ്ഞു. ചന്ത്രക്കാറൻ കുതിച്ചു വന്നു ആദിത്യന്റെ കഴുത്തിനു പിടിച്ചു് ആകാശത്തിലേയ്ക്കു പൊക്കി. നാക്കു വെളിയിൽ തള്ളി കാലിട്ടടിക്കുന്ന ആദി നിലം തൊടാതെ സിദ്ധികൂടി എന്നു ഞാൻ കരുതി.

“ഒരു ബെറ്റു ജയിക്കാൻ വേണ്ടി ടീമിനെ ഒറ്റിക്കൊടുത്ത യൂദാസുകളേ, ഞങ്ങൾ രണ്ടു പേർ മതിയെടാ ഫോളോ ഓൺ ഒഴിവാക്കാൻ!“ എന്നു ഗർജ്ജിച്ചുകൊണ്ടു് ചന്ത്രക്കാറൻ തിരിച്ചുപോയി.

പറഞ്ഞതുപോലെ ചന്ത്രക്കാറനും നളനും തകർത്തു ബാറ്റു ചെയ്തു. ഫോളോ ഓൺ ഒഴിവായെന്നറിഞ്ഞപ്പോഴേ അവരുടെ ദേഷ്യം തീർന്നുള്ളൂ.


“എന്നാലും നീ കൊളമാക്കിയല്ലോടാ”, ഡിന്നർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ആദിയോടു പറഞ്ഞു.

“നീയല്ലേ കുളമാക്കിയതു്, ” അവൻ ചോദിച്ചു. “ഇതു നിന്റെ ഐഡിയയല്ലേ. എടാ, നമുക്കു സത്യവും നീതിയും വിട്ട ഒരു കളിയും വേണ്ട. നീ അതു പോലെ കളിച്ചാൽ മതി. നിശ്ചയമായും ബെറ്റു നീ തന്നെ ജയിക്കും. പിന്നെ എന്റെ ബില്ലും നീ കൊടുത്തേക്കണേ. അവസാനം തരാനുള്ള പൈസ ഇതു കഴിച്ചു തന്നാൽ മതി.” എന്നു പറഞ്ഞു് അവൻ ഇറങ്ങി നടന്നു.

കാലമാടൻ 210 രൂപയ്ക്കാണു ഡിന്നർ കഴിച്ചതു്. ഏതായാലും ഞാൻ അതു കൊടുത്തു.


രണ്ടാം ഇന്നിംഗ്സിൽ നളനും ചന്ത്രക്കാറനും വലിയ ചൂടിലായിരുന്നു. നളനെറിഞ്ഞ ആദ്യത്തെ ബോൾ കുറ്റിയും പറിച്ചു തഥാഗതന്റെ രണ്ടു പല്ലും കൊണ്ടാണു പോയതു്. ഏഴാമത്തെ ഓവറിൽ നളനെറിഞ്ഞ ഒരു പന്തു് നൂറ്റമ്പതു മീറ്റർ ഓടി വഴിയിൽ നെഞ്ചടിച്ചു വീണിടത്തു നിന്നു് ഞൊണ്ടി ഞൊണ്ടി വന്നാണു് ചന്ത്രക്കാറൻ ക്യാച്ചെടുത്തതു്.

ഇത്തവണ ഞാൻ 84 റൺസ് വഴങ്ങി. നളൻ 252 റൺസും. ബാറ്റു ചെയ്യുന്നതിനിടയിൽ ആദിത്യൻ വന്നു ചെവിയിൽ മന്ത്രിച്ചു, “രണ്ടാം ഇന്നിംഗിലും നിനക്കു തന്നെ ബെറ്റർ ബൌളിംഗ് ആവറേജ്…”

അപ്പോൾ ആയിരം രൂപാ എനിക്കു്! ബെറ്റു ജയിച്ച സന്തോഷത്തിൽ കളി തോറ്റതൊന്നും ഞാൻ കാര്യമാക്കിയില്ല.

ഡിന്നർ സാധാരണ പോകുന്ന ഹോട്ടലിലേയ്ക്കു തിരിഞ്ഞപ്പോൾ ആദിത്യൻ പറഞ്ഞു, “ആയിരം രൂപാ കിട്ടിയിട്ടു് അവിടെയാണോ പോകുന്നതു് ദരിദ്രവാസീ… ഫോറത്തിൽ പോകാം.”

ബാംഗ്ലൂരിലെ ഏറ്റവും കത്തി സ്ഥലമാണു് The forum. തൊട്ടാൽ പൊള്ളുന്ന വിലയാണു് അവിടത്തെ ഭക്ഷണശാലകളിൽ. എങ്കിലും ആയിരം രൂപാ കിട്ടുന്നതല്ലേ എന്നോർത്തു് അങ്ങോട്ടു തന്നെ വെച്ചുപിടിപ്പിച്ചു.

പോകുന്ന വഴിയ്ക്കു് ദാ കൊച്ചുത്രേസ്യയും സഹമുറിയത്തി കുരുട്ടും എതിരേ വരുന്നു.

കീരിയും പാമ്പും പോലെയാണു രണ്ടും. ഫുൾടൈം അടിയാണു്. വല്ലവരെയും ഓസി ഫുഡ്ഡടിക്കുമ്പോൾ മാത്രമാണു് രണ്ടും യോജിക്കുന്നതു്.

“അറിഞ്ഞില്ലേ, അറിഞ്ഞില്ലേ, ഇവൻ നളനെ പൊട്ടിച്ചു! രണ്ടിന്നിംഗ്സിലും ഇവൻ തന്നെ ജയിച്ചു. ആയിരം രൂപാ ബെറ്റും കിട്ടി” ആദിത്യൻ എന്റെ പി. ആർ. ഓ. ആയി.

“ആരാ ഈ നളൻ? എന്താ ഈ ഇന്നിംഗ്സ് എന്നു പറഞ്ഞാൽ?” കുരുട്ടിനു് ഒന്നും മനസ്സിലാവുന്നില്ല.

“എന്തോ എന്തരോ… അതറിഞ്ഞാലേ നീ വരൂ? എന്നാൽ നീ വരണ്ടാ. ഓസിനു് അപ്പം തിന്നാൻ നീ എന്നു തൊട്ടാടീ കുഴിയെണ്ണാൻ തുടങ്ങിയതു്?”

“പിന്നെ നീ ഓസിനു തിന്നാത്തതാ, എന്നെക്കൊണ്ടൊന്നും പറയിക്കരുതു്, നീ കഴിഞ്ഞാഴ്ച…”

“പീസ്, ലേഡീസ്, പീസ്…” ആദിത്യൻ സമയത്തിനൊത്തുയർന്നു. “ഇവൻ ഫോറത്തിലാണു ചെലവു ചെയ്യുന്നതു്. ഐസ്ക്രീമും വാങ്ങിത്തരും…”

ഞാൻ നെഞ്ചത്തു കൈ വെച്ചു പോയി. ഫോറത്തിലെ ചില ഐസ്ക്രീം സ്ഥലങ്ങളിൽ നാനൂറു രൂപാ വരെ വിലയുള്ള ഐസ്ക്രീം ഉണ്ടെന്നാണു കേൾവി.

ഐസ്ക്രീം എന്നു കേട്ടപ്പോൾ ലലനാമണികളുടെ വഴക്കു് ഐസ്ക്രീം പോലെ ഉരുകിത്തീർന്നു. അവർ അനസൂയയും പ്രിയംവദയും പോലെ ആയി. കലയും കമലയും പോലെ ആയി. ഗ്നു ലിനക്സും പട്ടമരപ്പും പോലെ ആയി.

ആയിരം രൂപാ കിട്ടുന്നതല്ലേ എന്നു കരുതി ചെലവു ചെയ്തു. എല്ലാം കൂടി എഴുനൂറ്റിമുപ്പതു രൂപാ. എന്നാലും ബാക്കി കാശു കിട്ടുമല്ലോ എന്നാശ്വസിച്ചു് ഞാൻ അതെല്ലാം സഹിച്ചു.


വീട്ടിലെത്തിയപ്പോഴേയ്ക്കും ചന്ത്രക്കാറനും നളനും വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

“എന്തു നല്ല മനുഷ്യർ! ബെറ്റിന്റെ പൈസ തരാൻ ഇങ്ങോട്ടു വന്നിരിക്കുന്നു!” ഞാൻ ആദിത്യനോടു പറഞ്ഞു.

“ബെറ്റും വെച്ചിട്ടു് ഏതു @#$%@#$%-ൽ പോയിക്കിടക്കുകയായിരുന്നെടാ #$@#$-ടെ മോനേ…” ചന്ത്രക്കാറന്റെ സ്വതസ്സിദ്ധമായ ശൈലി. പാവം, നളന്റെ കാശു പോയതിന്റെ സങ്കടമായിരിക്കും!

“ഡിന്നർ കഴിക്കാൻ പോയി.” ഞാൻ താക്കോലെടുത്തു വാതിൽ തുറന്നു. “കയറി ഇരിക്കു്.”

“ഞങ്ങൾ ഇരിക്കാനൊന്നും വന്നതല്ല. കാശെടുക്കു്…” എന്നായി നളൻ.

“എന്തു കാശ്? ബെറ്റു ഞാനല്ലേ ജയിച്ചതു്? ഇങ്ങോട്ടു വെയ്ക്കു് ആയിരം രൂപാ”

ചന്ത്രക്കാറൻ നളന്റെ നേർക്കു തിരിഞ്ഞു. “ഞാൻ അന്നേരമേ പറഞ്ഞില്ലേ, ഈ @%$#%$-ന്റെ മോന്മാർക്കു കണക്കു കൂട്ടാൻ അറിയില്ലെന്നു്”

“ഓ പിന്നെ പിന്നെ. ഞാൻ എഞ്ചിനീയറിംഗും ഇവൻ എംസീയേയും പാസ്സായതാ…” ആദിത്യൻ സെൽ ഫോൺ പുറത്തെടുത്തു, “ദാ, ഇപ്പോ കാണിച്ചുതരാം…”

“അവന്റെ %$%&^$#-ടെ ഒരു സെല്ഫോൺ…” ചന്ത്രക്കാറൻ സെല്ഫോൺ വാങ്ങി പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. “നിനക്കു കണക്കു കൂട്ടാൻ അറിയാമോ?”

“അറിയാം”

“ശ്രീജിത്തു മൊത്തം എത്ര റൺസ് വഴങ്ങി? എഴുതിക്കൂട്ടു്…,” മേശപ്പുറത്തു നിന്നു് ഒരു കടലാസും പേനയും എടുത്തു കൊടുത്തു ചന്ത്രക്കാറൻ അലറി.

ആദിത്യൻ “84 + 252 = 336” എന്നു കൂട്ടിപ്പറഞ്ഞു.

“ഇനി അവനു കിട്ടിയ മൊത്തം വിക്കറ്റ് എത്രാ?..”

ആദിത്യൻ അതും കൂട്ടി.

“ഇനി ഹരിക്കു്…”

അതു് ആദിത്യനു താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. പത്തിൽ കൂടിയ സംഖ്യകളുടെ ഹരണവും വർഗ്ഗമൂലവുമൊക്കെ ചെയ്യാൻ പറയുന്നതു് ബാലവേലയിൽ പെടുമെന്നാണു് അവന്റെ അഭിപ്രായം. അവസാനം ചന്ത്രക്കാറൻ തന്നെ ഹരിച്ചുകൊടുത്തു.

പിന്നീടു് അതേ ക്രിയ തന്നെ നളനും ചെയ്തു. രണ്ടു ഫലം തമ്മിൽ നോക്കിയപ്പോൾ നളന്റെ ബൌളിംഗ് ആവറേജ് കുറവു്.

“ഇതു ശരിയല്ല, ഞാൻ എന്റെ സെല്ലിൽ നോക്കട്ടേ..” എന്നു പറഞ്ഞു് ആദിത്യൻ തന്റെ സെല്ഫോൺ എടുത്തുകൊണ്ടു വന്നു. വീഴ്ചയുടെ ആഘാതത്തിൽ പല കഷണങ്ങളായി ചിന്നിച്ചിതറിയ അതെടുത്തു കൂട്ടിയോജിപ്പിക്കാൻ ആദിത്യൻ ഒരു ശ്രമം നടത്തി.

“ദാ, ഇതെടുത്തോളൂ, കണക്കുകൂട്ടാൻ…” നളൻ തന്റെ സെൽ ഫോൺ ദയാപൂർവ്വം നൽകി. “സൂക്ഷിച്ചുപയോഗിക്കണം, അമേരിക്കൻ മോഡലാ…”

ആദി ആദ്യം ഒന്നാമിന്നിംഗ്സിന്റേതു കണക്കുകൂട്ടി. എനിക്കു തന്നെ കുറഞ്ഞ ബൌളിംഗ് ആവറേജ്. അതു കഴിഞ്ഞു് രണ്ടാം ഇന്നിംഗിന്റേതു കണക്കുകൂട്ടി. അതിലും എനിക്കു തന്നെ കുറഞ്ഞ ബൌളിംഗ് ആവറേജ്.

പിന്നീടു് അവൻ മൊത്തത്തിലുള്ള ബൌളിംഗ് ആവറേജ് കണക്കുകൂട്ടി. ഇത്തവണ കുറവു് നളനു്.

(ആകെ വഴങ്ങിയ റൺസ് ഞങ്ങൾക്കു തുല്യമായതിനാൽ കൂടുതൽ വിക്കറ്റെടുത്തതാരാണു് എന്നു നോക്കിയാൽ പോരേ എന്ന ചോദ്യം എന്റെ തൊണ്ടയിൽ കുരുങ്ങി. നളനു തന്നെയാണു കൂടുതൽ വിക്കറ്റ്.)

ദയനീയഭാവത്തിൽ അവൻ എന്നെ നോക്കി. “രണ്ടു് ഇന്നിംഗിലും നിനക്കു ബൌളിംഗ് ആവറേജ് കുറവാണെങ്കിൽ രണ്ടും ചേർന്നാൽ എങ്ങനെയാ നളനു കുറയുന്നതു്?”

“ആ, എനിക്കറിയാന്മേലാ” ഞാനും കണക്കുകളെല്ലാം പരിശോധിച്ചു. എല്ലാം കിറുകൃത്യം.

“ഞങ്ങൾക്കു സമയമില്ല, കാശെടു്…”, നളൻ സെല്ഫോൺ തിരികെ വാങ്ങി പോക്കറ്റിലിട്ടു കൈ നീട്ടി.

“അതു്, എന്റെ കയ്യിൽ…” ഞാൻ തപ്പിത്തടഞ്ഞു.

“വേലയിറക്കുന്നോ $#@#$%” ചന്ത്രക്കാരൻ എന്റെ പോക്കറ്റിൽ നിന്നു പേഴ്സ് തട്ടിയെടുത്തു് അതിലുള്ള രൂപയെല്ലാം നിലത്തു കുടഞ്ഞിട്ടു് എണ്ണി: 417 രൂപാ.

“നിന്റെ കയ്യിൽ എത്രയുണ്ടെടാ” ആദിത്യനോടാണു്.

ആദിത്യന്റെ പേഴ്സ് അരിച്ചു പെറുക്കിയപ്പോൾ മൂന്നു രൂപാ നാല്പതു പൈസ കിട്ടി. അവർ മൂന്നു രൂപാ മാത്രം എടുത്തു. “ബാക്കി 580 രൂപാ നാളെ ഉച്ചയ്ക്കു മുമ്പു തരണം…” എന്നു പറഞ്ഞിട്ടു രണ്ടു പേരും പുറത്തേയ്ക്കു പോയി.

“ഒരു മിനിറ്റ്…” എന്നു പറഞ്ഞു് ആദിത്യൻ വെളിയിലേയ്ക്കു പോയി. നളന്റെ അടുത്തു ചെന്നു ചോദിക്കുന്നതു ഞാൻ കേട്ടു, “ജയിച്ച ആൾ ചെലവു ചെയ്യാമെന്നു പറഞ്ഞിരുന്നു. അപ്പോൾ…”

“ഇതാ പിടിച്ചോ ചെലവു്..” എന്നു പറഞ്ഞു് ചന്ത്രക്കാറൻ കാലു പൊക്കുന്നതേ ഞാൻ കണ്ടുള്ളൂ. മുറിക്കുള്ളിൽ ചാക്കുകെട്ടു പോലെ എന്തോ വന്നു വീണു. നോക്കിയപ്പോൾ ചുരുണ്ടു കൂടി ആദിത്യൻ!

ആറേഴു മാസത്തെ സമ്പാദ്യം മുഴുവൻ വെള്ളത്തിലായതിന്റെ ദുഃഖത്തിലാണെങ്കിലും എനിക്കു് ഒന്നു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.


ശ്രീജിത്തിന്റെ മണ്ടൻ പോസ്റ്റു വായിച്ചിട്ടു് ഞാൻ പൊട്ടിച്ചിരിച്ചു. എന്തായാലും ചന്ത്രക്കാറനും നളനും ചേർന്നു് ഇവന്മാരെ ശരിക്കും പറ്റിച്ചു. അല്ലാതെ രണ്ടു് ഇന്നിംഗ്സിലും ബൌളിംഗ് ആവറേജ് കുറവുള്ള ഒരാൾക്കു് എങ്ങനെയാ കൂട്ടിയാൽ കൂടുതലാകുന്നതു്? വസ്തുതകളെ വളച്ചൊടിക്കാൻ അവർക്കുള്ള വൈഭവം ലോകപ്രസിദ്ധമാണു താനും.

പിന്നെയും ആലോചിച്ചപ്പോഴാണു് ഇതു സാദ്ധ്യമാണന്നു മനസിലായതു്. ഒരു കടലാസ്സും പെൻസിലുമെടുത്തു് ഞാൻ ഒരു ഇരുപ്പിരുന്നു. മുക്കാൽ മണിക്കൂർ നേരം വിയർത്തൊലിച്ചു തല പെരുത്തപ്പോൾ അവർ പറഞ്ഞതു ശരിയാണെന്നു മനസ്സിലായി. അവർ ഓരോ ഇന്നിംഗ്സിലും എടുത്ത വിക്കറ്റുകളുടെ എണ്ണവും കിട്ടി.

നിങ്ങൾ എത്ര സമയം എടുക്കും? കമ്പ്യൂട്ടർ ഉപയോഗിക്കരുതു്. കണക്കുകൂട്ടി കണ്ടുപിടിക്കുക.


ഇനി ഒരു കുസൃതിച്ചോദ്യം ചോദിക്കാം: ആദ്യം അവൻ നെല്ലായി. പിന്നെ അവൻ കല്ലായി. ആരാണു് അവൻ?

ഉത്തരം: കരിങ്കല്ല് എന്ന പേരിൽ ബ്ലോഗെഴുതുന്ന സന്ദീപ് നെല്ലായി.

ഈ കരിങ്കല്ല് ആളു പുലിയാണു്. ഗണിതത്തിലോ സയൻസിലോ അൽഗരിതത്തിലോ മറ്റോ റിസർച്ച് ചെയ്യുന്നവൻ. ഒമ്പതിന്റെ സ്ക്വയർ റൂട്ടു കാണാൻ ഇൻഫിനിറ്റ് സിരീസ് തലയിൽ കണക്കുകൂട്ടുന്നവൻ. മലയാളത്തിലും ഇംഗ്ലീഷിലും ജെർമനിലും ബ്ലോഗെഴുതുന്നവൻ.

ഇതൊക്കെയാണെങ്കിലും, ഈ ബ്ലോഗിലെ ചില പ്രശ്നങ്ങളൊക്കെ കരിങ്കല്ലിനു കരിങ്കല്ലു പോലെയാണു്. ഞാൻ എല്ലാം വളരെ വളച്ചുകെട്ടി എഴുതുന്നതു കൊണ്ടാണു് അങ്ങനെ സംഭവിക്കുന്നതു് എന്നു് അദ്ദേഹം ഒരിക്കൽ തന്റെ ഇംഗ്ലീഷ് ബ്ലോഗിൽ എഴുതി. “നീളന്‍ ചോദ്യം കഴിഞ്ഞിട്ടു, just the crux of it – the very minimum problem statement കൂടെ കൊടുത്താല്‍ നന്നായിരിക്കും.” എന്നു് എന്റെ ബ്ലോഗിൽ ഒരു കമന്റും ഇട്ടു.

കരിങ്കല്ലിനെപ്പോലുള്ള അരസികരായ ശുദ്ധഗണിതജ്ഞർക്കു വേണ്ടി ഇത്തവണ മുതൽ പ്രശ്നത്തിനു താഴെ ലളിതമായി പ്രശ്നം കുറച്ചു വാക്കുകളിൽ എഴുതിയിട്ടുണ്ടാവും. ഇത്തവണ അതു കൂടാതെ കുറച്ചു ഹിന്റുകളും ഫോർമുലകളും ചേർത്തിട്ടുണ്ടു്. ഇനി പ്രശ്നം സോൾവു ചെയ്യുകയേ വേണ്ടൂ!

 1. ശ്രീജിത്ത്, നളൻ എന്നു രണ്ടു ബൌളേഴ്സ്. ഒരേ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുന്നു.
 2. ശ്രീജിത്ത് ഒന്നാം ഇന്നിംഗ്സില്‍ റണ്‍സു വഴങ്ങി വിക്കറ്റ് എടുത്തെന്നു കരുതുക. നളൻ റണ്‍സു വഴങ്ങി വിക്കറ്റും.
 3. രണ്ടു പേരും കൂടി പത്തു വിക്കറ്റില്‍ കൂടുത്തല്‍ എടുക്കാന്‍ പറ്റില്ല. അതിനാല്‍

 4. ശ്രീജിത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ റണ്‍റേറ്റ് നളന്റേതിനേക്കാള്‍ മെച്ചമായിരുന്നു. അതായതു്,

 5. ഇതു തന്നെ രണ്ടാം ഇന്നിംഗിലും സംഭവിച്ചു. അതില്‍ ശ്രീജിത്തും നളനും എടുത്ത വിക്കറ്റുകള്‍ , എന്നിവയും റണ്‍സ് , എന്നിവയും ആണെന്നു വെയ്ക്കുക. അപ്പോള്‍

 6. ഇനി മൊത്തം ബൌളിംഗ് ആവറേജ് കണക്കുകൂട്ടിയാല്‍ നളനാണു മികച്ചു നില്‍ക്കുന്നതെന്നു കണ്ടു. അതായതു്,

ഇത്രയേ ഉള്ളൂ. ഇതെല്ലാം കൂടി ശരിയാകുമോ എന്നു കണ്ടുപിടിക്കണം. (ഇല്ലെങ്കില്‍ അതു തെളിയിച്ചാലും മതി.) പറ്റുമെങ്കില്‍ ഈ സാമാന്യപ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കുക.

ചോദ്യത്തില്‍ നിന്നു് ഈ വിവരങ്ങളും കിട്ടും.

 1. ഒന്നാം ഇന്നിംഗ്സ്:

  (ആദ്യത്തെ വിക്കറ്റ് നളൻ എടുത്തു.)

  (നളനെതിരേ 84 റണ്‍സ്)

  (ശ്രീജിത്തിനെതിരേ 252 റണ്‍സ്)

 2. രണ്ട്ടാം ഇന്നിംഗ്സ്:

  (നളൻ കുറഞ്ഞതു രണ്ടു വിക്കറ്റ് എടുത്തു.)

  (നളനെതിരേ 252 റണ്‍സ്)

  (ശ്രീജിത്തിനെതിരേ 84 റണ്‍സ്)

ഇനി ചോദ്യം മനസ്സിലായില്ല എന്നു പറയരുതു്!


ഇവിടെ ഇനി കമന്റുകൾ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.

Q:Simple Math
Questions

Comments (59)

Permalink

8. യൂ. ഏ. ഈ. മീറ്റും മണ്ണെണ്ണയും (Q)

രണ്ടാം യൂ. ഏ. ഈ. മീറ്റിന്റെ തലേ ദിവസം റീമയ്ക്കൊരു ചെറിയ തലചുറ്റല്‍.

കലേഷിനു ടെന്‍ഷന്‍ അടിക്കാന്‍ വേറേ വല്ലതും വേണോ? ആശുപത്രിയില്‍ കൊണ്ടുപോകലായി, പുറം തിരുമ്മിക്കൊടുക്കലായി, ടെസ്റ്റു ചെയ്യാന്‍ ബ്ലഡ്‌ എടുക്കുമ്പോള്‍ കണ്ണടച്ചു കൊണ്ടു കയ്യില്‍ പിടിക്കലായി, വീട്ടില്‍ വിളിക്കലായി, വര്‍ക്കല മുതല്‍ ആറന്‍മുള വരെയുള്ള സകലമാന അമ്പലത്തിലും വഴിപാടു നേരലായി, ആകെ പുകില്‍.

പിന്നെ, കലേഷിനൊരു നല്ല സ്വഭാവമുണ്ടു്‌. എല്ലാ കാര്യവും അവസാനനിമിഷമേ ചെയ്യൂ. മീറ്റിനാവശ്യമുള്ള ഭക്ഷണം ശരിയാക്കാമെന്നു്‌ ഏറ്റതാണു്‌. വൈകുന്നേരമാണു്‌ ഒന്നും ചെയ്തിട്ടില്ല എന്നോര്‍ത്തതു്‌.

സിദ്ധാര്‍ത്ഥനെ വിളിച്ചു.

“പ്രിയ സിദ്ധാര്‍ത്ഥാ, മീറ്റിന്റെ ഭക്ഷണകാര്യം ഒന്നു നോക്കണമല്ലോ”

സിദ്ധാര്‍ത്ഥന്‍ ഞെട്ടി. പുട്ടു്‌ പത്തു വിരലുമുപയോഗിച്ചു ഞെരടിക്കഴിക്കാന്‍ എക്സ്‌പെര്‍ട്ടാണെന്നല്ലാതെ ഭക്ഷണം അറേഞ്ച്‌ ചെയ്യുന്ന കാര്യവും സിദ്ധാര്‍ത്ഥനും തമ്മില്‍ കടല്‍, കടലാടി എന്ന വസ്തുക്കള്‍ തമ്മിലുള്ള ബന്ധം പോലുമില്ല എന്നതാണു വസ്തുത.

“അതിപ്പോ, എന്റെ ഭാര്യ നിറഞ്ഞ വയറുമായി ഇരിക്കുമ്പോള്‍…”

“പ്രിയ പാരേ, ഒരു വയറു പോലും! അതിനേക്കാള്‍ വലിയ വയറും വെച്ചല്ലേ ഞാന്‍ ദിവസവും നടക്കുന്നതു്‌? എനിക്കു നിവൃത്തിയില്ലാഞ്ഞിട്ടാ. പിന്നെ, പെര്‍ ഹെഡ്‌ 25 ദിര്‍ഹത്തില്‍ ഒതുക്കണം. സഹായത്തിനു്‌ ആ ദില്‍ബനെയും വിളിച്ചോ.”

ബെസ്റ്റ്‌! ഈനാം പേച്ചിയ്ക്കു മരപ്പട്ടി കൂട്ടു്‌. അടുത്ത വീട്ടില്‍ സ്വന്തം ചേച്ചി താമസിക്കുന്നതുകൊണ്ടു മാത്രം പട്ടിണി കിടക്കാതെ കഴിഞ്ഞു പോകുന്ന ദില്‍ബാസുരന്‍ തന്നെ വേണം ഫുഡ്‌കമ്മറ്റി മെംബറാവാന്‍!

എന്തായാലും ചെയ്യാന്‍ തന്നെ വിചാരിച്ചു സിദ്ധാര്‍ത്ഥന്‍.

തുടങ്ങിയപ്പോഴല്ലേ, സംഗതിയുടെ കിടപ്പു മനസ്സിലായതു്‌. ഇരുപത്തഞ്ചു ദിര്‍ഹം വെച്ചു പിരിച്ചാല്‍ പലയിടത്തും കഷ്ടിച്ചു വിളമ്പുകാരെ സംഘടിപ്പിക്കാം. ഭക്ഷണം വേറേ ഉണ്ടാക്കണം.

ബുഫേ ആക്കാമെന്നു വിചാരിച്ചു. എന്നാലും 25 ദിര്‍ഹത്തില്‍ എന്തു ഭക്ഷണം കൊടുക്കാന്‍?

ദില്‍ബാസുരന്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. എക്സ്‌പയറി ഡേറ്റ്‌ കഴിഞ്ഞ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന ഒരു സ്ഥലം കണ്ടുപിടിച്ചു. മുട്ട, ചീസ്‌, പാല്‍, ടോഫു തുടങ്ങിയവ അവിടെ നിന്നു കിട്ടും. പാചകം ചെയ്യുന്ന ബാച്ചിളേഴ്സ് എന്ന വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന സ്പിഷീസ് അവിടെ നിന്നാണത്രേ സാധനം വാങ്ങുന്നതു്. ചപ്പാത്തി പോലെയുള്ള എന്തോ ഒന്നു്‌ ഉണ്ടാക്കിത്തരുന്ന ഒരു ഫിലിപ്പീന്‍ സ്ത്രീയെയും അദ്ദേഹം കണ്ടുപിടിച്ചു.

ഗ്രില്‍ സംഘടിപ്പിച്ചതു സിദ്ധാര്‍ത്ഥനാണു്‌. ജര്‍മ്മന്‍ ടെക്‍നോളജി. രണ്ടാം ലോകമഹായുദ്ധകാലത്തിനു തൊട്ടു മുമ്പു ജര്‍മ്മനിയില്‍ ഉണ്ടാക്കിയതു്‌. കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാര്‍ക്കു ഭക്ഷണം ഉണ്ടാക്കിയിരുന്ന സാധനം. ഒരേ സമയത്തു 25 പാത്രം വെയ്ക്കാവുന്നതു്‌. മണ്ണെണ്ണ കൊണ്ടു പ്രവര്‍ത്തിക്കുന്നതു്‌. ഒരു ആക്രിക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നു് ഒരു ദിവസത്തേയ്ക്കു വാടകയ്ക്കു വാങ്ങിയതാണു്‌.

അങ്ങനെ എല്ലാം ശരിയാക്കി സിദ്ധാര്‍ത്ഥന്‍ വീടു പൂകി. ഭാര്യയോടു വിശേഷമൊക്കെ പറഞ്ഞു.

“അല്ലാ, ഈ ഗ്രില്ലിലൊഴിക്കാന്‍ മണ്ണെണ്ണ എവിടെ നിന്നു കിട്ടും?” ഭാര്യയുടെ ചോദ്യം കേട്ടു ഗൌതമബുദ്ധന്റെ പൂര്‍വ്വാശ്രമത്തിലെ പേരു വഹിക്കുന്നവന്‍ അങ്ങേരു ശവത്തെയും വയസ്സനെയും പിന്നെ ഏതാണ്ടിനെയുമൊക്കെ കണ്ടതിനേക്കാള്‍ ചിന്താക്രാന്തനായി.

ദില്‍ബാസുരനെ വിളിച്ചു.

“ഡാ, നിന്റെ കയ്യില്‍ മണ്ണെണ്ണ ഉണ്ടോ?”

“പിന്നേ, എന്റെ കയ്യില്‍ വെളിച്ചെണ്ണ ഇല്ല, പിന്നാ മണ്ണെണ്ണ! ഇതു ചോദിക്കാനാണോ പാതിരാത്രിയില്‍ എന്നെ വിളിച്ചുണര്‍ത്തിയതു്‌?”

“നിന്റെ ചേച്ചിയോടു്‌ ഒന്നു ചോദിക്കടാ…”

“അവിടെ മണ്ണെണ്ണയൊന്നുമില്ല. ഗ്യാസിലാ അവര്‍ പാചകം ചെയ്യുന്നതു്‌.”

എണ്ണയുടെ നാടായ ദുബായിയില്‍ കുക്കിംഗ്‌ ഗ്യാസിനു യാതൊരു ക്ഷാമവുമില്ല. പാവങ്ങളുടെ ആവശ്യത്തിനു മണ്ണെണ്ണ റേഷന്‍ കട പോലെയുള്ള ഒരു സ്ഥാപനത്തിലൂടെ കൊടുക്കുന്നുണ്ടു്‌ എന്നതു നേരു്‌. പക്ഷേ, വളരെക്കുറച്ചു മലയാളികളേ വാങ്ങാറുള്ളൂ. വാങ്ങുന്നവരാകട്ടേ, ഗൃഹാതുരത്വവും നോവാള്‍ജിയയുമൊക്കെ വന്നു പണ്ടാരമടങ്ങിയവര്‍ മാത്രം.

ചിലര്‍ക്കു മണ്ണെണ്ണ സ്റ്റൌവില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞുന്നാളിലെ ഓര്‍മ്മ വരും. ആ രുചി ഗ്യാസിനും കറന്റിനുമൊന്നും തരാന്‍ കഴിയില്ല എന്നു പറയും. സാധാരണയായി ഭാര്യമാര്‍ ഇതു സമ്മതിക്കാറില്ല. അതിനാല്‍ ഭാര്യമാര്‍ പ്രസവത്തിനോ മറ്റോ നാട്ടില്‍ പോകുമ്പോഴാണു്‌ ഈ ഗൃഹാതുരത്വത്തിനെ പരിപോഷിപ്പിക്കുന്നതു്‌. മാത്രമല്ല, മണ്ണെണ്ണയില്‍ പാചകം ചെയ്യുന്നതു്‌ ആയുരാരോഗ്യത്തിനും നല്ലതത്രേ. എന്തായാലും മണ്ണില്‍ നിന്നു കിട്ടുന്നതല്ലേ? മണ്ണാണു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്നാണു കേരളത്തിലെ ഫാര്‍മേഴ്സും പറയുന്നതു്‌.

മറ്റു ചിലര്‍ക്കു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലേ എഴുത്തു വരൂ. അതും കുഞ്ഞുന്നാളിലെ ശീലമാണു്‌. ഗൃഹാതുരത്വം എന്നു പറയും. ഇവര്‍ രാത്രി വിളക്കൊക്കെ അണച്ചിട്ടു്‌ തന്നെയും കമ്പ്യൂട്ടറിനെയും ഒരു കരിമ്പടം കൊണ്ടു മൂടി അതിനകത്തൊരു മണ്ണെണ്ണവിളക്കു കത്തിച്ചു വെച്ചാണു ബ്ലോഗെഴുതുന്നതു്‌.

പിന്നെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ മാത്രം എരുമയെ കറക്കുന്നവര്‍, റാഗിംഗിനു ശേഷമുള്ള ആദ്യസമാഗമം ഒരു പവര്‍കട്ടിന്റെ ദിവസം കോളേജ് കാന്റീനിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നതുകൊണ്ടു് ഇടയ്ക്കിടെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അത്താഴം കഴിക്കുന്ന ദമ്പതികള്‍ എന്നിങ്ങനെ വേറെയും ആളുകളുണ്ടു്.

ഇവരോടൊക്കെ ഒന്നു ചോദിച്ചുകളയാം.

സിദ്ധാര്‍ത്ഥന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു്‌ അതില്‍ വൈറസുകളില്ലാത്ത ഒരു സ്ഥലം ബുദ്ധിമുട്ടി കണ്ടു പിടിച്ചു്‌, അവിടെനിന്നു്‌ ഒരു ഇ-മെയില്‍ സന്ദേശം എല്ലാവര്‍ക്കും അയച്ചു.

“നാളെ നടക്കുന്ന മീറ്റിന്റെ മണ്ണെണ്ണഫണ്ടിലേക്കായി മണ്ണെണ്ണ ഉദാരമായി സംഭാവന ചെയ്യുക. സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ ബൂലോഗക്ലബ്ബില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മണ്ണെണ്ണക്കുപ്പികള്‍ ദയവായി ദില്‍ബാസുരനെ ഏല്‍പ്പിക്കുക.”

ദില്‍ബാസുരന്‍ ടൌണിന്റെ ഹൃദയഭാഗത്താണു താമസം. സിദ്ധാര്‍ത്ഥന്‍ അങ്ങു ദൂരെ കടപ്പുറത്തും.

പിറ്റേന്നു്‌ വെളുപ്പിനു തന്നെസിദ്ധാര്‍ത്ഥന്‍ ഓടിക്കിതച്ചു ദില്‍ബന്റെ വീട്ടിലെത്തി.

“എത്ര പേരു കൊണ്ടുത്തന്നഡേ?”

“നാലു പേര്‍.”

“ഇത്ര എച്ചികളായിപ്പോയല്ലോ ഇവന്മാര്‍! എത്ര കുപ്പി കിട്ടി?”

“22.”

“ഹാവൂ, നമുക്കൊരു 18 കുപ്പി മതിയാകും ഇന്നു്‌. ഇടയ്ക്കിടെ ഓഫ്‌ ചെയ്തിടാമല്ലോ.”

കുപ്പികളുമായി ആശാനും ശിഷ്യനും യോഗസ്ഥലത്തേക്കു പോയി. അറബിയിലൊഴികെ ഏതു ഭാഷയിലെഴുതിയാലും ദുരര്‍ത്ഥമുണ്ടാക്കുന്ന പേരുള്ള ഒരു സ്ഥലത്തു് ഏതോ കോഴിക്കൂടയിലാണു മീറ്റ്.

“മണ്ണെണ്ണ തന്നവര്‍ക്കു നന്ദി പറയാനെന്നു പറഞ്ഞു്‌ ആ മൈക്കില്‍ കൂടി ഒന്നു സംസാരിക്കാമല്ലോ,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “ഈ പ്രാവശ്യം സെമിനാര്‍, പ്രബന്ധം എന്നൊക്കെ പറഞ്ഞു്‌ ആ വഴിക്കു വന്നേക്കരുതു്‌ എന്നാണു കലേഷ്‌ പറഞ്ഞതു്‌.”

“അത്രേ അല്ലേ ഉള്ളൂ?” ദിബാസുര ഉവാച, “ആ കൈപ്പള്ളിച്ചേട്ടന്‍ വന്നാല്‍ പിടിച്ചു കൊണ്ടുപോയി ഏറ്റവും പുറകിലത്തേ കസേരയില്‍ ഇരുത്തി കൈകാലുകളും വായും ബന്ധിച്ചു്‌ ഭക്ഷണം തുടങ്ങുന്നതു വരെ ഇരുത്താന്‍ രണ്ടു ഗുണ്ടകളെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടു്‌.”

“അപ്പോള്‍ ഈ പ്രാവശ്യം പരിപാടിയൊന്നുമില്ലേ?”

“പിന്നേ, അതുല്യച്ചേച്ചിയുടെ കല്ലുകൊത്തിക്കളി, കുറുമാന്റെ ആനമയിലൊട്ടകം കറക്കിക്കുത്തു കളി, വല്യമ്മായിയുടെ തംബോല കളി തുടങ്ങി കേരളത്തിന്റെ തനതായ കളികളല്ലേ? പിന്നെയെല്ലാം കുട്ടികളുടെ കളികളാണു്. അതു നടത്താന്‍ കുവൈറ്റില്‍ നിന്നു വിശ്വേട്ടന്‍ വരുന്നുണ്ടു്.”

“അതെന്തൊക്കെയാ കുട്ടികളുടെ പരിപാടികള്‍?”

വീട്ടില്‍ എത്ര കറന്റു ചെലവാകുന്നു എന്നു കണ്ടുപിടിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഒരു ഫിസ്സിക്സ് ക്ലാസ്സ്, ഹ്രീഹ്ലാദം തുടങ്ങിയ വാക്കുകള്‍ കൊണ്ടു് ഒരു കേട്ടെഴുത്തു്, അനോണികളെ ചെറുക്കുന്നതു് ഒരു ശീലമാക്കൂ എന്നതിനെപ്പറ്റി പ്രഭാഷണം തുടങ്ങി…”

“ആ, കിട്ടിപ്പോയി”, ഓരോരുത്തരും കൊണ്ടു വന്ന മണ്ണെണ്ണയുടെ കണക്കു നോക്കിക്കൊണ്ടിരുന്ന സിദ്ധാര്‍ത്ഥന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

“എന്തോന്നു്‌?”

“പ്രസംഗിക്കാന്‍ ആശയം. നീ നോക്കിക്കോഡേ…”

മീറ്റ്‌ തുടങ്ങി. ഐസു പൊട്ടിക്കലിനു ശേഷം മണ്ണെണ്ണയ്ക്കു നന്ദിപ്രകടനത്തിനായി കലേഷിന്റെ അനുവാദത്തോടേ സിദ്ധാര്‍ത്ഥന്‍ മൈക്കുമായി സമ്പര്‍ക്കം സ്ഥാപിച്ചു.

“മാന്യമഹാജനങ്ങളേ…”

സിദ്ധാര്‍ത്ഥന്‍ അങ്ങനെയാണു്‌. ഔചിത്യം തൊട്ടു തീണ്ടിയിട്ടില്ല. കുറുമാനും പച്ചാളവും മാത്രമേ ഉള്ളെങ്കിലും “മാന്യമഹാജനങ്ങളേ…” എന്നേ വിളിക്കൂ.

“നമുക്കു്‌ ഇന്നു മണ്ണെണ്ണ തന്നു സഹായിച്ച ദേവേട്ടന്‍, കുറുമാന്‍, വിശാലന്‍, തറവാടി എന്നീ നാലു മഹാന്മാരോടുള്ള കൃതജ്ഞത ബൂലോഗത്തിന്റെ പേരിലും യൂ. ഏ. ഈ. മീറ്റിന്റെ പേരിലും എന്റെ സ്വന്തം പേരിലും ഞാന്‍ അര്‍പ്പിക്കുകയാണു്‌…”

“മൊത്തം 22 കുപ്പി മണ്ണെണ്ണ സംഭാവനയായി കിട്ടിയിട്ടുണ്ടു്‌. ഇവിടെ മണ്ണെണ്ണ നല്‍കിയ നാലു പേരും നാലു വ്യത്യസ്ത എണ്ണം കുപ്പി മണ്ണെണ്ണയാണു തന്നതു്‌ എന്നു പറയാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണു്‌.”

“ഏറ്റവും കൂടുതല്‍ മണ്ണെണ്ണ തന്നതു്‌ ദേവേട്ടനാണു്‌. മാത്രമല്ല, കുറുമാനും വിശാലനും ചേര്‍ന്നു തന്ന അത്രയും മണ്ണെണ്ണ അദ്ദേഹം ഒറ്റയ്ക്കു നല്‍കുകയുണ്ടായി.”

നീണ്ടു നിന്ന കരഘോഷം. എല്ലാവരും “ദേവന്‍ വാഴ്ക, വാഴ്ക” എന്നു പറഞ്ഞു. അതുല്യ മാത്രം “വീഴ്ക, വീഴ്ക” എന്നു പറഞ്ഞു. പിന്നെ കേട്ടാല്‍ മനസ്സിലാകാത്ത കുറേ തമിഴും ഹിന്ദിയും.

“ഇനി ഞാന്‍ ദേവേട്ടനോടു ചോദിക്കട്ടേ. ഓരോരുത്തരും തന്നതു്‌ എത്ര കുപ്പി മണ്ണെണ്ണയാണെന്നു താങ്കള്‍ക്കു പറയാന്‍ കഴിയുമോ?”

ഒരു കാര്യം പറയാന്‍ വിട്ടു. ബൂലോഗക്ലബ്ബില്‍ സ്വന്തം ബ്ലോഗിന്റെ പരസ്യം പതിക്കരുതു്‌ എന്നു പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുന്നവരാണു ബൂലോഗര്‍. ഞാന്‍ ഇനി പറയാന്‍ പോകുന്ന യുക്തിക്കു നിരക്കാത്ത വസ്തുതയെ ഇവിടെ ഭൂരിഭാഗം ആളുകളും ചോദ്യം ചെയ്യും എന്നു്‌ എനിക്കറിയാം. പക്ഷേ ഈ ബുദ്ധിപരീക്ഷയ്ക്കു വേണ്ടി നിങ്ങള്‍ അതു സമ്മതിച്ചു തന്നേ പറ്റൂ.

എന്താണെന്നോ? ഈ നാലു പേരും അതീവ ബുദ്ധിശാലികളാണെന്നും മുന്‍പൊരദ്ധ്യായത്തില്‍ സൂചിപ്പിച്ച ഗജേന്ദ്രനെക്കാളും ലോജിക്കല്‍ തിങ്കിംഗ്‌ കരഗതരായവരാണെന്നും നിങ്ങളൊന്നു്‌ അസ്യൂം ചെയ്യണം. (“ആദ്യത്തെ മൂന്നു പേരുടെ കാര്യം വേണമെങ്കില്‍ സമ്മതിച്ചു തരാം” എന്നു വല്യമ്മായി പുറകില്‍ നിന്നു വിളിച്ചു പറയുന്നതു ഞാന്‍ കേള്‍ക്കുന്നു.) ഇതു കഴിഞ്ഞാല്‍ നിങ്ങള്‍ സത്യത്തില്‍ത്തന്നെ ഉറച്ചുനിന്നോളൂ.

പറഞ്ഞു വന്നതു്‌, സിദ്ധാര്‍ത്ഥന്‍ ദേവനോടു ചോദിച്ചു. ദേവന്‍ പത്തു വിരലും ഉപയോഗിച്ചു പല കണക്കും കൂട്ടി നോക്കിയിട്ടു്‌ “എനിക്കറിയില്ല” എന്നു പറഞ്ഞു.

അടുത്ത ചോദ്യം കുറുമാനോടു്‌. “താങ്കള്‍ക്കു പറയാന്‍ പറ്റുമോ?”

“ദേവനു പറ്റിയില്ല, പിന്നാ കുറുമാനു്‌,” പെരിങ്ങോടന്‍ പിറുപിറുത്തു.

“അങ്ങനെയല്ല പെരിങ്ങോടരേ. ദേവന്റേതു പുരന്ദരം. കുറുമാന്റേതു സൌഭദ്രം,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “ദേവനു കിട്ടാത്ത ഒരു ക്ലൂ കുറുമാനു കിട്ടിയിട്ടുണ്ടു്‌.”

“അതെന്തു്‌?”

“ദേവനു പറയാന്‍ കഴിഞ്ഞില്ല എന്ന ക്ലൂ. അതൊരു ഒന്നര ക്ലൂവാണു്‌.”

“ഒന്നര” ക്ലൂവും കൂടി മിനുപ്പേറിയ തലയിലിട്ടു്‌ കിലുക്കിക്കലക്കിയെടുത്തു്‌, ഇടയ്ക്കിടെ കാലാട്ടി, തല പുകഞ്ഞാലോചിച്ചിട്ടും കുറുമാനു പറയാന്‍ സാധിച്ചില്ല.

“അടുത്ത ചോദ്യം വിശാലനോടു്‌,” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, “അതിബുദ്ധിമാന്മാരായ ദേവനും കുറുമാനും പറയാന്‍ കഴിഞ്ഞില്ല എന്ന ക്ലൂവും കൂടി ഉപയോഗിച്ചു്‌ ഉത്തരം പറയാമോ?”

വിശാലന്‍ ചെവിപ്പുറകില്‍ നിന്നു പെന്‍സിലെടുത്തു ഒരു കടലാസ്സില്‍ കുറേ കണക്കു കൂട്ടിനോക്കീട്ടു്‌ ഒരു ചരിഞ്ഞ നോട്ടം നോക്കി “എനിക്കറിയില്ല” എന്നു സ്നേഹസാന്ദ്രമായി മൊഴിഞ്ഞു.

“അവസാനത്തെ ചോദ്യം തറവാടിയോടു്‌. താങ്കള്‍ക്കു പറയാമോ?”

“പറയാം.”

“എന്റെ ബദരീങ്ങളേ” എന്നു വല്യമ്മായി വിളിച്ച വിളി തൊണ്ടയില്‍ കുരുങ്ങി നിന്നു. നമ്മുടെ അസംപ്ഷന്‍ ആ മഹിളാരത്നം ഒരു നിമിഷത്തേക്കു മറന്നു പോയിരുന്നു.

മണിമണിയായി തറവാടി നാലു പേരും കൊടുത്ത മണ്ണെണ്ണയുടെ കണക്കു പറഞ്ഞു. അതു ശരിയായിരുന്നു താനും.

എന്തായിരുന്നു തറവാടിയുടെ ഉത്തരം?


ഇതു ചെയ്യാന്‍ നോക്കി ഒരു എത്തും പിടിയും കിട്ടാതെ നില്‍ക്കുകയാണു്‌ നിങ്ങളെല്ലാവരും എന്നെനിക്കറിയാം. ഇവിടെ നാലു പേര്‍ക്കും അവനവന്‍ കൊടുത്ത കുപ്പികളുടെ എണ്ണം അറിയാം. അതുകൊണ്ടാണു തറവാടിയ്ക്കു്‌ ഉത്തരം പറയാന്‍ കഴിഞ്ഞതു്‌.

നിങ്ങള്‍ക്കു്‌ അതറിയാത്തതുകൊണ്ടു്‌ ഇത്രയും ക്ലൂകളില്‍ നിന്നു നിങ്ങള്‍ക്കു്‌ ഉത്തരം കിട്ടില്ല. അതിനാല്‍ ഒരു ക്ലൂ കൂടി തരാം.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും, ഇവിടെ ഏറ്റവും കുറച്ചു മണ്ണെണ്ണ കൊടുത്തതു കുറുമാനാണെന്നു്‌. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ നിന്നു്‌ അങ്ങനെ അനുമാനിച്ചതില്‍ നിങ്ങളെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ സത്യം അതല്ല. ഏറ്റവും കുറച്ചു മണ്ണെണ്ണ കൊണ്ടുവന്നതു കുറുമാനല്ല, മറ്റൊരാളാണു്‌.

പിന്നെ, ഇതു നിങ്ങള്‍ക്കു മാത്രമുള്ള ക്ലൂവാണു്‌. അവര്‍ക്കു നാലു പേര്‍ക്കും ഇതു്‌ അറിയില്ലായിരുന്നു.


ഉത്തരം കിട്ടിയാല്‍ ആദ്യം അതയയ്ക്കുക. ചെയ്യുന്ന വിധം എഴുതാന്‍ ഒരുപാടുണ്ടു്‌. അതു പിന്നീടു സൌകര്യമായി അയയ്ക്കുക.


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.

Q:Logical
Q:Simple Math
Questions

Comments (54)

Permalink

7. പൊട്ടിയ മാല (Q)

ഈ ബ്ലോഗില്‍ വരുന്ന പ്രശ്നങ്ങളൊക്കെ വളരെ ബുദ്ധിമുട്ടുള്ളവയാണെന്നൊരു പരാതി കിട്ടിയിട്ടുണ്ടു്. അതിനാല്‍ ഇത്തവണ വളരെ ലളിതമായ ഒരു പ്രശ്നം. ആറാം ക്ലാസ്സിലെ ആവറേജ് വിദ്യാര്‍ത്ഥിയ്ക്കു് ആയാസരഹിതമായി ചെയ്യാന്‍ പറ്റുന്ന ആള്‍ജിബ്രാ ചോദ്യം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യര്‍ എന്ന ഭാരതീയഗണിതശാസ്ത്രജ്ഞന്‍ (ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണു് നമ്മുടെ രണ്ടാമത്തെ ഉപഗ്രഹത്തിനു “ഭാസ്കര” എന്ന പേരിട്ടതു്.) ചോദിച്ച ഒരു ചോദ്യമാണിതു്. അദ്ദേഹത്തിന്റെ പാടീഗണിതം (“ലീലാവതി” എന്നും ഈ പുസ്തകത്തിനു പേരുണ്ടു്.) എന്ന പുസ്തകത്തിലുള്ളതാണിതു്. വളരെക്കാലം ഈ പുസ്തകം ഭാരതത്തിലെ പാരമ്പര്യഗണിതശാസ്ത്രപഠനത്തിന്റെ ടെക്സ്റ്റ്‌ബുക്കായിരുന്നു.

ഹാരസ്താരസ്തരുണ്യാ നിധുവനകലഹേ മൌക്തികാനാം വിശീര്‍ണ്ണോ,
ഭൂമൌ യാവസ്ത്രിഭാഗഃ, ശയനതലഗതഃ പഞ്ചമാംശോऽസ്യ ദൃഷ്ടഃ,
പ്രാപ്തഃ ഷഷ്ഠഃ സുകേശ്യാ, ഗണക, ദശമകഃ സംഗൃഹീതഃ പ്രിയേണ
ദൃഷ്ടം ഷട്കം ച സൂത്രേ, കഥയ കതിപയൈര്‍ മൌക്തികൈരേഷ ഹാരഃ?

നിധുവനകലഹേ (കാമലീലയ്ക്കിടയ്ക്കു്) തരുണ്യാഃ (യുവതിയുടെ) താരഃ ഹാരഃ (മുത്തുമാല) മൌക്തികാനാം വിശീര്‍ണ്ണഃ (പൊട്ടിപ്പോയി മുത്തുകള്‍ ചിതറി). അസ്യ (അതിന്റെ) യാവഃ ത്രി–ഭാഗഃ ഭൂമൌ (മൂന്നിലൊന്നു തറയിലും) പഞ്ചമ-അംശഃ ശയന-തല-ഗതഃ (അഞ്ചിലൊന്നു കിടക്കയിലും) ദൃഷ്ടഃ (കാണപ്പെട്ടു). സുകേശ്യാഃ ഷഷ്ഠഃ പ്രാപ്തഃ (സുന്ദരിയുടെ കയ്യില്‍ ആറിലൊന്നു കിട്ടി), പ്രിയേണ ദശാമകഃ സംഗൃഹീതഃ (പ്രിയന്‍ പത്തിലൊന്നു പിടിച്ചു), സൂത്രേ ഷട്കം ദൃഷ്ടം (ആറെണ്ണം ചരടില്‍ത്തന്നെ ഉണ്ടായിരുന്നു). ഗണക (കണക്കാ), ഏഷ ഹാരഃ (ഈ മാല) കതിപയൈഃ ‍മൌക്തികൈഃ (എത്ര മുത്തുകോണ്ടുണ്ടാക്കിയതായിരുന്നു) കഥയ (എന്നു പറയുക).

ശ്ലോകത്തില്‍ത്തന്നെ വേണമെങ്കില്‍ ഇതാ. സ്രഗ്ദ്ധരയിലുള്ള ശ്ലോകത്തിനു കുസുമമഞ്ജരിയിലായ്ക്കോട്ടേ പരിഭാഷ:

കാമലീലയുടിടയ്ക്കു വാമയുടെ മാല പൊട്ടി പല ഭാഗമായ്
ഭൂമി തന്നിലൊരു മൂന്നിലൊന്നു, പുനരഞ്ചിലൊന്നഥ കിടക്കയില്‍;
താമരാക്ഷിയുടെ കയ്യിലാറിലൊരു ഭാഗ, മന്‍പനൊരു പത്തിലൊ,-
ന്നാറു മുത്തു ചരടില്‍ കിടന്നു, പറകെത്ര മുത്തവിടെ മൊത്തമായ്?

ഇനി ഇംഗ്ലീഷില്‍ വേണമെങ്കില്‍ ഇതാ:

One couple was once making love,
When her necklace broke somehow.
There were a lot of precious gems,
They searched and found each one of them.
One-third was found on the ground,
One-fifth on the bed they found,
One-sixth in her lap she got,
One-tenth by some skill he caught.
The rest-six gems-were on the thread.
Then how many gems? All I have said!

(സ്വതന്ത്രപരിഭാഷകള്‍ എന്റേതു്)


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.

Q:Simple Math
Questions

Comments (8)

Permalink

4. എടത്താടന്‍ മുത്തപ്പനും ചെക്കിലെ പിശകും (Q)

ചെക്കു കൊടുത്തു് ഒരു ബാങ്കില്‍ നിന്നു പണമെടുക്കാന്‍ പോയതാണു ഞാന്‍.

ഗള്‍ഫില്‍ ഏറെ നാള്‍ ജോലി ചെയ്ത പണം കൊണ്ടു് വിശാലമനസ്കന്‍ കൊടകരയില്‍ ഒരു ബാങ്ക് കം ബ്ലേഡുകമ്പനി കം അക്കൌണ്ടിംഗ് കണ്‍സള്‍ടന്‍സി കമ്പനി തുടങ്ങി. ഹെഡാഫീസ് കൊടകരയില്‍. ബ്രാഞ്ച് ജെബല്‍ അലിയില്‍. ഡെയിലി ഒരുപാടു ട്രാന്‍സാക്‍ഷന്‍സ് ഇവയ്ക്കിടയിലുണ്ടു്. എടത്താടന്‍ കണ്ടാരമുത്തപ്പന്റെ കൃപ കൊണ്ടു ബിസിനസ്സൊക്കെ ജോറായി നടക്കുന്നു.

ഹെഡാഫീസിലെ പ്രെസിഡന്റ്, സീ ഈ ഓ, ടെല്ലര്‍, കാഷ്യര്‍, പ്യൂണ്‍, അക്കൌണ്ടന്റ് തുടങ്ങിയ എല്ലാ പോസ്റ്റുകളിലും ബാലചന്ദ്രമേനോനെപ്പോലെ വിശാലന്‍ തന്നെ ഇരിക്കുന്നു.

ബിസിനസ് തുടങ്ങിയെങ്കിലും ചുള്ളന്‍ ബ്ലോഗിംഗ് നിര്‍ത്തിയിട്ടില്ല. “കൊടകര പുരാണം” നാട്ടുകാരെ പേടിച്ചു നിര്‍ത്തി. ഇപ്പോളെഴുതുന്നതു “ജെബല്‍ അലി പുരാണം” ആണു്. ഇദ്ദേഹം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്തു കണ്ടു, കേട്ടു എന്നൊക്കെ പറഞ്ഞു കുറേ പുളു എഴുതി വിടുകയാണു പണി. പറഞ്ഞിട്ടെന്താ, കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി ഏറ്റവും നല്ല അറബി ബ്ലോഗിനുള്ള അവാര്‍ഡ് ഇങ്ങേര്‍ക്കു തന്നെ-ബംഗാളില്‍ ജ്യോതി ബസു പണ്ടു് ഇരുന്നതുപോലെ. എല്ലാം കണ്ടാരമുത്തപ്പന്റെ കൃപാകടാക്ഷം!

ഒരു കുഴപ്പമേ ഉള്ളൂ. ബാങ്കിലിരുന്നാണു ബ്ലോഗെഴുത്തു്. രണ്ടും കൂടി ചെയ്യുമ്പോള്‍ ആകെ കണ്‍ഫ്യൂഷനാണു്. വരവും ചെലവും തെറ്റും. രൂപയും പൈസയും തെറ്റും. ഇടത്തുനിന്നു വലത്തോട്ടു വായിക്കുന്നതിനു പകരം വലത്തു നിന്നു് ഇടത്തോട്ടു വായിക്കും.

ഹവ്വെവര്‍, മുത്തപ്പന്റെ കൃപ കൊണ്ടു് അധികം കസ്റ്റമേഴ്സ് ഇല്ലാത്തതു കൊണ്ടു് വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം മുന്നോട്ടു പോകുന്നു.

ഈ ബാങ്കിലാണു് എന്റെ സകല സമ്പാദ്യവും. ഞാനും ഇപ്പോള്‍ നാട്ടിലാണു്. തൃശ്ശൂരൊരു പുസ്തകശാലയില്‍ പ്രൂഫ്‌റീഡറായി ജോലി നോക്കുന്നു. അവരുടെ ഠാവട്ടത്തില്‍ മാത്രം പ്രചാരമുള്ള ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു കോളവും എഴുതുന്നുണ്ടു്.

ഞാന്‍ വിശാലനു് ഒരു സ്ഥിരം തലവേദനയാണു്. (പണ്ടും അതു തന്നെ. എന്നെ പേടിച്ചാണു മലയാളത്തില്‍ എഴുത്തു നിര്‍ത്തി അറബിയാക്കിയതു് എന്നും ഒരു ശ്രുതിയുണ്ടു്. ഉറക്കത്തില്‍ എന്നും എന്നെ സ്വപ്നം കണ്ടു നിലവിളിക്കുമായിരുന്നത്രേ!) പഴയതിലും പിശുക്കനായിരിക്കുന്നു. കൃത്യസംഖ്യയ്ക്കേ ചെക്കെഴുതൂ. ഉദാഹരണമായി 14 രൂപാ 87 പൈസ. കൃത്യം തുക കിട്ടുകയും വേണം. ഒന്നു്, അഞ്ചു്, പത്തു്, ഇരുപതു്, ഇരുപത്തഞ്ചു് തുടങ്ങിയ പൈസകള്‍ വിശാലന്‍ എനിക്കു തരുന്നതു് മുത്തപ്പന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നാണു് എന്നൊരു സ്ഥിരീകരിക്കപ്പെടാത്ത ശ്രുതിയുമുണ്ടു്.

ചെക്കെഴുതി കൊടുത്തു. വിശാലന്‍ പതിവുപോലെ ബ്ലോഗിംഗിലായിരുന്നു. ഞാന്‍ എഴുതിയതിലെ രൂപയെ പൈസയാക്കിയും പൈസയെ രൂപയാക്കിയും കണക്കാക്കി ആ തുക എനിക്കു തന്നു. അതു ഞാനൊട്ടു് അറിഞ്ഞുമില്ല.

ഉദാഹരണമായി, ഞാന്‍ 15 രൂപാ 50 പൈസയുടെ ചെക്കാണു കൊടുത്തതെങ്കില്‍, 50 രൂപാ 15 പൈസയാണു് വിശാലന്‍ എനിക്കു തന്നതെന്നര്‍ത്ഥം.

ഞാന്‍ അതില്‍ നിന്നു് അഞ്ചു പൈസ വിശാലന്റെ മേശപ്പുറത്തിരുന്ന മുത്തപ്പന്റെ ഭണ്ഡാരപ്പെട്ടിയിലിട്ടു. അളവറ്റ ധനം തരാന്‍ ത്രാണിയുള്ളവനത്രേ മുത്തപ്പന്‍. പലര്‍ക്കും കയ്യിലുള്ള പണം ഞൊടിയിടയ്ക്കുള്ളില്‍ ഇരട്ടിയാക്കിയിട്ടുണ്ടത്രേ!

വെളിയിലിറങ്ങി പണം എണ്ണി നോക്കിയപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി. ചോദിച്ചതിന്റെ ഇരട്ടി തന്നിരിക്കുന്നു മുത്തപ്പന്‍!

മുന്‍പു കൊടുത്ത ഉദാഹരണത്തില്‍ 50 രൂപാ 15 പൈസയില്‍ 5 പൈസ പോയിട്ടു ബാക്കിയുള്ള 50 രൂപാ 10 പൈസ ഞാന്‍ ചോദിച്ച 15 രൂപ 50 പൈസയുടെ കൃത്യം ഇരട്ടിയാകുന്നതു് ഒന്നു സങ്കല്പിച്ചേ. ആ അദ്ഭുതമാണു് അവിടെ നടന്നതു്.

“ജയ് മുത്തപ്പാ” എന്നു് ഒന്നുകൂടി പറഞ്ഞു് ഞാന്‍ വീട്ടിലേക്കു പോയി.

എത്ര തുകയ്ക്കാണു് ഞാന്‍ ചെക്കു കൊടുത്തതു്?


ഇതിന്റെ ഉത്തരം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതിയോ ഒന്നു മുതല്‍ 99 വരെയുള്ള എല്ലാ മൂല്യങ്ങളും പരീക്ഷിച്ചോ കണ്ടുപിടിക്കാം. അങ്ങനെയല്ലാതെ ഗണിതരീതികള്‍ ഉപയോഗിച്ചു കണ്ടുപിടിക്കുക.

2006 ഒക്ടോബര്‍ 8 വരെയെങ്കിലും ഉത്തരങ്ങള്‍ കമന്റായി നല്‍കാവുന്നതാണു്.


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.

Q:Simple Math
Questions

Comments (33)

Permalink

1. ഒന്നിച്ചു വരുന്ന സൂചികള്‍ (Q)

പന്ത്രണ്ടു മണിക്കു് മണിക്കൂര്‍ സൂചിയും മിനിട്ടു സൂചിയും ഒരേ ദിശയിലേക്കു ചൂണ്ടിയിരിക്കുമെന്നറിയാമല്ലോ. അതു കഴിഞ്ഞു് എത്ര സമയം കഴിഞ്ഞാല്‍ അതേ സ്ഥിതി വരും?

1:05-നും 1:10-നും ഇടയ്ക്കാണെന്നറിയാം. കൃത്യമായി എത്ര സമയം എന്നു പറയണം. (സെക്കന്റ് സൂചി പരിഗണിക്കേണ്ട).


ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.

Q:Simple Math
Questions

Comments Off on 1. ഒന്നിച്ചു വരുന്ന സൂചികള്‍ (Q)

Permalink